അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഒരു പെരുന്നാള്‍ സുദിനം കൂടി നമ്മിലേക്ക് വന്നടുത്തിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. അല്ലാഹുവിനുള്ള മഹത്തായ ഇബാദത്തുകളുടെ ഒടുക്കത്തിലാണ് പെരുന്നാള്‍ വന്നണയുക. അവന്റെ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണവും അവനോടുള്ള നന്ദി പ്രകാശത്തിന്റെയും അവന്റെ വാഴ്ത്തലുകളുടെയും നാളുകള്‍. ഒരു നിര്‍ബന്ധ ബാധ്യതയായ ഹജ്ജിന്റെ അവസാനത്തിലാണ് ബലിപെരുന്നാള്‍. ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍ )ഒരു മാസം നീണ്ട നോമ്പിന്റെ പരിസമാപ്തിയായാണ് നമ്മിലേക്ക് വന്നെത്തുന്നത്. കഠിനമായ കര്‍മ്മാനുഷ്ഠാനങ്ങളുടെയും ഇബാദത്തുകളുടെയും പ്രയാസങ്ങള്‍ക്ക് ശേഷം പെരുന്നാളിലൂടെ സത്യവിശ്വാസികള്‍ക്ക് സന്തോഷം പകരുകയാണ് അല്ലാഹു. ‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ’ (യൂനുസ് 58)
അല്ലാഹു അവന്റെ അടിമകള്‍ക്ക് ഏറ്റവും കൂടുതല്‍ പൊറുത്തുകൊടുക്കുന്ന ദിവസമാണ് അറഫാ ദിനം. വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായി അവതീര്‍ണമാക്കിയതിലൂടെ അല്ലാഹു സമുദായത്തിന് തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കി. ‘ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നിറവേറ്റി തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു’ (മാഇദ 3)
അതിനു ശേഷം ഹാജിമാര്‍ ജംറയില്‍ കല്ലെറിയുന്നു. മനുഷ്യന്റെ പൈശാചിക മോഹങ്ങള്‍ക്കും വികാരങ്ങള്‍ക്കുമെതിരെയുള്ള പ്രതീകാത്മകമായ പ്രതിഫലനമാണ് കല്ലെറിയല്‍. അവന്റെ അധികാരഗര്‍വില്‍നിന്നും താന്‍പോരിമയില്‍ നിന്നും മനസ്സിലെ ദുര്‍വികാരങ്ങളില്‍ നിന്നും മോചിതനാവുകയാണ് ഈ കല്ലെറിയലിലൂടെ. പിശാചിനെതിരെ ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ട്. ‘തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്’ (ഫാത്വിര്‍ 6).
ഓരോ വര്‍ഷവും ബലി പെരുന്നാള്‍ കടന്നു വരുന്നത് നിരവധി ചരിത്ര സ്മരണകളുമായാണ്. പെരുന്നാളില്‍ വിശ്വാസികള്‍ക്ക് നിരവധി ഗുണപാഠങ്ങളുണ്ട്. വിശിഷ്യ, പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെ ത്യഗോജ്ജലമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ബലിപെരുന്നാള്‍. ഇബ്‌റാഹീം നബി (അ) യെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഒരു വ്യക്തിയായിട്ടല്ല. ഒരു പ്രസ്ഥാനമായിട്ടാണ്. ഒരു സമൂഹം ചെയ്യേണ്ട ദൗത്യം ഒറ്റക്ക് ഏറ്റെടുത്ത പ്രവാചകനായിരുന്നു ഇബ്‌റാഹീം നബി (അ). പ്രവാചകന്‍ ഇബ്‌റാഹീം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും എല്ലാം അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കാന്‍ മുന്നോട്ടുവന്നവരായിരുന്നു. പെരുന്നാള്‍ നമുക്ക് ഒരു മാതൃകാ കുടുംബത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തി തരുന്നുണ്ട്. എല്ലാകാലത്തുമുള്ള മനുഷ്യര്‍ക്ക് മാതൃകയാക്കാവുന്ന കുടുംബം. തങ്ങളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും വികാരങ്ങളും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യജിക്കാന്‍ സന്നദ്ധരായതാണ് ഈ പ്രവാചക കുടുംബത്തെ മാതൃകാ കുടുംബമാക്കി മാറ്റിയത്. വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റയും പൂര്‍ണ്ണസാക്ഷാല്‍ക്കാരമായ ഹാജറെന്ന ഇബ്‌റാഹീം നബിയുടെ ഭാര്യയും മകന്‍ ഇസ്മാഈലും (അ) ആയിരുന്നു ഈ മാതൃകാ കുടുംബത്തിലെ മറ്റംഗങ്ങള്‍.
