Questions & Answers

ഹജറുല്‍ അസ്‌വദിനെ കുറിച്ച് ചില സംശയങ്ങള്‍

ഹജ്ജിന് ഒരുങ്ങുന്ന എനിക്ക് ഹജ്ജിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലഘുലേഖ കിട്ടി. അതില്‍ ഹജറുല്‍ അസ്‌വദിനെകുറിച്ച് എഴുതിയ കാര്യങ്ങള്‍ എന്റെ മനസ്സില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഹജറുല്‍ അസ്‌വദിനെ സലാം പറയുന്നതും അതിനെ ചുംബിക്കുന്നതും പ്രതിപാദിക്കുന്ന ഹദീസുകളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് ആ എഴുത്തുകാരന്‍. ഇസ്‌ലാമിന്റെ ഏകദൈവത്വ സിദ്ധാന്തത്തിന് എതിരാണ് കല്ലിനെ ചുംബിക്കുന്നത് അതിന് വിഗ്രഹാരാധാനയോട് സാമ്യമുണ്ട് തുടങ്ങി ഇതുവരെ കേട്ടിട്ടില്ലാത്തതൊക്കെയാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്?

 
ഇസ്‌ലാമിക പഠിതാക്കള്‍ക്കിടയിലെ ഉപരിതലസ്പര്‍ശിയായ പഠനങ്ങള്‍ വലിയ അപകടങ്ങളാണ് വരുത്തിവെക്കുന്നത്. ഒരു വിഷയത്തില്‍ ഗഹനമായ അറിവ് നേടുന്നതിനു മുമ്പ് തന്നെ പ്രസ്തുത വിഷയത്തില്‍ വിധി പ്രസ്താവിക്കാന്‍ ധൃതികൂട്ടുന്നതും വിവരമുള്ളവരോട് അന്വേഷിക്കാതിരിക്കുന്നതും സമൂഹത്തില്‍ മോശം ഫലങ്ങളാണ് ഉണ്ടാക്കുക.
ദീനീവിഷയങ്ങളില്‍ ആളുകള്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അവര്‍ പണ്ഡിതരാകട്ടെ പാമരരാകട്ടെ, അവരുടെ അടുക്കല്‍ ചില വിവരങ്ങള്‍ ഉണ്ട്. ആ വിവരങ്ങളായിരിക്കും മറ്റു പല വിവരങ്ങളേക്കാള്‍ അവര്‍ക്ക് പ്രധാനം. ഹജറുല്‍ അസ്‌വദിനോട് സലാം പറയന്നതും അതിനെ ചുംബിച്ചതുമായ ഹദീസുകള്‍ തള്ളിക്കളയുന്നത് വ്യക്തമായ വഴികേടാണ്. ദീനിന്റെ പ്രകൃതിയെയും വിജ്ഞാനത്തിന്റെ സ്വഭാവത്തെയും അവഗണിക്കലാണിത്.
ഉപവിഷയങ്ങളെ അടിസ്ഥാനങ്ങളിലേക്ക് മടക്കുന്നുവെന്നതാണ് വിജ്ഞാനപ്രകൃതിയെ അവഗണിക്കലാണിത് എന്നു പറയാന്‍ കാരണം, . ഹദീസ് പണ്ഡിതന്‍മാര്‍ ഹദീസുകള്‍ തള്ളാനും സ്വീകരിക്കാനുമായി ചില അടിസ്ഥാനങ്ങളും നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ കഴിവിന്റെ പരമാവധി സൂക്ഷ്മതയും സത്യസന്ധതയും അവര്‍ അതില്‍ പാലിച്ചിട്ടുണ്ട്. ഹജറുല്‍ അസ്‌വദുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള ഹദീസുകളുടെ സ്വീകാര്യത എന്താണെന്നു ഈ സന്ദര്‍ഭത്തില്‍ നമുക്ക് പരിശോധിക്കാം.
ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള   ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്:’ഹജറുല്‍ അസ്‌വദിന് സലാം പറയുന്നതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. തിരുമേനി അതിന് സലാം ചൊല്ലുന്നതും അതിനെ ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്’.
നാഫിഅ് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. അദ്ദേഹം പറയുന്നു:’ ഇബ്‌നു ഉമര്‍ ഹജറുല്‍ അസ്‌വദിന് കൈവീശി സലാം പറയുന്നതും അദ്ദേഹം അതിനെ ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. തിരുമേനി അങ്ങനെ ചെയ്യുന്നത് കണ്ടതില്‍ പിന്നെ ഞാന്‍ ഒരിക്കലും അത് ഉപേക്ഷിച്ചിട്ടില്ല’ എന്ന് അദ്ദേഹം പറയുകയും ചെയ്തു.
ഉമര്‍ (റ) ഹജറുല്‍ അസ്‌വദിനെ ചുംബിക്കാറുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നതായും കാണാം. ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണ് നീ എന്നെനിക്കറിയാം. തിരുമേനി നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. (ബുഖാരി, മുസ്‌ലിം, അഹ്മദ്, അബൂ ദാവൂദ്, നസാഈ, തിര്‍മുദി, ഇബ്‌നു മാജ)
