Dua's

അറഫാ ദിനം

ഹജ്ജിന്റെ ഏറ്റവും മുഖ്യ കര്‍മ്മമാണ് അറഫയില്‍ നില്‍ക്കല്‍. തല്‍ബിയത്തോ തക്ബീറോ ചൊല്ലിയാകണം അറഫയിലേക്ക് പോകുന്നത്. അറഫാ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയെന്ന പേരില്‍ പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നത് ‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ കദീര്‍ എന്നതാണ്. ഒരു തീര്‍ത്ഥാടകന്‍ തന്റെ പാപമോചനത്തിന് ഏറ്റവും കൂടുതലായി ശ്രമിക്കേണ്ട അവസരമാണിത്. അന്ന് നരകത്തില്‍ നിന്ന് മോചനം ലഭിക്കപ്പെടുന്നത്ര പേര്‍ മറ്റൊരു ദിനത്തിലും മോചിപ്പിക്കപ്പെടുകയില്ല. അറഫയില്‍ സമ്മേളിച്ച് പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന ജനസമൂഹത്തെക്കുറിച്ച് അല്ലാഹു മലക്കുകളോട് പുകഴ്ത്തിപ്പറയുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അസര്‍ നമസ്‌കാരത്തിനു ശേഷം അറഫയിലെ ജബലുര്‍റഹ്മയുടെ ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ഏറെ ശ്രേഷ്ഠം.
അറഫാ ദിനത്തില്‍ നിര്‍വഹിക്കപ്പടേണ്ട പ്രാര്‍ത്ഥനകള്‍ എന്ന നിലക്ക് നിരവധി ദുആകള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, അവക്കൊന്നും പ്രബലമായ അടിസ്ഥാനങ്ങളില്ല. തീര്‍ത്ഥാടകന് പഥ്യമായി തോന്നുന്ന ഏത് പ്രാര്‍ത്ഥനയുമാകാം. നബി (സ) തിരുമേനിയില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളിലായി ഉദ്ധരിക്കപ്പെട്ടുവന്ന പ്രാര്‍ത്ഥനകളും ചൊല്ലാവുന്നതാണ്. കൂടാതെ ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും സമയം ചെലവഴിക്കാവുന്നതാണ്. ജംറകളില്‍ കല്ലെറിഞ്ഞതിന് ശേഷവും നബി തിരുമേനി ദീര്‍ഘമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇവിടെയും നിശ്ചിത പ്രാര്‍ത്ഥനകളില്ല. ഉചിതമായി തോന്നുന്ന ദുആകള്‍ ചോല്ലാം.