ഹജ്ജ് ആരംഭിച്ചുകഴിഞ്ഞു. അല്ലാഹുവിലേക്ക് കുതിക്കൂ. പറയൂ: ‘ലബ്ബൈക്ക്’ അവന്റെ വിളി കേട്ടിതാ അവന്ന് വിധേയനായി നിങ്ങള്‍ എത്തിയിരിക്കുന്നു. ‘ സര്‍വ്വ സ്തുതികളും അല്ലാഹുവിന്നാണ്. അനുഗ്രഹവും അധികാരവും അവന്നാണ്.’ അവന്നു പങ്കുകാരില്ല’. ലോകത്തിലെ സത്യഹീനരും ചൂഷകരും മര്‍ദ്ദകരുമായ വന്‍ശക്തികളെ നിരസിച്ചുകൊണ്ട് ജനങ്ങള്‍ ഒന്നായിപ്പറയുന്നു: ബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എല്ലാവരും എല്ലായിടത്തും അല്ലാഹുവിനെ അഭിമുഖീകരിക്കുകയാണ്. ഹേ മനുഷ്യാ, താങ്കള്‍ കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ലോഹധൂളിപോലെയാണ്. മിഅ്‌റാജിന്ന് പോകുന്ന ലക്ഷക്കണക്കില്‍ ശ്വേതനീഢജങ്ങളില്‍ ഒന്ന് പോലെ നിങ്ങല്‍ നീങ്ങുന്നു. നിങ്ങള്‍ കഅ്ബയെ സമീപിക്കുന്നു. അതിനോടടുക്കുന്നതനുസരിച്ച് നിങ്ങള്‍ക്ക് ഉദ്വേഗം കൂടുന്നു. കൂട്ടില്‍നിന്ന് രക്ഷപ്പെടാന്‍ തിടുക്കം കൂട്ടുന്ന, പരിക്കു പറ്റിയ മൃഗത്തെപ്പോലെ നിങ്ങളുടെ ഹൃദയം ആഞ്ഞടിക്കുന്നു. ചര്‍മ്മം വേണ്ടത്രയില്ലെന്ന മട്ടില്‍ നിങ്ങള്‍ വലിഞ്ഞുമുറുകുന്നു. അല്ലാഹുവിന്റെ ചൈതന്യം മുറ്റി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കണ്ണീരടക്കുക സാധ്യമല്ല. തൊലിക്ക് താഴെ, മനസ്സില്‍, ഇന്ദ്രിയങ്ങളില്‍, കല്ലിലും മണല്‍ത്തരിയിലും മരുഭൂമിയിലും താഴ്‌വാരത്തിലും അവ്യക്തമായ ചക്രവാളസീമകളിലും ദൈവിക മാഹാത്മ്യം അനുഭവവേദ്യമാവുന്നു. നിങ്ങള്‍ക്കിപ്പോള്‍ അല്ലാഹു മാത്രം മതി. അവനാണ് ഏകാസ്തിത്വം; ബാക്കിയെല്ലാം വെറും തിരമാലകള്‍, നുരകള്‍. അവന്‍ മാത്രമാണ് സത്യം. അവന്നു പുറമെയുള്ളതെല്ലാം വ്യാജമാണ്.
ഹജ്ജിന്റെ വിവിധ ഘട്ടങ്ങള്‍ കടന്നുപോവുമ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ നിന്നകലുന്നു; ദൈവത്തിലേക്കുള്ള നീക്കമാരംഭിക്കുന്നു. ഉദ്വേഗമൂര്‍ച്ചയില്‍ നിങ്ങള്‍ ഒരു ദിശയില്‍ മാത്രം നീങ്ങാന്‍ നിര്‍ബന്ധിതമാവുന്നു. പിന്നോട്ടുപോവാന്‍ നിങ്ങള്‍ക്കവകാശമില്ല. ലോകം സ്പന്ദിക്കുന്ന ഹൃദയം പോലെ തോന്നുന്നു; അല്ലാഹു എല്ലായിടത്തുമുണ്ട്.
