Articles

കഅ്ബയുടെ തിരുമുറ്റത്ത്

ഞാന്‍ ജീവിതത്തിലാദ്യമായി ആ വിശുദ്ധ ഗേഹത്തിന്റെ അകം കാണുകയായിരുന്നു. തെരുവിന്റെ നിരപ്പില്‍ നിന്നും താണ്, ചവിട്ടു പടിയുടെ നിരപ്പില്‍ നിന്നും വളരെ താഴ്ന്ന് അത് കിടക്കുന്നു. കാഴ്ച്ചക്കാരന്റെ കണ്ണിന് അതൊരു പാനപാത്രം പോലെ തോന്നും. ഒരുകൂറ്റന്‍ സമചതുരം. അതിന്റെ ചുറ്റിലും വശങ്ങളിലുമായി നിരവധി സ്തൂപങ്ങളുള്ള നടവഴികള്‍. അവയ്ക്ക് മുകളില്‍ അര്‍ദ്ധവൃത്താകൃതിയിലുള്ള കമാനങ്ങള്‍. ഇവയുടെ മധ്യത്തിലായി ഏതാണ്ട് നാല്പതടി ഉയരമുള്ള ഘനചതുരം. അത് കറുത്ത തുണികൊണ്ട് പൊതിഞ്ഞിരിക്കുന്നു. ആ മൂടുപടത്തിന്റെ മേല്‍ഭാഗത്ത് ചുറ്റിലുമായി ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ട് തുന്നല്‍പ്പണി ചെയ്ത വീതിയേറിയ കര. ഇതാണ് കഅ്ബ….
എത്രയോ നൂറ്റാണ്ടായി കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷങ്ങളുടെ ലക്ഷ്യമായി വര്‍ത്തിക്കുന്നത് ഈ കഅ്ബയാണ്. ഈ ലക്ഷ്യം

പ്രാപിക്കുന്നതിനുവേണ്ടി നിരവധി യുഗങ്ങളില്‍ എണ്ണമറ്റ തീര്‍ത്ഥാടകര്‍ വന്‍ ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. പലരും വഴിമധ്യേ മരിച്ചു. പലരും ലക്ഷ്യത്തിലെത്തിയത് വമ്പിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് ശേഷമാണ്. അവരെയെല്ലാം സംബന്ധിച്ചിടത്തോളം സമചതുരാകൃതിയിലുള്ള ഈ കൊച്ചു കെട്ടിടം എല്ലാ അഭിലാഷങ്ങളുടെയും ശിഖരമാണ്. അവിടെ എത്തിച്ചേരുക എന്നത് എല്ലാ ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണമാണ്.
ഏതാണ്ട് കുറ്റം തീര്‍ന്ന മട്ടില്‍ ആ ഘനചതുരം (അതിന്റെ അറബി നാമം ആ ആകൃതി സൂചിപ്പിക്കുന്നു-കഅ്ബ=ക്യൂബ്) നില്‍ക്കുന്നു. ചിത്രപ്പണികളുള്ള കറുത്ത കസവു പട്ടില്‍ ആച്ഛാദിതമായി, പള്ളിയുടെ വിശാലമായ ചതുരാങ്കണത്തിന്റെ മധ്യേ പ്രശാന്തമായ ഒരു ദ്വീപുപോലെ അത് നില്‍ക്കുന്നു. ലോകത്ത് എവിടെയുമുള്ള മറ്റേതു വാസ്തു ശില്‍പത്തേക്കാളും പ്രശാന്തമായി നില്‍ക്കുന്നു. ആദ്യമായി പണി കഴിപ്പിച്ച ആള്‍-അബ്രഹാമിന്റെ കാലത്തിനു ശേഷം കഅ്ബയുടെ യഥാര്‍ത്ഥ ഘടന അതേ രൂപത്തില്‍ തന്നെ പലതവണ പുതുക്കി പണിതിട്ടുണ്ട്. ദൈവത്തിന്റെ മുമ്പാകെ മനുഷ്യനോടുള്ള വിധേയത്വത്തിന്റെ നിദര്‍ശനമായി ഒരു രൂപം പണിയുവനാണ് ആഗ്രഹിച്ചത് എന്ന് അത് കണ്ടാല്‍ വ്യക്തമാകും. എത്രമാത്രം മഹത്തരമാണെങ്കിലും ശില്പകലാ താളത്തിന്റെ സൗന്ദര്യവും രേഖകളുടെ കൃത്യതയും ദൈവം എന്ന ആശയത്തോട് നീതി ചെയ്യുകയില്ല എന്ന് കഅ്ബയുടെ ശില്‍പ്പിക്ക് അറിയാമായിരുന്നു. അതു കൊണ്ട് സങ്കല്‍പ്പിക്കാവുന്നതിലേക്ക് ലളിതമായ ത്രിമാനരൂപത്തിലേക്ക് പരിമിതപ്പെടുത്തി കല്ലുകൊണ്ടുള്ള ആ ഘനചതുരം.
