Articles

കൊതിയോടെ കഅ്ബയുടെ മുറ്റത്ത്

അല്ലാഹു പറയുന്നു:’ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം ഓര്‍ക്കുക. യാതൊരു വസ്തുവെയും നീയെന്നോട് പങ്ക് ചേര്‍ക്കരുത് എന്നും, ത്വവാഫ് ചെയ്യുന്നവര്‍ക്ക് വേണ്ടിയും, കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധിയാക്കണമെന്നും നാം നിര്‍ദേശിച്ചു. ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെക്കുറിച്ച് വിളംബരം നടത്തുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും

വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും’. (ഹജ്ജ് 26-27). ഇവിടെ അല്ലാഹു പരാമര്‍ശിക്കുന്ന ഭവനം കഅ്ബയാണെന്ന് ഇബ്‌നു അബ്ബാസ്(റ) വിശദീകരിക്കുന്നു.
ബൈതുല്‍ മഅ്മൂറിന്(ആകാശലോകത്തെ മാലാഖമാരുടെ ത്വവാഫ്‌ചെയ്യുന്ന ഇടം) നേരെ താഴെയാണ് കഅ്ബ സ്ഥിതിചെയ്യുന്നതത്രേ.
അബ്ദുല്ലാഹ് ബിന്‍ അംറ്(റ) പറയുന്നു:’ നബിതിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടു. ‘റുക്‌നും(കഅ്ബയുടെ വലത് മൂല), മഖാമും(മഖാം ഇബ്‌റാഹീം) സ്വര്‍ഗത്തില്‍ നിന്നുള്ള രണ്ട് പവിഴങ്ങളാണ്. അല്ലാഹു അവയുടെ പ്രകാശം മായ്ചുകളഞ്ഞു. അപ്രകാരം ചെയ്തില്ലായിരുന്നുവെങ്കില്‍ കിഴക്കും പടിഞ്ഞാറും പ്രകാശിതമാക്കാന്‍ അവ മതിയായിരുന്നേനെ’.
അല്ലാഹുവിന്റെ പരിശുദ്ധമായ ഭവനം ഒട്ടേറെ പ്രവാചകന്‍മാര്‍ ഹജ്ജ് ചെയ്ത ഇടമാണ് . ആദം, നൂഹ്, ഇബ്‌റാഹീം(അ) തുടങ്ങിയവര്‍ അവരില്‍പെടുന്നു. നാമാവശേഷമായ പല സമൂഹങ്ങളുടെയും സന്ദര്‍ശനസ്ഥലമാണ് അത്. അബൂഹുറൈറ(റ) പറയുന്നു. ‘ആദം(അ) ഹജ്ജ് നിര്‍വഹിക്കുകയും അതിന്റെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘ആദം, ഞാന്‍ താങ്കള്‍ക്ക് പൊറുത്ത് തന്നിരിക്കുന്നു. എന്നാല്‍ താങ്കളുടെ സന്താനങ്ങളില്‍ നിന്ന് പാപങ്ങള്‍ അംഗീകരിച്ച് ഈ ഭവനത്തില്‍ എത്തുന്നവര്‍ക്ക് ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു. ആദം ഹജ്ജ് നിര്‍വഹിക്കുകയും, മാലാഖമാര്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. അവര്‍ ആദമിനോട് പറഞ്ഞു:’താങ്കളുടെ ഹജ്ജ് പുണ്യകരമായിരിക്കുന്നു. താങ്കള്‍ക്ക് മുമ്പ് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭവനത്തില്‍ ഞങ്ങള്‍ ഹജ്ജ് നിര്‍വഹിച്ചിരിക്കുന്നു’.
ഉര്‍വത് ബിന്‍ സുബൈര്‍(റ) പറയുന്നു.’നൂഹ്(അ) പ്രളയത്തിന് മുമ്പ് അവിടം സന്ദര്‍ശിക്കുകയും അതിനെ മഹത്ത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അപ്പോഴത് ചുവന്ന ഒരു കുന്നായിരുന്നു. പിന്നീട് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെല്ലാം അവിടെ ഹജ്ജുനിര്‍വഹിക്കുകയുണ്ടായി.’
