Hajj Hajj Page

കഅ്ബ: ചരിത്രത്തിലൂടെ

ജനങ്ങള്‍ക്ക് സമൂഹപ്രാര്‍ത്ഥനക്കായി നിര്‍മിതമായ പ്രഥമ ദേവാലയം -വിശുദ്ധ കഅ്ബയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതങ്ങനെയാണ് (സൂറ. ആലുഇംറാന്‍: 96).  ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്്മാഈലു(അ)മാണ് പ്രസ്തുത ഭവനം നിര്‍മിച്ചതെന്നും (സൂറത്തുല്‍ ബഖറ: 127) കഅ്ബയുടെ സ്ഥാനം ഇബ്‌റാഹീം നബിക്ക് നിര്‍ണയിച്ചുകൊടുത്തത് അല്ലാഹുവാണെന്നും (സൂറത്തുല്‍ ഹജ്ജ്: 26) വിശുദ്ധ ഖുര്‍ആന്‍

പ്രസ്താവിക്കുന്നു. കഅ്ബക്ക് ലോകത്തെങ്ങുമുള്ള മറ്റേത് ദേവാലയത്തേക്കാളും പ്രാധാന്യവും മാഹാത്മ്യവുമണക്കുന്നതാണ് ഈ വസ്തുതകള്‍. കഅ്ബയോടനുബന്ധിച്ചുള്ള ഇബ്‌റാഹീം നബി നിന്ന സ്ഥാനം, പ്രസിദ്ധമായ ‘അല്‍ഹജറുല്‍ അസ് വദ്’ എന്നിവ വേറെയും.

എന്നാല്‍, കഅ്ബയാണ് പ്രഥമ ദൈവമന്ദിരമെന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന ചരിത്രപരമായി എത്രത്തോളം വസ്തുനിഷ്ഠമാണെന്ന വിഷയം പഠനാര്‍ഹമാണ്. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഭൂമുഖത്ത് സമൂഹങ്ങളായി മനുഷ്യര്‍ താമസമാരംഭിച്ചിട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന ജനപദങ്ങള്‍ ഗണ്യമായ നാഗരിക പുരോഗതി കൈവരിച്ചിരുന്നു. ദൈവാരാധന മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒരു ചോദനയായതിനാല്‍ അത് നിര്‍വഹിക്കാനുള്ള ഏര്‍പ്പാടുകളുണ്ടാവുക സ്വാഭാവികമാണ്. ആകയാല്‍ അറിയപ്പെട്ട ചരിത്രകാലത്തുണ്ടായിരുന്ന ജനപദങ്ങളിലൊന്നും സാമൂഹിക ദൈവാരാധനക്കായി ഒരു മന്ദിരം കഅ്ബക്കു മുമ്പ് നിര്‍മിക്കപ്പെട്ടിട്ടില്ലെന്നു പറയാമോ? പ്രസക്തമായൊരു ചോദ്യമാണിത്.

ചരിത്രത്തിന്റെ രണ്ടു വഴിത്താരകളുണ്ട്. മതവിശ്വാസികള്‍ക്ക് സ്വീകാര്യമായ, ബൈബിളിലൂടെയും ഖുര്‍ആനിലൂടെയും ചുരുള്‍നിവരുന്ന, ആദമിന്റെ സൃഷ്ടിയില്‍നിന്നാരംഭിച്ച മനുഷ്യോല്‍പത്തിയുടെയും വിവിധ പ്രവാചകന്മാരും അവരുടെ അഭിസംബോധിത ജനവിഭാഗങ്ങളുമടങ്ങുന്ന മനുഷ്യവംശത്തിന്റെയും ചരിത്രം ഒരുവശത്ത്. മറുവശത്താകട്ടെ, വിവിധ ഭൂപ്രദേശങ്ങളില്‍ നടന്ന ഖനനത്തിലൂടെയും ഗവേഷണ പര്യവേഷണങ്ങളിലൂടെയും ലഭ്യമായ ശിലാ-ലോഹ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വീടുകളുടെയും നഗരങ്ങളുടെയും അവശിഷ്ടങ്ങള്‍, പാറകളിലും ഗുഹാഭിത്തികളിലും കൊത്തിവെക്കപ്പെട്ട ചിത്രങ്ങള്‍, പലയിടങ്ങളില്‍നിന്ന് കണ്ടെടുക്കപ്പെട്ട പുരാതന ലിഖിതങ്ങള്‍, രാജ്യാന്തരസഞ്ചാരികളുടെ യാത്രാവിവരണങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ച അറിവുകളും അവയെ അവലംബമാക്കിയുള്ള അനുമാനങ്ങളും അടിസ്ഥാനമാക്കി രചിച്ച ചരിത്രവും. ആധുനിക ലോകം പൊതുവെ അംഗീകരിക്കുന്ന ചിത്രം രണ്ടാമത്തേതാണ്. രണ്ടു വീക്ഷണപ്രകാരവും മുകളിലുന്നയിച്ച ചോദ്യത്തിനുത്തരം കാണാന്‍ ശ്രമിക്കയാണിവിടെ.

പൗരാണിക ചരിത്രത്തില്‍
അറിയപ്പെടുന്ന ചരിത്ര ഗണനയനുസരിച്ച് ക്രിസ്തുവിനു 19 നൂറ്റാണ്ടു മുമ്പാണ് അബ്രഹാം (ഇബ്രാഹിം നബി) ജീവിച്ചിരുന്നത്. അദ്ദേഹം ജനിച്ച കാല്‍ഡിയന്‍ (ഇന്നത്തെ ഇറാഖ്) പ്രദേശത്തെ ഊര്‍ നഗരത്തില്‍ നിന്ന് ഇന്ന് ഫലസ്തീനായറിയപ്പെടുന്ന കാനാന്‍ ദേശത്തേക്ക് അബ്രഹാം മാറിത്താമസിക്കുകയുണ്ടായി. ഈ പ്രദേശങ്ങളെല്ലാമടങ്ങിയ മധ്യപൗരസ്ത്യ ദേശത്താണ് ഭൂമിയില്‍ നാഗരികത ആരംഭിച്ചത് (ലോക ചരിത്ര സംഗ്രഹം, പ്രൊഫ. പി.എസ്.വേലായുധന്‍ പേജ്: 27).

