‘ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു കൊണ്ടു ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണു കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പ്പെടുത്തിതന്നിരിക്കുന്നു. അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുകയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ) സദ് വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.’ (ഹജ്ജ് 36, 37)
ഇസ്‌ലാമില്‍ വളരെ പ്രബലമായ അനുഷ്ഠാനകര്‍മ്മങ്ങളില്‍ ഒന്നാണ് ഉദ്ഹിയ്യത്ത്. അല്ലാഹുവിന്റെ ഏകത്വവും അവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ സ്മരണകളുമാണ് ഉദ്ഹിയ്യത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. പ്രവാചകന്‍ ഇബ്രാഹീം നബി (അ) യുടെ മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗ സന്നദ്ധതയുടെ നിദര്‍ശനമാണ് ഉദ്ഹിയ്യത്ത്.
തിരുമേനി (സ) ഒരു ബലിപെരുന്നാള്‍ ദിനത്തില്‍ രണ്ട് ആടുകളെ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ബലിയറുക്കുകയുണ്ടായി. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ‘അല്ലാഹുവേ, ഇത് മുഹമ്മദിന്റെയും കുടുംബത്തിന്റെയും അവന്റെ സമുദായത്തില്‍ ബലിയറുക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയുള്ള ബലിയാകുന്നു’. ഇമാം അബൂഹനീഫയുടെ വീക്ഷണത്തില്‍ ഉദ്ഹിയത്ത് നിര്‍ബന്ധ ബാധ്യതയാണ്. കഴിവുണ്ടായിട്ടും അങ്ങനെ ചെയ്യാത്തവര്‍ നമ്മുടെ നമസ്‌കാരത്തിലേക്ക് വരാതിരിക്കട്ടെ എന്ന പ്രവാചക വചനം ഈ കര്‍മ്മത്തിന്റെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കിതരുന്നു.
ബലിമൃഗങ്ങള്‍ അവയുടെ യോഗ്യതകള്‍
ഒട്ടകം, ആടുമാടുകള്‍ ഇവയാണ് ബലി മൃഗങ്ങള്‍. നമ്മുടെ നാട്ടിലെ പോത്ത്, എരുമ, കാള, പശു, ആട് ഇവയെല്ലാം ബലിമൃഗത്തില്‍ പെടും. ആടിന് ഒരു ഓഹരി മാത്രമേ ഉള്ളൂ. എന്നാല്‍ പശു, പോത്ത്, എരുമ, കാള, ഒട്ടകം തുടങ്ങിയ ഉരുക്കള്‍ക്ക് 7 ഷെയറുകള്‍ വരെ ആകാവുന്നതാണ്. പശുവിന് രണ്ട് വയസ്സില്‍ കുറയാന്‍ പാടില്ല. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായിരിക്കണം. ചെമ്മരിയാടിന് ആറു മാസവും ആടിന് ഒരു വയസ്സും പൂര്‍ത്തിയായിരിക്കണം. അല്ലാഹുവിന് വേണ്ടി ബലിയറുക്കുന്ന മൃഗം ഏറ്റവും മുന്തിയ ഇനവും ന്യൂനതകളില്ലാത്തതുമായിരിക്കണം. അല്ലാഹുവിനുവേണ്ടി അടിമ തിരഞ്ഞെടുക്കുന്ന ഹദ്‌യ ഏറ്റവും ഉത്തമമായതാവട്ടെ. തീര്‍ച്ചയായും ഉരുവിന്റെ ഇറച്ചിയും രക്തവും അല്ലാഹുവിലേക്കെത്തുന്നില്ല. ബലിയറുക്കുന്നവന്റെ തഖ്‌വയാണ് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനീയം.
ഉദ്ഹിയ്യത്ത് എപ്പോള്‍
പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് ബലിയറുക്കേണ്ടത്. അതിന് വേണ്ടി പെരുന്നാള്‍ വമസ്‌കാരം കഴിവതും നേരത്തേയാക്കലാണ് സുന്നത്ത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ബലിയറുക്കാവതല്ല. അങ്ങനെ ചെയ്യുന്നവത് ഉദ്ഹിയത്തിന്റെ ബലി കര്‍മ്മമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഒരു മൃഗത്തിന്റെ ഇറച്ചി മാത്രമായേ അത് കണക്കാക്കപ്പെടൂവെന്നും പ്രവാചകന്‍ പറഞ്ഞു. ഉദ്ഹിയ്യത്ത് ഒരു ഇബാദത്താണ്. അതിന് കൃത്യമായ സമയം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അതിന് മുമ്പോ പിമ്പോ ആയാല്‍ അത് ഉദ്ഹിയ്യത്താവുകയില്ല. ളുഹര്‍ നമസ്‌കാരം അതിന്റെ സമയമാവുന്നതിന് മുമ്പ് നിര്‍വഹിച്ചാല്‍ അനുവദനീയമല്ലാത്തത് പോലെ തന്നെയാണ് ഇതും.
ഈദിന്റെ ആദ്യ ദിനം തന്നെ അഥവാ ദുല്‍ഹജ്ജ് പത്തിന് തന്നെ അറുക്കല്‍ നിര്‍ബന്ധമില്ല. പിന്നീടുള്ള മൂന്ന് ദിവസം കൂടി ബലിയറുക്കാവുന്നതാണ്. സ്വാഭാവികമായും പെരുന്നാളിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെയാവും ജനങ്ങള്‍ക്ക് ഇറച്ചി കൂടുതല്‍ ആവശ്യമായി വരിക. അതുകൊണ്ട് ആദ്യ ദിവസങ്ങളില്‍ തന്നെ അറുത്ത് വിതരണം ചെയ്യലാണ് കൂടുതല്‍ ഉചിതം.
വിതരണം ചെയ്യേണ്ടതാര്‍ക്ക്?
ഉദ്ഹിയത്തിന്റെ മാംസം മുസ്‌ലിം സമൂഹത്തിനിടയില്‍ വിതരണം ചെയ്യപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അമുസ്‌ലിംകള്‍ക്ക് ബലിമാംസം വിതരണം ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫിഈ മദ്ഹബിലെ ഇമാം നവവിയുടെ അഭിപ്രായത്തില്‍ അമുസ് ലിംകള്‍ക്ക് ബലി മാംസം നല്‍കാം. ഇമാം അബൂഹനീഫയുടെ വീക്ഷണത്തിലും ഇത് അനുവദനീയമാണ്. ഇമാം മാലികിന്റെ വീക്ഷണത്തില്‍ മുസ്‌ലിംകള്‍ക്കാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ആധുനിക സലഫി പണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ ഉദാരമായ സമീപനമാണ് സീകരിച്ചിട്ടുള്ളത്. കേരളം പോലെയുള്ള ബഹുമത സമൂഹത്തില്‍ അമുസ്‌ലിംകളെയും പരിഗണിക്കലാണ് മുസ്‌ലിം സമൂഹത്തിന് ഏറെ കരണീയം. അമുസ്‌ലിംകളില്‍പെട്ട നിരവധി ദരിദ്രര്‍ നമുക്കിടയില്‍ ഉണ്ടായിരിക്കെ പ്രത്യേകച്ചും.
Add Comment