ഹജ്ജ് കേവല വിനോദയാത്രയോ, മുറതെറ്റാതെ അനുഷ്ഠിച്ചുപോരുന്ന പാരമ്പര്യ സമ്പ്രദായമോ അല്ല. മറിച്ച് എല്ലാറ്റിനുമപ്പുറം ഹജ്ജ് ഉല്‍ബോധനവും ആത്മവിചാരണയും ഭക്തിയുമാണ്. ഹജ്ജുമായി ബന്ധപ്പെട്ട് വിശ്വാസി സാക്ഷിയാവുന്ന ഓരോ കര്‍മവും അവനെ പരലോകത്തെയാണ് ഓര്‍മപ്പെടുത്തേണ്ടതെന്ന് ഹുജ്ജതുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി വ്യക്തമാക്കുന്നു. ഹജ്ജിലെ കര്‍മങ്ങളത്രയും പരലോകവുമായാണ് സദൃശ്യപ്പെടുന്നതെന്ന് അദ്ദേഹം കുറിക്കുന്നു.
ഹജ്ജിലെ മര്‍മപ്രധാനമായ കാര്യം ഇസ്‌ലാമില്‍ അതിനുനല്‍കപ്പെട്ട സ്ഥാനം തിരിച്ചറിയുക എന്നതാണ്. ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള ആഗ്രഹവും, അതിനുള്ള ദൃഢനിശ്ചയവും അതിന്റെ മുന്നിലെ തടസ്സങ്ങള്‍ നീക്കലുമാണ് അടുത്ത ഘട്ടം. അതിനുശേഷമാണ് വിശ്വാസി ഹജ്ജിന് ഇഹ്‌റാം ഉദ്ദേശിക്കുന്നതും പാഥേയമൊരുക്കി യാത്ര തുടങ്ങുന്നതും. മീഖാത്തില്‍ വെച്ച് ഇഹ്‌റാം കെട്ടുകയും മക്കയില്‍ പ്രവേശിക്കുകയും ഓരോ കര്‍മങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
മേല്‍പറഞ്ഞ ഓരോ ഘട്ടത്തിലും ഉല്‍ബോധനവും, ഗുണപാഠവുമാണ് ഉള്ളതെന്ന് ഇമാം ഗസ്സാലി സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇപ്രകാരമാണ്.
ഇച്ഛകളില്‍ നിന്ന് മോചിതനാവാതെ, ആസ്വാദനങ്ങളില്‍ നിന്ന് അകലം പാലിക്കാതെ അല്ലാഹുവിലേക്ക് എത്തുകയില്ല. എല്ലാ ചലനങ്ങളിലും അനക്കങ്ങളിലും അല്ലാഹുവിന് വിധേയപ്പെടേണ്ടതുണ്ട്. അതിനുവേണ്ടിയായിരുന്നു പൂര്‍വകാലത്ത് പുരോഹിതന്മാര്‍ ജനങ്ങളില്‍ നിന്ന് മാറി, ദൈവത്തെ തേടി തപസ്സിരുന്നത്. അതിനാലാണ് ഭൗതികലോകത്തെ സുഖഭോഗങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വര്‍ജ്ജിക്കുകയും കഠിനമായ പരിശ്രമത്താല്‍ വരാനിരിക്കുന്ന നശ്വര ലോകത്തെ വിഭവങ്ങള്‍ തേടുകയും ചെയ്തത്. അവയെല്ലാം നശിച്ചുപോയശേഷം ജനങ്ങള്‍ വികാരങ്ങളുടെ പിന്നാലെ കൂടുകയും അല്ലാഹുവിന് വേണ്ടി ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അകന്നുപോവുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് പരലോകത്തേക്കുള്ള വഴി സജീവമാക്കുന്നതിനായി അല്ലാഹു മുഹമ്മദ്(സ)യെ നിയോഗിച്ചത്.