പ്രാചീന മനുഷ്യന്റെ ചരിത്രത്തിന് അമ്പതിനായിരമോ അതിലധികമോ വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമൂഹങ്ങളായി മനുഷ്യര്‍ താമസമാരംഭിച്ചത് സുമാര്‍ പതിനായിരം വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നാണ് ചരിത്രമതം (lbid: 27). ക്രിസ്തുവിനു മുമ്പ് 4000 വര്‍ഷം വരെയുള്ള ശിലായുഗ കാലഘട്ടത്തില്‍തന്നെ മനുഷ്യര്‍ കൃഷിയും ഭവനനിര്‍മാണവുംമെല്ലാം ആരംഭിച്ചതായി ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. നാലായിരാമാണ്ടിനോടടുത്ത് ടൈഗ്രീസ്-യൂഫ്രട്ടീസ് നദികളുടെ തീരത്താണ് മനുഷ്യനാഗരികത ഉടലെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. ബി.സി. 3500-നു മുമ്പായി നൈല്‍നദീതീരത്തും നാഗരികത പുരോഗമിച്ചിരുന്നു. ഉത്തര ഇറാഖില്‍ ബി.സി. 6000-ത്തിനും 4500 നും മിടക്ക് കെട്ടിടനിര്‍മാണവും മണ്‍പാത്ര നിര്‍മാണവും വികസ്വരമായിരുന്നതായി കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച വേള്‍ഡ് പ്രീഹിസ്റ്റി ഇന്‍ ന്യൂ പെര്‍സ്‌പെക്ടീവ് എന്ന ഗ്രന്ഥത്തില്‍ ഗ്രഹാം ക്ലാര്‍ക്ക് രേഖപ്പെടുത്തുന്നു (പേജ്: 64). ബി.സി. നാലായിരാമാണ്ടിനടുത്ത് മെസപൊട്ടോമിയന്‍ പ്രദേശത്ത് സ്ഥാപിതമായ സുമേറിയന്‍ സംസ്‌കാരവും അവര്‍ സ്ഥാപിച്ച സാമ്രാജ്യവും ബി.സി. ഇരുപത്തൊന്നാം നൂറ്റാണ്ടോടെ നാശോന്മുഖമായതായി പ്രസിദ്ധ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയിന്‍ബി കണക്കാക്കുന്നു(A study of History). ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ചരിത്രവിഭാഗം തലവനായ ഡോ.ജെയിംസ് ഹെന്റി പ്രസ്റ്റഡ് ബി.സി. 4000-ത്തിനും 3000ത്തിനുമിടക്ക് പൗരസ്ത്യ നാഗരികതകള്‍ പാശ്ചാത്യ നാടുകളേക്കാള്‍ മുമ്പ് വളരെയേറെ അഭിവൃദ്ധി പ്രാപിച്ചിരുന്നതായി പ്രസ്താവിക്കുന്നു. (‘അല്‍ ഉസൂറുല്‍ ഖദീമ’ ഇംഗ്ലീഷില്‍ നിന്നുള്ള അറബി വിവര്‍ത്തനം, പേജ്: 38)

സുമേറിയന്‍ നഗരങ്ങളായ സുമര്‍, അക്കാദ് എന്നിവയും ശേഷം വന്ന ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രമായ ബാബിലും വളരെ വിപുലമായ കെട്ടിടങ്ങളും ഭവനങ്ങളുമുള്ളവയായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ മതവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നതായും മരിച്ചവരെ ഉപചാരപൂര്‍വ്വം ഖബറടക്കം’ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാബില്‍ നഗരത്തില്‍ പ്രസിദ്ധമായ ഗോപുരത്തിനു സമീപം പ്രത്യേകമായ ആരാധനാലയം ഉണ്ടായിരുന്നതായി ഡോ.ജെയിംസ് പ്രസ്റ്റഡ് രേഖപ്പെടുത്തിയിരിക്കുന്നു (lbid, page: 125).  ഈജിപ്തിലെ ഫറോവമാരുടെ ശവകുടീരങ്ങളുടെമേലാണല്ലോ പിരമിഡുകള്‍ പണിതിരിക്കുന്നത്. ബി.സി. 3000ത്തിനും 2500നുമിടയിലാണ് ഭീമാകാരമായ പരിമിഡുകള്‍ നിര്‍മിതമായത്. ആ കാലഘട്ടത്തില്‍ ഈജിപ്തുകാര്‍ സൂര്യനെയും നൈലിന്റെ ദേവനായ ഓസിറിസിനെയും ആരാധിച്ചിരുന്നു (lbid, page: 54). ചുരുക്കത്തില്‍ ഇബ്‌റാഹിം നബി(അ)യുടെ കാലത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന നഗരങ്ങളില്‍ ആരാധനാലയങ്ങളും ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്.

ആദ്യകാല ദേവാലയങ്ങള്‍ ബൈബിളില്‍
ബൈബിള്‍ വിവരണമനുസരിച്ച് നോഹ (നൂഹ് നബി)യുടെ കാലം വരെ ആദം സന്തതികള്‍ ഒരേ ഭാഷ സംസാരിച്ചിരുന്ന ഏക സമൂഹമായിരുന്നു. പ്രളയസംഭവത്തിനു ശേഷം നോഹ ഒരു ബലിപീഠം പണിതതായി ബൈബിള്‍ പറയുന്നു (ഉല്‍പത്തി പുസ്തകം, 8: 20). ജീവികളെയും പക്ഷികളെയും ബലിയര്‍പ്പിക്കാനുള്ള സ്ഥാനമായാണ് ബൈബിളതിനെ വിശേഷിപ്പിക്കുന്നത്. ഇതര ആരാധനാകര്‍മങ്ങളനുഷ്ഠിക്കാനുള്ള ഒരു മന്ദിരമായതിനെ ഗണിക്കാന്‍ ന്യായമില്ല. നോഹയുടെ സന്താനങ്ങള്‍ പെരുകി തലമുറകള്‍ക്കുശേഷം അവര്‍ കിഴക്കോട്ട് സഞ്ചരിച്ച് ‘ഷിനാര്‍’ എന്ന സ്ഥലത്ത് താമസമാക്കി. അവിടെ ഒരു വന്‍ നഗരവും അതില്‍ ‘ ആകാശം മുട്ടുന്ന ഒരു ഗോപുരവും’ പണിതതായി ബൈബിള്‍ രേഖപ്പെടുത്തുന്നു (ഉല്‍പത്തി, 11: 14).  ഇതും ഒരാരാധനാലയമാണെന്ന് പ്രസ്തുത ബൈബിള്‍ വാക്യത്തിലില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ഹാറാനില്‍നിന്ന് പുറപ്പെട്ട് കാനാന്‍ ദേശത്തെത്തിയ അബ്രഹാമും അവിടെ ദൈവത്തിനായി ഒരു ബലിപീഠം പണിതതായി ബൈബിള്‍ പ്രസ്താവിക്കുന്നു (ഉല്‍പത്തി, 12: 8). പിന്നീട് ഹെബ്രോണിലെ സമതലത്തിലേക്ക് അബ്രഹാം താമസം മാറ്റിയപ്പോള്‍ അവിടെയും ഒരു ബലിപീഠം പണിയുകയുണ്ടായി (ഉല്‍പത്തി. 13: 18). ഒരുവേള അക്കാലത്ത് അനുഷ്ഠിച്ചിരുന്ന ആരാധനകള്‍ ബലിയിലും പ്രാര്‍ത്ഥനകളിലും പരിമിതമായിരുന്നിരിക്കണം.