നിരവധി മുസ്‌ലിം രാജ്യങ്ങളിലെ പള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഉന്നതന്മാരായ കലാകാരന്മാര്‍ സര്‍ഗ്ഗചേതനയാല്‍ സൃഷ്ടിച്ചു വെച്ച കലാരൂപങ്ങളാണവ. ഉത്തരാഫ്രിക്കയിലെ പള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വെണ്ണക്കല്ല് ഉപയോഗിച്ച് പണിത തിളങ്ങുന്ന ആരാധനാ സൗധങ്ങള്‍. ദുര്‍ബലമായ അടിത്തറമേല്‍ പണിതയുര്‍ത്തിയ ജറൂസലേമിലെ ശക്തമായ ശിലാകുംഭം. ലാളിത്യവും ഭാരവും പരസ്പര വൈരുദ്ധ്യമില്ലാതെ ഒത്തുചേരുന്ന ഒരു സ്വപ്‌നമാണത്. പിന്നെ ഇസ്തംബൂളിലെ പ്രതാപം നിറഞ്ഞ കെട്ടിടങ്ങള്‍. സുലൈമാനിയ്യ, യെനീവലീദ്, ബയാസീദ് പള്ളികള്‍-കല്ലും ബഹുവര്‍ണത്തിലുള്ള പിഞ്ഞാണ കട്ടകളും മൊസൈക്കും കൂറ്റന്‍ ചുണ്ണാമ്പുകല്ലിന്റെ പ്രവേശന ദ്വാരങ്ങളും അവയില്‍ സമ്മേളിക്കുന്നു. വെള്ളി പതിച്ച വാതിലുകള്‍, വെണ്ണക്കല്ലിന്റെ നേര്‍ത്തമിനാരങ്ങള്‍, ഹരിത നീലനിറമുള്ള മേല്‍ത്തട്ടുകള്‍, മാര്‍ബിള്‍ പതിച്ച അങ്കണങ്ങള്‍, പ്രായം ചെന്ന കാഴ്ച്ചവാഴകള്‍. സമര്‍ഖന്തിലെ തിമൂറിന്റെ പള്ളിയുടെ ഗംഭീരമായ അവശേഷങ്ങള്‍-ഈ ജീര്‍ണാവസ്ഥയില്‍ പോലും അവ ഉജ്ജ്വലമാണ്.
ഇതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, നിര്‍മ്മിതാവിന്റെ കൈ സ്വന്തം മതസങ്കല്‍പ്പങ്ങളോട് വളരെ അടുത്തു വന്നിരിക്കുന്നു എന്നൊരു ശക്തമായ തോന്നല്‍ ഇതിനു മുമ്പ് എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ആ ഘനചതുരത്തിന്റെ ഈ അതീവ ലാളിത്യത്തില്‍, രൂപത്തിന്റെയും രേഖയുടെയും എല്ലാതരം സൗന്ദര്യവും പൂര്‍ണ്ണമായി പരിത്യജിക്കുന്ന ഈ രൂപത്തില്‍, ഈ ചിന്ത ഞാന്‍ വായിച്ചു. മനുഷ്യന് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാവുന്ന സൗന്ദര്യം, എത്രയായാലും അത് ദൈവത്തിന് ചേരുമെന്ന് കരുതുന്നത് വെറുതെ. അതുകൊണ്ട് മനുഷ്യന് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ രൂപമായിരിക്കും ദൈവത്തിന്റെ മഹത്വത്തെ ആവിഷ്‌കരിക്കുക. ഇതേപോലുള്ള ചിന്തയാകണം ഈജിപ്തിലെ പിരമിഡുകളുടെ ലാളിത്യത്തിന് കാരണമായത്-അവിടെ മനുഷ്യന്റെ ദുരഭിമാനം കെട്ടിടങ്ങള്‍ക്ക് താന്‍ നല്‍കിയ ഭീകരനാമങ്ങളിലൂടെ പുറത്തു വന്നെങ്കിലും. പക്ഷേ, ഇവിടെ, കഅ്ബയില്‍ അതിന്റെ ആകൃതി പോലും മനുഷ്യന്റെ പരിത്യാഗത്തെയും ആത്മസമര്‍പ്പണത്തെയും പറ്റി സംസാരിക്കുന്നു. ഈ കൊച്ചു രൂപത്തിന്റെ അന്തസ്സാര്‍ന്ന ഒതുക്കത്തിന് ഭൂമിയിലെവിടെയും താരതമ്യമില്ല.
