
ഹജ്ജും ഉംറയും പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ത്തായാക്കുക.’ എന്ന ഖുര്‍ആന്റെ കല്‍പന മുസ്്‌ലിമായ മുഴുവന്‍ മനുഷ്യരോടുമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ) പറയുന്നു: ‘ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്ത്രീകള്‍ക്ക് ജിഹാദിന് ബാധ്യതയുണ്ടോ? തിരുമേനി പറഞ്ഞു: ബാധ്യതയുണ്ട്. പക്ഷേ, അതില്‍ യുദ്ധമില്ല. ഹജ്ജും ഉംറയുമാണത്.’- (അഹ്്മദ്)
മാര്‍ഗ്ഗം സാധ്യമായാല്‍ ഹജ്ജ് നിര്‍വ്വഹിക്കണമെന്നാണ് ഖുര്‍ആന്റെ ശാസന.
ഇതില്‍ ആരോഗ്യപരവും സാമ്പത്തികവുമായ ‘സാധ്യത’കള്‍ ഉള്‍പ്പെടുമെന്നും പറയേണ്ടതില്ല. കടം വാങ്ങിയോ ഭിക്ഷ യാചിച്ചോ ഹജ്ജ് നിര്‍വ്വഹിക്കേണ്ട കാര്യമില്ലാത്തതുപോലെ, അവധിയായ കടബാധ്യതയുള്ളപ്പോള്‍ അത് മാറ്റിവെച്ച് ഹജ്ജിനു മുന്‍ഗണന കല്‍പിക്കാനും ശാസനയില്ലെന്നു സാരം. കടം വീട്ടുന്നതിന് ആവശ്യമായ സമ്പത്തോ വരുമാനമാര്‍ഗ്ഗങ്ങളോ അവന്റെ ഉടമയിലുണ്ടെങ്കില്‍ അത് വീട്ടാന്‍ ശേഷക്കാരെ ഏര്‍പ്പാടു ചെയ്താലും മതിയാവുന്നതാണ്.
മാര്‍ഗ്ഗം സുരക്ഷിതമല്ലാതിരുന്നാല്‍ ‘സുസാധ്യ’മെന്നു പറയാവുന്ന (ഇസ്തിത്വാഅത്ത്) ഉണ്ടാവുകയില്ലെന്ന് വ്യക്തം. എന്നാല്‍ ഈ നിബന്ധന ബാധകമാവുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെയല്ല. പുരുഷന്റെ സുരക്ഷിതാവസ്ഥയില്‍ സ്ത്രീ സുരക്ഷിതയായിക്കൊള്ളണമെന്നില്ലല്ലോ. മാത്രമല്ല, ബുഖാരിയും മുസ്്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഭര്‍ത്താവിന്റെയോ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെയോ കൂടെയല്ലാതെ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്ന് തിരുമേനി വിലക്കുകയും ചെയ്തിരിക്കുന്നു.
ഈ ഹദീസിന്റെ കൂടി വെളിച്ചത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വത്തിന്റെ പരിധി ഏതാണ്? നിശ്ചിതമായ വല്ല നിബന്ധനകളും അതിനു കല്‍പിക്കേണ്ടതുണ്ടോ? പ്രാചീനരും അപ്രാചീനരുമായ പണ്ഡിതന്മാര്‍ക്കിടിയില്‍ അഭിപ്രായഭേദങ്ങളുണ്ട്. വിവാഹം നിഷിദ്ധമായ പുരുഷനോ ഭര്‍ത്താവോ കൂടെയില്ലെങ്കില്‍ സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമില്ലെന്ന പക്ഷക്കാരാണ് ഹസന്‍, നഖഈ, ഇസ്ഹാഖ്, ഇബ്‌നു മുന്‍ദിര്‍, ഇബ്‌നുഹസന്‍ മുതലായവര്‍. ഇതില്‍ അഹ്്മദുബ്‌നുഹമ്പലിന്റെ അഭിപ്രായം വളരെ ആത്യന്തികമാണ്. നമസ്‌കാരത്തിനു ‘വുദു’ എന്നപോലെ, സ്ത്രീകളുടെ ഹജ്ജ് സാധുവാകുന്നതിന് അനിവാര്യമായ നിബന്ധകളിലൊന്നാണ് ഭര്‍ത്താവിന്റെയോ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെയോ സാമീപ്യമെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഉദ്ധൃത പണ്ഡിതന്മാരില്‍ മറ്റുള്ളവര്‍ ഹജ്ജിന്റെ സാധുതയായി അതിനെ ബന്ധപ്പിക്കുന്നില്ല. ഭര്‍ത്താവോ ബന്ധുക്കളോ ഇല്ലാതെ യാത്ര ചെയ്തതിന് അവള്‍ കുറ്റക്കാരിയാണെങ്കിലും ഹജ്ജ് അവരുടെ വീക്ഷണത്തില്‍ സാധുവാണ്.