ഭാര്യ ഹാഗാറിനെയും (ഹാജറ ബീവി)ശിശുവായിരുന്ന പുത്രന്‍ ഇഷ്മയേലിനെയും (ഇസ്്മാഈല്‍ നബി) പ്രഥമ പത്‌നി സാറായി (സാറാ ബീവി)യുടെ ആവശ്യപ്രകാരം നാട്ടില്‍ നിന്നിറക്കിവിട്ട ശേഷം അവര്‍ ‘പാറാന്‍’ മരുഭൂമി (അറേബ്യക്ക് ബൈബിള്‍ നല്‍കുന്ന നാമം)യില്‍ ചെന്നു താമസിച്ചതായി ബൈബിള്‍ പറയുന്നുണ്ടെങ്കിലും (ഉല്‍പത്തി:  21: 21) അബ്രഹാം അവിടെ ചെന്നു ഇഷ്മയേലിന്റെ സഹായത്തോടെ ഒരു ദൈവമന്ദിരം പണിതതായി ബൈബിളില്‍ പരാമര്‍ശമില്ല.

നൂറ്റാണ്ടുകള്‍ക്കു ശേഷം ഫലസ്തീന്‍ പ്രദേശത്ത് ദാവീദ് രാജാവ് (ദാവൂദ് നബി) ദൈവാരാധനക്കായി ഒരു ക്ഷേത്രം നിര്‍മിക്കാനാഗ്രഹിച്ചുവെങ്കിലും അത് സാധിക്കുന്നതിനു മുമ്പ് മരണമടഞ്ഞതായും അനന്തരം പുത്രന്‍ സോളമന്‍ രാജാവ് (സുലൈമാന്‍ നബി) ഏഴു വര്‍ഷം കൊണ്ട് ജറൂസലേമില്‍ ഒരു ദേവാലയം നിര്‍മിച്ചതായും ബൈബിളില്‍ കാണാം. (രാജാക്കന്മാര്‍, 6: 1-37). ചുരുക്കത്തില്‍ ആദാമിന്റെ സൃഷ്ടിക്കു ശേഷമുള്ള ഭൂമിയിലെ മനുഷ്യവാസത്തിന്റെ ചരിത്രമാണ് ബൈബിളിലെ ആദ്യ അധ്യായങ്ങളിലെ പ്രാതിപാദ്യമെങ്കിലും അബ്രഹാമിന്റെ കാലം വരെയും മനുഷ്യവാസമുണ്ടായിരുന്ന ഏതെങ്കിലും പ്രദേശത്ത് ഒരു ദേവാലയം നിര്‍മിതമായിരുന്നുവെന്നതിന് ഇന്ന് നിലവിലുള്ള ബൈബിളില്‍ തെളിവില്ല.

ഖുര്‍ആനിക ഭാഷ്യം
കഅ്ബയെ സംബന്ധിച്ച മൂന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ ലേഖനാരംഭത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. പ്രസ്തുത വാക്യങ്ങള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ വ്യത്യസ്തമാണ്. ‘ഇബ്‌റാഹീമും ഇസ്മായീലും (കഅ്ബാ) മന്ദിരത്തിന്റെ അസ്തിവാരം പടുത്തുയര്‍ത്തുമ്പോള്‍…’ എന്ന സൂറത്തുല്‍ ബഖറയിലെ വചനത്തിന്, പുത്രന്‍ ഇസ്മാഈലിന്റെ സഹായത്തോടെ ഇബ്‌റാഹീം നബിയാണ് കഅ്ബ ആദ്യമായി നിര്‍മിച്ചതെന്ന് പ്രമുഖ മുഫസ്സിറുകളായ ഇമാം ഇബ്‌നു കസീര്‍, ഇമാം ആലൂസി എന്നിവരും വിഖ്യാത ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂനും അര്‍ഥം കല്‍പിക്കുന്നു. (ഇബ്‌നു കസീര്‍1:362, ആലൂസി 1: 384). എന്നാല്‍, പ്രസ്തുത ആയത്തിലെ പദങ്ങളുടെ ഘടനയനുസരിച്ച് (‘ വ ഇദ് യര്‍ഫഉ ഇബ്രാഹീമുല്‍ ഖവാഇദ മിനല്‍ ബൈതി…’ ), മുമ്പേ ഉണ്ടായിരുന്ന അസ്തിവാരത്തിന്മേല്‍ കഅ്ബാ മന്ദിരം കെട്ടിയുയര്‍ത്തുകയാണ് ഇബ്‌റാഹീം നബി ചെയ്തതെന്ന് വേറൊരഭിപ്രായമുണ്ട്.
ഇമാം ഖുര്‍തുബി, ഫഖ്‌റുദ്ദീനുര്‍റാസി, സമഖ്ശരി എന്നിവര്‍ തങ്ങളുടെ തഫ്‌സീറുകളില്‍ ഈ വീക്ഷണം പ്രകടിപ്പിക്കുകയും അതിനാധാരമായ ഹദീസുകളുദ്ധരിക്കുകയും ചെയ്തിട്ടുണ്ട് (ഖുര്‍തുബി, 2: 120, റാസി: 4: 63, സമഖ് ശരി: 1: 311). സൃഷ്ടിയുടെ ആരംഭത്തില്‍ ഭൂമി ജലാവൃതമായിരുന്നപ്പോള്‍ കഅ്ബയുടെ സ്ഥാനം ഒരു കുന്നായി ജലത്തിനു മീതെ ഉയര്‍ന്നുനിന്നിരുന്നുവെന്നും, ആദമിന്റെ സൃഷ്ടിക്കു മുമ്പേ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകളാണ് കഅ്ബ നിര്‍മിച്ചതെന്നും, അല്ലാഹു ആദമിനോടൊപ്പം കഅ്ബയെ ആകാശത്തുനിന്നിറക്കിയതാണെന്നും, അല്ലാഹുവിന്റെ കല്‍പനപ്രകാരം ആദമാണ് കഅ്ബ നിര്‍മിച്ചതെന്നുമൊക്കെ വിവിധ ഹദീസുകളുദ്ധരിക്കപ്പെടുന്നു. ‘ഇബ്‌റാഹീമിനു നാം(കഅ്ബ) മന്ദിരത്തിന്റെ സ്ഥാനം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം…’ എന്ന സൂറത്തുല്‍ ഹജ്ജിലെ ആയത്തും ഈ ആഭിപ്രായത്തിനു ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദ്യകാല മുഫസ്സിറുകളിലൊരാളായ ഇമാം ഇബ്‌നു ജരീറുത്ത്വബരി ‘ബഖറ’ യിലെ 127-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഖണ്ഡിതമായൊരഭിപ്രായം പറയുന്നില്ല. ആയത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് പഴുതുണ്ടെന്നും ഖണ്ഡിതമായ ജ്ഞാനത്തിന്റെ അഭാവത്തില്‍ ഒന്നും തീര്‍ത്തുപറയുക സാധ്യമല്ലെന്നുമാണദ്ദേഹത്തിന്റെ പക്ഷം (ത്വബരി, 1: 549).