അദ്ദേഹത്തോട് പൗരോഹിത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:’പൗരോഹിത്യത്തിന് പകരം ചൊവ്വായ ദീനിനെ അല്ലാഹു നമുക്ക് പകരം വെച്ചിരിക്കുന്നു’. അങ്ങനെയാണ് ഹജ്ജ് പൗരോഹിത്യത്തിന് പകരമാകുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ വിനയാന്വിതരായി പൊടിപുരണ്ട്, ജഡപിടിച്ച മുടിയുമായി അല്ലാഹുവിന്റെ മുന്നില്‍ വന്നുനില്‍ക്കുന്നു.
മനസ്സുകള്‍ക്ക് അപരിചിതമായ പല കര്‍മങ്ങളും അല്ലാഹു ഹജ്ജില്‍ വിശ്വാസിയെ ചുമതലപ്പെടുത്തിയതിന്റെ ഉദാഹരണമാണ് ജംറയിലെ കല്ലേറും, സ്വഫാ-മര്‍വകള്‍ക്കിടയിലെ സഅ്‌യും. അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും പൂര്‍ണതയെയാണ് അവ അടയാളപ്പെടുത്തുന്നത്. സകാത്ത് കരുണയാണ്. അതിന്റെ ആശയം വ്യക്തവുമാണ്. അല്ലാഹുവിന്റെ ശത്രുവിന്റെ ഉപകരണമായ ഇഛകളെ തകര്‍ക്കാനുള്ള പരിശീലനമാണ് നോമ്പ്. നമസ്‌കാരത്തിലെ റുകൂഉം സുജൂദും അല്ലാഹുവിന്റെ മുന്നില്‍ വിനയം പ്രകടിപ്പിക്കാനുള്ളതാണ്. എന്നാല്‍ സഅ്‌യും ജംറയിലെ കല്ലേറും അതുപോലുള്ള മറ്റുകര്‍മങ്ങളും മനസ്സുകള്‍ക്ക് സുപരിചിതമായ ആശയമല്ല. അതിന്റെ അര്‍ത്ഥതലങ്ങളിലേക്ക് വ്യക്തമായി കടന്ന് ചെല്ലാനും സാധിക്കുകയില്ല. നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കാര്യം എന്ന നിലക്കാണ് വിശ്വാസി അവ പൂര്‍ത്തീരിക്കുന്നത്. അതിനാലാണ് തിരുമേനി(സ) ഹജ്ജിനെ പൂര്‍ണമായ ആരാധനയെന്ന് വിശേഷിപ്പിച്ചത്. ഒരു വ്യക്തിയുടെ വിജയവും രക്ഷയും തേടുന്നത് അയാളുടെ കര്‍മങ്ങള്‍ ഇച്ഛകള്‍ക്ക് വിരുദ്ധമായിരിക്കണമെന്നാണ്. അവനെ നിയന്ത്രിക്കേണ്ടത് ശരീഅത്തീ നിയമങ്ങളായിരിക്കേണ്ടതുണ്ട്.
ഹജ്ജിന്റെ സ്ഥാനം തിരിച്ചറിഞ്ഞശേഷമാണ് അത് നിര്‍വഹിക്കാനുള്ള ആശ ഹൃദയത്തില്‍ മുളപൊട്ടുന്നത്. അല്ലാഹുവിനെ ലക്ഷ്യമാക്കി, അവനെ സന്ദര്‍ശിച്ച് മടങ്ങുന്ന ഒരാള്‍ തന്റെ അധ്വാനം ഒരിക്കലും പാഴാക്കാന്‍ പാടുള്ളതല്ല.
