ഹജ്ജും ഉംറയും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന അവതരിച്ച വര്‍ഷമേതെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലായിരുന്നുവെന്നാണ് പ്രബല അഭിപ്രായം.
കല്പന ലഭിച്ചതനുസരിച്ച് ആ വര്‍ഷത്തില്‍, പ്രവാചകനും ഒരുപറ്റം അനുയായികളുംകൂടി ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. മക്കയുടെ സമീപത്തെത്താറായപ്പോള്‍,ഖുറൈശികള്‍ തങ്ങളെ തടയുമെന്നവാര്‍ത്ത ലഭിച്ചതനുസരിച്ചു പ്രവാചകനും അനുയായികളും ഹുദൈബിയയില്‍ താവളമടിച്ചു. ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള പ്രവേശനകവാടമായ ശുമൈസിക്കടുത്താണ് ഈ സ്ഥലം.
ദൂതന്‍മാരെ അയച്ചുകൊണ്ട് നീണ്ട ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും ശേഷം പ്രവാചകനും ഖുറൈശികളും തമ്മില്‍ ഒരു സമാധാന സന്ധിയിലെത്തി. ഹുദൈബിയ്യാ സന്ധിയെന്ന പേരില്‍ ഇത് പ്രസിദ്ധമാണ്. വ്യവസ്ഥയനുസരിച്ച് പ്രവാചകനും അനുയായികളും ഉംറ നിര്‍വ്വഹിക്കാതെ, തല്‍സ്ഥാനത്ത് വെച്ചുതന്നെ ബലികര്‍മ്മമനുഷ്ഠിച്ചു മദീനയിലേക്കു തിരിച്ചുപോവുകയാണുണ്ടായത്.
സന്ധിയിലെ മറ്റൊരു വ്യവസ്ഥയനുസരിച്ച് അടുത്തവര്‍ഷം പ്രവാചകനും അനുയായികളും കൂടി മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. മുസ്്‌ലിംകളുടെ ഉംറ അനുഷ്ഠാനം നിരീക്ഷിക്കാനായി അന്ന്, ഖുറൈശികള്‍ കഅ്ബാലയത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നുവത്രെ. അവിടെ, പ്രവാചകനും അനുയായികളും ഉയര്‍ത്തിയ തല്‍ബിയത്ത് ധ്വനികള്‍ കഅ്ബയുടെ അന്തരീക്ഷത്തെ പുളകമണിയിച്ചു. അടുത്തവര്‍ഷം, മുസ്്‌ലിംകള്‍ നേടിയെടുത്ത മക്കാവിജയത്തിലേക്കുള്ള ഒരു സൂചനയുമായിരുന്നു ഇത്.
ഹിജ്‌റയുടെ എട്ടാം വര്‍ഷത്തില്‍, പ്രവാചകനും അനുയായികളും മക്കയില്‍ വിജയം നേടിയെടുത്തതോടെ പുണ്യഗേഹത്തോടനുബന്ധിച്ചു പ്രതിഷ്ഠിക്കപ്പെട്ടിരുന്ന മുന്നൂറ്റി അറുപത് ബിംബങ്ങളും തൂത്തെറിയപ്പെട്ടു. ഇബ്‌റാഹീം നബിയും ഇസ്്മാഈല്‍ നബിയും സ്ഥാപിച്ച യഥാര്‍ത്ഥ രൂപം കഅ്ബാലയത്തിന് തിരിച്ചുലഭിക്കുകയും ചെയ്തു. വിശുദ്ധ റമദാന്‍ മാസത്തിലാണിത് സംഭവിച്ചത്. എന്നാല്‍ മക്കയുടെ പരിസരത്തുള്ള ഗോത്രങ്ങളിലും ഇതര അറബ് പ്രദേശങ്ങളിലും അപ്പോഴും വിഗ്രഹാരാധന ഭാഗികമായി നിലനിന്നിരുന്നു. ബിംബാരാധകരായ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന വാര്‍ത്തയും ലഭിച്ചു. ഈ തീര്‍ത്ഥാടകരോടൊപ്പം ഹജ്ജ് കര്‍മ്മമനുഷ്ഠിക്കാന്‍ ഇഷ്ടപ്പെടാതിരുന്നതിനാല്‍ മുസ്്‌ലിംകള്‍ ആ വര്‍ഷത്തിലെ തീര്‍ത്ഥാടനത്തില്‍ നിന്ന് മാറിനിന്നു. അറഫാ ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായി പ്രവാചകനും അനുയായികളും മദീനയിലേക്കുതന്നെ തിരിച്ചുപോയി.