അസ്ഫാന്‍ താഴ്‌വരയിലൂടെ നടന്നുകൊണ്ടിരിക്കെ തിരുമേനി(സ) പറഞ്ഞു:’ഹൂദ്, സ്വാലിഹ് തുടങ്ങിയ പ്രവാചകന്മാര്‍ ഉണങ്ങിയ പുല്ലുകൊണ്ട് മൂക്കുകയര്‍ കെട്ടിയ,  പ്രായം കുറഞ്ഞ ചുവന്ന ഒട്ടകപ്പുറത്ത്, കരിമ്പടം പുതച്ച് ഇതിലൂടെ നടന്നിട്ടുണ്ട്. തല്‍ബിയത്ത് ചൊല്ലി, പരിശുദ്ധ ഭവനത്തില്‍ ഹജ്ജ് നിര്‍വഹിച്ചാണ് അവര്‍ തിരിച്ചുപോയത്’.
ഹജ്ജ് നിര്‍ബന്ധമാക്കിയതിന് ശേഷം പ്രവാചകന്‍ മുഹമ്മദ്(സ) അവിടം സന്ദര്‍ശിക്കുകയും അതിനുശേഷം അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്തു.
മദീനയില്‍ നിന്ന് കാല്‍നടയായി യാത്രചെയ്ത് ഇരുപത്തഞ്ച് ഹജ്ജ് നിര്‍വഹിച്ച പാരമ്പര്യമാണ് ഹസന്‍ ബിന്‍ അലി(റ)നുള്ളത്. അദ്ദേഹം കൂടെ മുന്തിയ ഇനം മൃഗങ്ങളെയും കൂട്ടിയിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) അറുപതോളം ഹജ്ജും ആയിരത്തോളം ഉംറയും നിര്‍വഹിച്ചിട്ടുണ്ട്. ഇമാം അഹ്മദ് അഞ്ചുപ്രാവശ്യം ഹജ്ജുനിര്‍വഹിക്കുകയുണ്ടായി. അതില്‍ മൂന്നുതവണ നടന്ന് മക്കയിലെത്തിയാണ് നിര്‍വഹിച്ചത്.
അല്ലാഹുവിന്റെ ഭവനത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ എങ്ങനെ വിശ്വാസിയുടെ മനസ്സ് കൊതിക്കാതിരിക്കും! ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണത്. അല്ലാഹു തന്റെ കൂട്ടുകാരനായി തെരഞ്ഞെടുത്ത ഇബ്‌റാഹീമിനെയാണ് ജനങ്ങളെ ഹജ്ജിലേക്ക് ക്ഷണിക്കാനുള്ള ചുമതല ഏല്‍പിച്ചത്. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:’ജനങ്ങളോട് ഹജ്ജിനെക്കുറിച്ച് താങ്കള്‍ വിളംബരം നടത്തുക. അദ്ദേഹം ചോദിച്ചു:’എങ്ങനെയാണ് ഞാനത് അറിയിക്കുക? എന്റെ ശബ്ദം എല്ലായിടത്തും എത്തുകയില്ലല്ലോ? അല്ലാഹു പറഞ്ഞു ‘താങ്കള്‍  വിളിച്ചുപറയുക, എത്തിക്കുന്ന ചുമതല എനിക്കാണ്’. മഖാമില്‍ കയറി നിന്ന് ചെവിയില്‍ വിരലുകള്‍ വെച്ച് നാനാഭാഗത്തേക്കും മുഖം തിരിച്ച് അദ്ദേഹം വിളംബരം നടത്തി. ‘ജനങ്ങളേ, ദൈവിക ഭവനത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കല്‍ നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയാലും.’ അല്ലാഹു അദ്ദേഹത്തിന്റെ വിളംബരം എല്ലാവരിലേക്കും എത്തിച്ചു. അദ്ദേഹത്തിന്റെ വിളി അന്ത്യനാള്‍ വരെയുള്ള എല്ലാ വിശ്വാസികളുടെയും കര്‍ണപുടങ്ങളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. ഹജ്ജ് നിര്‍വഹിച്ച ഓരോരുത്തരും ഇബ്‌റാഹീമിന്റെ വിളിക്ക് ഉത്തരം നല്‍കുകയാണ് ചെയ്യുന്നത്. രണ്ട് തവണ ഹജ്ജ് നിര്‍വഹിച്ചവന്‍ രണ്ടുതവണ ഉത്തരം നല്‍കിയിരിക്കുന്നു.