ഈ കുറ്റവും അംഗീകരിക്കാത്ത വലിയ ഒരു വിഭാഗം പണ്ഡിതന്മാരുണ്ട്. ഔസാഇ, ശാഫിഈ, ഇബ്‌നുസീരീന്‍ എന്നിവര്‍ ആ ഗണത്തില്‍ പെടുന്നു. ഇമാം മാലിക്കിന്റെ വീക്ഷണത്തില്‍ ഒരു സംഘം സ്ത്രീകളുടെ അകമ്പടിയുണ്ടെങ്കില്‍ അവള്‍ക്കെവിടെയും യാത്ര ചെയ്യാം. അവലംബിക്കാവുന്ന ഒരു സ്ത്രീയുടെ കൂട്ടുണ്ടെങ്കിലും അവള്‍ക്ക് യാത്ര ചെയ്യാമെന്ന പക്ഷത്ത് നില്‍ക്കുന്നു ഇമാം ശാഫിഈ. ഇമാം ഔസാഇയാകട്ടെ ഒരടികൂടി മുന്നോട്ടുനീങ്ങി, നീതിമാന്മാരും വിശ്വസ്തരുമായ ഒരു സംഘം പുരുഷന്മാരുടെ കൂടെയാണെങ്കിലും അവള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാമെന്ന് അഭിപ്രായപ്പെടുന്നു. ഇബ്്‌നുസീരീന്‍ അവിടെയും നില്‍ക്കുന്നില്ല. വിശ്വസ്തനായ ഒരന്യപുരുഷന്റെ കൂടെയാണെങ്കിലും അവള്‍ക്ക് ഹജ്ജിനു പുറപ്പെടാമെന്നാണദ്ദേഹത്തിന്റെ പക്ഷം. (മുഗ്നി 3, 229)
‘മാര്‍ഗ്ഗം സുസാധ്യമായാല്‍ ദൈവിക ഭവനത്തിലേക്കുള്ള പുറപ്പാടു മനുഷ്യന്റെ ബാധ്യതയാണ്’
എന്ന ഖുര്‍ആന്‍ സൂക്തത്തിലെ (സുസാധ്യത) സംബന്ധിച്ച വ്യാഖ്യാനങ്ങളാണ് ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ആധാരം.
ഭര്‍ത്താവിന്റെയോ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെയോ കൂടെയല്ലാതെ സ്ത്രീ യാത്ര ചെയ്യരുതെന്ന് വിലക്കുന്ന ഹദീസിനെ, അതിന്റെ വ്യാഖ്യാനമായി സ്വീകരിച്ചവര്‍ അഹ്്മദുബ്‌നു ഹമ്പലിന്റെ കൂടെ ആദ്യപക്ഷത്ത് നില്‍ക്കുന്നു.
പ്രസ്തുത ഹദീസിന് നിയമത്തിന്റെ സ്വഭാവമില്ലെന്ന വാദക്കാരാണ് മറുപക്ഷം. സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ഒരു കേവല നിര്‍ദ്ദേശമാണതെന്നും ഏതെങ്കിലും വിധത്തില്‍ സുരക്ഷിതത്വമുണ്ടാവണമെന്നേ അതുകൊണ്ടുദ്ദേശമുളളൂവെന്നും അവര്‍ വാദിക്കുന്നു. ഇതിന് അവരുടെ ഭാഗത്തുള്ള തെളിവുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. ഖുര്‍ആനില്‍ പറഞ്ഞ ‘സാധ്യത’കൊണ്ടുദ്ദേശിക്കുന്ന ‘പാഥേയവും വാഹനവും’മാണെന്ന് തിരുമേനി വിവരിച്ചിരിക്കുന്നു. അതിനാല്‍ പുരുഷന്മാരുടെ കാര്യത്തിലെന്നപോലെ സ്ത്രീകളുടെ കാര്യത്തിലും സുരക്ഷിതത്വവുമായി അതിനെ ബന്ധിപ്പിക്കുന്നത് ശരിയല്ല.
