Questions & Answers

ഇതാണ് മക്ക ! ഇതാണ് കഅ്ബ !

ലോകത്തേറ്റവും അറിയപ്പെട്ട, നാനാ ഭാഗത്തുനിന്ന് ജനലക്ഷങ്ങള്‍ സ്ഥലകാല ഭേദമില്ലാതെ ലക്ഷ്യം വെക്കുന്ന മക്കയാണിത്. ഖുറൈശികള്‍ താമസിക്കുകയും തങ്ങളുടെ കയ്യില്‍ കഅ്ബാലയത്തിന്റെ താക്കോലുകള്‍ ഉള്ളതിന്റെ പേരില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്ന മക്കയാണിത്.
ഉസ്താദ് അഹ്മദ് അമീന്‍ എഴുതുന്നു. ‘മുഹമ്മദ്(സ) ജനിച്ചത് ഈ മക്കയിലെ ഒരു വീട്ടിലായിരുന്നു. അവിടത്തെ ജനതയാണ് അദ്ദേഹത്തെ വളര്‍ത്തുകയും താലോലിക്കുകയും ചെയ്തത്. അവിടത്തെ നിരത്തുകളിലും അങ്ങാടികളിലുമാണ് അദ്ദേഹം തന്റെ യുവത്വവും, മധ്യവയസും ചെലവഴിച്ചത്. അതിന്റെ ഓരത്താണ് ഹിറാ ഗുഹയുള്ളത്.

നബിതിരുമേനി(സ) ആരാധനകള്‍ അനുഷ്ഠിച്ച് ഭജനമിരുന്നതും, ആദ്യമായി ദിവ്യബോധനം അവതരിച്ചതും അവിടെയായിരുന്നു.
പതിമൂന്നുവര്‍ഷം തുടര്‍ച്ചയായി ദിവ്യസന്ദേശത്തിന് സാക്ഷിയായ നാടാണ് മക്ക. അവിടെയിറങ്ങിയ അധ്യായങ്ങള്‍ക്ക് മക്കീ സൂറകളെന്ന വിശേഷണമാണ് ലഭിച്ചത്. വിഗ്രഹങ്ങളെ ഉപേക്ഷിച്ച് അല്ലാഹുവിനുമാത്രം ഇബാദത്തുചെയ്യണമെന്നതായിരുന്നു അവയിലെ സന്ദേശം.

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യകാല സംഭവവികാസങ്ങള്‍ക്ക് മക്കയാണ് സാക്ഷി. തിരുമേനി(സ) തന്റെ ജനതയെ വിളിക്കുകയും അവര്‍ മുഖം തിരിച്ചുകളയുകയും ചെയ്തു. അദ്ദേഹം ദൈവികമാര്‍ഗത്തില്‍ കഠിനാധ്വാനം നടത്തുകയും, അവരുടെ പീഡനങ്ങളിലും ഉപദ്രവങ്ങളിലും ക്ഷമ കൈക്കൊള്ളുകയും ചെയ്തു. വളരെ കുറച്ചാളുകള്‍മാത്രം അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അതിനെത്തുടര്‍ന്ന് പ്രയാസങ്ങളും വേദനകളും അനുഭവിക്കേണ്ടി വരികയും ചെയ്തു.
മഖ്‌സൂം ഗോത്രക്കാരനായിരുന്ന അര്‍ഖമിന്റെ വീട് ഈ മക്കയിലായിരുന്നു ഉണ്ടായിരുന്നത്. അവിടെയായിരുന്നു തിരുമേനിയും വിരലിലെണ്ണാവുന്ന തന്റെ അനുയായി വൃന്ദവും ഒരുമിച്ചുകൂടിയിരുന്നത്. ഉമര്‍(റ) ഇസ്‌ലാം സ്വീകരിക്കുന്നതുവരെ അവരവിടെ രഹസ്യമായി പ്രാര്‍ത്ഥനകളിലേര്‍പെട്ടു. ശേഷം തിരുമേനി(സ)യും അനുയായികളും തങ്ങളുടെ പ്രബോധനം പരസ്യമാക്കി.
ഈ മക്കയില്‍ നിന്നാണ് പീഡനങ്ങള്‍ സഹിക്കവയ്യാതെ തിരുമേനി(സ)യും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം വിജയശ്രീലാളിതനായി കിരീടമണിഞ്ഞ് മടങ്ങിവന്നതും ഇതേ മക്കയിലേക്ക് തന്നെയായിരുന്നു. ‘അല്ലാഹുവിന്റെ സഹായവും, വിജയവും വന്നുകിട്ടുകയും, ജനങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി നീ കാണുകയും ചെയ്താല്‍ നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പാശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു’. (അന്നസ്ര്‍)
ഇബ്‌റാഹീമിന്റെ കാലം മുതല്‍ ജനങ്ങള്‍ ലക്ഷ്യം വെക്കുന്ന കേന്ദ്രമാണ് ഈ മക്ക. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള മുസ്‌ലിംകള്‍ സമ്മേളിച്ച് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുന്നത് ഇവിടെ വെച്ചാണ്.
പര്‍വതനിരകള്‍ക്കിടയില്‍ ഉള്‍ച്ചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശത്തേക്കാണ് ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്നത്. ഈ പര്‍വത നിരക്ക് താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു.