ഹജ്ജ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന ആയത്ത് അവതരിച്ചപ്പോള്‍ അഖ്‌റഅ് ബിന്‍ ഹാബിസ്(റ) ചോദിച്ചു. പ്രവാചകരേ, എല്ലാ വര്‍ഷം ഹജ്ജ് നിര്‍ബന്ധമാണോ, അതോ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമോ? ഇതുകേട്ട തിരുമേനി(സ) മൗനം പാലിച്ചു. അദ്ദേഹം വീണ്ടും ചോദിച്ചു ‘എല്ലാ വര്‍ഷവും? തിരുമേനി(സ) പറഞ്ഞു ‘അല്ല’. ഞാന്‍ അതേ എന്ന് പറഞ്ഞാല്‍ എല്ലാ വര്‍ഷവും അത് നിര്‍ബന്ധമാകുമായിരുന്നു.’
അബൂഹുറൈറ(റ) പറയുന്നു:’ഭാര്യസംസര്‍ഗത്തിലോ, അധര്‍മത്തിലോ ഏര്‍പെടാതെ ഹജ്ജ് നിര്‍വഹിച്ചവന്‍  മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെയാണ് മടങ്ങി  വരുന്നത്’. പുണ്യകരമായ  ഹജ്ജിന് സ്വര്‍ഗമാണ് പ്രതിഫലമെന്ന് അബൂഹുറൈറ(റ) തന്നെ  റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കുള്ള ജിഹാദ് ഹജ്ജാണെന്ന് ആഇശ(റ)യോട് പ്രവാചകന്‍(സ) നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നു. പ്രവാചകന്‍(സ)യില്‍ നിന്ന് അബ്ദുല്ലാഹ്  ബിന്‍ മസ്ഊദ്(റ) ഉദ്ധരിക്കുന്നു:’നിങ്ങള്‍ ഹജ്ജിനും ഉംറക്കുമിടയില്‍ തുടര്‍ച്ച നല്‍കുക. കൊല്ലന്റെ ഉല ഇരുമ്പിന്റെയും സ്വര്‍ണത്തിന്റെയും അഴുക്കുകളയുന്നത് പോലെ അവ ദാരിദ്ര്യത്തെയും പാപങ്ങളെയും ശുദ്ധീകരിക്കുന്നു. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം’.