തുടര്‍ന്ന് നിങ്ങള്‍ മക്കയുടെ പ്രാന്ത പ്രദേശങ്ങളിലെത്തുന്നു. ‘ഹറം’ പ്രദേശം നിര്‍ണയിക്കുന്ന ചൂണ്ടുപലകകള്‍ നിങ്ങള്‍ക്ക് കാണാം. അവിടെയെത്തുമ്പോള്‍ നിങ്ങള്‍ക്കൊരു രക്ഷാബോധമുളവാകുന്നു. ഇവിടെ പോരാട്ടമില്ല, നായാട്ടില്ല, കൊലയില്ല, സസ്യങ്ങളുടെ വേരറുക്കല്‍ പോലുമില്ല.
ഹറമിന്റെ സമീപത്തെത്തുമ്പോള്‍ ‘ലബ്ബൈക്ക്’ പെട്ടെന്ന് നില്‍ക്കുന്നു. എല്ലായിടത്തും പൂര്‍ണ്ണനിശബ്ദത. നിങ്ങള്‍ ഹറമിലെത്തിയിരിക്കുന്നു. ഇതല്ലാഹുവിന്റെ ഭവനമാണ്. അല്ലാഹുവാണിവിടെ ആതിഥേയന്‍. എല്ലാവരും ശാന്തരാണ്. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ സ്‌നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
മക്കാ പട്ടണം പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു തളികയാണെന്ന് തോന്നുന്നു. അവിടെ ഓരോ താഴ് വരയും തെരുവും ഇടവഴിയും ഹറമിന്റെ നേരെ മുഖംതിരിച്ചുനില്‍ക്കുന്നു. കഅ്ബയാണതിന്റെ കേന്ദ്രബിന്ദു. അവിടേക്കൊഴുകുന്ന വെളുത്ത മഹാപ്രവാഹത്തില്‍ ഒരു ബിന്ദുവായി നിങ്ങള്‍ നീങ്ങുന്നു. കഅ്ബക്കടുത്തെത്തുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആമോദമുണ്ടാവുന്നു. കഅ്ബക്കടുത്ത കുന്നുകളിറങ്ങുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോടടുക്കുകയാണ്. എളിമയോടെയും വിധേയത്വത്തോടെയും മാത്രമേ നിങ്ങള്‍ക്ക് മഹത്വവും അന്തസ്സും പൂര്‍ണ്ണതയും നേടാന്‍ പറ്റൂ. ആകാശത്തിലും ആത്മീയജ്ഞാനത്തിലും അല്ല നിങ്ങള്‍ അല്ലാഹുവിനെ തേടേണ്ടത്. തേട്ടം ഈ ഭൂമിയില്‍തന്നെ വേണം. പദാര്‍ത്ഥത്തിന്റെ അഗാധതകളിലും കല്ലുകളില്‍ പോലും നിങ്ങള്‍ക്ക് അല്ലാഹുവിനെ കാണാം. നേര്‍വഴിയിലാണെങ്കിലേ അവനെ കാണാന്‍ പറ്റൂ എന്ന കാര്യം വിസ്മരിക്കരുത്. നേര്‍വഴി കണ്ടുപിടിക്കാനാണ് പരിശീലനം ലഭിക്കേണ്ടത്.
നിങ്ങളിപ്പോള്‍ കഅ്ബയോട് കൂടുതല്‍ അടുത്തിരിക്കുന്നു. നിശ്ശബ്ദതയും ചിന്തയും സ്‌നേഹവുമാണ് എവിടെയും. നിങ്ങളുടെ ഓരോ കാല്‍വെയ്പിലും നിങ്ങളില്‍ ഭയവും സ്‌നേഹവുമുളവാകുന്നു. ദൈവസാന്നിധ്യം കൂടുതല്‍ കനത്തുതൂങ്ങുന്നു. ഖിബ് ലയില്‍പതിച്ച നിങ്ങളുടെ കണ്ണുകള്‍ വിശാലമായിവരുന്നു. ശ്വാസംകഴിക്കുക നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിങ്ങളുടെ ചുണ്ടുകള്‍ നിശ്ശബ്ദമാണ്; പക്ഷേ, ഹൃദയമോ മോഹം നിറഞ്ഞതും. ദുര്‍ബലമായ നെഞ്ചിനും ഹൃദയപേശികള്‍ക്കും എങ്ങനെ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയും?