അല്ലാഹുവിന് വേണ്ടി തന്റെ പുത്രന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ ഇബ്‌റാഹീം നബിക്ക് പലവട്ടം സ്വപ്‌ന ദര്‍ശനമുണ്ടായി. ദൈവകല്‍പ്പനയറിഞ്ഞ മകന് ആ കല്‍പ്പന നടപ്പിലാക്കുന്നതില്‍ വേവലാതിയൊട്ടുമില്ലായിരുന്നു. അല്ലാഹുവിന്റെ കല്‍പ്പന സന്തോഷപൂര്‍വ്വം ശിരസ്സാവഹിക്കാന്‍ ഇസ്മാഈല്‍ (അ) പൂര്‍ണ്ണസന്നദ്ധനായിരുന്നു. ലോകത്തിനു മുന്നില്‍ സഹനത്തിന്റെ പ്രതീകമായ ഹാജര്‍, ജനവാസമില്ലാത്ത മരുഭൂമിയില്‍ തന്നെയും പിഞ്ചുകുഞ്ഞിനെയും തനിച്ചാക്കി ഇബ്്‌റാഹീം നബി നടന്നു നീങ്ങിയപ്പോള്‍ തെല്ലൊന്നമ്പരന്നു. എന്നാലത് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമാണന്നറിഞ്ഞപ്പോള്‍ സ്ത്രീസഹജമായ പരിവേദനങ്ങള്‍ ഭര്‍ത്താവിനു മുന്നില്‍ നിരത്തിയില്ല. അലമുറയിട്ട് കരഞ്ഞില്ല. അല്ലാഹുവിന്റെ കല്‍പ്പനയാണെങ്കില്‍ അവന്‍ ഞങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ച അവര്‍ സഹനത്തിന്റെ ഉത്തമ മാതൃകയായി. പരസഹായമില്ലാത്ത ആ മരുഭൂമിയില്‍ തന്റെ പിഞ്ചു കുഞ്ഞിനെ വളര്‍ത്തി അവര്‍ ധീരതയും സഹനവും തെളിയിച്ചു. ആ മാതാവിന് തന്റെ മകനെ ബലിയറുക്കാനുള്ള ദൈവിക കല്‍പ്പന സ്വീകരിക്കാനുള്ള സന്നദ്ധത അവരുടെ മാതൃസ്‌നേഹത്തെ കവച്ചു വെക്കുന്നതായിരുന്നു. ദൈവിക കല്‍പ്പനകള്‍ക്കും അവന്റെ ഹിതത്തിനും വേണ്ടി പുത്രസ്‌നേഹം, വാത്സല്യം, കാരുണ്യം, മാതൃസ്‌നേഹം തുടങ്ങി മനുഷ്യന്റെ പ്രകൃതിയില്‍ ദൈവം നിക്ഷേപിച്ച അതിശക്തവും അനുഗൃഹീതവുമായ വികാരങ്ങളെ അടക്കി വെക്കാനും നിയന്ത്രിക്കാനും അവര്‍ക്ക് മൂവര്‍ക്കും കഴിഞ്ഞു. ‘അങ്ങനെ അവര്‍ ഇരുവരും (കല്‍പ്പനക്ക്) കീഴ്‌പ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം. നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.’ (യൂനുസ് 103-106).
ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും ശക്തമായ മൂന്നുവികാരങ്ങളാണ് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വത്തിനു മുന്നില്‍ പരാജയപ്പെട്ടത്. ഒരു പിതാവിന്റ പിതൃവാത്സല്യം, മാതാവിന്റെ മാതൃസ്‌നേഹം, പുത്രന്റെ മാതാപിതാക്കളോടുള്ള സ്‌നേഹവായ്പ്. അല്ലാഹുവിന്റെ തൃപ്തിക്കു മുന്നില്‍ ഈ മാനുഷിക വികാരങ്ങളെ നിസ്സാരമായി കാണാനും അതിനെ അകറ്റി നിര്‍ത്താനും സാധിച്ചവരാണവര്‍.
അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന മഹത്തായ പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത് അല്ലാഹുവിന് വേണ്ടി എന്തും ത്യജിക്കാനുള്ള അദ്ദേഹത്തന്റെ ഈ സന്നദ്ധതയാണ്. ഒരു മനുഷ്യ മനസ്സിന് കീഴൊതുങ്ങാന്‍ കഴിയുന്നതിന്റെ സമ്പൂര്‍ണ പ്രതീകമായിരുന്നു പ്രവാചകന്‍ ഇബ്‌റാഹീം (അ). ‘തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പ്പെട്ടു ജീവിക്കുന്ന നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. അവന്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.’ (നഹ്ല്‍ 120-121)
അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു നല്‍കി ജീവിക്കേണ്ട സന്ദര്‍ഭത്തിലാണ് നാം കേരളീയ മുസ്‌ലിംകള്‍. നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യം, ഇബ്‌റാഹീം നബിയുടെ മാതൃകകളെ നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്.
മഹത്തരവും അതുല്യവുമായ ത്യാഗങ്ങള്‍ അര്‍പ്പിക്കാതെ ഒരു മഹത്തായ ആദര്‍ശവും വിജയം കണ്ടിട്ടില്ല. നാം മുസ്‌ലിംകള്‍ നമ്മുടെ ദീനിനും സമൂഹത്തിനും വേണ്ടി എന്ത് ബലി കഴിക്കാനാണ് സന്നദ്ധരായിട്ടുള്ളത്?
