
മദീനാ സന്ദര്‍ശനം ഹജ്ജിന്റെയും ഉംറയുടെയും ഭാഗമല്ലെങ്കിലും ഹാജിമാര്‍ ഹജ്ജുയാത്രയില്‍ അതുകൂടി ഉള്‍പ്പെടുത്തുന്നു.
മദീനയിലെ നബി (സ) യുടെ പള്ളി സന്ദര്‍ശിക്കുന്നതിന് പ്രത്യേക പുണ്യമുണ്ട്. പുണ്യം ഉദ്ദേശിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ നബി (സ) അനുവദിച്ച മൂന്ന് പള്ളികളില്‍ ഒന്നാണത്. മക്കയിലെ മസ്ജിദുല്‍ ഹറാമും ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സായുമാണ് മറ്റുരണ്ടു പള്ളികള്‍. ഇതര പള്ളികളിലെ നമസ്കാരത്തേക്കാള്‍ മസ്ജിദുല്‍ ഹറാമിലെ നമസ്കാരത്തിന് ഒരു ലക്ഷം ഇരട്ടിയും മസ്ജിദുന്നബവിയിലെ നമസ്കാരത്തിന് ആയിരം ഇരട്ടിയും മസ്ജിദുല്‍ അഖ്സായിലെ നമസ്കാരത്തിന് അഞ്ഞൂറ് ഇരട്ടിയും ശ്രേഷ്ഠതയുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.
മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നവര്‍ സാധാരണ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ ചെയ്യുന്നത് പോലെ നിര്‍ദ്ദിഷ്ട ദിക്റും ദുആയും ചൊല്ലി വലതുകാല്‍ വെച്ച് പ്രവേശിക്കല്‍ സുന്നത്താണ്. പിന്നീട് രണ്ട് റക്അത്ത് ‘തഹിയ്യത്തുല്‍ മസ്ജിദ്’ നിര്‍വ്വഹിക്കണം. തഹിയ്യത്തുല്‍ മസ്ജിദ് പള്ളിയില്‍ എവിടെ വെച്ചും നമസ്കരിക്കാം.
റൗളയില്‍ വെച്ചുള്ള നമസ്കാരത്തിന് പ്രത്യേകം പുണ്യമുണ്ട്. നബി (സ) യുടെ വീടിന്റെയും മിമ്പറിന്റെയും ഇടക്കുള്ള സ്ഥലമാണ് റൗള. നബി (സ) പറയാറുണ്ടായിരുന്നു. ‘എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടക്കുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍പെട്ട ഒരു തോപ്പാണ്.’
പുണ്യകരമായ ഒരു കാര്യമാണ് നബി (സ) യുടെയും അബൂബക്കര്‍ സിദ്ധീഖ് (റ) വിന്റെയും ഉമര്‍ ഫാറൂഖ് (റ) വിന്റെയും ഖബര്‍ സന്ദര്‍ശനം. മസ്ജിദുന്നബവിയോട് ചേര്‍ന്നുള്ള ആയിശ (റ) വീട്ടിലാണ് അവരുടെ ഖബറുകള്‍ സ്ഥിതി ചെയ്യുന്നത്. നബി (സ) യുടെ ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ സലാം പറയേണ്ടതാണ്. ‘അസ്സലാമു അലൈകും യാ റസൂലല്ലാഹി വ റഹ് മതുഹു വ ബറകാതുഹു’ എന്നാണ് സലാം ചൊല്ലുമ്പോള്‍ പറയേണ്ടത്. അതിന്റെ കൂടെ നബി (സ) യുടെ വിശേഷണങ്ങള്‍ ഉള്പ്പെടുത്ത്ി താഴെ പറയുന്ന കാര്യങ്ങള്‍ പറയുന്നതിനും വിരോധമില്ല. ‘അസ്സലാമു അലൈകും യാ നബിയ്യല്ലാഹി, അസ്സലാമു അലൈകും ഖൈറതല്ലാഹി ഫീ ഖല്‍ഖിഹി, അസ്സലാമു അലൈകും യാ സയ്യിദില്‍ മുര്‍സലീന്‍ വ ഇമാമുല്‍ മുത്തഖീന്‍ അശ്ഹദു അന്നക ഖദ് ബലഗ്ത രിസാലത വ അദ്ദൈതല് അമാനത വ നസഹ്തല് ഉമ്മത വ ജാഹദ്ത ഫില്ലാഹി ഹഖ്ഖ ജിഹാദിഹി’ ( അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ക്ക് സലാം, അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠരേ, നിങ്ങള്‍ക്ക് സലാം, പ്രവാചകന്മാരുടെയും ഭക്തന്മാരുടെയും നേതാവേ, നിങ്ങള്‍ക്ക് സലാം, താങ്കള്‍ സന്ദേശം എത്തിക്കുകയും ബാധ്യത നിര്‍വ്വഹിക്കുകയും സമുദായത്തെ ഉപദേശിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുറപ്രകാരം സമരം നടത്തുകയും ചെയ്തിരിക്കുന്നുവെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
നബി (സ) ക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും ഉത്തമമാണ്. അനന്തരം അല്പം വലത്തോട്ട് മാറിനിന്ന്കൊണ്ട് അബൂബക്കര്‍ സിദ്ദീഖ് (റ) ന്നും ഉമറുല്‍ ഫാറൂഖ് (റ) വിനും സലാം പറയേണ്ടതാണ്. ചില ആളുകള്‍ നബി (സ) യുടെ ഖബ്റിനരികെ ദീര്‍ഘനേരം നില്‍ക്കുകയും ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. അത് ശരിയല്ല. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) സന്ദര്‍ശനം നടത്തുമ്പോള്‍ ‘അസ്സലാമു അലൈക യൈ റസൂലല്ലാഹി, അസ്സലാമു അലൈക യാ അബാ ബക്കര്‍, അസ്സലാമു അലൈക യാ അബ്താഹു’ (അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് സലാം! അബൂബക്കറേ, താങ്കള്‍ക്ക് സലാം! എന്റെ പിതാവേ താങ്കള്‍ക്ക് സലാം) എന്നു പറഞ്ഞു കൊണ്ട് പിരിഞ്ഞു പോകാറായിരുന്നു പതിവെന്ന് ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സന്ദര്‍ശനം സുന്നത്തായ ഒരു സ്ഥലമാണ് ഖുബായിലെ പള്ളി. നബി (സ) മക്കയില്‍ നിന്ന്് മദീനയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ ആദ്യം നാലുദിവസം ഇറങ്ങിത്താമസിച്ചത് ഖുബായിലായിരുന്നു. അതിനിടയില്‍ അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയുണ്ടായി. അതാണ് മസ്ജിദു ഖുബാ. ‘തഖ്വയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളി’ എന്ന് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച്ചകളില്‍ നബി (സ) മസ്ജിദു ഖുബാ സന്ദര്ശിക്കുകുയും അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.
