Articles

ഇബ്‌റാഹീം നബി (അ) യുടെ ബലി; ഇസ്മാഈലിന്റെയും

TOPSHOT - Mulism pilgrims perform prayers around the Kaaba, Islam's holiest shrine, at the Grand Mosque in Saudi Arabia's holy city of Mecca on August 7, 2019, prior to the start of the annual Hajj pilgrimage in the holy city. - Muslims from across the world gather in Mecca in Saudi Arabia for the annual six-day pilgrimage, one of the five pillars of Islam, an act all Muslims must perform at least once in their lifetime if they have the means to travel to Saudi Arabia. (Photo by Abdel Ghani BASHIR / AFP)

ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ മഹാനായ പ്രവാചകന്‍ ഇബ്രാഹീം നബിയുടെ ത്യാഗ്ഗോജ്ജലമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ലോക ജനതക്ക് മാതൃകയായി അല്ലാഹു ഉയര്‍ത്തിക്കാട്ടുന്ന ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുവാന്‍ മുസ്‌ലിം സമൂഹത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആഹ്വാനം ചെയ്യുകയാണ് ഖുര്‍ആന്‍. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ തനിക്ക് അല്ലാഹു കനിഞ്ഞരുളിയ അരുമ സന്താനതത്തെ അല്ലാഹുവിന് വേണ്ടി ബലിയറുക്കാന്‍ ഒരുങ്ങുന്ന ഇബ്രാഹീം നബി (അ) യുടെ ത്യാഗസന്നദ്ധതയില്‍ ഒട്ടും കുറയാത്ത ബലിതന്നെയാണ് മകന്‍ ഇസ്മാഈലും നടത്തുന്നത്. അല്ലാഹുവിന് വേണ്ടി ജീവിക്കാനുള്ള മോഹവും പിതൃസ്‌നേഹവുമൊക്കെ ബലി നല്‍കുകയാണ് മാതൃകാ കുടുംബത്തിലെ അരുമ സന്താനം. ഇബ്രാഹീമിന്റെ മാത്രമല്ല ഇസ്മാഈലിന്റെയും ഹാജറയുടെയും ത്യാഗ സന്നദ്ധതയും നമുക്ക് മാതൃകയാണ്.
ഹജ്ജിന്റെ ചടങ്ങുകള്‍ മുസ് ലിംകള്‍ക്ക് പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി (സ) യാണെങ്കിലും, കാലാന്തരത്തില്‍ വിസ്മൃതിയിലായിപോയ ഇബ്രാഹീം നബി (സ) യുടെ മഹത്തായ അനുഷ്ഠാനങ്ങളുടെ പുനരാവിഷ്‌കാരമായിരുന്നു നബി (സ) പഠിപ്പിച്ചത്. ഇബ്രാഹീം നബിയുടെ മാര്‍ഗത്തെ പിന്‍പറ്റണമെന്നാണ് മുസ്‌ലിംകളോട് ഖുര്‍ആന്റെ ആഹ്വാനം. ഇസ്‌ലാം മുഹമ്മദ് നബിയില്‍ നിന്നല്ല തുടങ്ങുന്നതെന്നതുപോലെ, മക്കയുടെ മഹത്വവും ആരംഭിക്കുന്നത് പ്രവാചകന്റെ ജനനം മുതല്‍ക്കല്ല, മക്ക അതിനു മന്‍പേ ഇബ്രാഹിം കുടുംബത്താല്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി ആദ്യമായി ഇബ്രാഹീം നബിയും ഇസ്മാഈലും പടുത്തുയര്‍ത്തിയ കഅ്ബയുടെ സാന്നിധ്യമാണ് മക്കയെ പ്രഥമമായി മഹത്തരമാക്കിയത്. മക്ക ഇബ്രാഹീമിനോടും ഇസ്മാഈലിനോടുമാണ്, മുഹമ്മദ് നബിയേക്കാള്‍ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്.