താഴ്‌വരയിലേക്കിറങ്ങുമ്പോള്‍ നിലംപതിച്ചേക്കുമോ എന്ന് നിങ്ങള്‍ ആശങ്കിക്കുന്നു. പക്ഷേ, അപ്പോഴതാ കഅ്ബ! ജീവിതത്തിന്റെ, സ്‌നേഹത്തിന്റെ, വിശ്വാസത്തിന്റെ, മനുഷ്യാസ്തിത്വത്തിന്റെ കേന്ദ്രമായ കഅ്ബ; മുസ്്‌ലിംകള്‍ ആരാധിക്കുമ്പോള്‍ മുഖംതിരിക്കുന്ന കഅ്ബ; രോഗികള്‍ വേദനകൊണ്ടുപുളയുമ്പോള്‍ തലതിരിക്കുന്ന കഅ്ബ; മരിച്ചവരെ ഖബ്‌റടക്കുമ്പോള്‍ ദിശയായി ഉപയോഗിക്കുന്ന കഅ്ബ.
കഅ്ബ
കറുത്ത, പരുപരുത്ത കല്ലുകള്‍ ലളിതമായടുക്കിവെച്ച് വിടവുകളില്‍ വെളുത്ത കുമ്മായംതേച്ച കഅ്ബ അകംശൂന്യമായ ഒരു ചതുരമാണ്; മറ്റൊന്നുമല്ല. ചകിതമായ ആശ്ചര്യത്തോടെയേ നിങ്ങള്‍ക്കത് നോക്കിക്കാണാനാവൂ. ഇവിടെ മറ്റ് യാതൊന്നുമില്ല. ഒന്നും കാണാനില്ല. ഉള്ള് പൊള്ളയായ ഒരു സമചതുരം. അതുമാത്രം. ഇതാണോ നമ്മുടെ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും, പ്രേമത്തിന്റെയും, ജീവിതത്തിന്റെയും മരണത്തിന്റെയും കേന്ദ്രം!
നിങ്ങളുടെ ചിത്തത്തില്‍ ചോദ്യങ്ങളും ശങ്കകളുമുണരുന്നു. ഞാനെവിടെയാണ്? ഇവിടെയെന്താണുള്ളത്? കഅ്ബയെക്കുറിച്ച നിങ്ങളുടെ ഭാവനാദൃശ്യങ്ങള്‍ക്കെല്ലാം എതിരായ ഒന്നാണ് നിങ്ങളുടെ മുമ്പില്‍. മേല്‍ത്തട്ടുകള്‍ ആത്മീയ നിശ്ശബ്ദത മൂടുന്ന, കൊട്ടാര സദൃശ്യമായ ഒരു ശില്പസൗന്ദര്യം നിങ്ങളുടെ മനസ്സില്‍ കണ്ടിട്ടുണ്ടാവും, ഏതോ മഹാനായ വ്യക്തിയുടെ ഖബ്‌റിന്നുമുകളില്‍ കെട്ടിപ്പടുക്കപ്പെട്ട, ഉയര്‍ന്ന കുടീരമായിരിക്കാം നിങ്ങളുടെ മനസ്സില്‍. അല്ലെങ്കില്‍ ഏതോ ഒരു വീരനായകന്റെ, ബുദ്ധിമാന്റെ, പ്രവാചകന്റെ, ഇമാമിന്റെ ശവകുടീരം. ഇത് അതൊന്നുമല്ല. പകരം ഒരൊഴിഞ്ഞ സ്ഥലം. ശൂന്യമായ ഒരു ചതുരം. ഇതില്‍ ശില്‍പ്പചാതുരിയില്ല; ഭംഗിയില്ല; കലയില്ല; കൊത്തുപണിയില്ല; നിര്‍മ്മാണഗുണമില്ല; ഇവിടെ ഖബ്‌റുകളില്ല; ശ്രദ്ധയും ഓര്‍മ്മയും അനുഭൂതികളും കേന്ദ്രീകരിക്കാന്‍ പറ്റിയ വസ്തുവോ ആളോ ഇല്ല.
പക്ഷേ പെട്ടെന്നു നിങ്ങളറിയും: ഇവിടെ ദൈവത്തില്‍നിന്ന് ശ്രദ്ധ തെറ്റിച്ചു കളയുന്ന ഒന്നുമേയില്ല. കേവലത്വവും ശാശ്വതത്വവുമായി ബന്ധം സ്ഥാപിക്കാനായി നിങ്ങള്‍ സമീപിച്ചിട്ടുള്ള കഅ്ബ നിങ്ങളുടെ വികാരങ്ങളുടെ മേല്‍പ്പുരയാണ്. ശ്ലഥബദ്ധവും ആപേക്ഷികവുമായ നിങ്ങളുടെ ലോകത്ത് നേടാന്‍ കഴിയാത്ത എന്തോ ഒന്നിവിടെയുണ്ട്. മുമ്പ് നിങ്ങള്‍ ദാര്‍ശികനായിരിക്കാം. പക്ഷേ, ഇപ്പോള്‍ മാത്രം നിങ്ങള്‍ക്ക് ‘കേവലത്വം’ ദര്‍ശിക്കാന്‍ കഴിയുന്നു. ദിശകളില്ലാത്ത ആ ശക്തി അല്ലാഹു. അവന്‍ എല്ലായിടത്തുമുണ്ട്.
കഅ്ബ ശൂന്യമാണ് എന്നത് എത്ര നന്നായിരിക്കുന്നു. ഹജ്ജ് ചെയ്യാന്‍ മാത്രമാണ് നിങ്ങള്‍ വന്നതെന്ന് ആ ശൂന്യത ഓര്‍മ്മിപ്പിക്കുന്നു. കഅ്ബ എന്നതല്ല നിങ്ങളുടെ ലക്ഷ്യം. അത് നിങ്ങളുടെ ദിശ നിര്‍ണ്ണയിക്കുകയേ ചെയ്യുന്നുള്ളൂ. ‘കഅ്ബ ഒരു മൂലശിലമാത്രമാണ്. ഒരു വഴികാട്ടി.’
അനശ്വരതയിലേക്ക് സഞ്ചരിക്കാനാണ് നിങ്ങള്‍ ഹജ്ജുചെയ്യാന്‍ തീരുമാനിച്ചത്. അത് അല്ലാഹുവിലേക്കുള്ള ചലനമാണ്; കഅ്ബയിലേക്കുള്ളതല്ല. കഅ്ബ ഒരു തുടക്കം മാത്രമാണ്, അന്ത്യമല്ല. അല്ലാഹുവും ഇബ്‌റാഹീമും മുഹമ്മദും ജനങ്ങളും സന്ധിക്കുന്ന ഒരിടമാണത്. സ്വന്തത്തെക്കുറിച്ച ചിന്തകളില്ലാത്ത മനസ്സുണ്ടെങ്കിലേ നിങ്ങള്‍ക്കവിടെ സന്നിഹിതനാവാന്‍ പറ്റൂ. ജനങ്ങളില്‍ ഒരാളായിത്തീരണം നിങ്ങള്‍. എല്ലാവരും ഇവിടെ ലളിത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിന്റെ കുടുംബമാണ്. സ്വന്തം കുടുംബത്തിനോട് അവന്ന് പ്രത്യേക താല്പര്യമാണ്. അതിനാല്‍, തന്റെ ഭവനത്തെ അവന്‍ ജനങ്ങളുടെ ഭവനമെന്ന് വിളിക്കുന്നു. ‘ നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നത് തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശനകേന്ദ്രവുമായിട്ടത്രെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.’ (3: 96)
സ്വന്തത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് നിങ്ങള്‍ ഈ വിശുദ്ധഗേഹത്തില്‍ പ്രവേശിച്ചുകൂടാ. മക്കയെ ബൈത്തുല്‍ അതീഖ് (സ്വാതന്ത്ര്യത്തിന്റെ ഭവനം) എന്ന് വിളിക്കാറുണ്ട്. അത്വീഖ് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. മക്ക ആര്‍ക്കുമവകാശപ്പെട്ടതല്ല. അധികാരികളുടെയും മര്‍ദ്ദകരുടെയും ഭരണത്തില്‍നിന്ന് പുറത്താണത്. ആരും അതിനെ നിയന്ത്രിക്കുന്നില്ല. അല്ലാഹുവാണ് കഅ്ബയുടെ ഉടമ. ജനങ്ങള്‍ ഇതിലെ നിവാസികളും.