എന്നാല്‍, പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലൊരാളായ ഇമാം ഇബ്‌നു കസീര്‍ ഇവ്വിഷയകമായ വ്യത്യസ്തഭിപ്രായങ്ങള്‍ ഉദ്ധരിച്ച ശേഷം ഖുര്‍ആന്റെ പ്രത്യക്ഷ പ്രസ്താവങ്ങളനുസരിച്ച് കഅ്ബാലയം നിര്‍മിച്ചത് ഇബ്‌റാഹീം നബിയാണെന്ന പക്ഷത്തെയാണ് പ്രാമാണികമായി ഗണിക്കുന്നത് (ഇബ്‌നു കസീര്‍, 1: 362). കഅ്ബയെ ആദം(അ)ന്റെ കാലവുമായി ബന്ധപ്പെടുത്തുന്ന ഹദീസുകള്‍ സംശയത്തിനിടയില്ലാത്തവിധം പ്രബലമാല്ലെന്നാണദ്ദേഹത്തിന്റെ മതം. ‘റൂഹുല്‍ മആനി’ എന്ന വിഖ്യാതമായ തഫ്‌സീറില്‍ അല്ലാമഃ ശിഹാബുദ്ദീന്‍ ആലൂസിയും പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ ഈയഭിപ്രായത്തോടാണ് ചായ് വ് പ്രകടിപ്പിക്കുന്നത് (റൂഹുല്‍ മആനി, 1: 384). ചുരുക്കത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും കഅ്ബ നിര്‍മിച്ചത് ഇബ്‌റാഹീം നബിയും ഇസ്മായില്‍ നബിയും ചേര്‍ന്നാണെന്ന ഖുര്‍ആന്‍ വാക്യത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥമാണ് കൂടുതല്‍ സ്വീകാര്യമായിത്തോന്നുന്നത്. ഇതിനെതിരിലുദ്ധരിക്കപ്പെടുന്ന, പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമായ ഹദീസുകള്‍ പ്രാമാണിക മുഫസ്സിറുകളില്‍ പലരും സ്വീകാര്യയോഗ്യമായികാണുന്നില്ല.

കഅ്ബക്ക് ‘പ്രഥമ ദേവാലയ’ മെന്ന സ്ഥാനം കല്‍പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിനും വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം റാസി പറയുന്നു: ‘ ജനങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ആദ്യത്തെ വീട് ‘ബക്ക’ യിലുള്ളതാണ്’ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യം, നിര്‍മാണത്തില്‍ പ്രഥമമായത് പ്രസ്തുത ഭവനമാണ് എന്നാകാം; ദൈവാനുഗ്രഹത്തിലും സന്മാര്‍ഗദര്‍ശനത്തിലും ആ മന്ദിരം പ്രഥമ സ്ഥാനത്താണ് എന്നുമാകാം അതിന്റെ ഉദ്ദേശ്യം. മുഫസ്സിറുകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട് (റാസി, 8: 152). ഹിജ്‌റ രണ്ടാം വര്‍ഷത്തിലുണ്ടായ ‘ഖിബ് ല’ മാറ്റത്തെ തുടര്‍ന്ന് ഏറ്റവും ശ്രേഷ്ഠതയുള്ള ദേവാലയം ഏതാണെന്നതിനെപ്പറ്റി മുസ്്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. കഅ്ബയാണ് ശ്രേഷ്ഠമെന്ന് മുസ്്‌ലിംകളും ബൈത്തുല്‍ മഖ്ദിസാണെന്ന് ജൂതരും വാദിച്ചു. ഈ പശ്ചാത്തലത്തിലവതരിച്ച പ്രസ്തുത ആയത്ത് കഅ്ബയാണ് ബൈത്തുല്‍ മഖ്ദിസിനേക്കാള്‍ മുമ്പ് നിര്‍മിതമായതും തദ്വാരാ കൂടുതല്‍ ശ്രേഷ്ഠവുമെന്ന് കുറിക്കുന്നുവെന്ന് ഖുര്‍തുബിയും ഇബ്‌നു കസീറും റാസിയുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മുസ്്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍, ഏതു പള്ളിയാണ് ആദ്യം നിര്‍മിക്കപ്പെട്ടതെന്ന് ഹ: അബൂദര്‍റ് നബി തിരുമേനി(സ)യോടന്വേഷിച്ചതായി കാണാം. ‘ അല്‍ മസ്ജിദുല്‍ ഹറാം’ എന്നായിരുന്നു നബിയുടെ പ്രത്യുത്തരം. ‘പിന്നെ ഏതാണ്?’ എന്ന അബൂദര്‍റിന്റെ ചോദ്യത്തിന്, ‘ അല്‍ മസ്ജിദുല്‍ അഖ്‌സ’ എന്ന് തിരുമേനി മറുപടി നല്‍കി.

‘ ജനങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ഒന്നാമത്തെ വീട് എന്ന ആയത്തിന് ഭൂമിയില്‍ നിര്‍മിതമായ ആദ്യത്തെ വീട് കഅ്ബയാണെന്നര്‍ഥം കല്‍പിക്കാവതല്ലെന്ന് ഹ: അലി(റ) പ്രസ്താവിച്ചതായി തഫ്‌സീറുകളില്‍ കാണാം. (ഖുര്‍തുബി, 4: 137). കഅ്ബക്കു മുമ്പും വീടുകളുണ്ടായിരുന്നു. എന്നാല്‍, ‘ഇബാദത്തി’നായി ആദ്യമായി നിശ്ചയിക്കപ്പെട്ട ഭവനം കഅ്ബയാണ് എന്നാണദ്ദേഹം നല്‍കിയ വിശദീകരണം.

