പരിശുദ്ധ കഅ്ബാലയത്തെ വലയംചെയ്തു നില്ക്കുന്ന വിശാലമായ നമസ്‌കാരസ്ഥല(മുസ്വല്ല)മാണ് മസ്ജിദുല്‍ ഹറാം. മധ്യത്തില്‍ കഅ്ബാമന്ദിരം. അതിനുചുറ്റും വിശാലമായ തളം. അതിനുചുറ്റും നാലുകെട്ടുപോലെ ഉയര്‍ന്നുനില്ക്കുന്ന ഗംഭീരമായ പള്ളി. ഇതാണ് മസ്ജിദുല്‍ ഹറാം. വിശുദ്ധ ഖുര്‍ആനില്‍ മസ്ജിദുല്‍ ഹറാമിനെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണമായി ‘ തന്റെ ദാസനെ തന്റെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആ വിദൂര മസ്ജിദി(മസ്ജിദുല്‍ അഖ്‌സ്വ)ലേക്ക്- അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ കൊണ്ടുപോയവന്‍ പരിശുദ്ധനത്രെ! സത്യത്തില്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അവന്‍ മാത്രമാകുന്നു.’ (അല്‍ ഇസ്‌റാഅ്)
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: താങ്കള്‍ ഏതു വഴിക്കു സഞ്ചരിച്ചാലും(അവിടെ നിന്ന് നമസ്‌കാര സമയത്ത്) മസ്ജിദുല്‍ ഹറാമിനെ അഭിമുഖീകരിക്കുക. എന്തു കൊണ്ടെന്നാല്‍, അത് താങ്കളുടെ രക്ഷിതാവിന്റെ തികച്ചും ന്യായമായ തീരുമാനമാകുന്നു.(്അല്‍ ബഖറ). ഇന്ന് കഅ്ബയുടെ ചുറ്റും കാണുന്ന മനോഹരമായ മന്ദിരം ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.
പ്രവാചകന്റെ കാലത്ത്
ഹിജ്‌റ പത്താം വര്‍ഷം പ്രവാചകന്‍(സ) വിടവാങ്ങല്‍ ഹജ്ജ് ചെയ്തു. കൂടെ ഒരു ലക്ഷത്തി പതിനാലായിരം അനുയായികളും ഉണ്ടായിരുന്നു. കഅ്ബാലയത്തിനു ചുറ്റുമുള്ള മസ്ജിദില്‍ ഇടുക്കം അനുഭവപ്പെട്ടു. താമസിയാതെ പ്രവാചകന്‍ (സ) ഇഹലോകവാസം വെടിഞ്ഞു. ഒന്നാം ഖലീഫ അബൂബക്കര്‍(റ)ന് ഇസ്‌ലാമില്‍ നിന്ന് ബന്ധവിഛേദം (രിദ്ദത്ത്) നടത്തിയവരെ നേരിടേണ്ടി വന്നു.