നാടും വീടും ഉപേക്ഷിച്ച്, ആസ്വാദനങ്ങളും ഇച്ഛകളും മാറ്റിവെച്ച് അല്ലാഹുവിന്റെ ഭവനം സന്ദര്‍ശിക്കാനുള്ള ദൃഢനിശ്ചയം രൂപപ്പെടുത്തുകയുന്നതാണ് അടുത്ത ഘട്ടം. അല്ലാഹുവിന്റെ സ്ഥാനവും, കഅ്ബാലയത്തിന്റെ സ്ഥാനവും ഹൃദയത്തില്‍ പതിയുമ്പോഴേ വിശ്വാസി അതിന് തയ്യാറെടുക്കുകയുള്ളൂ. ഉന്നതമായ കാര്യത്തിനാണ് താന്‍ തീരുമാനമെടുത്തതെന്നും, മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കുകയെന്നത് അപകടകരമായ ദൗത്യമാണെന്നും അവന്‍ തിരിച്ചറിയുന്നു. ജനങ്ങള്‍ക്കിടയിലെ സല്‍ക്കീര്‍ത്തിക്ക് വേണ്ടിയോ, പ്രശസ്തിക്ക് വേണ്ടിയോ ആയിരിക്കരുത്; മറിച്ച്, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചായിരിക്കണം ഹജ്ജ് നിര്‍വഹിക്കുന്നത്. അല്ലാഹുവിന്റെ ഭവനവും പരിശുദ്ധ ഹറമും മറ്റുതാല്‍പര്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശിക്കുകയെന്നത് ഏറ്റവും അശ്ലീലമത്രേ .
പരസ്പരമുള്ള ബന്ധങ്ങളിലും ഇടപാടുകളിലും സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കാനായി അവ പരിഹരിച്ച് പൂര്‍ത്തീകരിക്കുകയെന്നതാണ് അടുത്ത ഘട്ടം. നമ്മുടെ കര്‍മം അല്ലാഹു സ്വീകരിക്കണമെങ്കില്‍ വ്യക്തികളുമായുള്ള എല്ലാ ഇടപാടുകളും നാം തൃപ്തികരമായി പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല,എല്ലാ തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും നാം പശ്ചാത്താപിക്കേണ്ടതുണ്ട്.
അനുവദനീയമായ സമ്പത്താണ് പാഥേയമായി സ്വീകരിക്കേണ്ടത്. പരലോകത്തേക്കുള്ള യാത്ര ഇതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ്. അതിലേക്കുള്ള പാഥേയമാവട്ടെ ദൈവഭയവും. നാം പാഥേയമെന്ന് കരുതുന്ന മറ്റുള്ളവയെല്ലാം മരണത്തോടെ നമ്മെ പിരിയുന്നവയാണ്. അവയെല്ലാം അവനെ വഞ്ചിക്കുന്നവയാണ്, ഒരിക്കലും കൂടെ പോരുകയില്ല. അതിനാല്‍ മരണശേഷം നമ്മുടെ കൂടെ വരാത്ത പാഥേയം ജീവിതത്തില്‍ നാം അധികമായി സ്വീകരിക്കരുത്. അതിനുവേണ്ടി അനുദവനീയമല്ലാത്ത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തുകയും ചെയ്യരുത്.
പ്രയാസകരമല്ലാത്ത, വിഷമങ്ങള്‍ കുറഞ്ഞ യാത്രാസൗകര്യങ്ങള്‍ ഒരുക്കിയ അല്ലാഹുവിന് നമുക്ക് നന്ദി പറയാം. നാമതില്‍ കയറുമ്പോള്‍ പരലോകത്തേക്കുള്ള യാത്രയെ നാം വിസ്മരിക്കരുത്. നാം വഹിക്കപ്പെടുന്ന ജനാസയെയാണ് ഉദ്ദേശിച്ചത്. ഹജ്ജിന് യാത്രചെയ്യാന്‍ കല്‍പിച്ചവന്‍ തന്നെയാണ് പരലോകത്തേക്കുള്ള യാത്രക്കും കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ നമ്മുടെ ഈ വാഹനം മതിയോ ആ യാത്രക്കെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മരണം നമ്മുടെ അടുത്ത് തന്നെയുണ്ട്. ഒരുപക്ഷേ യാത്രാവാഹനത്തില്‍ കയറുന്നതിന് മുമ്പ് നാം ജനാസയില്‍ കയറിയേക്കാം. മയ്യിത്ത് കട്ടിലില്‍ കയറുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ലല്ലോ. തീര്‍ത്തും ഉറപ്പായ ഒരു യാത്രയെ അവഗണിച്ച് സംശയകരമായ യാത്രക്ക് തയ്യാറാവുന്നത് വിവേകമല്ലല്ലോ?