നൂഹ് നബി(സ)യുടെ കാലത്തുതന്നെ ജനങ്ങള്‍ ബഹുദൈവാരാധനയിലേര്‍പ്പെട്ടിരുന്നുവെന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രാഹ്യമാണ്. അന്ന് ജനങ്ങള്‍ പൂജിച്ചിരുന്ന മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ച ദേവാലയങ്ങള്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വിദൂരമല്ല. ഇബ്‌റാഹിം നബിയുടെ യൗവനാരംഭത്തില്‍ വിഗ്രഹപൂജയുടെ നിരര്‍ത്ഥകത ജനങ്ങളെ ധരിപ്പിക്കാനായി അവര്‍ പൂജിച്ചിരുന്ന പ്രതിമകളെയെല്ലാം അദ്ദേഹം വെട്ടിനുറുക്കുകയുണ്ടായല്ലോ. വലുതം ചെറുതുമായ പ്രസ്തുത വിഗ്രഹങ്ങളും ഒരു ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കപ്പെട്ടതായിരുന്നിരിക്കാനാണ് സാധ്യത. ഇബ്‌റാഹീം നബിയുടെ കാലത്തിനു മുമ്പുതന്നെ ദൈവാരാധനക്കുള്ള മന്ദിരങ്ങള്‍ നിര്‍മിതമായിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് ഇതെല്ലാം പ്രേരിപ്പിക്കുന്നത്. ലോകചരിത്രവും ഈ നിഗമനത്തെ പിന്താങ്ങുന്നു.

ആകയാല്‍ കഅ്ബയുടെ പ്രഥമ സ്ഥാനീയതക്ക് നല്‍കാവുന്ന അര്‍ഥം, അല്ലാഹുവിന്റെ പ്രത്യേക കല്‍പനയനുസരിച്ച് ലോകത്തെങ്ങുമുള്ള ജനങ്ങള്‍ക്ക് ഏകദൈവാരാധനയുടെ കേന്ദ്രമാകാനായി ഇബ്‌റാഹീം നബി നിര്‍മിച്ച ഒന്നാമത്തെ ദേവാലയം എന്നായിരിക്കും. ഇബ്‌റാഹീം നബിയുടെ കാലം തൊട്ടേ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുഹമ്മദ് നബിക്കു ശേഷം ലോകത്തിലെ നാനാ ദേശങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ കഅ്ബയിലേക്ക് തീര്‍ത്ഥാടനം ചെയ്യുകയും അതിനെ തങ്ങളുടെ ആത്മീയ കേന്ദ്രമായി ഗണിക്കുകയും ചെയ്യുന്നുണ്ടല്ലോ.

ഇബ്‌റാഹീം നബി നിര്‍മിച്ച കഅ്ബ
അതീവ ലളിതമായ ഒരു കെട്ടിടമായിരുന്നു ഇബ്‌റാഹീം നബി പണിത കഅ്ബ. കല്ലുകൊണ്ടുള്ള അടിത്തറമേല്‍ ദീര്‍ഘചതുരാകൃതിയില്‍ പടുത്തുയര്‍ത്തിയ ചുമരുകള്‍ മാത്രമാണതിനുണ്ടായിരുന്നത്. വാതിലോ മേല്‍പുരയോ അതിനുണ്ടായിരുന്നില്ല (‘ അല്‍ ജസീറ അല്‍ അറബിയ്യ ഖബ് ലല്‍ ഇസ്്‌ലാം, പേജ്: 124). 20-22 മുഴം വീതിയും 31-32 മുഴം നീളവുമാണതിനുണ്ടായിരുന്നത്. ഒമ്പത് മുഴമായിരുന്നു ചുമരിന്റെ ഉയരം (‘അഖ്ബാറു മക്ക’, അല്‍ അസ്‌റഖി, പേജ്: 27). ‘ ഹിജ്ര്‍ ഇസ്്മാഈല്‍’ എന്ന പേരിലറിയപ്പെടുന്ന, ഇന്ന് കഅ്ബയുടെ ഭിത്തിക്ക് പുറത്തുള്ള ഭാഗവും കൂടി ഉള്‍പ്പെട്ടതായിരുന്നു (32 മുഴം നീളം)

ബിംബാരാധനയോട് സന്ധിയില്ലാ സമരം നടത്തിയ ഇബ്‌റാഹീം നബി ഏകദൈവാരാധനക്കുള്ള കേന്ദ്രമായാണ് കഅ്ബ പണിതത്. തങ്ങളുടെ സന്താനങ്ങളെ ആ മന്ദിരത്തില്‍ പ്രാര്‍ത്ഥനയും നമസ്‌കാരവും നിര്‍വഹിക്കുന്നവരാക്കണമെന്നും, അവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന ഒരു ദൈവദൂതനെ നിയോഗിക്കണമെന്നും ഇബ്‌റാഹീം നബിയും ഇസ്്മാഈല്‍ നബിയും കഅ്ബാ നിര്‍മാണവേളയില്‍ പ്രാര്‍ഥിക്കുകയുണ്ടായി (അല്‍ ബഖറ: 127-129). അവരുടെ പ്രാര്‍ത്ഥന അന്ത്യ പ്രവാചകന്‍ മുഹമ്മദുനബിയും അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ച് ജീവിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദൈവമന്ദിരത്തില്‍ ചെന്ന് വര്‍ഷന്തോറും ഹജ്ജ്കര്‍മ്മനുഷ്ഠിക്കുകയും ചെയ്യുന്ന മുസ്്‌ലിം സമൂഹവും സാക്ഷാല്‍ക്കരിക്കുന്നു.