ഉമര്‍(റ)ന്റെ കാലത്ത്
രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണ കാലത്ത് വലിയൊരു ജലപ്രളയം സംഭവിക്കുകയുണ്ടായി. തല്‍ഫലമായി മഖാമു ഇബ്‌റാഹീമിന് സ്ഥാനചലനമുണ്ടായി. ഉടനെ ഉമര്‍(റ) സഹാബിമാരോടന്വേഷിച്ച ശേഷം പൂര്‍വ്വ സ്ഥാനത്ത് മഖാമുഇബ്‌റാഹീം കൊണ്ടുവന്നുവെച്ചു. നമസ്‌കാര സ്ഥലത്തിന് വീണ്ടും സൗകര്യക്കുറവ് അനുഭവപ്പെട്ടുതുടങ്ങി. ഉമര്‍(റ) കഅ്ബാലയത്തിന് ചുറ്റുമുണ്ടായിരുന്ന ഏതാനും വീടുകള്‍ വിലയ്ക്ക് വാങ്ങി. അവ പൊളിച്ചു നീക്കി മസ്ജിദുല്‍ ഹറാമില്‍ ചേര്‍ത്തു. (ഖുസയ്യ്ഇബ്‌നു കിലാബിന്റെ കാലം മുതല്‍ ആണ് അറബികള്‍ കഅ്ബാലയത്തിന് ചുറ്റും വീടുകള്‍ വെച്ച് താമസിക്കുവാന്‍ തുടങ്ങിയത്. അതിനു മുമ്പ് അത്തരം രീതി ഇല്ലായിരുന്നു. കഅ്ബയെ ബഹുമാനിച്ചുകൊണ്ട് അതിനോട് ചേര്‍ന്ന് അറബികള്‍ വീടുകള്‍ നിര്‍മിച്ച് താമസിക്കില്ലായിരുന്നു). ഒന്നര മീറ്ററില്‍ താഴെ ഉയരത്തില്‍ കഅ്ബക്ക് ചുറ്റുമതില്‍ സ്ഥാപിച്ചു. വാതില്‍ നിര്‍മിച്ചു. വിളക്കുമാടങ്ങള്‍ നാട്ടി. ഇത് ഹിജ്‌റ 17-ാം വര്‍ഷത്തിലായിരുന്നു. ആദ്യമായി കഅ്ബാലയത്തിനു ചുറ്റുമതില്‍ സ്ഥാപിച്ചത് ഉമര്‍(റ) ആണ്. വെള്ളപ്പൊക്കമുണ്ടായി, ഭാവിയില്‍ പള്ളിക്ക് കേടുപാട് സംഭവിക്കാതിരിക്കാന്‍ ഒരണക്കെട്ടും അദ്ദേഹം സ്ഥാപിച്ചു.
ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത്
ഹാജിമാരുടെ ആധിക്യമുണ്ടായപ്പോള്‍ ഉസ്മാന്റെ കാലത്തും പരിശുദ്ധഗേഹവും പരിസരവും വികസിപ്പിച്ചു. ഹി.27-ാം വര്‍ഷം സമീപത്തുള്ള വീടുകളൊക്കെ വിലക്കു വാങ്ങി അവയെല്ലാം പൊളിച്ചുനീക്കി, പള്ളി ആ ഭാഗത്തേക്കു കൂടി വലുതാക്കി. കഅ്ബയുടെ പരിസരത്ത് മേല്‍പുരയുള്ള ഒരു പോര്‍ട്ടിക്കോ ആദ്യമായി പണിതതും ഉസ്മാന്റെ ഭരണകാലത്താണ്.
ഇബ്‌നു സുബൈര്‍, വലീദുബ്‌നു അബ്ദില്‍ മലിക്ക്, മന്‍സൂര്‍ എന്നിവരുടെ കാലത്ത്
പരിശുദ്ധ പള്ളി ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ മൂന്നാമത്തെ വികസനം നടന്നത് അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ ഭരണകാലത്താണ്. ഹി.64 ല്‍ അദ്ദേഹം കഅ്ബ പുതുക്കിപ്പണിതു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം, സമീപത്തുള്ള വീടുകളൊക്കെ പൊളിച്ചുമാറ്റി മസ്ജിദുല്‍ ഹറാമും വികസിപ്പിച്ചു.
ഹി. 91 ല്‍ അമവി ഖലീഫ വലീദുബ്‌നു അബ്ദുല്‍മലിക്ക് നടത്തിയതാണ് മസ്ജിദുല്‍ ഹറാമിന്റെ നാലാമത്തെ വികസനം.: പള്ളിയുടെ തിണ്ണ വലുതാക്കി കെട്ടിടം പുനരുദ്ധരിച്ച് ചുറ്റുമതില്‍ ഉയര്‍ത്തി. തൂണുകള്‍ക്ക് മുകളില്‍ തേക്ക് കൊണ്ട് നിര്‍മ്മിതമായ മനോഹരമായ മച്ച് നിര്‍മ്മിച്ചത് ഇദ്ദേഹമാണ്. (കേരളത്തില്‍ നിന്നും കൊണ്ടുപോയ തേക്ക് ഹറമില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.) ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ തൂണുകള്‍ ആദ്യമായി സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ കാലത്തുതന്നെ.
നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം ഹിജ്‌റ 139-ല്‍ അബ്ബാസി ഖലീഫ മന്‍സൂറിന്റെ കാലത്തും ഹറം ശരീഫ് വികസിപ്പിച്ചു. മന്‍സൂറിന്റെ കാലത്തും ഹറം ശരീഫ് വികസിപ്പിച്ചു. മന്‍സൂറിന്റെ കല്പന പ്രകാരം അദ്ദേഹത്തിന്റെ മക്കയിലെ ഗവര്‍ണറാണ് കൊത്തുവേലകളുള്ള കൂടുതല്‍ മാര്‍ബിള്‍ സ്തംഭങ്ങള്‍ സ്ഥാപിച്ച് മസ്ജിദുല്‍ ഹറാം വികസിപ്പിച്ചത്.
മഹ്ദി, മുഅ്തദിദ്, മുഖ്തദിര്‍ എന്നിവരുടെ കാലത്ത്
ഹി. 160 ല്‍ അബ്ബാസി ഭരണാധികാരി മഹ്ദി ഹജ്ജ് നിര്‍വഹിക്കാന്‍ പോയപ്പോള്‍ ഹാജിമാരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഅ്ബയുടെ പരിസരത്തിന് കഴിയാത്തത് ശ്രദ്ധയില്‍പെട്ടു. അതുകൊണ്ട് അടുത്തുള്ള വീടുകളൊക്കെ വിലയ്ക്കുവാങ്ങി, അവയൊക്കെ പൊളിച്ച് ആ പ്രദേശങ്ങള്‍ക്കൂടി അദ്ദേഹം ഹറമിനോട് ചേര്‍ത്തു.
ഇപ്രകാരം കഅ്ബയുടെ കിഴക്കും വടക്കും ഭാഗങ്ങള്‍ വിശാലമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഅ്ബയുടെ തെക്കേവശം കഅ്ബയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ട് ആ ഭാഗം അദ്ദേഹം കുറെകൂടി നീട്ടി. അങ്ങനെ കഅ്ബ നാല് ഭാഗത്തിന്റെയും ഒത്ത നടുവിലായിത്തീര്‍ന്നു. വെള്ളപ്പൊക്കം പ്രതിരോധിക്കാനായി തെക്കുഭാഗത്ത് നിര്‍മിച്ചിരുന്ന അണക്കെട്ട് കുറെക്കൂടി അകലേക്ക് അദ്ദേഹം മാറ്റിപ്പണിയാനാരംഭിച്ചു. ഈ ജോലി ഹി. 169 ല്‍ ഹാദിയുടെ ഭരണകാലത്താണ് പൂര്‍ത്തിയായത്.
ഹിജ്‌റ 284ല്‍ ഖലീഫ മുഅ്തദിദ് ‘ബാബുസിയാദ’ എന്നറിയപ്പെടുന്ന പള്ളിയുടെ പരിസരം വികസിപ്പിച്ചു. ഇസ്‌ലാമിക കാലത്തിന് മുമ്പുള്ള ദാറുന്നദ്‌വ കൂടി പള്ളിയോട് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.
ഹി. 306ല്‍ മുഖ്തദിറിന്റെ കാലത്ത് പള്ളിയുടെ തെക്ക് പടിഞ്ഞാറുഭാഗത്ത് വ്യാപ്തികൂട്ടി. ഇദ്ദേഹത്തിന്റെ കൂട്ടിചേര്‍ക്കലാണ് ‘ബാബു ഇബ്‌റാഹീം’ എന്ന പേരിലറിയപ്പെടുന്നത്.