ഈ മഹത്തായ സ്മരണകള്‍ ഹൃദയത്തില്‍ നിറയുകയും മനം കുളിരുകയും ചെയ്യുന്ന വേളയാണ് ഹജ്ജുകാലം. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇഹ്‌റാം വസ്ത്രത്തില്‍ മതബോധം നിറഞ്ഞ മുഖവുമായി, തല്‍ബിയത്ത് ഉരുവിട്ട് ഹറമില്‍ സമ്മേളിക്കുന്നു. വിവിധ നിറങ്ങളും ഭാഷകളും സമ്പ്രദായങ്ങളും ഉള്ളവര്‍. പക്ഷേ മതപരമായ കര്‍മം അവരെ ഐക്യപ്പെടുത്തിയിരിക്കുന്നു. ആദര്‍ശം അവരെ തോളുരുമ്മിനിര്‍ത്തിയിരിക്കുന്നു. എല്ലാവരും ഏകനായ അല്ലാഹുവിന് വണങ്ങുന്നവര്‍, പരസ്പരം സാഹോദര്യം കാത്തുസൂക്ഷിക്കുന്നവര്‍!
സ്‌നേഹവും, ദയയും സമത്വവും സാഹോദര്യവുമാണ് അവിടെ പ്രകടമാവുന്നത്. ഹൃദയംവഴിഞ്ഞൊഴുകുന്ന കാരുണ്യം പ്രസരിപ്പിക്കുന്ന മഹത്തായ വേളയാണ് അത്.
മക്കയ്ക്ക് നടുവിലായി ഹറമിനെ അതിന്റെ മിനാരങ്ങളും പ്രഭയുമായി കാണാവുന്നതാണ്.
ഇതാണ് കഅ്ബ. അതിനെ കാണുന്നവരുടെ ഹൃദയം തുടിക്കുകയും കണ്ണുകള്‍ സജലങ്ങളാകുകയും ചെയ്യുന്നു. അതിലേക്ക് അത്യാവേശത്തോടെ നടന്നടുക്കുകയും ഹൃദയത്തില്‍ ഭക്തിയും ഭയവും നിറയുകയും ചെയ്യുന്നു. ചരിത്രത്തിലെ മഹത്തായ സംഭവങ്ങള്‍ അവന്റെ മനസ്സിലേക്ക് കടന്നുവരുന്നു.
ജനങ്ങള്‍ക്ക് പ്രതിഫലവും നിര്‍ഭയവുമായി അല്ലാഹു ഒരുക്കിയത് ഈ കഅ്ബാലയത്തെ വലയംചെയ്തിരിക്കുന്ന പ്രദേശങ്ങളാണ്. ഹൃദയത്തെ ശുദ്ധീകരിക്കാനും, അവക്ക് ഉല്ലാസം നല്‍കാനും വിശ്വാസി വന്നണയുന്ന അനുഗൃഹീതഭൂമികൂടിയാണത്.