കഅ്ബാ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹുവിന്റെ കല്‍പനപ്രകാരം (അല്‍ഹജ്ജ്: 27) ഇബ്‌റാഹീം നബി നല്‍കിയ ആഹ്വാനമനുസരിച്ചാണ് വര്‍ഷന്തോറും ലോക മുസ്്‌ലിംകള്‍ മക്കയിലെത്തി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. മുഹമ്മദ് നബിക്കു മുമ്പുതന്നെ അറേബ്യയുടെ മുക്കുമൂലകളില്‍നിന്ന് വിവിധ ഗോത്രക്കാര്‍ കൂട്ടം കൂട്ടമായി വന്ന് ഹജ്ജ് നിര്‍വഹിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പ്രസിദ്ധമാണ്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും കാലശേഷം ഏകദൈവത്വത്തിന്റെ കേന്ദ്രമായ കഅ്ബയില്‍തന്നെ ബഹുദൈവ വിശ്വാസികള്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിക്കാനാരംഭിച്ചു. മക്കാവിജയവേളയില്‍ നബിതിരുമേനി പ്രസ്തുത വിഗ്രഹങ്ങളില്‍നിന്നെല്ലാം കഅ്ബയെ ശുദ്ധമാക്കി തൗഹീദിന്റെ പ്രഭവസ്ഥാനമെന്ന പൂര്‍വസ്ഥിതിയിലേക്ക് അതിനെ തിരിച്ചുകൊണ്ടുവന്നു. അവിടന്ന് പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നും ആ ഭവനം ലോകത്തെങ്ങുമുള്ള ഏകദൈവവിശ്വാസികളുടെ ‘ഖിബ്‌ല’യും തീര്‍ഥാടക കേന്ദ്രവുമായി പരിലസിക്കുന്നു.

കഅ്ബാ പുനര്‍നിര്‍മാണം
ഇബ്‌റാഹീം നബിയുടെ കാലശേഷം അമാലിഖ ഗോത്രക്കാരും ജൂര്‍ഹൂം ഗോത്രക്കാരും വിവിധ സന്ദര്‍ഭങ്ങള്‍ കഅ്ബയുടെ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിതതായി ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നു (ദാഇറതു മആരിഫില്‍ ഖര്‍നില്‍ ഇശ്‌രീന്‍, മുഹമ്മദ് ഫരീദ് വജ്ദി, 8: 142). ഹിജ്‌റയുടെ ഏകദേശം ഇരുനൂറു വര്‍ഷം മുമ്പ് ഖുറൈശികളുടെ നേതൃസ്ഥാനത്തവരോധിതമായ നബിയുടെ പിതാമഹന്മാരിലൊരാളായ ഖുസയ്യ് കഅ്ബ പൊളിച്ച് കൂടുതല്‍ ഉറപ്പായി നിര്‍മിക്കുകയും മരവും ഈത്തപ്പനത്തടികളുമുപയോഗിച്ച് അതിന് മേല്‍പ്പുരയുണ്ടാക്കുകയും ചെയ്തു. സമീപത്തുതന്നെ തന്റെ കൂടിയാലോചനാമന്ദിരമായി ‘ദാറുന്നദ്‌വ’യും അദ്ദേഹം നിര്‍മിച്ചു. ആദ്യകാലത്ത് കഅ്ബയുടെ ചുറ്റുമുള്ള സ്ഥലം ഒഴിഞ്ഞാണ് കിടന്നിരുന്നത്. ഖുസയ്യിന്റെ കാലത്ത് കഅ്ബക്കു സമീപം വീടുകള്‍ നിര്‍മിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ ത്വവാഫ് ചെയ്യാനുള്ള കുറച്ച് സ്ഥലമൊഴിച്ചുള്ളേടത്തെല്ലാം വീടുകള്‍ നിര്‍മിതമായി. മക്കയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും കഅ്ബയിലേക്കെത്താന്‍ വീടുകള്‍ക്കിടയില്‍ വഴികളുണ്ടായിരുന്നു. (തൗസിഅത്തുല്‍ ഹറമൈനി ശ്ശരീഫൈന്‍’, വാര്‍ത്താവിതരണ മന്ത്രാലയം, രിയാദ്, പേജ്: 61)

നബിയുടെ ജനനത്തിന് തൊട്ടുമുമ്പ് യമനിലെ ഭരണാധികാരി കഅ്ബ പൊളിക്കാന്‍ നടത്തിയ ശ്രമം അല്ലാഹുവിന്റെ പ്രത്യേക സഹായത്താല്‍ പരാജയപ്പെട്ട സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത സംഭവം അക്കാലത്തെ അറബികള്‍ക്കിടയില്‍ കഅ്ബക്ക് പൂര്‍വാധികം പ്രശസ്തിയുണ്ടാവാന്‍ കാരണമായി.

നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ് വെള്ളപ്പൊക്കം മൂലം കേടുപാടുകള്‍ പറ്റിയ കഅ്ബ ഖുറൈശികള്‍ പുതുക്കിപ്പണിതതും ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്ന കാര്യത്തില്‍ ഖുറൈശി പ്രമുഖര്‍ക്കിടയിലുണ്ടായ തര്‍ക്കം ‘വിശ്വസ്ത’നെന്ന അപരനാമത്തില്‍ അവര്‍ക്കിടയില്‍ വിഖ്യാതനായിരുന്ന മുഹമ്മദിന്റെ മധ്യസ്ഥതയില്‍ രമ്യമായി പരിഹരിച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. റോമന്‍ വംശജനായ ഒരു കെട്ടിടനിര്‍മാണ വിദഗ്ധന്‍ അവരെ കഅ്ബാ പുനര്‍നിര്‍മാണത്തില്‍ സഹായിച്ചിരുന്നു. കഅ്ബയുടെ രണ്ടു വാതിലുകളിലൊന്ന് ഖുറൈശികള്‍ ചുമര്‍ കെട്ടി അടച്ചുകളയുകയും അവശേഷിച്ച വാതില്‍ നാലുമുഴത്തോളം ഉയര്‍ത്തിവെക്കുകയും ചെയ്തു. തങ്ങള്‍ക്കിഷ്ടമുള്ളവരെ മാത്രം കഅ്ബയില്‍ പ്രവേശിപ്പിക്കാനായിരുന്നുവത്രെ ഇത്. കഅ്ബയുടെ ഉള്‍ഭാഗത്ത് രണ്ടു വരിയില്‍ മൂന്നുവീതം ആറു തൂണുകളുണ്ട്. അതല്ലാതെ മറ്റലങ്കാരങ്ങളൊന്നും കഅ്ബക്കകത്തില്ല. പണിക്കാവശ്യമായ മരവും കല്ലും മതിയാവാതിരുന്നതിനാല്‍ കഅ്ബയുടെ നീളം അഞ്ചു മുഴത്തോളം കുറച്ചാണ് ഖുറൈശികള്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഇങ്ങനെ കെട്ടിടത്തിന് പുറത്തായ ഭാഗമാണ് ‘ഹിജ്ര്‍ ഇസ്മാഈല്‍’ എന്ന പേരിലറിയപ്പെടുന്ന അരമതില്‍ കെട്ടിയ ഭാഗം.