2. ഉമര്‍ ഖത്താബിന്റെ ഖിലാഫത്തില്‍ തിരുമേനിയുടെ പത്‌നിമാര്‍ ഹ്ജ്ജിനു ഒരുങ്ങിയപ്പോള്‍ അദ്ദേഹം അവരെ ഉസ്മാനുബ്‌നു അഫ്ഫാന്‍, അബ്്ദുര്‍റഹ്്മാനുബ്‌നു ഔഫ് എന്നിവരോടൊപ്പം യാത്രയാക്കിയ സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. സഹാബികളാരും ഇതിനെ എതിര്‍ത്തതായി കാണുന്നില്ല. സ്ത്രീകളുടെ യാത്ര സംബന്ധിച്ചുള്ള ഉപരിസൂചിത ഹദീസില്‍ നിയമത്തിന്റെ സ്വഭാവമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ ഇതിനെ വിമര്‍ശിക്കുമായിരുന്നു.
3. നബി (സ) പറഞ്ഞതായി അദിയ്യുബ്‌നു ഹാത്തിമില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ‘ഞാന്‍ നബി(സ)യോടൊപ്പമായിരിക്കെ ഒരാള്‍ വന്നു ദാരിദ്ര്യത്തെക്കുറിച്ചു അവിടത്തോടു ആവലാതി പറഞ്ഞു. പിന്നീട് മറ്റൊരാള്‍ വന്നു, മാര്‍ഗ്ഗമധ്യെയുണ്ടാവുന്ന കവര്‍ച്ചയെക്കുറിച്ച് പരാതിപ്പെട്ടു. അവിടന്നുചോദിച്ചു: അദിയ്, താങ്കള്‍ ‘ഹീറ’ കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല. പക്ഷേ, കേട്ടിട്ടുണ്ട്. അവിടന്നു പറഞ്ഞു: താങ്കള്‍ ദീര്‍ഘകാലം ജീവിക്കുകയാണെങ്കില്‍, മറയിലിരിക്കുന്ന തരുണി അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്ര ചെയ്ത് കഅ്ബയെ പ്രദക്ഷിണം വെക്കുന്നത് നിനക്ക് കാണാം! അദിയ്യ് പറയുകയാണ്: പിന്നീട് മറയിലിരിക്കുന്ന തരുണികള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്രചെയ്്ത് കഅ്ബയെ പ്രദക്ഷിണം വെക്കുന്നത് ഞാന്‍ കണ്ടു. അനുവദനീയമല്ലാത്ത ഒരു കാര്യം വരാനിരിക്കുന്ന ഒരു സന്തോഷവാര്‍ത്തയെന്ന നിലയില്‍ തിരുമേനി പ്രവചിക്കുകയില്ലല്ലോ. അതിനാല്‍, സുരക്ഷിതത്വമുണ്ടാവുമ്പോള്‍ സ്ത്രീക്ക് തുണയൊന്നുമില്ലെങ്കിലും ഒറ്റക്ക് യാത്രചെയ്യാമെന്ന് ഹദീസ് വ്യക്തമാക്കുന്നു. എന്നിരിക്കെ വിശ്വസ്തരായ മറ്റാളുകളുടെ കൂടെ, താരതമ്യേന കൂടുതല്‍ സുരക്ഷിതമായ നിലയില്‍ യാത്രചെയ്യാമെന്ന് അനുക്തസിദ്ധം.