സുഊദി കാലത്തിനു മുമ്പ് പ്രധാനമായും നടന്ന പുനര്‍നിര്‍മ്മാണ ജോലികളാണ് ബാബു വദാഇന്റെയും ബാബു ഇബ്‌റാഹീമിന്റെയും ഇടയ്ക്കായി ഹി.803-ല്‍ ഉണ്ടായ തീപിടുത്തത്തിനുശേഷം നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനം. ഈ തീപിടുത്തം മൂലം തട്ടുകള്‍ കത്തിനശിക്കുകയും മതിലുകള്‍ തകര്‍ന്ന് വീഴുകയും തൂണുകള്‍ നശിക്കുകയും ചെയ്തു. ആ വര്‍ഷം വെളളപ്പൊക്കം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നാശനഷ്ടങ്ങള്‍ ഇതിലും ഭീമമായേനെ.
ഈജിപ്ഷ്യന്‍ സുല്‍ത്താന്‍ ഫരജ് ബര്‍ഖൂഖ് ഈജിപ്തിലെ അമീറുല്‍ ഹാജിനോട് ആവശ്യമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കല്പിച്ചു. ഈ പുനര്‍നിര്‍മ്മാണ ജോലികള്‍ ഹി. 807ല്‍ അവസാനിച്ചു.
സുഊദ് ഭരണകൂടത്തിന് മുമ്പുള്ള ഏറ്റവും അവസാനത്തെ പുനര്‍നിര്‍മ്മാണ പണികള്‍ നടന്നത് ഉസ്്മാനിയ്യ ഖലീഫ സുല്‍ത്താന്‍ സലീമിന്റെ ഭരണകാലത്താണ്. ഹി. 984ല്‍ അദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയുമായ മുറാദിന്റെ ഭരണകാലത്ത് ഈ പുനര്‍നിര്‍മ്മാണ ജോലികള്‍ അവസാനിച്ചു.
ഒന്നാം സുഊദി വികസനം
മസ്ജിദുന്നബവിയും മസ്ജിദുല്‍ ഹറാമും വികസിപ്പിക്കാനുള്ള ഒരു പദ്ധതി സുഊദി ഭരണകൂടസ്ഥാപകനായ അബ്ദുല്‍ അസീസ് ഇബ്‌നു അബ്ദിര്‍റഹ്്മാന്‍ ഹി. 1368ല്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആദ്യം നടന്നത് മദീനയിലെ മസ്ജിദുന്നബവിയുടെ വികസനപ്രവര്‍ത്തനങ്ങളാണ്. മസ്ജിദുന്നബവിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായ ഉടനെത്തന്നെ മസ്ജിദുല്‍ ഹറാമിന്റെ വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ രണ്ട് കമ്മറ്റികളുണ്ടാക്കുകയും സുഊദി കോണ്‍ട്രാക്ടറായ ബിന്‍ ലാദനെ ഈ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഹി. 1375ല്‍ റബീഉല്‍ ആഖിര്‍ 14നാണ്. ആദ്യമായി മസ്അ്(സഅ്‌യ് ചെയ്യുന്ന സ്ഥലം) യിലൂടെ പോകുന്ന റോഡ് തിരിച്ചുവിട്ടു. ഇതോടൊപ്പം അജ് യാദിലും മസ്ആയിലുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി സഅ്‌യ് സൗകര്യപ്രദമാക്കി.
ഒന്നാം സുഊദി വികസന പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് മസ്ആക്കു ചുറ്റുമുള്ള പള്ളി വിശാലമാക്കി രണ്ടു നിലകളില്‍ നിര്‍മ്മിക്കുകയും തറനിരപ്പിനടിയില്‍ ഒരു നില കൂടി ഉണ്ടാക്കുകയും ചെയ്തത്. മസ്ആക്കു മുകളില്‍ പണിത കെട്ടിടം മസ്ജിദുല്‍ ഹറാമുമായി ബന്ധിച്ചുകൊണ്ട് പതിനായിരക്കണക്കിനാളുകള്‍ക്ക് കൂടുതലായി നമസ്‌കാരത്തിന് സൗകര്യമൊരുക്കുകയും ചെയ്തു. (മുന്‍കാലത്ത് മസ്ജിദുല്‍ ഹറാമില്‍ 4 മദ്ഹബുകളുടെ മഖാമുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം സുഊദി ഭരണകൂടം പൊളിച്ചുനീക്കി. ഓരോ മദ്ഹബുകാരായ ഇമാമിന്റെയും കീഴില്‍ വെവ്വേറെ നമസ്‌കരിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇതും സുഊദി ഭരണകൂടം അവസാനിപ്പിച്ചു.)
