Articles Hajj Page

മസ്ജിദുന്നബവി

ലോക നേതാവും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ) യുടെ പരിശുദ്ധ പള്ളിയും ഖബ്‌റിടവും സ്ഥിതിചെയ്യുന്ന പുണ്യസ്ഥലം, ഇസ്‌ലാമികരാഷ്ട്രത്തിന്റെ ആദ്യ തലസ്ഥാനം, നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ മഹാപട്ടണം എന്നീ നിലകളില്‍ മദീന സുപ്രസിദ്ധമാണ്. ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ വര്‍ഷം തോറും മദീനാ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനും തിരുനബി(സ) യുടെ ഖബ്ര്‍ സന്ദര്‍ശിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തുന്നു.
സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മദീന ചെങ്കടലിന് കിഴക്കായി ഏതാണ്ട് 250 കിലോമീറ്റര്‍ അകലെയാണ്. അഖ്ല്‍, അഖീഖ്, ഹിംദ് താഴ്‌വരകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന് ചുറ്റും മലകളാണ്.

വേനല്‍കാലത്ത് അത്യുഷ്ണവും മറ്റവസരങ്ങളില്‍ ഏതാണ്ട് മിതശീതോഷ്ണാവസ്ഥയുമുള്ള ഈ പട്ടണത്തില്‍ ഇന്ന് വിദേശികളടക്കം ഏതാണ്ട് 10 ലക്ഷം പേര്‍ അധിവസിക്കുന്നു.
ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് ‘യഥ്‌രിബ്’ എന്ന പേരിലറിയപ്പെട്ടിരുന്ന മദീനക്ക് 95 അപരനാമങ്ങളുണ്ട്. അവയില്‍ തയ്ബാ, താബ, ഖുബ്ബത്തുല്‍ ഇസ്‌ലാം, ദാറുല്‍ ബത്ഹ്, ദാറുല്‍ അബ്‌റാര്‍ എന്നീ പേരുകള്‍ പ്രസിദ്ധമാണ്. അമാലിക്കന്‍ അറബികളാണ് ഇവിടെ ആദ്യകാലത്ത് താമസിച്ചിരുന്നത്. അന്ന് ചിതറിക്കിടക്കുന്ന ചില്ലറ കൂരകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വെള്ളം ധാരാളമായി ലഭ്യമായിരുന്നത് കൊണ്ട് കൃഷിയിടങ്ങള്‍ വ്യാപിച്ചു. യാത്രാ സംഘങ്ങളെയും കച്ചവട സമൂഹങ്ങളെയും ആകര്‍ഷിക്കാനും ഇത് കാരണമായി. ഔസ്, ഖസ്‌റജ് വംശങ്ങള്‍ ഏതാണ്ട് 447-532 എ.ഡി കാലഘട്ടത്തിലാണ് ഇവിടെ താമസിക്കുന്നത്. ഇസ്‌ലാം ആശ്ലേഷിക്കുകയും ആദ്യ കാലത്ത് അതിന്റെ ഏറ്റവും വലിയ സഹായികളാവുകയും ചെയ്തപ്പോള്‍ നബി(സ) അവരെ ‘അന്‍സ്വാറുകള്‍’ എന്നു വിളിച്ചു. ക്രിസ്തു വര്‍ഷം 620 ലാണ് മദീനാ നിവാസികള്‍ ആദ്യമായി നബി(സ) യുമായി ബന്ധപ്പെടുന്നത്. അവരുടെ ക്ഷണപ്രകാരം നബി (സ) മദീനായിലേക്ക് ഹിജ്‌റ പോയി. എ.ഡി 622 സപ്തംബര്‍ 20 ന്ന് നടന്ന നബിയുടെ പലായനം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു.
ഇസ് ലാമിക ഗവണ്‍മെന്റിന്റെ തലസ്ഥാനമായി മാറിയ മദീനയില്‍ നിന്ന് ഇസ്‌ലാമിന്റെ പ്രകാശം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വ്യാപിച്ചു. മുസ്‌ലിം ഐക്യത്തിന്റെ പ്രതീകം, ഇസ്‌ലാമിക പഠന കേന്ദ്രം, അന്തര്‍ദേശീയ ബന്ധങ്ങളുടെ ഉറവിടം, മുസ്‌ലിം സൈന്യത്തിന്റെ ആസ്ഥാനം എന്നീ നിലകളില്‍ മദീന ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ വന്‍നേട്ടങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം മദീനാപള്ളിയായിരുന്നു.
അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം തന്റെ ‘ഖസ്‌വാഅ്’ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് നബി (സ) മസ്ജിദുന്നബവി പണിതിട്ടുള്ളത്. ആ സ്ഥലം പത്തു ദീനാറിനാണ് അബൂബക്കര്‍(റ)വിന്റെ സഹായത്തോടെ നബി (സ) വിലക്കു വാങ്ങിയത്. അവിടെ ഉണ്ടായിരുന്ന ഈന്തപ്പന മരങ്ങള്‍ മുറിച്ചുമാറ്റി. എഴുപത് മുഴം നീളവും 60 മുഴം വീതിയുമുണ്ടായിരുന്ന പള്ളിക്ക് ആദ്യത്തില്‍ ചുമരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്, മൂന്നുമുഴം ആഴത്തില്‍ അടിത്തറ കെട്ടുകയും മണ്‍കട്ട കൊണ്ട് ചുമരുണ്ടാക്കുകയും ഈത്തപ്പന മരവും പനയോലയും ഉപയോഗിച്ചുകൊണ്ട് മേല്‍ക്കൂര പണിയുകയും ചെയ്തു. പള്ളി നിര്‍മ്മാണത്തില്‍ നബി (സ) ആദ്യന്തം ആവേശത്തോടെ പങ്കെടുത്തിരുന്നു.
ഖൈബര്‍ വിജയത്തിന്ന് ശേഷം മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ധിച്ചപ്പോള്‍ നബി (സ) പള്ളിയുടെ വിസ്തീര്‍ണ്ണം 10,000 മുഴമായി വര്‍ധിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ പള്ളിക്ക് മൂന്നുവാതിലുകളാണ് ഉണ്ടായിരുന്നത്. മുസ്‌ലിംകളുടെ ഖിബ്‌ല ബൈത്തുല്‍ മുഖദ്ദിസില്‍ നിന്ന് മക്കയിലേക്ക് മാറ്റിയപ്പോള്‍ കഅ്ബയുടെ ഭാഗത്തേക്കായി ഒരു വാതില്‍ കൂടി പണിയുകയും ഖുദ്‌സിലേക്കുള്ള വാതില്‍ അടക്കുകയും ചെയ്തു. പള്ളിയുടെ പാര്‍ശ്വത്തായി നബി(സ) തന്റെ ഭാര്യമാര്‍ക്ക് വേണ്ട വീടുകള്‍ നിര്‍മ്മിച്ചു. ഉമര്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് ഈ വീടുകള്‍ നിന്നിരുന്ന സ്ഥലവും പള്ളിയോട് ചേര്‍ക്കുകയുണ്ടായി.
ഒന്നാം ഖലീഫ അബൂബക്കര്‍ (റ) കാലത്ത് മദീനാപള്ളി അപ്പടി നിലനിന്നു. ഹിജ്‌റ 17-ാം വര്‍ഷം ഖലീഫ ഉമര്‍ (റ) ആണ് പള്ളി ആദ്യമായി വികസിപ്പിക്കുന്നത്. നബി (സ) തിരുമേനി നിര്‍മിച്ച പള്ളിയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും പൊളിച്ചു കൊണ്ടായിരുന്നു ഉമര്‍ (റ) പള്ളിയുടെ നിര്‍മാണവും വികസനവും നടത്തിയത്. പണി പൂര്‍ത്തിയായപ്പോള്‍ പള്ളിക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 1,100 ച.മീ വിസ്തൃതി വര്‍ദ്ധിച്ചു. അതായത് ഉമര്‍ (റ) ന്റെ കാലത്ത് പള്ളിക്ക് 3,575 ച.മീ വിസ്താരമുണ്ടായിരുന്നു എന്നര്‍ത്ഥം.
മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വും മസ്ജിദുന്നബവി വിപുലീകരിക്കുകയുണ്ടായി. അദ്ദേഹം കെട്ടിടത്തിനുപയോഗിച്ച കല്ലുകള്‍ ഭംഗിയായി രൂപപ്പെടുത്തിയിരുന്നു. തൂണുകള്‍ക്ക് ഇരുമ്പും ഈയവും ഉപയോഗിച്ചിരുന്നു. തേക്കു കൊണ്ടായിരുന്നു മേല്‍പുര നിര്‍മ്മിച്ചത്. ഉസ്മാന്‍ (റ) ന്റെ വിപുലീകരണം പൂര്‍ത്തിയായപ്പോള്‍ പള്ളിയുടെ വലിപ്പം 4,071 ച.മീ. ആയി. അമവീ ഭരണാധികാരി വലീദ് ഇബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്താണ് പിന്നീട് പള്ളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അന്ന് മദീനയിലെ ഗവര്‍ണ്ണറായിരുന്ന ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ് ആയിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ഈ വികസന പ്രവര്‍ത്തനത്തിനായി റോമില്‍ നിന്ന് ധാരാളം സാധനങ്ങള്‍ വരുത്തിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വിലകൂടിയ മാര്‍ബിള്‍, അത്യപൂര്‍വ്വമായ പരവതാനികള്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ റോമില്‍ നിന്ന് ഇറക്കുമതി ചെയ്തു. കെട്ടിടനിര്‍മാണജോലിക്കായി എണ്‍പത് വിദഗ്ധരെ റോമാചക്രവര്‍ത്തി അയച്ചു കൊടുത്തതായി ഇബ്‌നു ഖുദാമ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പ്രൗഢമായ ഒരു കെട്ടിടമാണ് മദീനാ പള്ളിക്കായി വലീദ് പണി കഴിപ്പിച്ചത്. വലീദ് നിര്‍മിച്ച പള്ളിക്ക് 6,440 വിസ്തൃതി ഉണ്ടായിരുന്നു.
അബ്ബാസി ഭരണാധികാരി മഹ്ദിയുടെ കാലത്ത് പള്ളിയുടെ വിസതാരം 8,890 ച.മീ വര്‍ദ്ധിച്ചു. ഹിജ്‌റ വര്‍ഷം 654 ല്‍ ശക്തമായ ഒരു ഭൂമിക്കുലുക്കവും ഭീകരമായ ഒരു അഗ്നിപര്‍വ്വത വിസ്‌ഫോടനവും ഉണ്ടായെങ്കിലും മദീനാ പള്ളിയും ചുറ്റുവട്ടവും സുരക്ഷിതമായി നിലകൊണ്ടു. പക്ഷെ, അതേ വര്‍ഷം റമദാനില്‍ പള്ളി ഒന്നാകെ തീപ്പിടിച്ചു. റമദാന്‍ കാലത്ത് മാത്രം തെളിയിക്കാറുള്ള പ്രത്യേക വിളക്കെടുക്കാന്‍ സ്‌റ്റോര്‍ റൂമില്‍ പോയ ഒരു പരിചാരകന്‍ തന്റെ കയ്യിലുണ്ടായിരുന്ന വിളക്ക് അതിനകത്തുവെച്ചു മറന്നു. അതെത്തുടര്‍ന്ന് സ്‌റ്റോറൂമില്‍ അഗ്നിബാധയുണ്ടാവുകയും അത് പള്ളിയുടെ ഇതര ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയും ചെയ്തു. ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ നടത്തിയ സര്‍വ്വ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്.
