Questions & Answers

ഹജ്ജിനെ കച്ചവടമാക്കുന്ന ഹജ്ജ്ഗ്രൂപ്പുകള്‍?

ഇക്കാലത്ത് ഹജ്ജിന് പോകാന്‍ ഏതെങ്കിലും ഹജ്ജ്് ഗ്രൂപിനെ ആശ്രയിക്കാതെ രക്ഷയില്ല. എന്നാല്‍ ഹജ്ജുയാത്ര സംഘടിപ്പിക്കുന്ന ഹജ്ജ് ട്രാവല്‍ ഏജന്‍സികള്‍ അതിനെ കച്ചവടമാക്കി മാറ്റുന്നതാണ്് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് അനുവദനീയമാണോ? ഇനി ഇത് അനുവദനീയമാണെങ്കില്‍ തന്നെ അവര്‍ നേടുന്ന ലാഭം എത്ര ശതമാനമായിരിക്കണമെന്ന് വല്ല നിബന്ധനയുമുണ്ടോ?
………………………………………………….
ഹജ്ജ് കമ്പനികള്‍ക്ക് അവരുടെ അവശ്യ സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലം പറ്റാം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമായ ലാഭമെടുക്കുകയും ചെയ്യാം.

ഒരു ചാരിറ്റബിള്‍ പ്രവര്‍ത്തനമാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുകയോ പരസ്യം ചെയ്യുകയോ ചെയ്യാത്ത പക്ഷം അവര്‍ക്ക് ലാഭമെടുക്കുന്നതിന് വിരോധമില്ല. എന്നാല്‍ ആ ലാഭം  അമിത ലാഭവുമായിക്കൂടാ.
ഇത്തരം സര്‍വീസുകള്‍ നടത്തുന്നവര്‍ ഉപഭോക്താക്കള്‍ക്കു മുമ്പില്‍ തങ്ങളെ സംബന്ധിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പരസ്യപ്പെടുത്തുകയും തങ്ങളുടെ സേവനത്തിന്  ഈടാക്കുന്ന ചാര്‍ജിനെകുറിച്ച് കൃത്യമായി അറിയിക്കുകയും ചെയ്യേണ്ടതാണ്. അവരുടെ കച്ചവട രീതികള്‍ വളരെ സുതാര്യമായിരിക്കണം. ഇസ്‌ലാമില്‍ എല്ലാവരും ചോദ്യം ചെയ്യപ്പെടുന്നവരാണ്. അതിനാല്‍ എല്ലാ കാര്യങ്ങളും ഉപഭോക്താക്കള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുസ്‌ലിം സമൂഹത്തിനും ഹാജിമാര്‍ക്കുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍. സംശയത്തിന്റെയോ കേട്ടുകേള്‍വിയുടെയോ അടിസ്ഥാനത്തില്‍ ആരുടെ മേലും വിധികല്‍പ്പിക്കരുത്.
ചില ഹജ്ജ് ഗ്രൂപുകള്‍ മറ്റു ചിലവയേക്കാള്‍ പണംകൂടുതല്‍ ചാര്‍ജ് ചെയ്യുന്നുണ്ടെന്ന് എങ്ങനെയാണ് നമുക്ക് വിലയിരുത്താനാവുക? രണ്ടു കൂട്ടരുടെയും സര്‍വീസുകള്‍ കൂടി പരിഗണിച്ചിട്ടു വേണം അത്തരമൊരു നിഗമനത്തിലേത്താന്‍. മാത്രമല്ല ഈ രംഗത്തുള്ള എല്ലാ കമ്പനികളെയും അവരുടെ സര്‍വീസിനെയും അവരുടെ ചാര്‍ജിനെയും കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. ഈ രംഗത്ത്  ഭക്തരായ ആളുകളും തനിസെക്യുലര്‍ ചിന്താഗതിക്കാരായ ആളുകളും സേവനം നല്‍കുന്നുണ്ട്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടു ഏറ്റവും കുറഞ്ഞചാര്‍ജുള്ളതും കൂടുതല്‍ സര്‍വീസുകള്‍ ഓഫര്‍ ചെയ്യുന്നതുമായ  ഹജ്ജ് ഗ്രൂപുകളില്‍ ചേര്‍ന്ന് യാത്രചെയ്യുകയാണ് നല്ലത്.