Articles

പ്രഭാപൂരിതമായ പ്രവാചക ഹജ്ജ്

വരൂ, നമുക്ക് ഹൃദയംതുറന്നുപിടിച്ച് യാത്ര തുടങ്ങാം. ചരിത്രം സാക്ഷിയായിട്ടില്ലാത്ത മഹത്തരമായ ഒരു യാത്രക്കായി നമുക്ക് ആത്മാവിനെ ഒരുക്കാം. നമുക്കാദ്യം മദീനയിലേക്ക് പുറപ്പെടാം. അവിടെയാണ് തിരുമേനി(സ)യും സഖാക്കളും ദൈവികഭവനത്തിലേക്ക് പുറപ്പെടുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നത്. എത്ര മഹാന്മാരായ യാത്രക്കാര്‍! എത്ര ആദരണീയരായ യാത്രാസംഘം! അല്ലാഹുവാണ!  അത് വിശ്വാസത്തിന്റെ സംഘം തന്നെയാണ്. നന്മയാണ് അവര്‍ വഹിക്കുന്നത്. പുണ്യവും ദൈവബോധവുമാണ് അവരുടെ പാഥേയം. ആ യാത്രാസംഘത്തിന്റെ നായകന്‍ മനുഷ്യവംശത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയാണ്. അതിലെ അംഗങ്ങള്‍ ഈ ഉമ്മത്തിലെ മാതൃകകളും. അബൂബക്‌റും ശേഷം ഉമറും പിന്നില്‍ ഉഥ്മാനും അലിയുമെല്ലാം നിരനിരയായി നടക്കുന്നു. അവരുടെ കൂടെ വിശ്വാസികളുടെ മാതാക്കളുമുണ്ട്. എത്ര സഖാക്കളാണ് ആ യാത്രാസംഘത്തിലുള്ളത്!

ഹിജ്‌റ പത്താം വര്‍ഷം, ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളില്‍ തിരുദൂതര്‍(സ) ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചു. പ്രവാചകതീരുമാനം അറിഞ്ഞ അനുചരന്മാര്‍ മദീനയില്‍ അദ്ദേഹത്തിന് ചുറ്റും കൂടി. പ്രവാചകന്റെ സാമീപ്യത്തില്‍, സാന്നിദ്ധ്യത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ തയ്യാറെടുത്തു.
ദുല്‍ഖഅ്ദയുടെ അവസാനത്തില്‍ തിരുമേനി(സ) യാത്ര തുടങ്ങി. ജാബിര്‍(റ) പറയുന്നു:’ഞങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ഞങ്ങള്‍ ദുല്‍ഹുലൈഫയിലെത്തി. അവിടത്തെ പള്ളിയില്‍ നമസ്‌കരിച്ചതിന് ശേഷം തന്റെ ഒട്ടകപ്പുറത്ത് കയറി പ്രവാചകന്‍ യാത്ര തുടര്‍ന്നു’. (മുസ്‌ലിം)

വിശ്വാസികള്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. തല്‍ബിയത്തിന്റെ ശബ്ദം അന്തരീക്ഷത്തില്‍ ഉയര്‍ന്നു. അവരെയെങ്ങാനും നാം കണ്ടിരുന്നുവെങ്കില്‍ നാം അല്‍ഭുതപരതന്ത്രരാവുമായിരുന്നു. നമുക്ക് അവരെ കാണാന്‍ കഴിഞ്ഞില്ല. അവരുടെ സാമീപ്യം നമുക്ക് ലഭിച്ചില്ല. നാഥാ, അതിന് പകരം നിന്റെ സ്വര്‍ഗീയാരാമത്തില്‍ അവരുടെ സാമീപ്യം നല്‍കി അനുഗ്രഹിക്കണേ!.
ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന് തിരുമേനി(സ) തന്റെ ഉമ്മത്തിനെ അറിയിച്ചിരിക്കുന്നു. അബൂഹുറൈറ(റ) പറയുന്നു: ‘നബിതിരുമേനി(സ) ഞങ്ങളോട് പ്രഭാഷണം നടത്തി. അദ്ദേഹം  പറഞ്ഞു ‘അല്ലാഹു നിങ്ങള്‍ക്ക് മേല്‍ ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു ‘എല്ലാ വര്‍ഷവുമാണോ അല്ലാഹുവിന്റെ ദൂതരേ? തിരുമേനി(സ) മിണ്ടാതിരുന്നു. അയാള്‍ ചോദ്യം മൂന്ന് തവണ ആവര്‍ത്തിച്ചു. തിരുദൂതര്‍(സ) പറഞ്ഞു ‘ഞാന്‍ അതെയെന്ന് പറഞ്ഞാല്‍ അപ്രകാരമാകുമായിരുന്നു. നിങ്ങള്‍ക്ക് കഴിയുന്നതിനനുസരിച്ച് ചെയ്യുക’ തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ഉപേക്ഷിച്ചത് നിങ്ങള്‍ വിട്ടേക്കുക. ചോദ്യങ്ങളുടെ ആധിക്യവും, പ്രവാചകന്മാരിലുള്ള അവരുടെ അഭിപ്രായ വ്യത്യാസവും കാരണമാണ് മുന്‍കാല സമൂഹങ്ങള്‍ നശിച്ചത്. ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍ നിങ്ങള്‍ കഴിവനുസരിച്ച് അത് നിറവേറ്റുക. ഞാന്‍ വല്ലതില്‍ നിന്നും നിങ്ങളെ തടഞ്ഞാല്‍ നിങ്ങളത് ഉപേക്ഷിക്കുകയും ചെയ്യുക’. (മുസ്‌ലിം)
ഹജ്ജ് നിര്‍ബന്ധമാണെന്നതോടൊപ്പം തന്നെ മഹത്തായ പ്രതിഫലമാണ് അല്ലാഹു അത് നിര്‍വഹിക്കുന്നവന് വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വര്‍ഗത്തേക്കാള്‍ കുറഞ്ഞ പ്രതിഫലം ഹജ്ജിനില്ല എന്നാണ് തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നത്. പാപങ്ങള്‍ പൊറുത്തുകിട്ടാനുള്ള എളുപ്പവഴികളിലൊന്നാണ് ഹജ്ജെന്ന് പ്രവാചകന്‍(സ) വ്യക്തമാക്കിയിരിക്കുന്നു. പുണ്യകരമായ ഹജ്ജ് നിര്‍വഹിച്ച് മടങ്ങി വരുന്ന വിശ്വാസി പിറന്നുവീണ കുഞ്ഞിനപ്പോലെയാണെന്ന് അദ്ദേഹം വിശദീകരിച്ചരിക്കുന്നു.