കഅ്ബയിലേക്ക് ഒരു പ്രവേശന കവാടം മാത്രമേയുള്ളു-വടക്കുകിഴക്കന്‍ ഭാഗത്തു കാണുന്ന വെള്ളിപൊതിഞ്ഞ വാതില്‍. നിലത്തു നിന്ന് ഏതാണ്ട് ഏഴടി ഉയരത്തില്‍ എടുത്തുമാറ്റാവുന്ന മരക്കോണി വഴി മാത്രമേ ആ വാതിലിലേക്ക് എത്തിപ്പെടാന്‍ സാധിക്കൂ. കൊല്ലത്തില്‍ ഏതാനും ദിവസം മാത്രമേ ഈ കോണി വാതിലിനടുത്ത് വെക്കാറുള്ളൂ. സാധാരണയായി അടച്ചിടാറുള്ള ഉള്‍വശം (പില്‍ക്കാലത്ത് ചില അവസരങ്ങളില്‍ മാത്രമാണ് ഞാനത് കണ്ടത്) വളരെ ലളിതമാണ്. ഏതാനും പരവതാനികള്‍ വിരിച്ച മാര്‍ബിള്‍ തറ. മുകള്‍തട്ടില്‍ നിന്നു ഓട്ടിന്റെയും വെള്ളിയുടെയും വിളക്കുകള്‍ തൂങ്ങിനില്‍ക്കുന്നു. ആ മേല്‍തട്ടിനെ താങ്ങിനിര്‍ത്തുന്ന കനത്ത മരത്തണ്ടുകള്‍. സത്യത്തില്‍ ഈ ഉള്‍വശത്തിനു അതിന്റെതു മാത്രമായി യാതൊരു പ്രത്യേക മഹത്വവുമില്ല. കഅ്ബയുടെ പാവനത ആ കെട്ടിടത്തിനു മുഴുവന്‍ ഉള്ളതാണ്. കഅ്ബ ഖിബ്‌ലയാണ്. അതായത്, മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും പ്രാര്‍ത്ഥനയുടെ ദിശ. ദൈവത്തിന്റെ ഏകതയുടെ പ്രതീകമായ ഇതിന്റെ നേര്‍ക്ക് മുഖം തിരിച്ചാണ് ദിവസം അഞ്ചു നേരവും ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിനു മുസ് ലിംകള്‍ നമസ്‌കരിക്കുന്നത്.
