Dua's

ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍

ഹജ്ജിന് പോകുന്നവര്‍ നിശ്ചിത പ്രദേശങ്ങളില്‍ (മീഖാത്തുകള്‍) എത്തിക്കഴിഞ്ഞാല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നു. പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞ് ഖിബ് ലയുടെ നേരെ തിരിഞ്ഞ് ‘ഉംറ’ ക്കു വേണ്ടിയോ ഹജ്ജിനു വേണ്ടിയോ ഇഹ് റാം കെട്ടുമ്പോള്‍
‘ലബൈക്കല്ലാഹുമ്മ ഉംറത്തന്‍’ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ ഉംറയുടെ ഇഹ്‌റാം ചെയ്ത് വന്നിരിക്കുന്നു.) എന്നോ (ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ഞാനിതാ എത്തിയിരിക്കുന്നു) എന്നോ സന്ദര്‍ഭാനുസൃതം പറയണം. അവിടം മുതല്‍ തുടര്‍ച്ചയായി ‘തല്‍ബിയത്ത്’  ചൊല്ലിക്കൊണ്ടിരിക്കണം. നബി (സ) താഴെ പറയുന്ന രീതിയിലായിരുന്നു തല്‍ബിയത്ത് ചൊല്ലിയിരുന്നത്.
‘ലബ്ബൈക്കല്ലാഹുമ്മ, ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക്ക്
ഇന്നല്‍ ഹംദ, വന്നിഅ്മത ലക്ക വല്‍ മുല്‍ക ലാശരീകലക്’
(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നിനക്കൊരു പങ്കുകാരനുമില്ല. ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. സര്‍വ്വ സ്തുതിയും നിനക്കാകുന്നു. എല്ലാ അനുഗ്രഹവും നിന്റേതാകുന്നു. എല്ലാ അധികാരവും നിനക്ക് മാത്രം. നിനക്കൊരു പങ്കുകാരനുമില്ല.) ഈ പ്രാര്‍ത്ഥന ഹാജിമാര്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടേയിരിക്കണം. വിശേഷിച്ചും ഉയര്‍ന്നതോ താഴ്ന്നതോ ആയ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍. ഇത് ഹജ്ജിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്.
മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോള്‍:
മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നവന്‍ വലതു കാല്‍ വെച്ചുകൊണ്ട് കടക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം.
‘ ബിസ്മില്ലാഹി വസ്വലാത്തു വസ്വലാമു അലാ റസൂലില്ലാഹ്, അഊദുബില്ലാഹില്‍ അളീം, വബിവജിഹിഹില്‍ കരീം, വസുല്‍ത്താനിഹില്‍ ഖദീം മിന ശൈത്താനി റജീം, അല്ലാഹുമ്മ ഇഫ്തഹ് ലീ അബുവാബ റഹ്്മത്തിക്ക’ ( അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അല്ലാഹുവിന്റെ ദൂതര്‍ക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ, ശപിക്കപ്പെട്ട പിശാചില്‍ നിന്ന്, മഹാനായ അല്ലാഹുവിലും ആദരണീയമായ അവന്റെ മുഖത്തിലും അനാദിയായ അവന്റെ ആധിപത്യത്തിലും ഞാന്‍ അപയം തേടുന്നു. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് തുറന്ന് തന്നാലും.
പിന്നീട് കഅ്ബ ദൃഷ്ടിയില്‍ പെട്ടാല്‍ ഇങ്ങനെ ചൊല്ലുക:
‘ അല്ലാഹുമ്മ സിദ് ഹാദല്‍ ബയ്ത്ത തഷ്‌രീഫന്‍ വ തഅഌമന്‍ വ തക്‌രീമന്‍ വമഹാബത്തന്‍ വസിദ് മന്‍ഷറ്‌റഫഹു വകറ്‌റമഹു മിമ്മന്‍ ഹജ്ജഹു അവിഅ്തമറഹു തഷ്‌രീഫന്‍, വതക്‌രീമന്‍, വതഅഌമന്‍, വബിര്‍ റാ, അല്ലാഹുമ്മ അന്‍ത്ത സ്സലാം വമിന്‍ക്ക സ്സലാം, വഹയ്യിനാ റബ്ബനാ ബിസ്സലാം’ (അല്ലാഹുവേ, ഈ ഭവനത്തിന് ബഹുമതിയും മഹത്വവും ആദരവും ഗാംഭീര്യവും വര്‍ദ്ധിപ്പിക്കേണമേ. ഇവിടെ വന്ന് ഹജ്ജോ ഉംറയോ ചെയ്ത് ഇതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് നീ ബഹുമാനവും ആദരവും മഹത്വവും പുണ്യവും അതികരിപ്പിക്കേണമേ. അല്ലാഹുവേ നീയാണ് സമാധാനം, നിന്നില്‍ നിന്നാണ് സമാധാനം. അതിനാല്‍ സമാധാനം കൊണ്ട് നീ ഞങ്ങളെ സ്വാഗതം ചെയ്യേണമേ.)