സമഗ്രമായ ഈ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി മസ്ജിദുല്‍ ഹറാമിന്റെ വിസ്തീര്‍ണ്ണം 309000 ചതുരശ്ര മീറ്ററായി തീര്‍ന്നു. 605000 പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കുവാന്‍ കഴിയുന്നു. മൂന്നു പ്രധാന ഗെയിറ്റുകളുണ്ട് മസ്ജിദുല്‍ ഹറാമിന്. ബാബുല്‍ മലിക്ക് അബ്ദുല്‍ അസീസ്, ബാബുല്‍ ഉംറ, ബാബുല്‍ ഫത്ഹ്. ഇവ ഓരോന്നിന്റെയും മുകളില്‍ ഈ രണ്ട് വലിയ മിനാരങ്ങളുണ്ട്. മിനാരത്തിന് 92 മീറ്റര്‍ ഉയരവും 7ഃ 7 വീതിയുമുണ്ട്. മിനാരത്തിന്റെ മുകളില്‍ 5.6 മീറ്റര്‍ ഉയരത്തില്‍ ചന്ദ്രക്കല പണിതിട്ടുണ്ട്. 7ാമത്തെ മിനാരം സഫാ ഗേറ്റിലാണ്. സഫാ ഗേറ്റില്‍ ഒരു മിനാരമേയുള്ളൂ.
ഏറ്റവും പുതിയ വികസനം
ഇപ്പോഴത്തെ ഭരണാധികാരി ഫഹ്ദ് രാജാവ് മസ്ജിദുല്‍ ഹറം കൂടുതല്‍ വികസിപ്പിക്കുവാനുള്ള പദ്ധതി ശാസ്ത്രീയമായി തയ്യാറാക്കുകയും തദടിസ്ഥാനത്തില്‍ പുതിയ വികസന പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. മസ്ജിദുല്‍ ഹറാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ബാബുല്‍ ഉംറയുടെയും ബാബുല്‍ മലിക്കിന്റെയും ഇടയിലുള്ള സൂഖുസ്സഗീറ പ്രദേശത്ത് 76000 ചതുരശ്രമീറ്ററില്‍ പുതിയൊരു കെട്ടിടം കൂടി നിര്‍മ്മിച്ച് മസ്ജിദ് വിശാലമാക്കി.
പുതുതായി നിര്‍മ്മിച്ച് മസ്ജിദുല്‍ ഹറാമിനോട് ചേര്‍ത്ത ഈ ഭാഗത്ത് 140,000 പേര്‍ക്ക് നമസ്‌കരിക്കാം. (ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും മേല്‍തട്ടിലും) ഈ ഭാഗത്ത് നിര്‍മ്മിച്ച ഒരു പ്രധാന കവാടത്തില്‍ (ബാബുല്‍ മലിക് ഫഹ്ദ്) 89 മീറ്റര്‍ ഉയരത്തില്‍ രണ്ടുമിനാരങ്ങളും പണിതിട്ടുണ്ട്. അങ്ങനെ ആകെ 9 മിനാരങ്ങള്‍ ഇപ്പോള്‍ മസ്ജിദുല്‍ ഹറാമിനുണ്ട്. (നേരത്തെ 7 മിനാരങ്ങള്‍ ഉണ്ടായിരുന്നു.) മസ്ജിദുല്‍ ഹറാമിന്റെ ഏറ്റവും ഒടുവിലത്തെ വികസനം കൂടി കഴിഞ്ഞപ്പോള്‍ വിസ്തീര്‍ണ്ണം 385000 ചതുരശ്ര മീറ്ററായി ഉയര്‍ന്നു. 