സാധാരണഗതിയില്‍ ദീര്‍ഘയാത്ര പുറപ്പെടുന്ന ഒരു മുസ്്‌ലിമിന് തന്റെ നമസ്‌കാരം ഹ്രസ്വ(ഖസ് ര്‍) മാക്കാന്‍ അനുവാദമുണ്ട്. പക്ഷേ, മക്കയിലെത്തുമ്പോള്‍ നിങ്ങള്‍ക്കത് പാടില്ല; നിങ്ങള്‍ എവിടെനിന്ന് വന്നാലും എത്ര നാഴിക സഞ്ചരിച്ചാലും. കാരണം, ഇത് നിങ്ങളുടെ ഭൂമിയാണ്. നിങ്ങളുടെ സമുദായമാണിവിടെ. നിങ്ങളിവിടെ സുരക്ഷിതനാണ്. നിങ്ങളിവിടെ അതിഥിയല്ല. സ്വന്തം വീട്ടിലെത്തിയിരിക്കുന്നു നിങ്ങള്‍. മക്കയിലേക്ക് വരുന്നതിനുമുമ്പ് നിങ്ങള്‍ അപരിചിതനായിരുന്നു. സ്വന്തം നാട്ടില്‍ പോലും അന്യന്‍. ഇപ്പോഴിതാ അല്ലാഹുവിന്റെ കുടുംബത്തിലംഗമാവാന്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബം- മനുഷ്യസമുദായം- ഈ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. ‘ അഹമ്മന്യത’ യുണ്ടെങ്കില്‍, നിങ്ങള്‍ക്കിവിടെ വീടുവിട്ട, അഭയം കിട്ടിയിട്ടില്ലാത്ത, ബന്ധുക്കളില്ലാത്ത ഒരാളെന്ന പ്രതീതിയുണ്ടാവും. അതിനാല്‍, സ്വന്തത്തെ ഉയര്‍ത്തിക്കാണിക്കുന്ന ചിന്തകള്‍ ഉപേക്ഷിക്കൂ. സ്വന്തം വീട്ടിലും കുടുംബത്തിലും കടന്നു ചെല്ലാന്‍ തയ്യാറാവൂ. അല്ലാഹുവിന്റെ ഭവനത്തില്‍ നിങ്ങളൊരു അടുത്ത ബന്ധുവായി സ്വീകരിക്കപ്പെടും.
നിങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയായ പ്രവാചകന്‍ ഇബ്‌റാഹീമിനെ മനസ്സില്‍ കാണാം. എല്ലാ വിഗ്രഹങ്ങളും ഉപേക്ഷിച്ച അദ്ദേഹം അല്ലാഹുവിനെമാത്രം സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്തു. സ്വന്തം കരങ്ങള്‍ കൊണ്ട് കഅ്ബ പണിതു.
വളരെ ലളിതമായ ഒരു കെട്ടിടം. അജ്ജുനില്‍ നിന്നുള്ള കല്ലുകള്‍ മേല്‍ക്കുമേല്‍ വെച്ചിരിക്കുന്നു. അലങ്കാരമോ നിര്‍മ്മാണ ഭംഗിയോ ഇല്ല. കഅ്ബ എന്നതിന്റെ അര്‍ത്ഥം ഘനചതുരം എന്നത്രെ. എന്തുകൊണ്ട് ഘനചതുരം? അതിനെന്താണ് വര്‍ണ്ണപ്പകിട്ടും അലങ്കാരങ്ങളുമില്ലാത്തത്? കാരണം അല്ലാഹുവിന്നു സമമായ രൂപമോ വര്‍ണ്ണമോ ഇല്ല. മനുഷ്യന്ന് മനസ്സില്‍ കാണാന്‍ കഴിയുന്ന ഒരു രൂപത്തിനും ചിത്രത്തിനും അല്ലാഹുവുമായി സാദൃശ്യമില്ല. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ അല്ലാഹു ‘കേവല’മാണ്.