നാം മാതൃകയാക്കേണ്ട ഇബ്രാഹീം നബി(അ) യുടെ ത്യാഗ സന്നദ്ധതയെ, ബലി പെരുന്നാള്‍ ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇബ്രാഹീം നബിയുടെ ത്യാഗം പരിമിതാര്‍ത്ഥത്തില്‍ സ്വന്തത്തിനും നാടിനും സമൂഹത്തിനും വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ത്യാഗം അതിന്റെ വിശാലാര്‍ത്തത്തില്‍ അല്ലാഹുവിന് വേണ്ടിയുള്ളതായിരുന്നു.
ഇബ്രാഹീം നബിയുടെ വിളിക്കുത്തരമെന്നോണം ലോകത്തങ്ങോളമിങ്ങോളമുള്ള വിശ്വാസികളുടെ പ്രതിനിധികളാണ് ഓരോ വര്‍ഷവും ഹജ്ജിനായി മക്കയില്‍ കേന്ദ്രീകരിക്കുന്നത്. ഒരേ വേഷത്തില്‍ ഒരേ മനസ്സുമായി ഒരേ ഒരു ലക്ഷ്യത്തോടെയാണ് ആ ജനസഞ്ചയം ഇബ്രാഹീമും ഇസ്മാഈലും പണിത കഅ്ബക്കു ചുറ്റിലും കേന്ദ്രീകരിച്ചിരിക്കുന്നത്. മാനവ രാശിയെ പ്രതിനിധാനം ചെയ്ത് തലമുറകളിലൂടെ അവിടേക്ക് തീര്‍ത്ഥാടന പ്രവാഹം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മുസ്‌ലിം സമൂദായത്തിന്റെ മക്കയിലുള്ള ഈ മഹാ സമ്മേളനം മുസ്‌ലിം സാഹോദര്യവും, വിശാലാര്‍ത്ഥത്തില്‍ മാനവ സാഹോദര്യവും വിളംബരം ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയിലെ ഈ ഐക്യം അവര്‍ക്കിടയിലെ വിഭാഗീയതകളെയം സങ്കുചിത ചിന്തകളെയും മറികടക്കുന്നതാണ്. വിഭാഗീയതകളുടെ എല്ലാ മതില്‍കെട്ടുകളെയും വകഞ്ഞു മാറ്റുന്ന തൗഹീദിന്റെ തന്നെ പൂര്‍ത്തീകരണമാണ് ഉമ്മത്തു മുസ്‌ലിമയുടെ ഏകത്വം.
തന്റെ തോളിനോടു ചേര്‍ന്നു നില്‍ക്കുന്ന, തന്നോടൊപ്പം ഒരു അണിയില്‍ നില്‍ക്കുന്ന തന്റെ സഹോദരനെ, അന്യ ദേശക്കാരനായതിന്റെ പേരില്‍, അന്യവര്‍ണ്ണക്കാരനായതിന്റെ പേരില്‍ അന്യഭാഷക്കാരനായതിന്റെ പേരില്‍ മാറ്റി നിര്‍ത്താന്‍ ഒരു വിശ്വാസിക്കും കഴിയില്ല. ഹജ്ജ് നമ്മോട് വിളിച്ചു പറയുന്ന സന്ദേശമതാണ്. അല്ലാഹു അവന്‍ സൃഷ്ടിച്ച മാനവകുലം ഏകമാണ്. ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് അവന്‍ ഈ മനുഷ്യ കുലത്തെയാകെ പടച്ചത്.
അവന്റെ ഏകത്വം അറിഞ്ഞ് ആരാധിച്ചനുസരിക്കുന്ന ഉമ്മത്തുല്‍ മുസ്‌ലിമയും ഏകമാണ്. ആ സമുദായത്തിന്റെ മഹത്തായ മൂല്യം സഹകരണമാണ,് സഹാനുഭൂതിയാണ്, ത്യാഗമാണ്. അതത്രെ ദൈവിക ഭക്തിയുടെ കാതല്‍.