ഹിജ്‌റയുടെ ഒമ്പതാം വര്‍ഷം, ‘ദൗത്യ സംഘങ്ങളുടെ വര്‍ഷ’മെന്ന പേരിലാണറിയപ്പെടുന്നത്. അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ മദീനയിലെത്തി പ്രവാചക സന്നിധിയില്‍ വെച്ച് ഇസ്്‌ലാം മതം ആശ്ലേഷിച്ചുകൊണ്ടിരുന്നു. അതോടെ അറേബ്യന്‍ അര്‍ദ്ധ ദ്വീപില്‍, ഇസ്്‌ലാം ഒരു വന്‍ വൃക്ഷമായി പടര്‍ന്നു പന്തലിച്ചു. സത്യവും അസത്യവും ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കപ്പെട്ടു.
ഹജ്ജ് അനുഷ്ഠാനത്തെ, ഏക ഇലാഹായ അല്ലാഹുവിനു മാത്രമുള്ള ആരാധനയായി പുനഃപ്രതിഷ്ഠിക്കുക എന്നത് ഇസ്്‌ലാമിന്റെ താല്‍പര്യമായിരുന്നു. ഈ വര്‍ഷത്തിനു ശേഷം, ബഹുദൈവാരാധകര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം ഹി. ഒമ്പതില്‍ അവതരിക്കപ്പെട്ടു. കഴിവുള്ളവര്‍ വിശുദ്ധ ഗേഹത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കല്‍, ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തവും നേരത്തെ അവതീര്‍ണ്ണമായിരുന്നു.
ഇതനുസരിച്ചു, ആ വര്‍ഷം തന്നെ ഹജ്ജിന്ന് പുറപ്പെടാനായി പ്രവാചകന്‍ മുസ്്‌ലിംകളോട് നിര്‍ദേശിക്കുകയുണ്ടായി. ഇസ്്‌ലാമിലെ ആദ്യത്തെ ഹജ്ജനുഷ്ഠാനമായിരുന്നു ഇത്. പ്രവാചകന്റെ അധ്യാപനങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ട് ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ് ഈ ഹജ്ജിന് നേതൃത്വം നല്‍കി.
ഇസ്്‌ലാമിന്റെ ദൗത്യം ജനങ്ങള്‍ക്ക് വിളംബരം ചെയ്യാനായി ഹസ്രത്ത് അലിയെയാണ് പ്രവാചകന്‍ നിയോഗിച്ചിരുന്നത്. ഹജ്ജ് അനുഷ്ഠാനത്തിന്ന് ശേഷം, ബലി പെരുന്നാള്‍ ദിനത്തില്‍, മിനായില്‍വെച്ചു ഹസ്രത്ത് അലിയുടെ പ്രസിദ്ധമായ പ്രഖ്യാപനമുണ്ടായി: ‘ ജനങ്ങളെ, അവിശ്വാസികളാരും തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നറിയുക. ഈ വര്‍ഷത്തിന്ന് ശേഷം, ബഹുദൈവാരാധകര്‍ ഹജ്ജ് കര്‍മ്മ മനുഷ്ഠിച്ചു കൂടാ… മേലില്‍, നഗ്നരായി ആരും തന്നെ വിശുദ്ധ ഗേഹത്തെ പ്രദക്ഷിണം ചെയ്യുകയുമരുത്.’ അല്ലാഹുവും അവന്റെ പ്രവാചകനും ബഹുദൈവാരാധകരോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവായിരിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച, ബഹുദൈവവിശ്വാസികളോടുള്ള ഇസ്്‌ലാമിന്റെ നയം വിശദീകരിക്കുന്ന തൗബാ സൂറത്തിലെ സൂക്തങ്ങളും ഹസ്രത്ത് അലി തീര്‍ത്ഥാടകരെ ഓതിക്കേള്‍പ്പിക്കുകയുണ്ടായി. ഹസ്രത്ത് അലിയിലൂടെ നിര്‍വഹിക്കപ്പെട്ട ഈ ദൗത്യം, തീര്‍ത്ഥാടനത്തിന്നെത്തിയിരുന്ന ഹാജിമാരിലൂടെ അറേബ്യ ഒന്നടങ്കം പ്രതിധ്വനിച്ചു. അപ്രതിരോധ്യമായ, ശക്തമായ ഒരു മതമായി ഇസ്്‌ലാം വളര്‍ന്നിരിക്കുന്നുവെന്ന് ഇതോടെ അറേബ്യാ നിവാസികള്‍ക്ക് ബോധ്യമായി.
ഹിജ്‌റ പത്താം വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന, പ്രവാചകന്റെ ‘ വിടവാങ്ങല്‍ ഹജ്ജി’ന്നുള്ള കളമൊരുക്കല്‍ കൂടിയായിരുന്നു ഈ പ്രഖ്യാപനം.
ഇസ്്‌ലാമിലെ ആദ്യത്തെ ഹജ്ജ്

Add Comment