ഇമാം ത്വബ്‌റാനി പറയുന്നു:’ ഉമര്‍ (റ) ഇങ്ങനെ പറയുന്നത് ജനങ്ങള്‍ക്കിടയില്‍ വിഗ്രഹാരാധന നിലനിന്നിരുന്ന ഒരു കാലത്താണ്. ആ കല്ലിനെ ഉമര്‍ മഹത്വപ്പെടുത്തിയതാണെന്ന് അവിവേകികള്‍ കരുതിപ്പോകുമോ എന്ന് ഭയന്നതിനാലാണ് ഉമര്‍ അങ്ങിനെ പറഞ്ഞത്. അതു പോലെ തന്റെ ഈ ചെയ്തി പ്രവാചക തിരുമേനിയെ പിന്‍പറ്റിക്കൊണ്ടാണെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതു പോലെ ഹജറുല്‍ അസ്‌വദിന് സ്വന്തം നിലക്കു തന്നെ ദോഷമോ ഗുണമോ ഉണ്ടാക്കാന്‍ കഴിയുകയില്ലെന്നും ജനങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം വിചാരിച്ചു’.
മേല്‍ ഉദ്ധരിച്ച ഹദീസുകള്‍ എല്ലാം സ്വീകാര്യമായ ഹദീസുകളാണ്. മുന്‍കാല പണ്ഡിതന്‍മാരോ പില്‍ക്കാല പണ്ഡിതന്‍മാരോ ഈ ഹദീസുകള്‍ക്ക് ദുര്‍ബലത ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല, പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെയുള്ള എല്ലാ തലമുറകളിലൂടെയും ഈ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പണ്ഡിതന്‍മാര്‍ക്കിടയില്‍ ഒരിക്കലും ഇത് പ്രശ്‌നമായിരുന്നിട്ടില്ല. ഇങ്ങനെ മുതവാതിറായി വന്ന കാര്യം ദീനില്‍ സ്ഥിരപ്പെട്ടതാണ്. വൈജ്ഞാനികവീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഇത് പൂര്‍ണ്ണമായും ശരിയാണ്.
ഇനി  ദീനിന്റെ വീക്ഷണകോണില്‍ കൂടി നോക്കിയാല്‍, ഇത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം  അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതിന്റെ ഭാഗമാണിത്.  അല്ലാഹുവിന് വഴിപ്പെടുകയും അവന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കുകയും ചെയ്യുകയാണ്. ദീന്‍ എന്ന പദത്തിന്റെ അര്‍ത്ഥം.
ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ തികഞ്ഞ അനുഷ്ഠാന നിഷ്ഠയുള്ള മതമാണ്. പ്രത്യേകിച്ച് ഹജ്ജ് പോലുള്ള കര്‍മ്മങ്ങളില്‍ നിരവധി ആരാധാനാനുഷ്ഠാനങ്ങള്‍ ഉണ്ട്. അത്തരം ആരാധനാ അനുഷ്ഠാനത്തിന്റെ ഭാഗം തന്നെയാണ് ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും തൊടുന്നതുമൊക്കെ. ആരാധനകളില്‍ പലതിന്റെയും യുക്തി മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ യുക്തി പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് അനുഷ്ഠാനങ്ങളുമുണ്ട്. അതിന്റെ പിന്നിലെ യുക്തി മനസ്സിലായാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്‍പ്പനകള്‍ നിറവേറ്റുക എന്നതാണ് സത്യവിശ്വാസികളുടെ ബാധ്യത. അല്ലാഹുവിന്റെ പ്രവാചകനെ ആരാണ് അക്ഷരം പ്രതി പിന്‍പറ്റുന്നതെന്ന് പരീക്ഷിച്ചറിയാനുള്ള അല്ലാഹുവിന്റെ രീതിയാണിത്.
ഇസ്‌ലാമില്‍ ഇബാദത്ത് എന്നാല്‍  ‘സമിഅ്‌നാ വ അത്വഅ്‌നാ’ എന്നു പറഞ്ഞു അനുസരിക്കലാണ് സത്യവിശ്വാസികളുടെ രീതി. യഹൂദികള്‍ പറഞ്ഞതു പോലെ ‘ഞങ്ങള്‍ കേട്ടു ധിക്കരിക്കുന്നു’ എന്നു പറയലല്ല.
ഒരു വിശ്വാസി ഹജ്ജില്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യുമ്പോഴും ഹജറുല്‍ അസ്‌വദിന് സലാം പറയുമ്പോഴും അവന്‍ വിശ്വസിക്കേണ്ടത് ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ ഇബ്‌റാഹീം പടുത്തുയര്‍ത്തിയ ഭവനമാണെന്നും ഇവിടെ കാണുന്ന അടയാളങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നുമാണ്. ഇബ്‌റാഹീം എന്ന പ്രവാചകനാകട്ടെ വിഗ്രഹാരാധകനല്ല, വിഗ്രഹഭജ്ഞകനായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസിയല്ല, തൗഹീദിന്റെ സ്ഥാപകനും സത്യസരണിയുടെ മുന്നണിപ്പോരാളിയുമാണ്