അബൂമൂസല്‍ അശ്അരി(റ) പറയുന്നു. തന്റെ ബന്ധുക്കളില്‍ നിന്ന് നാല്‍പത്  കുടുംബങ്ങള്‍ ഹജ്ജ് നിര്‍വഹിക്കുന്നയാള്‍ക്ക് ശഫാഅത്ത് നടത്തുന്നതാണ്്. അദ്ദേഹത്തിന്റെ യാത്രാവാഹനങ്ങളില്‍ നിന്ന് നാല്‍പത്  ഒട്ടകങ്ങള്‍ അദ്ദേഹത്തിന് അനുഗ്രഹം വര്‍ഷിക്കുന്നതാണ്്. മാത്രമല്ല,മാതാവ് പ്രസവിച്ചത് പോലെ പാപങ്ങളില്‍ നിന്ന് മുക്തമായി അദ്ദേഹം മടങ്ങി വരുന്നു. ഇതുകേട്ട ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍  ഹജ്ജ് നിര്‍വഹിക്കാറുണ്ടായിരുന്നു. പക്ഷേ, ഞാനിപ്പോള്‍ പ്രായമേറിയതോടെ ദുര്‍ബലനായിരിക്കുന്നു. ഹജ്ജിന്  പകരം വെക്കാവുന്ന വല്ലതുമുണ്ടോ? ‘ഇസ്മാഈലിന്റെ പരമ്പരയില്‍പെട്ട എഴുപത് അടിമകളെ മോചിപ്പിക്കാന്‍ നിനക്ക് സാധിക്കുമോ? ‘എന്നായിരുന്നു അബൂമൂസായുടെ മറുചോദ്യം.
അബൂഹുറൈറ(റ) തിരുമേനി(സ)യില്‍ നിന്നും ഉദ്ധരിക്കുന്നു:’ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരെല്ലാം അല്ലാഹുവിന്റെ സംഘങ്ങളാണ്. അവര്‍ അവനെ വിളിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവര്‍ പാപമോചനത്തിന് അര്‍ത്ഥിച്ചാല്‍ അവന്‍ പൊറുത്തുകൊടുക്കും’.
ഹജ്ജ് നിര്‍വഹിച്ചുകൊണ്ടിരിക്കെ മരണപ്പെടുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുകയും തല്‍ബിയത്തുചൊല്ലിക്കൊണ്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. ഒരു മനുഷ്യന്‍ അറഫയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വാഹനപ്പുറത്ത് നിന്ന് വീണു മരിച്ചു. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു:’അദ്ദേഹത്തെ വെള്ളവും താളിയും ഉപയോഗിച്ച് കുളിപ്പിക്കുക. രണ്ടുകഷ്ണം തുണിയില്‍ കഫന്‍ ചെയ്യുക. അദ്ദേഹത്തിനുമേല്‍ സുഗന്ധദ്രവ്യം പൂശുകയോ, തലമറക്കുകയോ ചെയ്യരുത്. അല്ലാഹു അദ്ദേഹത്തെ തല്‍ബിയത്ത് ചൊല്ലുന്നവനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക’.
അറഫാ ദിനം തീര്‍ത്തും മഹത്തരമാണ്. അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ച ദിനമാണ് അത്. ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് അത് വ്രതദിനമാണ്. ഹജ്ജാജിമാര്‍ക്ക് പെരുന്നാള്‍ ദിനവും. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഒരു വര്‍ഷത്തെ വീഴ്ചകള്‍ അതുമുഖേനെ പൊറുക്കപ്പെടുന്നു. തിരുമേനി(സ) പറയുന്നു:’അറഫാ ദിനത്തില്‍ അല്ലാഹു ആകാശത്തേക്ക് ഇറങ്ങി വരികയും, മലക്കുകളുടെ മുന്നില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അല്ലാഹു പറയും, നോക്കൂ! എന്റെ അടിമകളിലേക്ക്. പൊടിപുരണ്ട ജഢപിടിച്ച മുടിയുമായി അവര്‍ എന്റെ അടുത്തെത്തിയിരിക്കുന്നു. എല്ലാ മലമ്പാതകളും താണ്ടിക്കടന്ന് ത്യാഗികളായി അവര്‍ വന്നണഞ്ഞിരിക്കുന്നു. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നുവെന്നതില്‍ നിങ്ങളെ സാക്ഷികളാക്കുന്നു’. നരകത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ മോചിപ്പിക്കപ്പെടുന്ന മഹത്തായ സുദിനമാണ് അറഫ. അന്നേദിവസത്തെ പ്രാര്‍ത്ഥനക്ക് ഉത്തരം ഉറപ്പാണ്. ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന അറഫാ ദിനത്തിലേതാണെന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു.