
1947, ആഗസ്‌റ് 15 ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും അനുസ്മരിക്കപ്പെടുന്ന സുദിനമാണ്. അന്നാണല്ലോ നമ്മുടെ നാട് സ്വാതന്ത്യ്രം പ്രാപിച്ചത്. 1948 ആഗസ്‌ററ്, എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിവസമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റാന്‍ വേണ്ടി നാട്ടില്‍ നിന്ന് യാത്ര തിരിച്ച ദിവസമായിരുന്നു അത്. പരിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ എനിക്ക് അവസരവും കഴിവും ഉതവിയും നല്‍കിയ അല്ലാഹുവിനെ ഞാന്‍ എന്നും സ്തുതിക്കുന്നു. അന്നെനിക്ക് 25 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
ഈരാറ്റുപേട്ടയില്‍ നിന്ന് ഒമ്പതുപേരടങ്ങുന്ന ഒരു സംഘത്തിലൊരാളായിരുന്നു ഞാന്‍. അന്ന് ബോംബയില്‍ നിന്നും കപ്പല്‍ വഴി ഹജ്ജിനു പോകുന്ന രീതിയായിരുന്നു. എറണാകുളത്ത് നിന്നും ബോംബെ വരെ ട്രെയിനിലായിരുന്നു യാത്ര. ബോബെയിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചെന്ന് പേര്‍ രജിസ്‌റര്‍ ചെയുകയും യാത്രക്കാവശ്യമായ മറ്റ് ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. കുത്തിവെപ്പും മറ്റും അവിടന്നാണ് നിര്‍വഹിച്ചത്….. ഇന്നത്തെ അപേക്ഷിച്ച് അന്ന് ഹജ്ജ് യാത്രക്കാര്‍ കുറവായിരുന്നു. ആഗസ്‌റ് 30-ാം തീയ്യതി ഞങ്ങള്‍ പുണ്യ ഭൂമി ലക്ഷ്യമാക്കി കപ്പല്‍ കയറി. അത് വരെയുള്ള 15 ദിവസം ബോംബെയിലെ മുസാഫിര്‍ഖാനയില്‍ താമസിച്ചു. യാത്രാസംബന്ധമായ രേഖകളും കാര്യങ്ങളും ശരിയാക്കുന്നതിനും മറ്റുമായിരുന്നു ഈ കാലം ചെലവഴിച്ചത്. എസ്.എസ് ജലദുര്‍ഗ്ഗ എന്നായിരുന്നു കപ്പലിന്റെ പേര്. 200 മലയാളികളടക്കം കപ്പലില്‍ ഏതാണ്ട് 700 ഹജ്ജ് യാത്രക്കാരുണ്ടായിരുന്നു. ഹാജി ഇ.കെ. കൊച്ചുമരക്കാറായിരുന്നു ഞങ്ങളുടെ യാത്ര അമീര്‍. ബോംബേയില്‍ നിന്നും പന്ത്രണ്ടുദിവസം കൊണ്ട് ഞങ്ങള്‍ ജിദ്ദയിലെത്തി. ഏദന്‍ തുറമുഖത്ത് ഇടക്ക് കപ്പല്‍ തങ്ങിയിരുന്നു. നേരെ ഞങ്ങള്‍ മക്കയിലേക്കാണ് പോയത്. അവിടെചെന്ന് ആദ്യമായി ഉംറ നിര്‍വഹിച്ചു. തുടര്‍ന്ന് മദീനയിലേക്ക് റൌദ സന്ദര്‍ശനാര്‍ത്ഥം പോയി.
ജീവിതത്തിലാദ്യമായി പുണ്യഭൂമിയില്‍ കാലുകുത്തിയപ്പോള്‍ പരിശുദ്ധ ദൈവിക ഭവനം (കഅ്ബ) ദൃഷ്ടിയില്‍പെട്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ കണ്ണില്‍ ബാഷ്പകണങ്ങള്‍ നിറഞ്ഞു. ഭക്തിനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍. സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ ഭൂമിയിലെ ആദ്യത്തെ ദൈവിക ഭവനത്തിന്റെ തിരുമുറ്റത്ത് ഒത്തുചേര്‍ന്ന അവാജ്യമായ അനര്‍ഘനിമിഷങ്ങള്‍ എന്നേ അവയെപ്പറ്റി അയവിറക്കാന്‍ കഴിയൂ. കഅ്ബ തുറന്നുകണ്ടു. പക്ഷേ കയറാന്‍ കഴിഞ്ഞില്ല. കഅ്ബക്ക് ചുറ്റുമുള്ള മസ്്ജിദുല്‍ ഹറമിന്ന് അന്ന് രണ്ട് നില ബില്‍ഡിംഗ് പണിതിട്ടായിരുന്നു. മഖാമു ഇബ്‌റാഹീം ഇരുമ്പ് വലക്കുള്ളിലായിരുന്നു. സംസം കിണറിലെ വെള്ളം കാണാമായിരുന്നു. സാധാരണ നമ്മുടെ നാട്ടില്‍ കാണാറുള്ള കിണര്‍പോലെ വെള്ളം കോരാന്‍ കപ്പിയും കയറും ഇട്ടിരിക്കുന്നു.