ഇവ്വിഷയകമായി ആധുനിക പണ്ഡിതനായ ഡോ.യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുന്നത് ഗുണകരമായിരിക്കും. അദ്ദേഹം എഴുതുകയാണ്: ‘സ്ത്രീ, വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്രചെയ്യാന്‍ പാടില്ലെന്നത് ഇസ്്‌ലാമിക ശരീഅത്തിലെ സ്ഥിരപ്പെട്ട ഒരടിസ്ഥാനമാണ്. ചിലര്‍ തെറ്റിദ്ധരിക്കുന്നപോലെ സ്ത്രീകളെക്കുറിച്ചുള്ള മോശമായ സങ്കല്‍പമല്ല ഈ കല്‍പനക്കാധാരം. മറിച്ച് അവരുടെ സല്‍ക്കീര്‍ത്തിക്ക് ഭംഗം വരാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അവള്‍ക്ക് വിവാഹം നിഷിദ്ധമായ ഒരു ബന്ധുവിനെ കിട്ടതെ വരികയാണെങ്കില്‍ വിശ്വസ്തരായ പുരുഷന്മാരുടെയോ അവലംബിക്കാവുന്ന സ്ത്രീകളുടെയോ കൂടെ യാത്രചെയ്യാം. വഴി സുരക്ഷിതമാണെങ്കില്‍ തനിച്ചു യാത്ര ചെയ്യുന്നതിനും വിരോധമില്ല. പ്രത്യേകിച്ചും നമ്മുടെ ഇക്കാലത്ത്. പഴയപോലെ അപകടങ്ങള്‍ ചൂഴ്ന്നുനില്‍ക്കുന്ന യാത്രയല്ല ഇന്നുള്ളത്. മറിച്ച് കപ്പല്‍, വിമാനം, ബസ്സ് തുടങ്ങിയ യാത്രാമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ഒരുമിച്ചുള്ള യാത്രയാണ് ഇന്നത്തെ സമ്പ്രദായം.'(ഫതാവാ മുആസ്വിറഃ)
ഭര്‍ത്താവിന്റെ മരണം മൂലമോ വിവാഹമോചനം കാരണമായോ ‘ഇദ്ദ’ ആചരിക്കുന്ന സ്ത്രീകള്‍ ഹജ്ജിനുപുറപ്പെടാവതല്ല. എന്നാല്‍ വീട്ടില്‍നിന്നും വളരെ അകലെ വഴിയില്‍ വെച്ചു ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ഹജ്ജ് നിര്‍വഹിച്ചുമടങ്ങിയാല്‍ മതി. അവരെ സംബന്ധിച്ചേടത്തോളം അതാണ് ഏറെ സുരക്ഷിതം എന്ന നിലയിലാണിത്.
ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിന് സാങ്കേതികമായി ‘ഇഹ്്്്‌റാം’ എന്നു പറയുന്നു. ഇഹ്്‌റാമിനുമുമ്പ് പുരുഷന്‍മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ശരീര വസ്ത്രാദികള്‍ എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നത് സുന്നത്താണ്. പുഷ്പിണികളായ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ ശുദ്ധി സാധ്യമല്ലെങ്കിലും അവരും ശരീരഭാഗങ്ങള്‍ വൃത്തിയായി കുളിച്ചു സുഗന്ധങ്ങള്‍ പൂശി ഇഹ്്‌റാമില്‍ പ്രവേശിക്കുകയാണ് വേണ്ടത്. നമസ്‌കാരം നിഷിദ്ധമാണെങ്കിലും വളരെ ഉച്ചത്തിലല്ലാതെ ‘തല്‍ബിയ്യത്ത്’ ചൊല്ലുന്നതിന് അവര്‍ക്ക് വിരോധമൊന്നുമില്ല. എന്നാല്‍, ഹജ്ജ് കാലത്ത് ആര്‍ത്തവമുണ്ടാവാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ കഴിക്കുന്നതാണ് പല പ്രയാസങ്ങളും ഒഴിവാക്കാന്‍ ഏറെ ഉത്തമം.
ഇഹ്്‌റാമിലായിരിക്കെ സുഗന്ധമോ സുഗന്ധംപൂശിയ വസ്ത്രങ്ങളോ ഉപയോഗിക്കാവതല്ല. സ്ത്രീകള്‍ക്ക് വര്‍ണ്ണവസ്ത്രങ്ങള്‍ ധരിക്കാം. കയ്യുറയോ മുഖം മൂടിയോ പാടില്ല. ഷൂസും ആഭരണങ്ങളുമാവാം. എതിരെവരുന്ന പുരുഷന്‍മാരില്‍നിന്ന് താല്‍ക്കാലികമായി മുഖം മറച്ചുപിടിക്കുന്നതിന് വിരോധമില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ) അങ്ങനെ ചെയ്തിരുന്നതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ഇതുപോലെ നഖം മുറിക്കുക, മുടി നീക്കുക, ചെടികള്‍ പറിക്കുകയോ ചെയ്യുക, ചില്ലകള്‍ ഒടിക്കുക, സംഭോഗമോ അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുക എന്നിവയെല്ലാം ഇഹ്‌റാമില്‍ നിഷിദ്ധങ്ങളാണ്. രോഗം കാരണം പ്രതിവിധിയായി കണ്ണില്‍ സുറുമ എഴുതുന്നതിനു വിരോധമില്ല.
ഹജ്ജിന്റെയോ ഉംറയുടെയോ കര്‍മ്മങ്ങളില്‍ പുരുഷ-സ്ത്രീ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ, ആര്‍ത്തവം പോലുള്ള പ്രകൃതിപരമായ പ്രയാസങ്ങളുണ്ടാവുമ്പോള്‍ കര്‍മ്മങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കണമെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടത് തന്നെയാണ്.
‘തമത്തുഅ്’ എന്ന രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ആദ്യം ഉംറക്ക് വേണ്ടിയാണ് ഇഹ്‌റാമില്‍ പ്രവേശിക്കുന്നത്. ഉടനെയാണ് ഇഹ്്‌റാമില്‍ പ്രവേശിക്കുന്നത്. ഉടനെയോ അതിനു മുമ്പോ ആണ് സ്ത്രീ പുഷ്പിണിയാവുന്നതെങ്കില്‍ ത്വവാഫ് ഒഴികെയുള്ള മറ്റെല്ലാ കര്‍മ്മങ്ങളും നിര്‍വഹിച്ചു അവര്‍ കാത്തിരിക്കണം. ശുദ്ധിയായാല്‍ ഉടനെ കുളിച്ചു ത്വവാഫ് നിര്‍വഹിച്ചു സാധാരണ ‘തമത്തുഅ്’ സ്വീകരിച്ചവരെപ്പോലെ അവര്‍ക്ക് ഇഹ്്‌റാമില്‍ നിന്ന് ഒഴിവാകാം. എന്നാല്‍ ഹജ്ജ് തുടങ്ങുന്നതിനു (ദുല്‍ഹജ്ജ്- 8) മുമ്പ് ശുദ്ധിയാവുന്നില്ലെങ്കില്‍ അവര്‍ തന്റെ ഉംറയെ ഹജ്ജില്‍ പ്രവേശിപ്പിക്കുകയാണ് വേണ്ടത്. അതായത്, ഉംറയുടെ ഇഹ്‌റാമില്‍നിന്ന് ഒഴിവാകാതെ ഹജ്ജിന്റെ ഇഹ്്‌റാമില്‍ പ്രവേശിച്ചുകൊണ്ട് ‘ഖിറാനാ’ക്കി മാറ്റുക. ഇങ്ങനെ ചെയ്താല്‍ പെരുന്നാള്‍ ദിവസം ഹജ്ജിന്റെ റുക്‌നുകളിലൊന്നായ ‘ത്വവാഫുല്‍ ഇഫാദ’ നിര്‍വഹിക്കുന്നതോടു കൂടി ഹജ്ജിന്റെയും ഉംറയുടെയും ത്വവാഫായി അത് പരിഗണിക്കപ്പെടുന്നതാണ്. അവര്‍ക്ക് ഹജ്ജും ഉംറയും ലഭിച്ചുവെന്നു സാരം. എന്നാല്‍ ഇത്തരക്കാര്‍ക്ക് ആയിശ(റ) ചെയ്തത് പോലെ ഹജ്ജിനു ശേഷം ഹറമിന്റെ അതിര്‍ത്തിയില്‍ പോയി വീണ്ടും ഇഹ്്‌റാമില്‍ പ്രവേശിച്ചു ഉംറ തനിച്ചു നിര്‍വഹിക്കുന്നതിന് വിരോധമില്ല.
മക്കയില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ ഇതൊന്നുമില്ലാതെത്തന്നെ ചിലര്‍ ധാരാളം ഉംറകള്‍ ചെയ്തു കൂട്ടുന്നതായി കണ്ടുവരുന്നുണ്ടെങ്കിലും അതിനു തിരുമേനിയുടെയോ സഹാബികളുടെയോ ചരിത്രത്തില്‍ തെളിവുകളൊന്നുമില്ല.
ആര്‍ത്തവകാരികള്‍ക്ക് ത്വവാഫും നമസ്‌കാരവും മാത്രമാണ് നിഷിദ്ധമായിട്ടുള്ളത്. സഫാ-മര്‍വകള്‍ക്കിടയിലുള്ള സഅ്‌യ് (ഓട്ടം) അടക്കം മറ്റെല്ലാ കര്‍മ്മങ്ങളും യഥാവിധി നിര്‍വ്വഹിക്കാം. അവര്‍ക്ക് പള്ളിയില്‍ താമസിക്കാന്‍ പാടില്ലെങ്കിലും സഫാ-മര്‍വകള്‍ക്കിടയിലെ ഓട്ടത്തിനു വേണ്ടി പള്ളിയിലൂടെ കടന്നുപോകുന്നതിന് വിരോധമില്ല.
ഇനി ഉംറയുടെ ത്വവാഫിനു ശേഷം ഹജ്ജിനു മുമ്പാണ് ഋതുമതിയായതെങ്കില്‍ ഹജ്ജില്‍ പ്രവേശിക്കുന്നതിന് ഒരു നിലക്കും അതവര്‍ക്ക് തടസ്സമല്ല. പെരുന്നാള്‍ ദിവസത്തെ ത്വവാഫില്‍ ഇഫാദ ശുദ്ധിയാവുന്നതുവരെ നീട്ടിവെക്കണമെന്നു മാത്രം. എന്നാല്‍ പെരുന്നാള്‍ ദിവസം മുതല്‍ ഏത് സമയവും ആര്‍ത്തവമുണ്ടാവാമെന്ന് ആശങ്കിക്കുന്നവര്‍ ജംറയില്‍ എറിയുന്നതിനു മുമ്പ് ത്വവാഫ് നിര്‍വഹിക്കുന്നതാണ് ഉത്തമം. കാരണം, പെരുന്നാള്‍ ദിവസത്തെ ഏത് ആദ്യം ചെയ്യുന്നതിനും വിരോധമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്നു ത്വവാഫുല്‍ ഇഫാദ ആദ്യം ചെയ്യുവാന്‍ ആയിശ(റ) സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
എന്നാല്‍ ‘ത്വവാഫുല്‍ ഇഫാദ’ നര്‍വഹിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രകൃതിപരമായ തടസ്സം വന്നാലോ? സാധ്യമാണെങ്കില്‍ അവര്‍ ശുദ്ധയാവുന്നതുവരെ മക്കയില്‍ താമസിച്ചു ത്വവാഫ് നിര്‍വഹിക്കുകയാണ് വേണ്ടത്. എല്ലാവര്‍ക്കും, പക്ഷേ, അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം ഇന്ന് കപ്പല്‍, വിമാനം തുടങ്ങിയ ദൂരദേശ യാത്രാമാധ്യമങ്ങളുടെ സമയവും യാത്രക്കാരുടെ പേര്‍ വിവരങ്ങളുമെല്ലാം നേരത്തെ നിശ്ചയിക്കപ്പെടുകയാണ് പതിവ്. ഹജ്ജ് പോലെ തിരക്ക് പിടിച്ച സന്ദര്‍ഭങ്ങളില്‍ അതിലെല്ലാം യാത്രക്കാരുടെ സൗകര്യമനുസരിച്ച് മാറ്റം വരുത്തുവാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ത്വവാഫുല്‍ ഇഫാദയാണെങ്കില്‍ ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണ്. അത് നിര്‍വഹിക്കാതിരുന്നാല്‍ ഹജ്ജ് തന്നെ വിനഷ്ടമാകും! ഇത്തരം സന്ദര്‍ഭങ്ങളില്‍ വല്ല മരുന്നും ഉപയോഗിച്ചു ആര്‍ത്തവം നിര്‍ത്തിക്കളയുന്നതിനു വിരോധമില്ലെന്നാണ് സഹാബി പ്രമുഖനായ ഇബ്്‌നു ഉമര്‍(റ) അഭിപ്രായപ്പെടുന്നത്.
ആര്‍ത്തവ സന്ദര്‍ഭങ്ങളില്‍ എല്ലാ ദിവസവും എല്ലാ മണിക്കൂറിലും രക്തസ്രാവ മുണ്ടാവാറില്ല. ഇങ്ങനെ രക്തം നിലക്കുന്ന ദിവസമോ മണിക്കൂറുകളോ ശുദ്ധിസമയമായി കണക്കാക്കി കുളിച്ചു വേഗത്തില്‍ അവര്‍ക്ക് ത്വവാഫ് നിര്‍വ്വഹിക്കാം. ഇത്തരക്കാരെകുറിച്ച് മാലിക്, ശാഫിഇ, അഹ്്മദ് എന്നീ ഇമാമുകളുടെ അഭിപ്രായമാണിത്. ഇതിനും സന്ദര്‍ഭം ലഭിക്കുന്നില്ലെങ്കിലോ? അവര്‍ അശുദ്ധിയോടുകൂടിത്തന്നെ കുളിച്ചു ത്വവാഫ് ചെയ്ത, അഞ്ചു വയസ്സായ ഒരൊട്ടകത്തെയോ ഒരു പശുവിനെയോ ബലികൊടുത്താല്‍ മതിയെന്ന് ഇമാം അബൂഹനീഫ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഒരു വിഭാഗം മാലിക്കികളുടെ അഭിപ്രായത്തില്‍ ആഗമനസമയത്ത് ചെയ്ത ത്വവാഫുല്‍ ഖുദൂം അവരുടെ ത്വവാഫുല്‍ ഇഫാദക്ക് പകരം നില്‍ക്കും. കാരണം ഹജ്ജില്‍ ഒരു ത്വവാഫേ നിര്‍ബന്ധമുള്ളൂ. ആഗമനസമയത്ത് ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് ത്വവാഫുല്‍ ഇഫാദ പകരം നില്‍ക്കുന്ന പോലെ തിരിച്ചും സാധുവാകുമെന്ന് ഇമാം മാലിക് തന്നെ അഭിപ്രായപ്പെട്ടതായി ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട്. ഇത് പക്ഷേ, തമത്തുഅ് സ്വീകരിച്ചുകൊണ്ട് ത്വവാഫുല്‍ ഖുദൂമിന് പകരം, ഉംറയുടെ ത്വവാഫു ചെയ്തവര്‍ക്ക് പറ്റുകയില്ല.
ഹജ്ജില്‍ സ്ത്രീകളെ സംബന്ധിച്ചേടത്തോളം സുപ്രധാനമായ ഈ വിഷയത്തില്‍ ഇമാം ഇബ്്‌നുല്‍ഖയ്യിം സുദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. യുക്തിയോടെന്നപോലെ പ്രമാണങ്ങളോടും ഏറെ സമരസപ്പെട്ടുപോകുന്നത് അതാണ്. ഇവ്വിഷയകമായി വന്നതും വരാവുന്നതുമായ എല്ലാ വീക്ഷണങ്ങളെയും വിലയിരുത്തിയ ശേഷം അദ്ദേഹം എത്തിച്ചേരുന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം: പുഷ്പിണിയായതിനാല്‍ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാന്‍ കഴിയാതെ വരികയും ശുദ്ധിയാവുന്നതിനു മുമ്പു മക്ക വിടുവാന്‍ സാഹചര്യം നിര്‍ബന്ധിക്കുകയുമാണെങ്കില്‍ അവര്‍ക്ക് ആര്‍ത്തവത്തോടുകൂടി തന്നെ ത്വവാഫ് ചെയ്യാം. കാരണം, ആര്‍ത്തവത്തോടുകൂടി പള്ളിയില്‍ പ്രവേശിക്കുകയും പ്രദക്ഷിണം വേക്കുകയും ചെയ്യേണ്ടിവരുന്ന ഒരു നിര്‍ബന്ധിത സാഹചര്യമാണിത്. ഇസ്്‌ലാമിക ശരീഅത്തിന്റെ ഒരടിസ്ഥാന തത്വത്തിനും അത് വിരുദ്ധമാവുന്നില്ല. മറിച്ച് അനുകൂലമേ ആകുന്നുള്ളൂ. കാരണം, ബാധ്യതകളും നിബന്ധനകളുമൊക്കെ സാധ്യതയുള്ളപ്പോള്‍ മാത്രമാണ്. ദുസ്സാധ്യമാവുമ്പോള്‍ ശരീഅത്തില്‍ ബാധ്യതയില്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ നിഷിദ്ധങ്ങള്‍ അനുവദനീയമാവുന്നു. ആര്‍ത്തവകാരിയായ ഒരു സ്ത്രീ ശാരീരികമായോ സാമ്പത്തികമായോ ആക്രമിക്കപ്പെടുമെന്നു ഭയപ്പെട്ടാല്‍ അവള്‍ക്ക് പള്ളിയില്‍ അഭയം പ്രാപിക്കാം. അതിനേക്കാള്‍ നിസ്സാരമായ ആവശ്യങ്ങള്‍ക്ക് പോലും അവള്‍ക്ക് പള്ളിയിലൂടെ കടന്നു പോകുന്നതിനു വിരോധമില്ല. എന്നിരിക്കെ കൂടുതല്‍ ഗുരുതരമായ ഇത്തരം സന്ദര്‍ഭങ്ങളില്‍, പള്ളിയിലൂടെ നടന്നു പോകുന്നതിനു സമാനമായ ത്വവാഫ് നിര്‍വഹിക്കുന്നതിനു വിലക്കുണ്ടാവുന്നതെങ്ങനെ!
ഇത് തന്നെയാണ് ഇമാം ഇബ്്‌നുതൈമിയ്യയുടെയും അഭിപ്രായം. ത്വവാഫ് ചെയ്യാന്‍ ശുദ്ധിവേണമെന്ന നിബന്ധന അത് പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബാധകമല്ല എന്ന അടിസ്ഥാനതത്വമാണ് അദ്ദേഹവും ഈ ഫത്‌വക്ക് ആധാരമാക്കിയിരിക്കുന്നത്, രോഗം കാരണം രക്തസ്രാവമുണ്ടാവുന്ന സ്ത്രീകളും മൂത്രവാര്‍ച്ചയുള്ള പുരുഷന്മാരും അശുദ്ധിയോടുകൂടി നമസ്‌കരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് പോലെ. അതിനാല്‍, ഈ രണ്ടു മഹാരഥന്മാരുടെയും അഭിപ്രായത്തില്‍ നിര്‍ബന്ധിതമായി ഇങ്ങനെ ത്വവാഫ് ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ അതിനുപകരമായി മൃഗബലിയോ മറ്റു പ്രായശ്ചിത്തമോ നല്‍കേണ്ടതില്ല. ഇഹ്്‌റാമില്‍ പ്രവേശിക്കുമ്പോള്‍ ഋതുമതികള്‍ ചെയ്യുന്ന പോലെ കുളിച്ചു ശരീരം ശുദ്ധിയാക്കണമെന്ന് മാത്രം.
ത്വവാഫുല്‍ ഇഫാദ ഹജ്ജിലെ ഒരു നിര്‍ബന്ധകര്‍മ്മമായതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉദിക്കുന്നത്. എന്നാല്‍, കഅ്ബയോടു വിടപറയുമ്പോള്‍ നിര്‍വഹിക്കുന്ന ‘ത്വവാഫുല്‍ വിദാഅ്’ അങ്ങനെയല്ല. അതിനാല്‍ ആര്‍ത്തവകാരികള്‍ അത് നിര്‍വഹിക്കേണ്ടതില്ലെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ധാരാളം ഹദീസുകളും ഈ വിഷയത്തില്‍ പ്രബലമായി വന്നിട്ടുണ്ട്.
മറ്റു കാര്യങ്ങളിലെല്ലാം പുരുഷന്മാരെപ്പോലെത്തന്നെയാണ് സ്ത്രീകളുടെയും കര്‍മ്മങ്ങള്‍.
വിവാഹിതയായ സ്ത്രീയുടെ ഹജ്ജിന്റെ ചിലവ് വഹിക്കേണ്ടതാരാണെന്ന് ചിലപ്പോള്‍ സംശയം ഉണ്ടായേക്കാം. എന്നാല്‍ ഭാര്യയെ കൊണ്ട് ഹജ്ജ് ചെയ്യിക്കേണ്ട നിയമപരമായ ബാധ്യത ഭര്‍ത്താവിനില്ല. സ്ത്രീയാവട്ടെ പുരുഷനാവട്ടെ ഒരു മുസ്‌ലിമിന് സ്വന്തം ധനം കൊണ്ട് സ്വയം ഹജ്ജ് ചെയ്യേണ്ട ബാധ്യതയേ ഉള്ളൂ എന്നാല്‍ ഭര്‍ത്താവിന് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭാര്യയെക്കൂടി ഹജ്ജിന് കൊണ്ടുപോകുന്നത് ഉല്‍കൃഷ്ട സ്വഭാവവും ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതില്‍ പെട്ടതുമാണ്. ഭര്‍ത്താവ് ഹജ്ജിന് പോകുന്നുണ്ടെങ്കില്‍ കഴിയുമെങ്കില്‍ ഭാര്യയെക്കൂടി കൊണ്ട് പോവുകയാണ് വേണ്ടത്. പക്ഷേ, ഭര്‍ത്താവിന് അത് നിര്‍ബന്ധമില്ലെന്ന് മാത്രം.
Add Comment