പ്രസ്തുത ദുരന്തത്തിന് ശേഷം ആദ്യമായി പള്ളിയുടെ പുനര്‍നിര്‍മാണത്തിന്നിറങ്ങിയത് ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന അല്‍ മുഅ്തസിം ബില്ലാഹി ആയിരുന്നു. പുനര്‍ നിര്‍മാണത്തിനാവശ്യമായ പണവും സാമഗ്രികളും പണിക്കാരെയും അദ്ദേഹം മദീനയിലേക്കയച്ചു. ഹിജ്‌റ 685 ല്‍ ആയിരുന്നു ഇത്. ബഗ്ദാദ് താര്‍താരികളുടെ പിടിയിലമര്‍ന്ന ശേഷം മസ്ജിദുന്നബവിയുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും മത്സരബുദ്ധ്യാ പലരും രംഗത്തു വന്നു. ഈജിപ്തിലെ അല്‍ മന്‍സൂര്‍ നൂറുദ്ധീന്‍, അല്‍ ദാഹിര്‍ മുക്‌നുദ്ധീന്‍, യമനിലെ അല്‍ മുദഹര്‍ ശംസുദ്ദീന്‍ എന്നിവര്‍ അവരില്‍ ചിലരത്രെ. ഹിജ്‌റ 886 ല്‍ മറ്റൊരു റമദാന്‍ മാസത്തിലാണ് ശക്തമായ മിന്നല്‍ കാരണം പള്ളി വീണ്ടും അഗ്നിക്കിരയായത്. മുഅദ്ദിനുകളുടെ നേതാവായ ശംസുദ്ധീന്‍ അല്‍ ഖത്തീബ് ബാങ്ക് വിളിക്കാനായി മിനാരത്തില്‍ കയറിയപ്പോഴാണ് സംഭവം. ശക്തമായ ഇടിമിന്നലേറ്റ് മിനാരം ഒടിഞ്ഞു വീണു. മിനാരത്തില്‍ നിന്നും തീ പള്ളിയുടെ നാനാഭാഗത്തേക്കും പരന്നു. തീ അണക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. അല്‍ ഖത്തീബടക്കം പത്തു പേര്‍ക്ക് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഈജിപ്തിലെ സുല്‍ത്താനായിരുന്ന അശ്‌റഫ് ഖായ് തബായിയാണ് പിന്നീട് (890ല്‍) പള്ളിയുടെ പുനര്‍ നിര്‍മാണം നടത്തിയത്. പിന്നീട് വളരെക്കാലത്തിന് ശേഷം 1265 ലാണ് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ സഹായത്തോടെ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ മസ്ജിദുന്നബവിയുടെ അന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായതായിരുന്നു. ആകെ 10,303 ച.മീ. വിസ്തൃതിയുള്ള ഒരു വന്‍ കെട്ടിടമാണ് അബ്ദുല്‍ മജീദ് പണികഴിപ്പിച്ചത്.
1948 ലാണ് സഊദി രാജാക്കന്‍മാര്‍ മസ്ജിദുന്നബവിയുടെ വികസനത്തിന് ആദ്യമായി മുന്നിട്ടിറങ്ങുന്നത്. സഊദി അറേബ്യയുടെ സ്ഥാപകനായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവ് 300 മില്യണ്‍ റിയാല്‍ പള്ളി വികസനത്തിന് നീക്കി വെക്കുകയുണ്ടായി. ഫൈസല്‍, ഖാലിദ് എന്നീ രാജാക്കന്മാരുടെ കാലത്തും പള്ളി ചെറിയ തോതില്‍ വികസിപ്പിക്കുകയുണ്ടായി. ഫഹദ് രാജാവ് ഈ അടുത്ത കാലത്ത് നടപ്പാക്കിയ വികസനത്തിന് മുമ്പ് പള്ളിയുടെ വിസ്താരം കേവലം 16,500 ച.മീ. ആയിരുന്നു.