ഇസ്്‌ലാമിക കാലഘട്ടത്തില്‍
മക്കാ വിജയ വേളയില്‍ നബി(സ) കഅ്ബയുടെ ഉള്ളിലും അതിനു ചുറ്റും ഉണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം നശിപ്പിക്കുകയും കഅ്ബക്കകത്ത് ചുമരുകളിന്മേലും തൂണുകളിന്മേലുമുണ്ടായിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങള്‍ മായ്ച്ചുകളയുകയുമുണ്ടായി. കഅ്ബയുടെ വാതില്‍ തുറപ്പിച്ച് തിരുമേനി അകത്തുപ്രവേശിക്കുകയും രണ്ടു തൂണുകള്‍ക്കിടയില്‍ നമസ്‌കരിക്കുകയും ചെയ്തതായി ഇബ്‌നു ഉമര്‍(റ)നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുണ്ട്. കഅ്ബയുടെ കെട്ടിടം ഖുറൈശികള്‍ നിര്‍മിച്ച രൂപത്തില്‍ തന്നെ നബി(സ) നിലനിര്‍ത്തി. മത്വാഫിന് (ത്വവാഫ് ചെയ്യുന്ന സ്ഥലം) ചുറ്റും വീടുകളും കെട്ടിടങ്ങളുമുണ്ടായിരുന്നതും അതേപടി നിലനിര്‍ത്തുകയുണ്ടായി.

ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് ഇസ്്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിക്കുകയും വര്‍ഷന്തോറും ഹജ്ജിന് വരുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ത്വവാഫ് ചെയ്യാന്‍ ഞെരുക്കമാവുകയും ചെയ്തപ്പോള്‍ ഹിജ്‌റ 17-ാം വര്‍ഷത്തില്‍ കഅ്ബക്ക് ചുറ്റുമുള്ള കുറേ വീടുകള്‍ വിലകൊടുത്തുവാങ്ങി പൊളിച്ചുമാറ്റിക്കൊണ്ട് ‘മത്വാഫി’ ന് വിസ്താരം കൂട്ടുകയുണ്ടായി. അതിനുചുറ്റും മതില്‍ കെട്ടുകയും അതില്‍ ചുറ്റുഭാഗത്തും വാതില്‍ വെക്കുകയും മതിലിന് മുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീഫ ഉസ്്മാനുബ്‌നു അഫ്ഫാന്റെ കാലത്ത് മതിലിന് ചുറ്റുമുള്ള വീടുകള്‍പൊളിച്ച് വീണ്ടും വിസ്താരം കൂട്ടി. കഅ്ബക്കു ചുറ്റും മേല്‍പുരയോടുകൂടിയ വരാന്തയും അദ്ദേഹം പണിയിച്ചു.

ഹിജ്‌റ വര്‍ഷം 640ല്‍, മുആവിയയുടെ പുത്രന്‍ യസീദ് ഭരണാധികാരിയായത് അംഗീകരിക്കാതിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെതിരില്‍ യസീദിന്റെ സേനാധിപന്‍ ഹജ്ജാജുബാനു യൂസുഫ് സൈനികോപരോധപ്പെടുത്തുകയും കഅ്ബയിലഭയം തേടിയ ഇബ്‌നു സുബൈറിനെതിരില്‍ ‘മിഞ്ചനീഖ്’ (പാറക്കല്ലുകള്‍ തൊടുത്തുവിടാനുള്ള യന്ത്രം) പ്രയോഗിക്കുകയുമുണ്ടായി. അതുമൂലം കഅ്ബയുടെ ഭിത്തികള്‍ക്ക് കേടുപറ്റി. ഇബ്‌നു സുബൈര്‍ ഭിത്തികളുടെ കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടത്തിനുറപ്പുവരുത്തി. രണ്ടുകൊല്ലം കഴിഞ്ഞ് തീപ്പിടുത്തം മൂലം കഅ്ബയിലെ മരങ്ങള്‍ക്ക് നാശം പറ്റുകയും ദൗര്‍ബല്യമുണ്ടാവുകയും ചെയ്തപ്പോള്‍ ഇബ്‌നു സുബൈര്‍ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിതു. ഹ: ആയിശ(റ) നിവേദനം ചെയ്ത, ‘ജനങ്ങള്‍ കുഫ്‌റില്‍ നിന്ന് മോചിതരായിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ, അല്ലായിരുന്നുവെങ്കില്‍ ഇബ്‌റാഹീം നബി നിര്‍മിച്ച അതേരൂപത്തില്‍ കഅ്ബയുടെ വലുപ്പം പൂര്‍ത്തിയാക്കുകയും ജനങ്ങള്‍ക്ക് അകത്തേക്കും  പുറത്തേക്കും കടക്കാന്‍ ഒരു വാതിലുകള്‍ വെക്കുകയും ചെയ്യുമായിരുന്നു’ എന്ന നബിവചനം ആസ്പദമാക്കി ഇബ്‌നു സുബൈര്‍ ഹിജ്ര്‍ ഇസ്മാഈല്‍ കൂടി കഅ്ബയിലുള്‍പ്പെടത്തക്കവിധം കെട്ടിടത്തിന് അഞ്ചു മുഴം നീളം കൂട്ടി. തറനിരപ്പില്‍ രണ്ടു വാതിലുകള്‍ വെക്കുകയും ചെയ്തു (ഖുര്‍തുബി, 2: 124)