ഇബ്‌നു ശമാസ മഹ്‌രിയില്‍ നിന്നും ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു. ‘മരണശയ്യയിലായിരുന്ന അംറ് ബിന്‍ ആസ്വിനെ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. മുഖം ചുവരിനോട് ചേര്‍ത്ത് പൊട്ടിക്കരയുന്നുണ്ടായിരുന്നു അദ്ദേഹം. ഇത് കണ്ട മകന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതര്‍ താങ്കള്‍ക്ക് സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചതല്ലേ?’ ഇതുകേട്ട അദ്ദേഹം മുഖം തിരിച്ച് പറഞ്ഞു ‘ഏറ്റവും ശ്രേഷ്ഠകരമായി ഞങ്ങള്‍ കരുതുന്നത് ശഹാദത് കലിമയാണ്. ശേഷം അദ്ദേഹം പ്രവാചചരിത്രത്തില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ വിവരിച്ചു. അല്ലാഹു എനിക്ക് ഇസ്‌ലാമിന്റെ വെളിച്ചം നല്‍കിയതിന് ശേഷം ഞാന്‍ തിരുമേനി(സ)യുടെ അടുത്തുചെന്നു. ‘താങ്കള്‍ വലതുകൈ നീട്ടൂ, ഞാന്‍ ബൈഅത്തുചെയ്യട്ടെ’ എന്ന് ഞാന്‍ പറഞ്ഞു. തിരുമേനി(സ) വലതുകൈ നീട്ടി. ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചുവെച്ചു. ‘അംറ്, താങ്കള്‍ക്കെന്ത് പറ്റി? എന്ന് തിരുമേനി(സ) ചോദിച്ചു. ഞാന്‍ താങ്കള്‍ക്ക് മുന്നില്‍ നിബന്ധന വെക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് അംറ് മറുപടിപറഞ്ഞു. എന്ത് നിബന്ധന എന്നായിരുന്നു പ്രവാചകന്റെ ചോദ്യം. തന്റെ പാപങ്ങള്‍ പൊറുത്തുനല്‍കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ഇതുകേട്ട തിരുമേനി(സ) പാപമോചനങ്ങള്‍ വഴിവെക്കുന്ന കാരണങ്ങളെക്കുറിച്ച് അറിയിച്ചു. ഇസ്‌ലാം അതിന് മുമ്പുള്ളതിനെ (പാപങ്ങളെ) മായ്ച് കളയുന്നു. ഹിജ്‌റ അതിന് മുമ്പുള്ളതിനെ മായ്ച് കളയുന്നു. ഹജ്ജ് അതിന് മുമ്പുള്ളവയെ മായ്ച് കളയുന്നു’.

അല്ലാഹുവിന്റെ ഔദാര്യം എത്ര മഹത്തരമാണ്. പാപങ്ങള്‍ കൊണ്ട് കനംതൂങ്ങിയ മനസ്സുമായി വിശ്വാസികള്‍ കഅ്ബാലയത്തിലെത്തുന്നു. പാപങ്ങള്‍ ഇറക്കിവെച്ച്, വിശുദ്ധരായി അവര്‍ മടങ്ങി വരുന്നു. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അവരുടെ വീഴ്ചകള്‍ പരിഹരിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നാഥനെ ധിക്കരിക്കാത്തവരെപ്പോലെ, അവന്റെ കല്‍പനകള്‍ ലംഘിക്കാത്തവരെപ്പോലെ, അവനോടുള്ള ബാധ്യതകളില്‍ വീഴ്ച വരുത്താത്തവരെപ്പോലെ!
ഹജ്ജിനെ ജീവിതകാലത്തിന്റെ അവസാനത്തിലേക്ക് മാറ്റിവെക്കുന്ന പ്രവണത ഇന്ന് ഈ സമൂഹത്തിലുണ്ട്. ശേഷിയെത്തിക്കഴിഞ്ഞാലും, ഇനി ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിയട്ടെ എന്ന് കാത്തിരിക്കുന്നവരാണ് അവര്‍. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോവുന്നു. ഇത് തീര്‍ത്തും അപകടകരമായ പ്രവണതയാണ്. ഹജ്ജിനോട് ഇത്തരം അലംബാവ സമീപനം സ്വീകരിക്കാവതല്ല. ഇത്തരം രോഗങ്ങളില്‍ നിന്നും നാം അല്ലാഹുവിനോട് ശരണം തേടുന്നു. കഴിവും ശേഷിയുമാവുന്നതോടെ ഹജ്ജ് നമുക്കുമേല്‍ നിര്‍ബന്ധമാകുന്നു. അതിനെ മറ്റൊരു വര്‍ഷത്തേക്ക് മാറ്റിവെക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. ‘ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്’. (ആലുഇംറാന്‍ 97)

മുഹമ്മദ് ബിന്‍ സുലൈമാന്‍ മഹ് നാ