ഹജ്ജിനും ഉംറക്കും വരുന്ന മുസ്‌ലിം തീര്‍ത്ഥാടകരുടെ എണ്ണം അഭൂതപൂര്‍വ്വമാം വിധം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഫഹ്ദ് രാജാവ് ബില്യണ്‍ കണക്കില്‍ റിയാല്‍ മുതല്‍ മുടക്കുള്ള പുതിയ വികസന പദ്ധതിക്ക് ഉത്തരവിടുന്നത്. മസ്ജിദുന്നബവി മാത്രമല്ല, അതിന് ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളുടെ വികസനവും മദീനയിലെ ചരിത്ര പ്രധാനമായ ഇതര പള്ളികളുടെ പുനര്‍ നിര്‍മാണവും ഈ ഭീമമായ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മസ്ജിദുന്നബവി കേന്ദ്രമാക്കിയാണ് പുതിയ മദീനാ ഡെവലപ്‌മെന്റെ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 1985 നവംബറിലാണ് ഫഹദ് രാജാവ് മസ്ജിദുന്നബവിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത്. 1985 ഒക്ടോബറില്‍ പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചു. ഈ ഭീമന്‍ പദ്ധതിക്ക് വേണ്ട സ്ഥലമുണ്ടാക്കാനായി പള്ളിയുടെ ചുറ്റുവട്ടത്തുള്ള ഒരു ലക്ഷം ച.മീ ചുറ്റളവുള്ള സ്ഥലം ജനങ്ങളില്‍ നിന്ന് ഗവണ്‍മെന്റ് വിലക്ക് വാങ്ങി. മാത്രമല്ല അവിടെ ന്‌ലവിലുണ്ടായിരുന്ന വലുതും ചെറുതുമായ ബില്‍ഡിംഗുകളെല്ലാം നീക്കം ചെയ്യുകയുമുണ്ടായി.
ഫഹദ് രാജാവിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 82,000 ച.മീ വിസതൃതിയുള്ള പുതിയ കെട്ടിടം പള്ളിയുടെ വടക്ക് കിഴക്ക് പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്നു. ഈ ബില്‍ഡിംഗ് പഴയ പള്ളിയോട് ചാരിക്കൊണ്ടാണ് നില്‍ക്കുന്നത്.
ഇതോടെ പള്ളിയുടെ ആകെ വിസ്തീര്‍ണ്ണം ഇപ്പോള്‍ 98,500 ച.മീ ആയി വര്‍ദ്ധിച്ചിരിക്കുന്നു. പള്ളിക്കുള്ളില്‍ മാത്രം ഇപ്പോള്‍ 1,67,00 പേര്‍ക്ക് നമസ്‌കരിക്കാന്‍ സ്ഥലമുണ്ട്. പുതിയ ബില്‍ഡിംഗിന്റെ ടെറസ്സില്‍ 90,000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. വികസനത്തിന് ശേഷം 1,65,500 വിസതൃതിയുള്ള പള്ളിയിലിപ്പോള്‍ രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാം. പള്ളിക്ക് ചുറ്റുമുള്ള മാര്‍ബിള്‍ പതിച്ച മുറ്റം കൂടി നമസ്‌കരിക്കാന്‍ ഉപയോഗിച്ചാല്‍, ആകെ 6,50,000 പേര്‍ക്ക് നമസ്‌കരിക്കാം. മുറ്റമടക്കം ഇപ്പോള്‍ പള്ളിയുടെ വിസ്തൃതി 3,05,000 ച.മീ ആയിരിക്കുന്നു. ഇത് ഏകദേശം നബി (സ) യുടെ കാലത്തുണ്ടായിരുന്ന മദീനാ പട്ടണത്തിന്റെ വിസ്തൃതിയാണ്. പുതിയ ബില്‍ഡിംഗിന്നടിയില്‍, 73,500 ച.മീ വിസ്തൃതിയില്‍ ഒരു ബെയ്‌സ്‌മെന്റെ് ഫ്‌ളോറും ഉണ്ട്. അവിടെ പള്ളിക്കാവശ്യമായ 143 എയര്‍ കണ്ടീഷന്‍ യൂണിറ്റുകളും മറ്റു എലക്ട്രിക് ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നു. വായു സഞ്ചാരത്തിനായി പുതിയ ബില്‍ഡിംഗിന്റെ മേല്‍പുരയില്‍ 18X18 മീറ്റര്‍ ചുറ്റളവില്‍, 27 സ്ഥലങ്ങളില്‍ തുറസ്സുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ഈ തുറന്ന സ്ഥലങ്ങള്‍ക്ക് മുകളില്‍ ചലിക്കുന്ന ഖുബ്ബകളും സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ തുറസ്സുകള്‍ ഖുബ്ബകൊണ്ട് അടക്കാനും തുറക്കാനും സാധിക്കും. ഖുബ്ബകളുടെ ചലനം കംപ്യൂട്ടര്‍ മുഖേനയാണ് നിയന്ത്രിക്കുന്നത്. യാന്ത്രികമായി അവ തുറക്കാന്‍ കേവലം ഒരു മിനുട്ട് മാത്രമേ ആവശ്യമുള്ളൂ. പക്ഷെ, കൈ കൊണ്ട് തുറക്കാന്‍ ഏകദേശം 30 മിനുട്ട് വേണ്ടി വരും. ഒരു ഖുബ്ബക്ക് 80 ടണ്‍ ഭാരമുണ്ട്. അതിന്റെ ഉള്‍ഭാഗം വിലപിടിച്ച കല്ലുകള്‍ പതിച്ച് മിനുക്കിയ മരം കൊണ്ടും പുറംഭാഗം സെറാമിക് കൊണ്ടും ഉണ്ടാക്കിയതാണ്.