ആ കേട്ടിടത്തിന്റെ കിഴക്കേ മൂലയില്‍ ഒരു കറുത്ത കല്ല് പതിച്ചു വെച്ചിട്ടുണ്ട്. തുറന്നു വെച്ച ആ കല്ലിനു ചുറ്റും വെള്ളി കൊണ്ട് ചട്ടം കൂട്ടിയിരിക്കുന്നു. അനവധിയനവധി തലമുറകളിലെ തീര്‍ത്ഥാടകര്‍ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നു. നൂറ്റാണ്ടുകളുടെ ചുംബനം കൊണ്ട് അത് കുഴിഞ്ഞു പോയിരിക്കുന്നു. ഈ ശിഖ അമുസ്‌ലിംകള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. മക്കയിലെ അവിശ്വാസികളോട് ഒരിളവു കാണിക്കുന്നതിനു വേണ്ടി ഈ ആരാധനാ വസ്തുവിനെ മുഹമ്മദ് നിലനിര്‍ത്തി എന്നാണ് പലരുടെയും ധാരണ. ഈ വിചാരഗതി സത്യത്തോട് ആകാവുന്നതിലപ്പുറം അകന്നു നില്‍ക്കുന്നു. കഅ്ബ തന്നെയും ആരാധിക്കപ്പെടുകയല്ല. ആദരിക്കപ്പെടുകയാണ്. കറുത്ത കല്ലിന്റെയും സ്ഥിതി ഇതുതന്നെ. അബ്രഹാമിന്റെ പഴയ കെട്ടിടത്തിന്റെ അവശേഷം എന്ന നിലയില്‍ അത് ആദരിക്കപ്പെടുന്നു. തന്റെ വിടവാങ്ങല്‍ തീര്‍ത്ഥാടനത്തില്‍ മുഹമ്മദിന്റെ ചുണ്ടുകള്‍ ഈ കല്ലിനെ സ്പര്‍ശിച്ചിട്ടുണ്ട് എന്നതുകൊണ്ട് അക്കാലം മുതല്‍ എല്ലാ തീര്‍ത്ഥാടകരും അതിനെ ചുംബിച്ചുവരുന്നു. പില്‍ക്കാലത്തെ വിശ്വാസികളുടെ തലമുറകളെല്ലാം എപ്പോഴും തന്റെ മാതൃക അതേപടി പിന്‍പറ്റുമെന്ന് മുഹമ്മദിന് നന്നായിട്ട്് അറിയാമായിരുന്നു. ആ കല്ലിനെ ചുംബിച്ചപ്പോള്‍ ഭാവിതീര്‍ത്ഥാടകരുടെ ചുണ്ടുകള്‍ തന്റെ ചുണ്ടുകളുടെ ഓര്‍മ്മയുമായി ആ കല്ലിന്‍മേല്‍ ഒത്തുചേരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കാലത്തിനും മരണത്തിനമപ്പുറത്തേക്ക് തന്റെ മുഴുവന്‍ സമുദായത്തിനുമായി അന്ന് സമര്‍പ്പിച്ച ആ പ്രതീകാത്മക പരിരംഭണത്തില്‍ അവര്‍ വന്ന്് ചേരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങനെ ആ കറുത്ത കല്ലിനെ ചുംബിക്കുമ്പോള്‍ ഓരോ തീര്‍ത്ഥാടകനും താന്‍ പ്രവാചകനെയും ഒപ്പം തനിക്ക് മുമ്പുള്ളവരും ഇനി തനിക്കുശേഷം അവിടേക്ക് വന്നെത്താനിരിക്കുന്നവരുമായ എല്ലാ മുസ് ലിംകളെയും പരിരംഭണം ചെയ്യുകയാണ് എന്ന് കരുതുന്നു.
പ്രവാചകനായ മുഹമ്മദിനും എത്രയോ മുമ്പ് കഅ്ബ നിലനിന്നിരുന്നു എന്ന വാസ്തവം ഒരു മുസ്്‌ലിമിനും നിഷേധിക്കാനാവില്ല. ചുരുക്കത്തില്‍ അതിന്റെ മഹത്ത്വം കിടക്കുന്നത് ഈ പൗരാണികതയിലാണ് എന്ന് തീര്‍ച്ച.  