745000 പേര്‍ക്ക് ഒരേ സമയം മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കാം. പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. ഇപ്പോള്‍ ആകെ ചെറുതും വലുതുമായ 72 വാതിലുകളുണ്ട്. ഫഹ്ദ് രാജാവ് നേതൃത്വം കൊടുക്കുന്ന വിപുലീകരണ പ്രവര്‍ത്തനത്തിനു മുമ്പ് 51 വാതിലുകളാണ് മസ്ജിദുല്‍ ഹറാമിന് ഉണ്ടായിരുന്നത്. സൗകര്യത്തിന്നായി ഹറാമിന്റെ വാതിലുകള്‍ക്ക് ചിലതിന് പേരിട്ടിരിക്കുന്നു. പുതുതായി നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള എല്ലാവാതിലുകള്‍ക്കും നമ്പരുകളും ഇട്ടിട്ടുണ്ട്. ഹജ്ജ് സീസണില്‍ മസ്ജിദുല്‍ ഹറം കവിഞ്ഞൊഴുകും. പള്ളിയുടെ പരിസരത്തുമായി ജനലക്ഷങ്ങള്‍ അണിനിരക്കും. (മസ്ജിദിനുചുറ്റുമുള്ള പ്രദേശങ്ങള്‍ സൗകര്യപെടുത്തിയിട്ടുണ്ട്) ഈ സമയം ഹറാമിലെ ഇമാമിനെ തുടര്‍ന്നു കൊണ്ട് ഏതാണ്ട് ഒന്നരമില്ല്യണ്‍ ആളുകള്‍ ( ഒരു മില്യണ്‍-പത്തുലക്ഷം) നമസ്‌കരിക്കും.
ഹറമിന്റെ രണ്ടാം നിലയിലേക്കും പുതുതായി നമസ്‌കാരയോഗ്യമാക്കിയ മുകള്‍ തട്ടിലേക്കും ജനങ്ങള്‍ക്ക് അനായാസം എത്തിച്ചേരുവാന്‍ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന 56 ഓട്ടോമാറ്റിക് എലവേറ്ററുകളുണ്ട്.
പള്ളിക്കകത്ത് മൂന്നുനിലയിലും വായു സഞ്ചാരത്തിന് പ്രത്യേകം സംവിധാനം ഉണ്ട്. തണുത്ത വായു ഉല്പാദിപ്പിക്കാന്‍ ആവശ്യമായ ശീതീകരണ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പള്ളിയുടെ എല്ലാ ഭാഗത്തും തണുപ്പിച്ച സംസം വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. പുതിയ വികസന പദ്ധതിയുടെ മൊത്തം ചിലവ് 115 കോടി റിയാലാണ്.
മത്വാഫ് (ത്വവാഫ് പ്രദേശം)
കഅ്ബാലയത്തിനുചുറ്റുമുള്ള ത്വവാഫ് ചെയ്യുന്ന സ്ഥലം വര്‍ദ്ധിച്ചുവരുന്ന ഹാജിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസം കിണറിന്റെയും മഖാമു ഇബ്‌റാഹീമിന്റെയും മുകളിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. അതുപോലെ പ്രസംഗപീഠം പൊളിച്ചുമാറ്റി. സംസം കിണര്‍ മത്വാഫിന്റെ അണ്ടര്‍ ഗ്രൗണ്ടിലാക്കി സംസമിലേക്കുള്ള വഴിയും മത്വാഫിനു പുറത്തുകൂടിയാക്കി. തല്‍ഫലമായി മത്വാഫിന്റെ സ്ഥലം 8500 ചതുരശ്രമീറ്ററായി ഉയര്‍ന്നു. നേരെത്തെ നാലായിരം ഹാജിമാര്‍ക്കിവിടെ ത്വവാഫ് ചെയ്യുവാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ മത്വാഫിലൂടെ 28,000 ഹാജിമാര്‍ക്ക് ത്വവാഫ് ചെയ്യാം. മത്വാഫിലും മറ്റുതുറന്ന സ്ഥലങ്ങളിലും മുഴുവന്‍ ചൂടിനെ പ്രതിരോധിക്കുന്ന പ്രത്യേകതരം മാര്‍ബിള്‍ വിരിച്ചിട്ടുണ്ട്.