മരണശേഷം അന്ത്യനാളിലേക്കുള്ള പ്രവേശനത്തെയാണ് മീഖാത്തിലേക്കുള്ള പ്രവേശനം അര്‍ത്ഥമാക്കുന്നത്. അവ രണ്ടിനും ഇടയില്‍ ഭീതിതമായ അവസ്ഥയും ആശങ്കയുമാണുള്ളത്.
മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതും, തല്‍ബിയത്ത് ചൊല്ലുന്നതും അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കര്‍മം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും, തള്ളപ്പെടുമെന്ന ആശങ്കയും നമ്മുടെ മനസ്സിലുണ്ട്. ഇബ്‌റാഹീമിന്റെ ഹജ്ജിനെക്കുറിച്ച വിളംബരമാണ് തല്‍ബിയത്ത് ചൊല്ലുന്ന ഓരോ വിശ്വാസിയുടെയും മനസ്സില്‍ തുയിലുണര്‍ത്തുന്നത്.
മക്കയില്‍ പ്രവേശിക്കുന്ന വിശ്വാസി നിര്‍ഭയത്വം ആസ്വദിക്കുന്നു. അവനവിടെ പ്രവേശിക്കുന്നതോടെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിര്‍ഭയനാകുന്നുവെന്ന് ഉറപ്പ് വരുത്താന്‍ തന്റെ കര്‍മങ്ങളാല്‍ സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പരാജിതനായാണ് അവന്‍ ഹറമില്‍ നിന്ന് മടങ്ങുക.
കഅ്ബാലയത്തില്‍ തന്റെ ദൃഷ്ടി പതിയുന്ന മാത്രയില്‍ അതിന്റെ പവിത്രതയും മഹത്ത്വവും നമ്മുടെ ഹൃദയത്തില്‍ നിറയേണ്ടതുണ്ട്. ആ പരിശുദ്ധ ഭവനത്തിന്റെ നാഥനെ കാണുന്ന പ്രതീതി അത് നമ്മുടെ മനസ്സില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഈ മഹത്തായ അവസരം തന്നതിന് നാം അല്ലാഹുവിന് നന്ദി പറയുകയും അവനെ സ്മരിക്കുകയും ചെയ്യേണ്ടതുണ്ട്. അന്ത്യനാളില്‍ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും മനുഷ്യര്‍ കൂട്ടംകൂട്ടമായി തെളിക്കപ്പെടുന്ന രംഗം നമ്മുടെ മനോമുകുരത്തില്‍ തെളിയാന്‍ ഈ കാഴ്ച പര്യാപ്തമാണ്.
കഅ്ബാലത്തിന് ചുറ്റും നാം നടത്തുന്ന ത്വവാഫ് നമസ്‌കാരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ ത്വവാഫ് ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ ഭയവും പ്രതീക്ഷയും ദൈവത്തോടുള്ള സ്‌നേഹവും ഉണ്ടായിരിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ സിംഹാസനത്തിന് ചുറ്റും വലയംചെയ്തുനില്‍ക്കുന്ന മാലാഖമാര്‍ക്ക് സമാനമായ സ്ഥാനമാണ് ത്വവാഫിലൂടെ നാം നേടുന്നതെന്ന് തിരിച്ചറിയുക.
അല്ലാഹുവിനെ അനുസരിക്കുമെന്ന് കരാര്‍ ചെയ്തവരാണ് നാം. ആ കരാര്‍ നാം പുതുക്കുന്നത് ഹജറുല്‍ അസ്‌വദിന് ചെയ്യുന്ന അഭിവാദ്യത്തോടെയാണ്.
അല്ലാഹുവിനുള്ള അര്‍പ്പണത്തെയും അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയെയും പ്രകടിപ്പിക്കുകയാണ് സ്വഫാ-മര്‍വക്കിടയിലുള്ള പ്രയാണം. അല്ലാഹു എന്താണ് വിധിക്കുകയെന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനലക്ഷങ്ങളെയാണ് അത് നമ്മെ കാണിച്ചുതരുന്നത്.