താനൊരു പുതിയ മതത്തിന്റെ സ്ഥാപകനാണെന്ന് പ്രവാചകന്‍ അവകാശപ്പെട്ടിട്ടില്ല. മറിച്ച് ദൈവത്തിനുള്ള ആത്മ സമര്‍പ്പണം-ഇസ്‌ലാം- എന്നത് ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യബോധത്തിന്റെ പുലരി തൊട്ടേ ഉണ്ടായിരുന്ന ‘സഹജവാഞ്ഛ’ യാണ്. അബ്രഹാമും മോശയും യേശുവും ദൈവത്തിന്റെ മറ്റെല്ലാ പ്രവാചകന്‍മാരും ഇതു പഠിപ്പിക്കുവാനാണ് പരിശ്രമിച്ചത്. പക്ഷെ, ഖുര്‍ആന്റെ സന്ദേശം ദിവ്യ വെളിപാടുകളില്‍ അവസാനത്തേതായി നിലകൊള്ളുന്നു. സീനായിലെ സ്വര്‍ണ്ണപ്പശുവിനെ മോശ തകര്‍ത്തതു പോലെ മുഹമ്മദ് തച്ചുതകര്‍ക്കും മുമ്പ്, ഈ വിശുദ്ധ ഗേഹം നിറയെ ബിംബങ്ങളും ആരാധ്യവസ്തുക്കളും ഉണ്ടായിരുന്നു എന്ന കാര്യം ഒരു മുസ്‌ലിമും നിഷേധിക്കുകയില്ല. പക്ഷെ, ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന് എത്രയോ മുമ്പ് തന്നെ കഅ്ബയില്‍ യഥാര്‍ത്ഥ ദൈവം ആരാധിക്കപ്പെട്ടിരുന്നു. മുഹമ്മദ് അബ്രഹാമിന്റെ ദേവാലയത്തെ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തിലേക്ക് പുനരാനയിക്കുന്നതിനപ്പുറം യാതൊന്നും ചെയ്തിട്ടില്ല. അബ്രഹാമിന്റെ ദേവാലയത്തിനുമുമ്പില്‍ ഞാന്‍ നിന്നു. യാതൊരു ചിന്തയും കൂടാതെ അതിന്റെ ആശ്ചര്യത്തിലേക്ക് ഞാന്‍ ഉറ്റു നോക്കി. (ചിന്തകളും സ്മരണകളും വളരെ കഴിഞ്ഞാണ് വന്നെത്തിയത്). എന്റെ ഉള്ളിലെ നിഗൂഢമായ, പുഞ്ചിരി തൂകുന്ന അകക്കാമ്പില്‍ നിന്ന് ഗീതംപോലെ ഒരുതരം ഉല്ലാസം സാവധാനം വളരാനാരംഭിച്ചു.
മിനുത്ത മാര്‍ബിള്‍ പാളികള്‍. അവക്കു പുറത്ത് സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങള്‍ നൃത്തം ചെയ്യുകയാണ്. കഅ്ബക്കു ചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തില്‍ ഇവ മൂടി നില്‍ക്കുന്നു. ആ മാര്‍ബിള്‍ പാളികള്‍ക്കു പുറത്തുകൂടെ അനവധിയനവധി പേര്‍ നടന്നു പോയി. ആണും പെണ്ണും കറുത്ത മൂടുപടം അണിഞ്ഞു നില്‍ക്കുന്ന ദൈവഗേഹത്തെ ചുറ്റിപ്പറ്റി അവര്‍ നടന്നു. ഇടയ്ക്ക് ചിലര്‍ കരയുന്നുണ്ട്. ചിലര്‍ പ്രാര്‍ത്ഥനയില്‍ ഉച്ചത്തില്‍ ദൈവത്തെ വിളിക്കുന്നു. നിരവധി പേര്‍ക്ക് വാക്കുകളില്ല. കണ്ണുനീരില്ല. പക്ഷേ, അവര്‍ക്ക് തല കുനിച്ച് മാത്രമേ നടക്കാനാവുന്നുള്ളൂ.
കഅ്ബക്കു ചുറ്റും ഏഴു തവണ നടക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഇസ്‌ലാമിന്റെ ഈ കേന്ദ്രദേവാലയത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ മാത്രമല്ല ഇത്. ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാന കല്‍പ്പന അനുസ്മരിക്കുന്നതിന് കൂടിയാണ്. കഅ്ബ ദൈവത്തിന്റെ ഏകതയുടെ പ്രതീകമാകുന്നു. അതിനു ചുറ്റുമുള്ള തീര്‍ത്ഥാടകന്റെ ശാരീരികചലനം, ചിന്തകളും വികാരങ്ങളും മാത്രമല്ല നമ്മുടെ കര്‍മ്മങ്ങളും പ്രായോഗിക പരിശ്രമങ്ങളുമെല്ലാം ദൈവത്തെ കേന്ദ്രമാക്കിയാണ് എന്നതിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരമാണ്.
