Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ / ഭാര്യയെ നിര്‍ബന്ധപൂര്‍വം ഹിജാബ് ധരിപ്പിക്കല്‍ ?

ഭാര്യയെ നിര്‍ബന്ധപൂര്‍വം ഹിജാബ് ധരിപ്പിക്കല്‍ ?

ചോദ്യം:  ഭാര്യയെ അവളുടെ അഭീഷ്ടത്തിന് വിരുദ്ധമായി  ഹിജാബ് ധരിപ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ ?

…………………………………………………………

ഉത്തരം: സഹോദരാ, ഹിജാബ് എന്നത് അല്ലാഹുവിനോടുള്ള ബാധ്യതയാണ്. അല്ലാഹുവാണ് അത് വിശ്വാസിനികളോട് നിര്‍ദ്ദേശിച്ചത്. തന്റെ വിശ്വാസത്തോടുള്ള പ്രതിബദ്ധത അതിലൂടെ അവള്‍ വെളിപ്പെടുത്തുന്നു. അല്ലാഹു പറയുന്നതുകാണുക: ‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ’.(അല്‍ അഹ്‌സാബ്-36).

തന്റെ ഭാര്യയെയോ സന്താനങ്ങളെയോ എന്തെങ്കിലും കല്‍പനകള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നത് പ്രതിലോമവും അനാരോഗ്യകരവുമാണ്. ചെയ്യേണ്ട കാര്യങ്ങളുടെ ആന്തരാര്‍ഥവും ഉദ്ദേശ്യശുദ്ധിയും അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിനാവശ്യമായ ക്ഷമ കൈക്കൊള്ളുകയാണ് അഭിലക്ഷണീയം. ഈ വിഷയത്തില്‍ ഭാര്യയുടെ പ്രീതി നേടാന്‍ ശ്രമിക്കുക.

പലപ്പോഴും മുസ് ലിംകള്‍ഇസ് ലാമികരീതിയിലുള്ള വസ്ത്രധാരണത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നത് അജ്ഞതയും ഈമാന്റെ കുറവും മൂലമാണ്. സാമൂഹികാന്തരീക്ഷവും അതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ചാനലുകളും, സാഹിത്യങ്ങളും, സുഹൃദ് വലയങ്ങളും, കൂട്ടുകെട്ടുകളും അതില്‍ പെടുന്നു.

ഒരാളുടെ ജീവിതം സംസ്‌കരിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരുടെ മേല്‍പറഞ്ഞ ചുറ്റുപാടുകളും സ്വാധീനവലയങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അവര്‍ അല്ലാഹുവിന്റെ കല്‍പനയെ അനുസരിക്കാനും അതിനോട് വിധേയപ്പെടാനും മടികാട്ടുന്നുവെങ്കില്‍ അതിന് പരിഹാരക്രിയവേണ്ടിവരുമെന്നാണ് മനസ്സിലാക്കേണ്ടത്.

ഒരാളെ  നേര്‍വഴിക്ക് നയിക്കാന്‍ ഇസ്‌ലാമില്‍ ആദ്യപടിയാണ് ഉത്‌ബോധനവും പരിശീലനവും. നിയമവും അതിന്റെ നടപ്പിലാക്കലും അവസാനനടപടികളാണ്. സത്യത്തിന്റെയും ക്ഷമയുടെയും കാര്യത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കേണ്ടവരാണെന്നാണ് ഇസ്‌ലാമിന്റെ ഭാഷ്യം. പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞിരിക്കുന്നു: ‘രാത്രി ദമ്പതികളിലൊരാള്‍ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റെയാളെ വിളിച്ചെഴുന്നേല്‍പിക്കുകയും എന്നിട്ട് അവര്‍ ഒരുമിച്ച് നമസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവരുടെ മേല്‍ വര്‍ഷിക്കുന്നതാണ്.’ ഇത് തന്റെ പങ്കാളിയോട് സൂചിപ്പിച്ചുകൊണ്ട് വളരെ നയത്തിലും മയത്തിലും തങ്ങളുടെ ബാധ്യതയെയും ഉത്തരവാദിത്വത്തെയും പറ്റി ബോധ്യപ്പെടുത്തുക. അല്ലാഹു മൂസാ (അ) യെ  ഫിര്‍ഔന്റെ അടുത്തേക്ക് പറഞ്ഞയച്ചത് അയാളോട് വളരെ അനുനയത്തിലും മയത്തിലും സംസാരിക്കണമെന്ന്  വ്യക്തമാക്കിക്കൊണ്ടാണല്ലോ എന്നത് ഓര്‍ക്കുക.

ഇനി ഒരു സ്ത്രീ ദീനിയായ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നത് ആദ്യമായാണെങ്കില്‍ അവളോട് തിടുക്കത്തില്‍ ഹിജാബിന് നിര്‍ബന്ധിക്കരുത്. ആദ്യഘട്ടത്തില്‍ കാനേഷുമാരി മുസ് ലിമായിരിക്കുകയും പിന്നീട് ദീനിനെക്കുറിച്ച് പഠിക്കുകയും ചെയ്ത ഭര്‍ത്താക്കന്‍മാര്‍ തുടക്കത്തില്‍ എല്ലാത്തിലും കാര്‍ക്കശ്യം പുലര്‍ത്തുന്നതു കാണാറുണ്ട്. അക്കാര്യത്തില്‍ പ്രവാചകന്‍ തിരുമേനി(സ)യുടെ നിര്‍ദ്ദേശം നാം മനസ്സിലാക്കേണ്ടതുണ്ട്:’നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക; അവരെ ഞെരുക്കരുത്. അവര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുക; അവരെ ആട്ടിയകറ്റരുത്.’ അതിനാല്‍ ഭാര്യയ്ക്ക് ഹിജാബിന്റെ അനിവാര്യതയും മറ്റും സ്വമനസ്സാലെ പഠിച്ച് അത് പിന്തുടരാന്‍ അവസരം നല്‍കുക.

ഇക്കാര്യത്തില്‍ ഓരോ യുവതീ-യുവാക്കളും തങ്ങളുടെ വിവാഹത്തിനുമുമ്പ് പ്രതിശ്രുതപങ്കാളി എത്രത്തോളം ഇസ്‌ലാമികചിട്ടകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

 

 

About sheik ahmed kutty

Check Also

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് …