പള്ളിയുടെ പല ഭാഗത്തായി 104 മീറ്റര്‍ ഉയരമുള്ള ആറു മിനാരങ്ങളുണ്ട്. അവയുടെ മുകളിലുള്ള ചന്ദ്രക്കല 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ ബ്രോണ്‍സു (ഓട്) കൊണ്ടുണ്ടാക്കിയതാണ്. ഓരോ ചന്ദ്രക്കലക്കും 4.5 ടണ്‍ തൂക്കമുണ്ട്. ഏഴ്  പ്രധാന കവാടങ്ങളടക്കം പള്ളിക്ക് ആകെ 85 വാതിലുകളുണ്ട്. പ്രധാന കവാടങ്ങളില്‍ മൂന്നെണ്ണം വടക്കുഭാഗത്തും, രണ്ടെണ്ണം വീതം കിഴക്കും പടിഞ്ഞാറുമാണ്. പള്ളിക്ക് വേണ്ടി ഏഴുകി. മീറ്റര്‍ അകലെ 70,000 ച.മീ ചുറ്റളവില്‍ ഒരു സര്‍വ്വീസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വെള്ളം തണുപ്പിക്കുന്ന ആറു കൂളിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
ഈ വെള്ളം പള്ളിയിലുള്ള എയര്‍കണ്ടീഷന്‍ യൂണിറ്റുകളിലേക്ക് പമ്പ് ചെയ്യാന്‍ 450 ഹോഴ്‌സ് പവറുള്ള മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 2.5 മെഗാവാട്ട് ശക്തിയുള്ള എട്ട് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നു.
പള്ളിയിലേക്ക് വരുന്ന പതിനായിരങ്ങളുടെ സൗകര്യാര്‍ത്ഥം ഒരു വലിയ കാര്‍ പാര്‍ക്കും നിര്‍മ്മിച്ചിരിക്കുന്നു. 2,92,000 ചുറ്റളവുള്ള ഈ ബില്‍ഡിംഗില്‍ 4,500 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാം. ഈ ബില്‍ഡിംഗില്‍ തന്നെ ഒരു ഹെല്‍ത്ത് സെന്റെര്‍, സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍ എന്നിവ സ്ഥാപിച്ചിരിക്കുന്നു. ഉദുവെടുക്കാനുള്ള 6,800 പൈപ്പുകളും കുടിവെള്ളത്തിന്നായി 560 ടാപ്പുകളും അതിനു പുറമെ 2,500 കക്കൂസുകളും ഈ ബില്‍ഡിംഗില്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഈ ബില്‍ഡിംഗില്‍ നിന്നും പള്ളിയിലേക്ക് ദ്രുതഗതിയില്‍ ചലിക്കുന്ന എലക്ട്രിക് കോണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ഇസ് ലാമിക ശില്പകലയുടെ പ്രൗഢിയും മനോഹാരിതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മസ്ജിദുന്നബവി മദീനാപട്ടണത്തിന്റെ മദ്ധ്യത്തില്‍ ജാജ്ജ്വല്യമാനമായി നിലകൊള്ളുന്നു. ലക്ഷക്കണക്കില്‍ മുസ്‌ലിം ഭക്തജനങ്ങള്‍ക്ക് ഈമാനിന്റെ കുളിരും ആശ്വാസിത്തിന്റെ തണലും നല്‍കുന്ന മദീനാ..നീ എത്ര മനോഹരം!!