ശരിയാണ്, പലപ്പോഴും പല പ്രയാസങ്ങളും വേദനകളും നാം ഇവിടെ അനുഭവിക്കുന്നുണ്ട്. പരീക്ഷണങ്ങളില്‍ അകപ്പെടാറുണ്ട്. സമൂഹം എന്ന നിലക്ക് മറ്റു ഇതര സമൂഹങ്ങളില്‍ നിന്ന് നാം സംശയകരമായ രീതിയില്‍ വീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മുടെ ചെയ്തികളും പ്രവര്‍ത്തികളും സംശയത്തിന്റെ നിഴലിലാണ്. അധികാരികളാല്‍ നാം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന് വേണ്ടി അവന്റെ ദീനിന് വേണ്ടി എന്തെങ്കിലും സമര്‍പ്പിക്കുവാനോ ത്യാഗം ചെയ്യുവാനോ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
അല്ലാഹുവിന് വേണ്ടി കുടുംബത്തെയും നാടും വീടും നാട്ടുകാരെയും സമ്പത്തും ത്യജിക്കാന്‍ നമുക്ക് കഴിയുമോ? ഇബാഹീം നബി (അ) ചെയ്തത് അതായിരുന്നു.
ജീവിത പരിത്യാഗം എന്ന വലിയ പാഠമാണ് ഇബ്‌റാഹീം നബി നമുക്ക് പഠിപ്പിച്ചു തന്നത്. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെയും ആവശ്യങ്ങളെയും പരിത്യജിക്കാന്‍ സാധിക്കുക. ഒരു പിതാവിന്റെ സംരക്ഷണവും സേനഹവും രക്ഷാകര്‍തൃത്വവും വേണ്ട സന്ദര്‍ഭത്തിലാണ് പിതാവിനോട് ആദര്‍ശത്തിന്റെ പേരില്‍ പോരടിച്ച് ഇബ്‌റാഹീം നബി വീടു വിട്ടിറങ്ങിയത്. ‘തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?’ (അന്‍ബിയാ 52).
നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇഷ്ടവും സ്‌നേഹവും ആദരവുകളും വേണ്ടുവോളം നേടാന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍, അവരുടെ അരുതായ്മകളെ ചോദ്യ ചെയ്ത് അവരുടെ ശത്രുത സമ്പാദിച്ചു. ‘വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു’ (മര്‍യം 41)
ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്യാതിരുന്നെങ്കില്‍ സമ്മാനങ്ങള്‍ നേടി ഭരണകൂടത്തില്‍ അംഗമാകാമായിരുന്ന പ്രവാചകന്‍ ഇബ്‌റാഹീം, ഭരണകൂടത്തെ ചോദ്യം ചെയ്ത് രാജ്യ ദ്രോഹിയായി മുദ്രകുത്തപ്പെട്ടു നാടകടത്തപ്പെട്ടു. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷം പിന്നിടുമ്പോഴേക്കും കുട്ടികളുണ്ടാകാന്‍ വൈകുന്ന ദമ്പതികള്‍ക്ക് അതിയായ മനപ്രയാസം അനുഭവിക്കുന്ന ഈ കാലത്ത്, 90 ാം വയസ്സില്‍ മാത്രം കുട്ടിയുണ്ടായി, അവന്‍ വളര്‍ന്ന് പിതാവിനൊപ്പം നടന്ന് പിതാവിനെ സഹായിക്കാന്‍ മാത്രം വളര്‍ന്ന ഒരു കോമളനാകുമ്പോള്‍ അവനെ ബലിയറുക്കാന്‍ കല്‍പ്പിക്കുന്ന ദൈവിക നിര്‍ദേശത്തെ ശിരസാവഹിക്കാന്‍ കഴിയുക. ഇങ്ങനെ സ്വന്തമായ ഇഷ്ടങ്ങളെയും ഇച്ഛകളെയും അല്ലാഹുവിന് വേണ്ടി ത്യജിച്ചു പ്രവാചകനായിരുന്നു ഇബ്‌റാഹീം (അ).
ഭൗതികമായ ആവശ്യങ്ങളുടെയും വികാരങ്ങളുടെയും മൂര്‍ദ്ധന്യതയിലാണ് ഇബ്‌റാഹീം നബി അവയെ ത്യജിക്കാന്‍ സന്നദ്ധനാവുന്നത്. അല്ലാഹുവിന് വേണ്ടി സര്‍വ്വതും പരിത്യജിക്കാനുള്ള സന്നദ്ധതയാണ് നമ്മുടെ കൈമുതലായി ഉണ്ടാവേണ്ടതെന്ന് വര്‍ഷാവര്‍ഷം വരുന്ന ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്.
ഇബ്രാഹീമീ മില്ലത്തിന്റെ ഓര്‍മ്മപ്പെരുന്നാള്‍

Add Comment