മസ്ആ
ഭാവിയിലുണ്ടാകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ വര്‍ധനവ് കൂടി കണക്കിലെടുത്ത് സുഊദി ഭരണ കാലത്ത് മസ്ആ മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തോട് ചേര്‍ക്കുകയും ഇരുനിലകെട്ടിടമായി വികസിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ മസ്ആക്ക് 394.5 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. ഒന്നാമത്തെ നിലക്ക് 12 മീറ്ററും രണ്ടാമത്തെതിന് 9 മീറ്ററും ഉയരമുണ്ട്. അങ്ങനെ തിരക്ക് ഒഴിവാക്കി സഅ്‌യ് എളുപ്പകരമാക്കാന്‍ കഴിഞ്ഞു.
സഫായുടെ ഭാഗത്തേക്കു മര്‍വയുടെ ഭാഗത്തേക്കും സഅ്‌യ് നടത്തുന്നതിന് ഇരുഭാഗത്തുമായി പ്രത്യേകം പ്രത്യേകം സ്ഥലം നിര്‍ണ്ണയിച്ചു. അവ രണ്ടിനുമിടയില്‍ ഒരതിര് നിശ്ചയിച്ചു. ഈ രണ്ട് ഭാഗങ്ങള്‍ക്കുമിടയില്‍ വികലാംഗര്‍ക്കും മറ്റും സഅ്‌യ് നടത്താനായി ഇരുഭാഗത്തേക്കും പോകാവുന്ന വിധത്തില്‍ വീതി കുറഞ്ഞ ഒരു സഞ്ചാരപഥം നിര്‍ണ്ണയിച്ചു.
സഫയിലും മര്‍വയിലും കയറാനായി ചവിട്ടുപടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കിഴക്കുഭാഗത്തായി മസ്ആക്ക് 16 കവാടങ്ങളുണ്ട്. രണ്ടാമത്തെ നിലയില്‍ സഫായിലും മര്‍വയിലുമുള്ള ഓരോ വാതിലുകള്‍ വഴി ഹറമിലേക്ക് പ്രവേശിക്കാം. പള്ളിക്കകത്തുനിന്ന് ‘സഫാ കവാടം’ , ‘ അസ്സലാം’ കവാടം എന്നിവ വഴി മസ്ആയിലെ രണ്ടാമത്തെ നിലയിലേക്കും കടക്കാം. താഴെത്തെനിലക്ക് അടിയിലായി മൂന്നര മീറ്റര്‍ ഉയരത്തില്‍ ഒരു അടിത്തട്ടുകൂടി പണിതിട്ടുണ്ട്.
ഹറമിലെ ഇമാമുമാര്‍
മസ്ജിദുല്‍ ഹറാമിലെ ഇപ്പോഴത്തെ ഇമാമുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1. മുഹമ്മദ് അബ്ദുല്ലാബിന്‍ സുബയ്യില്‍ (മുഖ്യ ഇമാം: മദീനാ പള്ളിയുടെ ചാര്‍ജ്ജുകൂടിയുണ്ട്)
2. അബ്ദുറഹ്്മാന്‍ അബ്ദുല്‍ അസീസ് സുദൈസി
3. സാലിഹ് അബ്ദുല്ലാബിന്‍ ഹുമൈദ്
4. ഉമര്‍ മുഹമ്മദ് അബ്ദുല്ലബിന്‍ സുബയ്യില്‍
5. സുഊദ് ശുറൈം
തയ്യാറാക്കിയത്: കെ.എ.ഹുസൈന്‍, അബൂ മുഹ്‌സിന്‍ (അവലംബം: യുവസരണി ഹജ്ജ് സപ്ലിമെന്റ്)
Add Comment