ഘനചതുരരൂപം കാരണം കഅ്ബക്ക് ദിശയില്ലെങ്കിലും നാം കഅ്ബയുടെ നേരെതിരിഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ അല്ലാഹുവിനെയാണ് ദിക്കാക്കുന്നത്. കഅ്ബയുടെ ദിശയില്ലായ്മ എന്ന ആശയം ദുര്‍ഗ്രാഹ്യമായിത്തോന്നാം. പ്രാപഞ്ചികത്വവും കേവലത്വവും സൂചിപ്പിക്കുന്നതിന്ന് ഏറ്റവും പറ്റിയതാണ് ഘനചതുരം. ഘനചതുരത്തിന്ന് ആറുവശങ്ങളുണ്ട്. അത് എല്ലാ ദിശകളെയും പ്രതിനിധീകരിക്കുന്നു. എന്നാല്‍ എല്ലാ ദിശകളും ചേരുമ്പോഴോ അതിന്ന് ദിശ നഷ്‌പ്പെടുകയും ചെയ്യുന്നു. ഈ സങ്കല്പത്തിന്റെ ആദിപ്രതീകമാണ് കഅ്ബ. ‘കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്നുള്ളതാണ്. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്‍ന്റെ മുഖമുണ്ട്.’ (ഖുര്‍ആന്‍: അല്‍ബഖറ: 115). കഅ്ബക്ക് പുറത്തു വെച്ച് നമസ്‌കരിക്കുമ്പോള്‍ നിങ്ങളതിനെ അഭിമുഖീകരിക്കുന്നു. കഅ്ബയല്ലാത്ത മറ്റേതൊരു കെട്ടിടവും കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തെക്കോട്ടോ വടക്കോട്ടോ മേലോട്ടോ താഴോട്ടോ തിരിഞ്ഞുനില്ക്കുന്നു. കഅ്ബയാവട്ടെ എല്ലാ ദിശയിലേക്കും തിരിഞ്ഞുനില്‍ക്കുന്നു. ഒരിടത്തേക്കും തിരിഞ്ഞുനില്ക്കുന്നുമില്ല. അതിനാലത് അല്ലാഹുവിന്റെ സത്തയുടെ പ്രതീകമാണ്.
കഅ്ബക്ക് പടിഞ്ഞാറായി അതിനെ അഭിമുഖീകരിക്കുന്ന ചെറിയ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു ചുമരുണ്ട്- ഹിജ്ര്‍ ഇസ്്മാഈല്‍. ഇസ്്മാഈലിന്റെ ഹിജ്ര്‍ എന്നാണതിന്റെ അര്‍ത്ഥം. ഹിജ്ര്‍ എന്നതിന് മടിത്തട്ട്, മാറിടം എന്നൊക്കെയര്‍ത്ഥമുണ്ട്.
ഇബ്‌റാഹീമിന്റെ ഭാര്യ സാറക്ക് കറുത്ത ഒരു വേലക്കാരിയുണ്ടായിരുന്നു. വളരെ ദരിദ്രയായിരുന്നു അവര്‍; ഒരു കുഞ്ഞുണ്ടാവാന്‍ ഇബ്‌റാഹീമിന്റെ കിടപ്പറ സഖിയാവുന്നതിന്ന് സാറക്ക് എതിര്‍പ്പില്ലാത്ത വണ്ണം വിനീതയും. ഇബ്‌റാഹീമിന്റെ രണ്ടാം ഭാര്യയാവാന്‍ മാത്രം വംശമഹിമയില്ലാതിരുന്ന അവരുടെ വസ്ത്രം അല്ലാഹു തന്റെ പ്രതീകമായ കഅ്ബയുമായി ബന്ധിപ്പിക്കുന്നു.
അര്‍ദ്ധവൃത്താകൃതിയിലുള്ള ആ ചുമര്‍ നിന്നിടത്താണ് ‘ഇസ്്മായീല്‍ വളര്‍ന്നത്. ഹാജറിന്റെ വീടവിടെയായിരുന്നു.
ഇസ്്മായിലിന്റെ ഹിജ്ര്‍ എന്നു പറയുന്ന ചുമരിന്നും കഅ്ബക്കുമിടയില്‍ ഒരു വലിയ ഇടുങ്ങിയ വഴിയുണ്ട്. കഅ്ബക്കു ചുറ്റുമോടുമ്പോള്‍ ആ മതിലിനെ ചുറ്റണമെന്ന് അല്ലാഹു അനുശാസിക്കുന്നു. ആ ഇടുങ്ങിയ വഴിയിലൂടെ പോയാല്‍ നിങ്ങളുടെ ഹജ്ജ് സ്വീകാര്യമാകുകയില്ല. ഏക ദൈവത്വത്തില്‍ വിശ്വസിക്കുന്നവരും ഹജ്ജില്‍ പങ്കെടുക്കാനുള്ള അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചവരും ത്വവാഫ് വേളയില്‍ ആ ചുമര്‍ സ്പര്‍ശിക്കണം. കറുത്ത ആഫ്രിക്കന്‍ സ്ത്രീയുടെ, നല്ലവളായ ആ മാതാവിന്റെ വീട് കഅ്ബയുടെ ഭാഗമാണ്. അതെന്നും മനുഷ്യര്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കും.