ഞാനും സാവധാനം മുന്നോട്ട് നീങ്ങി, അങ്ങനെ കഅ്ബക്കു ചുറ്റുമുള്ള വര്‍ത്തുളപ്രവാഹത്തിന്റെ ഭാഗമായി. വല്ലപ്പോഴും മാത്രം ഞാന്‍ എന്റെ തൊട്ടടുത്തു നില്‍ക്കുന്ന സ്ത്രീയെ കുറിച്ചോ പുരുഷനെ കുറിച്ചോ ബോധവാനായി. ഒറ്റപ്പെട്ട ചിത്രങ്ങള്‍ കണ്‍മുമ്പിലേക്ക് തീവ്രവേഗതയോടെ വന്നെത്തുകയും അതുപോലെ തിരോഭവിക്കുകയും ചെയ്തു. അവിടെ വെള്ള ഇഹ്‌റാം ധരിച്ച ഒരു കൂറ്റന്‍ നീഗ്രോ നില്‍ക്കുന്നുണ്ട്. മരംകൊണ്ടുണ്ടാക്കിയ ജപമാല അയാളുടെ കരുത്തുറ്റ കൈ തണ്ടയില്‍ ചങ്ങല പോലെ തൂങ്ങിക്കിടന്നു. മലായക്കാരനായ വൃദ്ധന്‍ കുറച്ചുനേരം എന്റെ വശത്തൂടെ അടിവെച്ചു നീങ്ങി. ആ കൈകള്‍ നിസ്സഹായമായിട്ടെന്ന പോലെ തന്റെ ബാത്തിക് തുണിയുടെ പശ്ചാത്തലത്തില്‍ ആടുന്നുണ്ടായിരുന്നു. മുറ്റിയ പുരികങ്ങള്‍ക്കു താഴെ, ഒരു നരച്ച കണ്ണ്- അത് ആരുടേതാവാം? ഇപ്പോള്‍ അത് ആള്‍ക്കൂട്ടത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. കറുത്ത കല്ലിനു മുമ്പില്‍ കൂടിനില്‍ക്കുന്ന അനവധി ആളുകള്‍ക്കിടയില്‍ ഒരു ഇന്ത്യന്‍ യുവതി. അവള്‍ രോഗിയായിരിക്കണം. അവളുടെ നേര്‍ത്ത മോഹന വദനത്തില്‍ വിചിത്രവും തുറന്നതുമായ ഒരുതരം ഉത്കണ്ഠ കിടപ്പുണ്ട്. സ്വച്ഛസ്ഫടികമായ പോയ്കയുടെ ആഴങ്ങളില്‍ മത്സ്യത്തിന്റെയും കടല്‍ സസ്യത്തിന്റെയും ജീവിതം നോക്കിക്കാണാവുന്നതു പോലെ നിരീക്ഷകന് ആ ഉത്കണ്ഠ നോക്കിക്കാണാം. ഉയര്‍ത്തിപിടിച്ച വിളറിയ കൈപ്പത്തികളുമായി അവളുടെ കൈകള്‍ കഅ്ബക്കു നേരെ നീണ്ടു ചെല്ലുന്നു. ഏതോ പദരഹിതമായ പ്രാര്‍ത്ഥനയെ അനുഗമിച്ചിട്ടെന്നതു പോലെ അവളുടെ വിരലുകള്‍ വിറകൊള്ളുന്നു…..
ഞാന്‍ പിന്നെയും പിന്നെയും നടന്നു. നിമിഷങ്ങള്‍ കടന്നുപോയി. തുച്ഛവും കയ്പ്പുറ്റതുമായി മനസ്സില്‍ ഉണ്ടായിരുന്നതെല്ലാം എന്നെ വിട്ടകലുകയായി. ഞാന്‍ ആ വര്‍ത്തുളപ്രവാഹത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാം ചെയ്യുന്നതിന്റെയെല്ലാം അര്‍ത്ഥം ഇതാണെന്ന് വരുമോ. ആരും ഒരു ഭ്രമണപഥത്തിലെ ചലനത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കല്‍? ഇതായിരിക്കുമോ എല്ലാ ആശയകാലുഷ്യത്തിന്റെയും അന്ത്യം?  നിമിഷങ്ങള്‍ അലിഞ്ഞു തീരുകയാണ്. കാലം നിശ്ചലമായിനില്‍ക്കുന്നു. ഇതാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം.

(മക്കയിലേക്കുള്ള പാതയില്‍ നിന്ന്)