വിവിധ നാട്ടുകാരും, ഭാഷക്കാരും, വര്‍ഗക്കാരും ഒരുമിച്ചുനിന്ന് ദൈവത്തെ സ്മരിക്കുന്ന കാഴ്ച, അല്ലാഹു ജനങ്ങളെ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടുന്ന ഭീതിദമായ സാഹചര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓരോ സമൂഹവും തങ്ങളുടെ പ്രവാചകന്മാരുടെ കൂടെ, അവരുടെ ശഫാഅത്ത് പ്രതീക്ഷിച്ച്, തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കുകയോ, അതോ തള്ളപ്പെടുകയോ ആണ് ചെയ്തതെന്നറിയാതെ കാത്തിരിക്കുകയാണ്. അതിനാലാണ് അറഫയില്‍ സന്നിഹിതനാവുകയും ശേഷം പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെന്ന് കരുതുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് ഉദ്ധരിക്കപ്പെട്ടത്.
അല്ലാഹുവിനുള്ള അടിമത്വത്തെയും, അവന്റെ കല്‍പനക്കുള്ള വിധേയത്വത്തെയുമാണ് ജംറയിലെ കല്ലേറ് പ്രതിനിധീകരിക്കുന്നത്. ഇബ്‌റാഹീമിന്റെ മുന്നില്‍ ഇബ്‌ലീസ് മാര്‍ഗതടസ്സം സൃഷ്ടിച്ചപ്പോള്‍ അവനെ കല്ലൈറിഞ്ഞോടിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച ചരിത്രത്തെയാണ് അത് പുനരവതരിപ്പിക്കുന്നത്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലിയറുത്ത് ബലിമൃഗത്തിന്റെ ഓരോ ഭാഗം കൊണ്ട് നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുക. ബലിമൃഗം വലുതാവുകയും കര്‍മം കുറ്റമറ്റതാവുകയും ചെയ്യുന്നതിനനുസരിച്ച് അതിന്റെ പ്രതിഫലം വര്‍ധിക്കുകയും നരകവിമുക്തി സഫലമാകുകയും ചെയ്യുന്നു.
അല്ലാഹു തന്റെ പ്രവാചകന് വേണ്ടി തെരഞ്ഞെടുത്ത പട്ടണമാണെന്ന ബോധ്യത്തോടെയാണ് മദീന സന്ദര്‍ശിക്കേണ്ടത്. അല്ലാഹു തന്റെ നിയമങ്ങളും കല്‍പനകളും ആദ്യമായി നടപ്പാക്കിയ രാഷ്ട്രമാണ് അത്.
പ്രവാചകന്‍(സ)യുടെ ഖബ്‌റിടത്തെ സന്ദര്‍ശിക്കേണ്ടത് അദ്ദേഹത്തെ ജീവനോടെ സന്ദര്‍ശിക്കുന്നതുപോലെ തന്നെയാണ്. അദ്ദേഹത്തോട് അടുത്തപ്പോള്‍ കാത്തുസൂക്ഷിച്ചിരുന്ന ആദരവും ബഹുമാനവും മരണശേഷവും പുലര്‍ത്തേണ്ടതുണ്ട്. സലാം ചൊല്ലിക്കൊണ്ടാണ് പ്രവാചകനെ സമീപിക്കേണ്ടത്. തിരുമേനി(സ) അരുള്‍ ചെയ്യുന്നു:’ഭൂമിയില്‍ ചുറ്റിനടക്കുന്ന മാലാഖമാരുണ്ട് അല്ലാഹുവിന്. എന്റെ ഉമ്മത്തിന്റെ സലാം എനിക്കെത്തിക്കുന്നത് അവരാണ്’.
ഹജ്ജുവേളയില്‍ ഹൃദയം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തങ്ങളാണിവ. ഇവ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഹൃദയത്തിന് വേദനയും ദുഖവുമാണ് ഉണ്ടാവുക. തന്റെ കര്‍മം സ്വീകരിച്ചോ എന്ന ആശങ്ക വിശ്വാസിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കും.
Add Comment