മദീനയില്‍ സന്ദര്‍ശനം സുന്നത്തായ മറ്റു സ്ഥലങ്ങളാണ് ‘ജന്നത്തുല്‍ ബഖീഉം’ ഉഹ്ദിലെ രക്തസാക്ഷികളുടെ ഖബ്റിടവും.
മസ്ജിദുന്നബവിയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖബ്റിസ്ഥാനാണ് ജന്നത്തുല്‍ ബഖീഅ്. ഖദീജ (റ) ഒഴികെയുള്ള പ്രവാചക പത്നിമാരുടെയും, നബി (സ) യുടെ മക്കളുടെയും മൂന്നാം ഖലീഫ ഉസ്മാന് (റ) വിന്റെയും മിക്ക സ്വഹാബികളുടെയും ഖബറുകള്‍ അവിടെയാണുള്ളത്.
മദീനയുടെ വടക്കുഭാഗത്തുള്ള ഉഹുദ് മലയുടെ താഴെയാണ് ഉഹ്ദിലെ രക്തസാക്ഷികളുടെ ഖബ്റുകള്‍. സയ്യിദു ശുഹദാ ഹംസ (റ) അടക്കം എഴുപതോളം സഹാബിമാര്‍ അവിടെ ഖബ്റടക്കം ചെയ്യപ്പെട്ടിട്ടിണ്ട്. ഖബ്റില്‍ മറവു ചെയ്യപ്പെട്ടവര്‍ക്ക് സലാം പറയുകയും അവര്‍ക്കും അവരെ സന്ദര്‍ശിക്കുന്നവര്‍ക്കും വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ് ഖബ്ര്‍ സിയാറത്തിന്റെ രൂപം. ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ‘അസ്സലാമു അലൈക്കും അഹ്ല ദ്ദിയാരി മിനല്‍ മുഅ്മിനീന വ മുസ് ലിമീന്‍ വഇന്നാ ഇന്ശഅല്ലാഹു ബികും ലാഹിഖൂന്‍, നസ്അലുല്ലാഹ ലനാ വലകുമുല്‍ ആഫിയ’ (മുഅ്മിനുകളും മുസ്് ലിംകളുമായ ഈ വീടുകളില്‍ കഴിയുന്നവരേ, നിങ്ങള്‍ക്ക് രക്ഷയുണ്ടാവട്ടെ, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യത്തിനു വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നു) എന്നു പറയാന്‍ നബി (സ) സ്വഹാബിമാരെ പഠിപ്പിച്ചിരുന്നു.
നബി (സ) ഒരിക്കല്‍ മദീനയിലെ ഖബ്റിടങ്ങളിലൂടെ നടന്നു പോകുമ്പോള്‍ അവക്കു നേരെ തിരിഞ്ഞുകൊണ്ട് ‘അസ്സലാമു അലൈകും യാ അഹ്ലല്‍ ഖുബൂറി യഗ്ഫിറുല്ലാഹു ലനാ വലകും അന്തും സലഫുനാ വനഹ്നു ബില്‍ അസര്‍’ (ഖബറിലുള്ളവരേ, നിങ്ങള്‍ക്ക് രക്ഷയുണ്ടാവട്ടെ, അല്ലാഹു ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊറുത്തു തരുമാറാകട്ടെ, നിങ്ങള്‍ ഞങ്ങള്‍ക്കു മുമ്പേ പോയവരാണ്. ഞങ്ങള്‍ പിന്നില്‍ വരുന്നുണ്ട്) എന്നു പറഞ്ഞതായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വില്‍ നിന്ന് ഇമാം തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് പരലോക സ്മരണ ഉണ്ടാക്കുക എന്നതാണ് ഖബ്ര്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നബി (സ) പറയുകയുണ്ടായി. ‘ഞാന്‍ നിങ്ങളോട് മുമ്പ് ഖബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. എന്നാല്‍ ഇനി നിങ്ങള്‍ ഖബ്ര്‍ സന്ദര്‍ശിക്കുക. കാരണം, അത് നിങ്ങളില്‍ പരലോകസ്മരണ ഉത്ഭൂതമാക്കുന്നതാണ്’.
Add Comment