ഇബ്‌നു സുബൈര്‍ വധിക്കപ്പെട്ട ശേഷം ഹജ്ജാജ് അന്നത്തെ ഖലീഫ അബ്ദുല്‍ മലികിന്റെ അനുമതിയോടെ ഇബ്‌നു സുബൈര്‍ കൂട്ടിച്ചേര്‍ത്ത ഭാഗം പൊളിച്ച് പൂര്‍വസ്ഥിതിയിലാക്കുകയും പടിഞ്ഞാറുഭാഗത്തെ വാതില്‍ എടുത്തുമാറ്റുകയും ചെയ്തു. ആയിശ(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഹദീസ് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെട്ട അബ്ദുല്‍ മലിക്, അത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഇബ്‌നു സുബൈര്‍ നിര്‍മിച്ചപടി തന്നെ കഅ്ബ നിലനിര്‍ത്തുമായിരുന്നു വെന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹിജ്‌റ 91-ല്‍ ഉമവി ഖലീഫ വലീദുബ്‌നു അബ്ദുല്‍ മലിക് കഅ്ബയില്‍ ആദ്യമായി മാര്‍ബില്‍ തൂണുകള്‍ നിര്‍മിച്ചു. ഇബ്‌നു സുബൈര്‍ നിര്‍മിച്ച രൂപത്തില്‍തന്നെ കഅ്ബയെ പുനര്‍നിര്‍മിക്കാന്‍ ഖലീഫ ഹാറൂണ്‍ റശീദ് ഇമാം മാലിക്കിനോട് ആവശ്യപ്പെട്ടതായി ഖാദി ഇയാദും ഇമാം നവവിയും രേഖപ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഭരണാധികാരികള്‍ക്ക് സ്വാഭീഷ്ടപ്രകാരം പൊളിച്ചുകളയാനും പുനര്‍ നിര്‍മിക്കാനുമുള്ള ഒരു കെട്ടിടമായി കഅ്ബ മാറിയേക്കും എന്നുപറഞ്ഞുകൊണ്ട് ഇമാം മാലിക്ക് പുനര്‍നിര്‍മാണം നടത്തുന്നതില്‍നിന്ന് ഖലീഫയെ വിലക്കി. അതുകൊണ്ട് കഅ്ബ പുനര്‍നിര്‍മിക്കാനുള്ള തീരുമാനത്തില്‍നിന്ന് ഹാറൂണ്‍ റശീദ് പിന്തിരിഞ്ഞു (ദി ഇംപോര്‍ട്ടന്‍സ് ഓഫ് കഅ്ബാ ഇന്‍ ഇസ്്‌ലാം എന്ന പേരില്‍ ഡോ. നഫ്‌സുദ്ദീന്‍  സിദ്ദീഖി, മുസ്്‌ലിം വേള്‍ഡ് ലീഗ് മാഗസിനില്‍ എഴുതിയ ലേഖനം 1986).
ഹി. 10-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണത്തെപ്പറ്റി വലിയൊരു പ്രശ്‌നമുണ്ടായി. അന്നത്തെ ശൈഖുല്‍ ഇസ്്‌ലാം അടക്കമുള്ള മദ്ഹബിന്റെ മൂന്ന് ഇമാമുകളും പുനര്‍നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ മക്കയിലെ ശാഫി മദ്ഹബിന്റെ ഇമാം അതിനെ എതിര്‍ത്തു. ഹി. 1039-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ രണ്ട് മൂലക്കല്ലുകള്‍ താറുമാറായപ്പോഴാണ് ശാഫി മദ്ഹബിന്റെ ഇമാം പുനര്‍നിര്‍മാണത്തിന് സമ്മതം മൂളിയത്. അങ്ങനെ തുര്‍ക്കി ഭരണാധികാരി മുറാദിന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുര്‍ക്കിയിലെ പ്രഗത്ഭരായ വാസ്തുശില്‍പ വിദഗ്ധര്‍ വന്ന് കഅ്ബയെ ഹജ്ജാജ് പണിത അതേ പൂര്‍വ രൂപത്തില്‍തന്നെ പുനര്‍നിര്‍മിച്ചു(lbid). അങ്ങനെ ഹിജ്‌റ 1040-ല്‍ പുനര്‍നിര്‍മിതമായ കെട്ടിടമാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന കഅ്ബ.

1955-ല്‍ സുഊദ് രാജാവ് ആരംഭിച്ച മസ്ജിദുല്‍ ഹറാമിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഅ്ബയുടെ ചുമരുകള്‍ക്കും മേല്‍തട്ടിനും കാലപ്പഴക്കം കൊണ്ടുണ്ടായ ബലക്ഷയം തീര്‍ത്ത് ഭദ്രമാക്കുകയുണ്ടായി.

1977-ല്‍ ഖാലിദ് രാജാവ്, കാലപ്പഴക്കത്താല്‍ ബലഹീനമായ കഅ്ബയുടെ വാതിലിനു പകരം ഖുര്‍ആന്‍ വചനങ്ങള്‍ കൊത്തിയലങ്കരിച്ച സ്വര്‍ണ്ണപ്പാളികളാല്‍ നിര്‍മിതമായ വാതില്‍ സ്ഥാപിക്കുകയുണ്ടായി. 280 കിലോ സ്വര്‍ണമുപയോഗിച്ച് നിര്‍മിച്ച പ്രസ്തുത വാതിലിന് ഒന്നേകാല്‍ കോടിയിലധികം രിയാലായിരുന്നു വില (ഫീ ഖിദ്മതി ളുയൂഫിര്‍റഹ്്മാന്‍, സുഊദി വാര്‍ത്താ വിതരണ മന്ത്രാലയം. പേജ് 76). പഴയ പൂട്ട് മാറ്റി പുതിയൊരു പൂട്ടും സ്ഥാപിച്ചു. ഏതാണ്ട് ഇരുപതടി പൊക്കമുള്ള കഅ്ബയുടെ വാതിലിന്റെ താഴത്തെ പടി തറനിരപ്പില്‍നിന്ന് ആറരയടി പൊക്കത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതുകാരണം ഒരു ഏണിയുടെ സഹായമില്ലാതെ ആര്‍ക്കും കഅ്ബക്കുള്ളില്‍ പ്രവേശിക്കുക സാധ്യമല്ല.

ലോകത്തെങ്ങുമുള്ള മറ്റേത് ദേവാലയത്തിലേക്കും തീര്‍ഥാടനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ വര്‍ഷന്തോറും സന്ദര്‍ശിക്കുന്ന കഅ്ബക്ക് അതിനനുയോജ്യമായ ശ്രദ്ധയും പരിചരണവും കാലാകാലങ്ങളില്‍ ലഭിച്ചു പോന്നിട്ടുണ്ട്. ഹജ്ജിനും ഉംറക്കുമായെത്തുന്ന ജനലക്ഷങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതില്‍ നിലവിലുള്ള സുഊദി അറേബ്യന്‍ ഭരണകൂടവും ദത്തശ്രദ്ധമാണ്. അല്ലാഹുവിന്റെ അനുഗ്രഹമൊന്നുകൊണ്ടുമാത്രം ഭൂമിക്കടിയില്‍ നിന്ന് അനായാസം പുറത്തേക്കൊഴുകുന്ന ‘കറുത്ത പൊന്ന്’ മൂലമുണ്ടായ സമ്പല്‍സമൃദ്ധി ഇക്കാര്യത്തിനു വേണ്ടി ആവശ്യമുള്ളതും അതിലധികവും ചെലവഴിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു

About the author

hajjpadasala

Add Comment

Click here to post a comment