Articles

നിറഭേദങ്ങളില്ലാത്ത ലോകം

നാനാവര്‍ഗത്തില്‍പ്പെട്ട നാനാ വര്‍ണ്ണക്കാരായ ജനങ്ങള്‍, ഇവിടെ, പുരാതനമായ ഈ പുണ്യഭൂമിയില്‍, അബ്രഹാമിന്റെയും മുഹമ്മദിന്റെയും, വേദങ്ങളില്‍ പറഞ്ഞ മറ്റെല്ലാ പ്രവാചകന്‍മാരുടെയും ഈ ഗേഹത്തില്‍, പ്രദര്‍ശിപ്പിക്കുന്നതു പോലുള്ള സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറഞ്ഞു കവിയുന്ന ആത്മാര്‍ത്ഥ വികാരങ്ങള്‍ ഇന്നേവരെ ഞാന്‍ ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി എനിക്ക് ചുറ്റും വിവിധ വര്‍ണ്ണക്കാരായ ആളുകള്‍ കാണിക്കുന്ന ദയാ വായ്പ് കണ്ട് വിമൂകനും വിസ്മയ സ്തംബ്ധനുമായിരിക്കുന്നു. വിശുദ്ധ മക്കാ നഗരം സന്ദര്‍ശിക്കാന്‍ എനിക്ക് അനുഗ്രഹം ലഭിച്ചു. മുഹമ്മദ് എന്നു പേരുള്ള ചെറുപ്പക്കാരനായ ഒരു മുതവ്വിഫിനാല്‍ ആനയിക്കപ്പെട്ട്,

കഅ്ബ ഏഴു തവണ ഞാന്‍ പ്രദക്ഷിണം ചെയ്തു. സംസം കിണറ്റില്‍ നിന്ന് ജലപാനം നടത്തി. സഫാ-മര്‍വാ പര്‍വ്വതങ്ങള്‍ക്കിടയില്‍ ഏഴുവട്ടം ഓടി. പുരാതനനഗരിയായ മിനായിലും അറഫാ കുന്നിന്റെ മുകളിലും പ്രാര്‍ത്ഥന നടത്തി.
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള പതിനായിരക്കണക്കിന് തീര്‍ത്ഥാടകരുമുണ്ടായിരുന്നു അവിടെ. വിവിധ വര്‍ണ്ണമുള്ളവര്‍. നീലകണ്ണുകളുള്ള സ്വര്‍ണ തലമുടിക്കാര്‍ മുതല്‍ തൊലി കറുത്ത ആഫ്രിക്കക്കാര്‍ വരെ. പക്ഷെ, ഞങ്ങളെല്ലാവരും പങ്കു ചേരുന്നത് ഒരേ ആരാധനയിലാണ്. അവിടെ പുലരുന്ന ഐക്യവും സാഹോദര്യവും അമേരിക്കയിലെ വെളുത്തവര്‍ക്കും കറുത്തവര്‍ക്കുമിടയില്‍ ഒരു നാളും പുലരുകയില്ലെന്ന് അനുഭവം എന്നെ ബോധ്യപ്പെടുത്തുന്നു. സമൂഹത്തില്‍ നിന്ന് വംശ പ്രശ്‌നം തുടച്ചു നീക്കുന്ന ഒരേയൊരു മതം ഇസ്‌ലാമായത് കൊണ്ട് അമേരിക്ക അതിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയിലാണെങ്കില്‍ സവര്‍ണ്ണരായി കണക്കാക്കപ്പെടുമായിരുന്ന അനേകമാളുകളുമായി എന്റെ മുസ്‌ലിം ലോക സഞ്ചാരത്തിനിടയില്‍ ഞാന്‍ കണ്ടു മുട്ടുകയും സംസാരിക്കുകുയും അവരുടെ കൂടെ ഭക്ഷണം കഴിക്കുക പോലും ചെയ്തിട്ടുണ്ട്. വര്‍ണ്ണ മനോഭാവത്തെ ഇസ്‌ലാം അവരുടെ മനസ്സില്‍ നിന്ന്് ഉന്മൂലനം ചെയ്തിരക്കുന്നു. വര്‍ണ്ണ ഭിന്നതകള്‍ക്കതീതമായി എല്ലാ വര്‍ണ്ണക്കാരും ഒത്തുചേര്‍ന്ന് നടപ്പില്‍ വരുത്തുന്ന ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ സാഹോദര്യം ഇതിനുമുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.
കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി, ഇവിടെ മുസ്‌ലിം ലോകത്ത്, മറ്റു മുസ്‌ലിംകളോടൊപ്പം ഞാന്‍ ഒരേ തളികയില്‍ നിന്ന് തിന്നുകയും ഒരേ ഗ്ലാസില്‍നിന്ന് കുടിക്കുകയും ഒരേ സ്ഥലത്ത് ഉറങ്ങുകയും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ കൂടെയുള്ള ഈ മുസ്‌ലിംകളില്‍ കടും നീലക്കണ്ണുകളും, അതിസുവര്‍ണ്ണമായ തലമുടിയും ധവളാഭമായ തൊലിയുള്ളവരുണ്ട്. നൈജീരിയയില്‍ നിന്നും സുഡാനില്‍ നിന്നും ഘാനയില്‍ നിന്നും വന്ന തൊലി കറുത്ത ആഫ്രിക്കന്‍ മുസ്‌ലിംകളുടെ അതേ ആത്മര്‍ത്ഥത ഈ ‘വെളുത്ത’ മുസ് ലിംകളുടെ വാക്കിലും പ്രവൃത്തിയിലും എനിക്ക് അനുഭവവേദ്യമായി.
ഞങ്ങളെല്ലാം ഒരു പോലെ സഹോദരങ്ങളായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസം അവരുടെ മനസ്സുകളില്‍ നിന്നും സ്വഭാവത്തില്‍ നിന്നും സമീപനത്തില്‍ നിന്നും വെളുത്തവര്‍ എന്ന ഘടകത്തെ നീക്കം ചെയ്തിരിക്കുന്നു.
വെളുത്ത അമേരിക്കക്കാര്‍ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയാണെങ്കില്‍, ഒരുപക്ഷെ, മനുഷ്യന്റെ ഏകത്വവും പ്രയോഗത്തില്‍ അവര്‍ക്കംഗീകരിക്കുവാന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ കരുതുന്നു. വര്‍ണ്ണ വൈജാത്യത്തിന്റെ പേരില്‍ മറ്റുള്ളവരെ അകറ്റുന്നതും ഉപദ്രവിക്കുന്നതും അവസാനിപ്പിക്കാനും അവര്‍ക്ക്് കഴിഞ്ഞേക്കാം. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്നാണ് സ്തുതി.