Questions & Answers

മാതാപിതാക്കള്‍ക്കുവേണ്ടി മക്കളുടെ ഹജ്ജ്

എന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. അവര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നില്ല. അവര്‍ക്കു വേണ്ടി ഞാന്‍ ഹജ്ജ്കര്‍മം നിര്‍വഹിച്ചാല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ?

ആരാധനകളുടെ – വിശിഷ്യാ ശാരീരികാരാധനകളുടെ – അടിസ്ഥാന സ്വഭാവം അവ സ്വയംനിര്‍വഹിക്കുക എന്നുള്ളതാണ്. സ്വയം നിര്‍വഹിക്കുവാന്‍ സാധിക്കാതെവരുന്നപക്ഷം അവരുടെ മരണാനന്തരം അവരുടെ മക്കള്‍ക്ക് അത് നിര്‍വഹിക്കാവുന്നതാണ്. ‘ നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പ്രയത്‌നഫലമാണ്’ എന്ന് തിരുദൂതര്‍ പറയുകയുണ്ടായി. സന്താനങ്ങള്‍ മാതാപിതാക്കളുടെ തുടര്‍ച്ചയാണ്. കര്‍മങ്ങളുടെ ഒരു ഭാഗമാണ്. മാതാപിതാക്കളുടെ മരണശേഷവും മക്കള്‍ അവരുടെ അനുബന്ധമായി ഗണിക്കപ്പെടുന്നു. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്: ‘ മനുഷ്യന്‍ മരിച്ചാല്‍ മൂന്നുകാര്യങ്ങളൊഴിച്ച് അവന്റെ കര്‍മങ്ങള്‍ മുറിഞ്ഞുപോകുന്നു. ശാശ്വത ദാനം, ഉപകാരപ്രദമായ വിജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സന്തതി എന്നിവയാണ് മൂന്നുകാര്യങ്ങള്‍.’

നല്ല സന്തതി മാതാപിതാക്കളുടെ ജീവിതത്തിന്റെയും അസ്തിത്വത്തിന്റെയും ഒരനുബന്ധമാണ്. ഇക്കാരണത്താല്‍ മാതാപിതാക്കള്‍ക്കുവേണ്ടി ഹജ്ജുകര്‍മം നിര്‍വഹിക്കുവാന്‍ മക്കള്‍ക്ക് അനുവാദമുണ്ട്. സ്വയം നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താം. വാര്‍ധക്യത്താല്‍ ഹജ്ജ് ബാധ്യതയായിത്തീരുകയും വാഹനപ്പുറത്ത് സഞ്ചരിക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ അത് നിര്‍വഹിക്കാതെ മരിച്ചുപോവുകയും ചെയ്ത സ്വന്തം പിതാവിനു വേണ്ടി തനിക്ക് ഹജ്ജ് നിര്‍വഹിക്കാമോ എന്നന്വേഷിച്ച ഒരു വനിതക്ക് തിരുദൂതര്‍ അതിന്ന് അനുമതി നല്‍കുകയുണ്ടായി. ഹജ്ജ് നിര്‍വഹിക്കുവാന്‍ നേര്‍ച്ചയാക്കുകയും അത് പൂര്‍ത്തിയാക്കാതെ മരിച്ചുപോവുകയും ചെയ്ത തന്റെ മാതാവിന് വേണ്ടി ഹജ്ജ് ചെയ്യുവാന്‍ മറ്റൊരു സ്ത്രീക്കും പ്രവാചകന്‍ അനുവാദം നല്‍കി. എന്നിട്ടദ്ദേഹം ചോദിച്ചു: ‘ അവര്‍ക്ക് വല്ല കടബാധ്യതയും ഉണ്ടായിരുന്നെങ്കില്‍ അതു നീയല്ലേ അടച്ചുവീട്ടുക?’ ആ സ്ത്രീ പറഞ്ഞു: ‘ അതെ’. ‘ എന്നാലിതും വീട്ടിക്കോളൂ. കടബാധ്യത തീര്‍ത്തു കിട്ടുവാന്‍ ഏറ്റം അവകാശമുള്ളവനാണല്ലാഹു’ – തിരുദൂതര്‍ പറഞ്ഞു. ‘അല്ലാഹുവിന്റെ കടമാണ് വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹമായിട്ടുള്ളത്.’ എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.

ഭൗതിക രംഗങ്ങളില്‍ പിതാവിന്റെ കടം വീട്ടാന്‍ മക്കള്‍ ബാധ്യസ്ഥരായതുപോലെ ആത്മീയവും ആരാധനാപരവുമായ കാര്യങ്ങളിലും അവര്‍ക്ക് ആ ബാധ്യതയുണ്ട്. അതിനാല്‍, മകന്നോ മകള്‍ക്കോ മാതാപിതാക്കള്‍ക്കുവേണ്ടി ഹജ്ജ് ചെയ്യാം. ചുരുങ്ങിയത് അക്കാര്യം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയാവാം. അപ്പോള്‍ ഏതു നാട്ടില്‍വെച്ചാണോ പരേതന്ന് ഹജ്ജ് ബാധ്യതയായിത്തീര്‍ന്നത് അവിടെനിന്നു വേണം ഹജ്ജിന് പോകാന്‍. എന്നാല്‍ മരിച്ചയാളുടെ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതുമൂലം സ്വന്തം പണമുപയോഗിച്ചാണ് ഹജ്ജിന് പോകുന്നതെങ്കില്‍ സൗകര്യമുള്ള ഏതു നാട്ടില്‍ നിന്നും പോകാം. മകന്‍ സ്വന്തം ധനം വിനിയോഗിച്ച് മറ്റൊരാളെ ചുമതലപ്പെടുത്തുകയാണെങ്കിലും ഇങ്ങനെത്തന്നെ.