പരമാധികാരിയും പരമശക്തനുമായ അല്ലാഹുവിന്ന് ഒരു തുണ വേണ്ട. അവന്നാരുടെയും സാഹയവുമാവശ്യമില്ല. എങ്കിലും തന്റെ അസംഖ്യം സൃഷ്ടികളില്‍ നിന്നൊന്നിനെ അവന്‍ തിരഞ്ഞെടുത്തു. സൃഷ്ടികളില്‍ വെച്ചേറ്റവും ഉല്‍കൃഷ്ടനായ മനുഷ്യനെ; മനുഷ്യരില്‍ വെച്ച് ഒരു സ്ത്രീയെ; സ്ത്രീകളില്‍ വച്ച് ഒരടിമയെ; അടിമകളില്‍ വെച്ച് ഒരു കറുത്ത ദാസിയെ. മനുഷ്യരില്‍ ഏറ്റവും ദുര്‍ബലയും നിന്ദിതയുമായ ഒരുവള്‍ക്ക് അവന്‍ തന്റെയടുത്ത് സ്ഥാനവും തന്റെ വീട്ടില്‍സ്ഥാനവും നല്‍കിയിരിക്കുന്നു. അവന്‍ അവളുടെ വീട്ടിലേക്ക് വന്നു. അവളുടെ അയല്‍ക്കാരനും പങ്കുകാരനുമായി. അതിനാലിപ്പോള്‍ കഅ്ബയില്‍ രണ്ടുപേരുണ്ട്. അല്ലാഹുവും ഹാജറും ഒരു മേല്‍തട്ടിന്ന് താഴെ.
ഇസ്്‌ലാമിക സമൂഹത്തില്‍ അങ്ങനെയാണ് ‘ അജ്ഞാതഭടന്‍മാര്‍’ ദൈവസവിധത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഹജ്ജിന്റെ ചടങ്ങുകള്‍ ഹാജറിനെ അനുസ്മരിപ്പിക്കുന്നു. ഹിജ്‌റ (പലായനം) എന്ന പദം ഹാജറില്‍നിന്നാണ് വരുന്നത്. മുഹാജിറും അങ്ങനെത്തന്നെ. പ്രവാചകര്‍ പറയുന്നു; മാതൃകാ മുഹാജിര്‍ ഹാജറിനെപ്പോലെ പെരുമാറുന്നവനാണ്. ഹാജര്‍ ഹിജ്‌റ ചെയ്തു. കാടത്തത്തില്‍ നിന്ന് നാഗരികതയിലേക്ക്, സത്യനിഷേധത്തില്‍നിന്നു ഇസ്്‌ലാമിലേക്കുള്ള പരിവര്‍ത്തനമായിരുന്നു അത്.
ഹാജറിന്റെ മാതൃഭാഷയില്‍ ആ പേരിന്നര്‍ത്ഥം നഗരമെന്നാണ്. ഈ കറുത്ത എത്യോപ്യന്‍ അടിമയുടെ പേരുപോലും ഒരു നാഗരികതയെയാണ് സൂചിപ്പിക്കുന്നത്. മാത്രമോ, അവര്‍ നടത്തിയതുപോലുള്ള ഏത് പലായനവും നാഗരികതയിലേക്കുള്ള നീക്കമാണ്. എല്ലാ ഭൗതികതാല്‍പര്യങ്ങളുമുപേക്ഷിച്ചു ഹജ്ജുചെയ്യാനുള്ള അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഹേ തീര്‍ത്ഥാടകാ! നിങ്ങള്‍ ഹാജറിന്റെവീടും അല്ലാഹുവിന്റെ കഅ്ബയും ഒരേയവസരം പരിക്രമണം ചെയ്യുകയാണ്.
(ശരീഅത്തിയുടെ ‘ഹജ്ജി’ ല്‍ നിന്ന്)
Add Comment