ഇന്നത്തെപ്പോലെ പരിഷ്‌കരണവികസന പ്രവര്‍ത്തനങ്ങള്‍ അന്ന് നടന്നിട്ടില്ലായിരുന്നു. സഅ്‌യ് നടത്തുന്ന സ്വഫ മര്‍വാ മലകള്‍ക്കിടയിലുള്ള പാതയില്‍ ചിലയിടത്ത് കല്ലുകള്‍ പാകിയിട്ടുണ്ടായിരുന്നു.
വിശാലമായ അറഫാ മൈതാനിയില്‍ നിരവധി ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. ഞങ്ങളുടെ ടെന്റില്‍ ഇരുപത് പേര്‍ക്ക് കഴിയാന്‍ സൗകര്യമുണ്ടായിരുന്നു. അറഫയില്‍ വെച്ച് ഞങ്ങള്‍ വെള്ളം വിലകൊടുത്ത് വാങ്ങി. വിവിധ നാടുകളില്‍ നിന്നും വന്നവരുമായി പരിചയപ്പെടുവാന്‍ സാധിച്ചു. കൂടുതല്‍ ആശയവിനിമയത്തിന് ഭാഷ തടസം നിന്നു. മിനായിലും മുസ്ദലിഫയിലും താമസം. ത്വവാഫുല്‍ ഇഫാദ ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞ് ഞങ്ങള്‍ ജിദ്ദയിലെത്തി. ഏതാനും ദിവസം കഴിഞ്ഞശേഷം കപ്പലില്‍ തന്നെ ബോബെയിലേക്ക് മടങ്ങി. ബോംബെയില്‍ നിന്നും നാട്ടിലേക്കും. ഒരു പുരുഷായുസ്സ് ധന്യമായിതീര്‍ന്നതിന്റെ സായുജ്യം. തുടര്‍ജീവിതത്തില്‍ ഇരുപത്തഞ്ചാം വയസില്‍ ചെയ്ത ഹജ്ജ് ഒരു വഴിതിരിവുതന്നെയായിരുന്നു. തെറ്റായ മാര്‍ഗത്തില്‍ നിന്നും ചിന്തയില്‍ നിന്നും അബദ്ധ കര്‍മങ്ങളില്‍ നിന്നും ശരീരത്തെയും മനസിനെയും സംസ്‌കരിച്ചുനിര്‍ത്താന്‍ പരമാവധി കഴിഞ്ഞു. അതാണ് എന്റെ ജീവിതത്തില്‍ ഹജ്ജ് ചെലുത്തിയ വലിയ വിപ്‌ളവം.
ഹജ്ജ് യാത്രയിലൂടെ സൗഹൃദം സ്ഥാപിച്ച ചിലരെ ഞങ്ങള്‍ പിന്നീട് സന്ദര്‍ശിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. വളരെ ഊഷ്്മളമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ നട്ടുവളര്‍ത്താനും പുതിയ സൗഹൃദ ബന്ധം സൃഷ്ടിക്കാനും ഹജ്ജ് യാത്ര അവസരമേകി.
ഞങ്ങള്‍ രണ്ട് പേര്‍ക്ക് (ഞാനും എന്റെ ഉമ്മയുടെ ഉമ്മയും) അയ്യായിരം രൂപ കരുതിയിരുന്നു. തിരികെ വീട്ടിലെത്തിയെപ്പോള്‍ ബാക്കി അഞ്ഞൂറ് രൂപയുണ്ടായിരുന്നു.
മക്കയിലെയും മദീനയിലേയും ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ ചിലത് ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സൗര്‍ ഗുഹയില്‍ പോയി. അടയാളത്തിന് മലയില്‍ തൂണുകള്‍ നാട്ടിയിരുന്നു. ഗുഹക്ക് ചുറ്റും പ്രാവുകളുടെ കൂട്ടത്തെ കണ്ടു. ഞാന്‍ ഗുഹയില്‍ കയറി. ജബല്‍ അബീഖുബൈസ് കണ്ടു.
ചരിത്ര പ്രസിദ്ധമായ ഉഹ്ദ് യുദ്ധരംഗം, ഹംസാ (റ)വിന്റെ ഖബര്‍, മസ്ജിദുല്‍ ഖിബ്‌ലത്തൈനി, ജിദ്ദയിലെ ഹവ്വാ ബീവിയുടെ മഖ്ബറ എന്നിവയില്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ബഖീഇല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളെ കടത്തിവിട്ടില്ല. ഈ സ്ഥലങ്ങളെല്ലാം കണ്ടപ്പോള്‍ പുണ്യ പ്രവാചകന്റെയും സഹാബികളുടെയും ത്യാഗനിര്‍ഭരമായ ജീവിതാനുഭവങ്ങള്‍ എന്റെ മനസില്‍ എന്തെന്നില്ലാത്ത അനുരണങ്ങള്‍ സൃഷ്ടിച്ചു.
അവലംബം: യുവസരണി ഹജ്ജ് സപ്‌ളിമെന്റ്
Add Comment