Articles Dua's

ഹജ്ജിലെ പ്രാര്‍ത്ഥനകള്‍

വിശ്വാസിയായ അടിമ തന്റെ നാഥന്റെ പ്രീതി തേടി പ്രവാചകന്മാരുടെ മുഗ്ധ സ്മരണകളുയര്‍ത്തുന്ന പുണ്യഭൂമിയിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുകയും സ്വേഛയുടെയും അഹംബോധത്തിന്റെയും മൂടുപടം ഉരിഞ്ഞെറിഞ്ഞ് ലോകാധിനാഥന്റെ മുന്നില്‍ സര്‍വം സമര്‍പ്പിക്കുകയും ചെയ്യുന്ന കര്‍മ്മമാണല്ലോ ഹജ്ജ്. ബഹളമയമായ ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മുക്തി നേടി മനം നിറയെ രക്ഷിതാവിന്റെ സ്‌തോത്രവുമായി മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകന് പാപങ്ങളഖിലം കഴുകി കളയാനുള്ള അസുലഭ സന്ദര്‍ഭമാണ് ലഭിക്കുന്നത്. ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനയും ഭക്തി സാന്ദ്രമായ ആരാധനാ കര്‍മ്മങ്ങളുമാണ് അവന്റെ പാഥേയം. പശ്ചാത്താപബോധത്താല്‍ തപിച്ചുരുകുന്ന മനസ്സിന്റെ പ്രാര്‍ത്ഥനകള്‍ പാപങ്ങളെ ബാഷ്പീകരിക്കുകയും ഒരു നവജാത ശിശുവിനെ പോലെ തീര്‍ത്ഥാടകനെ കളങ്കമറ്റവനാക്കി മാറ്റുകയും ചെയ്യും.

അതുകൊണ്ടാണ് ഹജജ് യാത്രയിലുടനീളം പ്രാര്‍ത്ഥനക്ക് പ്രസക്തി കൂടുന്നത്.
അടിമയുടെ മനസ്സിന്റെ അഗാധതലങ്ങളില്‍ നിന്ന് അത്യുന്നതിയില്‍ വാഴുന്ന സൃഷ്ടികര്‍ത്താവിന്റെ സവിധത്തിലേക്ക് ഉയരുന്ന പ്രാര്‍ത്ഥനകള്‍ക്ക് അതിരും അതിര്‍ത്തിയുമില്ല. ആശകള്‍, അഭിലാഷങ്ങള്‍, സങ്കടങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍, സ്‌തോത്രങ്ങള്‍-എല്ലാം അതുല്‍ക്കൊള്ളുന്നു. ഇന്നതേ പറയാവൂ, ഇന്നതേ പ്രാര്‍ത്ഥിക്കാവൂ എന്നില്ല. ഹജ്ജിന്റെ ദീര്‍ഘമായ കര്‍മ്മങ്ങള്‍ക്കി
ടയില്‍ നബി തിരുമേനിയുടെ പ്രാര്‍ത്ഥനകളായി സ്ഥിരപ്പെട്ടുവന്നവ തുലോം വിരളമാണ്. അത്തരം പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ടെന്നത് ശരിതന്നെ. പക്ഷെ, പ്രാര്‍ത്ഥനകളെല്ലാം അവയിലൊതുക്കണമെന്നോ മറ്റൊന്നും പ്രാര്‍ത്ഥിക്കരുതെന്നോ അതിന്നര്‍ത്ഥമില്ല. തീര്‍ത്ഥാടകന് ഉചിതമായി തോന്നുന്നതെല്ലാം പ്രാര്‍ത്ഥിക്കാം. നബി (സ) യില്‍ നിന്ന് സ്വീകാര്യമായ രീതിയില്‍ തെളിഞ്ഞ് വന്ന ചില പ്രാര്‍ത്ഥനകളാണ് ചുവടെ. എന്നാല്‍ ഹജ്ജിന്റെ ഓരോ സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കപ്പെടേണ്ടവ എന്ന രൂപത്തില്‍ കൃത്രിമമായ ധാരാളം ‘ദുആകള്‍’ പ്രചാരത്തിലുണ്ട്. ഓരോരുത്തരുടെ ഭാവനാ വിലാസം എന്നല്ലാതെ അവക്കൊന്നും യാതൊരു പവിത്രതയുമില്ല. അവ മനഃപാഠമാക്കാനും ഉരുവിട്ടു പഠിക്കാനും ഹാജിമാര്‍ സമയം പാഴാക്കേണ്ടതുമില്ല. നബി തിരുമേനിയില്‍ നിന്ന് സ്ഥിരപ്പെട്ടുവന്ന പ്രാര്‍ത്ഥനകള്‍ക്കേ സവിശേഷതയുള്ളൂ. അവ കഴിഞ്ഞാല്‍ പിന്നെ പുസ്തകങ്ങളില്‍ അച്ചടിച്ചുവരുന്ന പ്രാര്‍ത്ഥനകളേക്കാള്‍ പ്രാധാനം സ്വന്തം മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥനകളാണ്.