Home / ചോദ്യോത്തരം / ഫത് വ / മുഹറം-ഫത്‌വ / ആശൂറ നോമ്പ്: പ്രവാചകന്‍ (സ) യഹൂദരെ അനുകരിച്ചെന്നോ ?

ആശൂറ നോമ്പ്: പ്രവാചകന്‍ (സ) യഹൂദരെ അനുകരിച്ചെന്നോ ?

നബി (സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്‍മാര്‍ ആശൂറാ നോമ്പ് നോല്‍ക്കുന്നതായി കാണുകയും അപ്പോള്‍ അദ്ദേഹവും ആശൂറാ നോമ്പ് നോല്‍ക്കുകയും അത് നോല്‍ക്കാന്‍ അനുചരന്‍മാരോട് ആജ്ഞാപിക്കുകയും ചെയ്തുവെന്ന് ഒരു ഹദീസുണ്ടല്ലോ. പല കാര്യങ്ങളിലും ജൂതന്മാരോട് വിഭിന്നരാകാന്‍ കല്‍പ്പിച്ച ഒരു പ്രവാചകന് ഇതെങ്ങനെ ഭൂഷണമാകും?

ചോദ്യ കര്‍ത്താവ് പറയുന്ന ഹദീസ് ബുഖാരിയും മുസ് ലിമും ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിച്ചതാണ്. ഇബ്‌നു അബ്ബാസ് പറഞ്ഞു: ‘നബി (സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്‍മാര്‍ ആശൂറാ നോമ്പ് നോല്‍ക്കുന്നതായി കണ്ടു. എന്താണിത് ? അദ്ദേഹം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു സുദിനം. അല്ലാഹു മൂസായെയും ഇസ്‌റാഈല്യരെയും ശത്രുക്കളില്‍ നിന്നും രക്ഷിച്ച ദിനം. മൂന്നാ അന്ന് നോമ്പു നോല്‍ക്കുകയുണ്ടായി.’ അപ്പോള്‍ തിരുമേനി പറഞ്ഞു: മൂസായില്‍ നിങ്ങളേക്കാള്‍ അവകാശമുള്ളവനാണ് ഞാന്‍’. അങ്ങനെ അദ്ദേഹം നോമ്പെടുക്കുകയും മറ്റുള്ളവരോട് നോമ്പെടുക്കാന്‍ ആജ്ഞാപിക്കുകയുമുണ്ടായി.

ബഹുദൈവാരാധകരോടും വേദക്കാരോടും വൈജാത്യം പുലര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷയുള്ള ഒരു പ്രവാചകന്‍ ആശൂറാ നോമ്പിന്റെ കാര്യത്തില്‍ ജൂതന്‍മാരോട് യോജിച്ചതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ ആശൂറാ നോമ്പിനെ കുറിച്ച വന്നിട്ടുള്ള ഹദീസുകള്‍ പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഹിജ്‌റക്കു മുമ്പു തന്നെ നബി (സ) ഈ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എന്നല്ല, ജാഹിലിയ്യാ കാലത്തെ അറബികള്‍ പോലും ആശൂറാ ദിനത്തെ മാനിക്കുകയും അന്ന് നോമ്പു നോല്‍ക്കുകയും ചെയ്തിരുന്നു. പൂര്‍വ ശരീഅത്തില്‍ നിന്നാണ് അവരത് സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ഇക് രിമ ഉദ്ധരിക്കുന്ന ഒരു സംഭവം അതിന് തെളിവാണ് ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ ഒരു പാപം ചെയ്തു. അതവര്‍ക്ക് കഠിനമായ മനഃപ്രയാസമുണ്ടാക്കി. അപ്പോള്‍ അവരോട് ആരോ പറഞ്ഞു: ആശൂറാ ദിനത്തില്‍ നോമ്പെടുക്കുക, നിങ്ങളുടെ പാപം പൊറുത്തുകിട്ടും’.
ചുരുക്കത്തില്‍, തിരുമേനി ആശൂറാനോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചത് മദീനയില്‍ വെച്ചല്ല. അത് നോറ്റത് യഹൂദികളെ അനുകരിക്കാന്‍ വേണ്ടിയുമല്ല. ‘മൂസായില്‍ നിങ്ങളേക്കാള്‍ അവകാശം എനിക്കുണ്ട്’  എന്നദ്ദേഹം പറഞ്ഞതും നോമ്പെടുക്കാന്‍ കല്‍പ്പിച്ചതും ആ ദിവസത്തിനുള്ള പ്രാധാന്യം ആവര്‍ത്തിച്ചുറപ്പിക്കാന്‍ വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ ദീന്‍ എക്കാലത്തും ഒന്നായിരുന്നുവെന്നും പ്രവാചകന്മാരെല്ലാം സഹോദരന്‍മാരായിരുന്നുവെന്നും സത്യത്തിന്റെ കെട്ടിടത്തില്‍ ഓരോരുത്തരും ഓരോ ഉദ്ധേശ്യമായിരുന്നു. തങ്ങള്‍ പിന്തുടരുന്നു എന്ന് ജൂതന്‍മാര്‍ അവകാശപ്പെട്ടിരുന്ന എല്ലാ പ്രവാചകരിലും മുസ് ലിംകള്‍ക്ക് അവകാശങ്ങളുണ്ടെന്ന് അവരെ പഠിപ്പിക്കുക എന്നതും അതിന്റെ ലക്ഷ്യമായിരുന്നു. ഫിര്‍ഔന്‍ നശിക്കുകയും മൂസാ ജയിക്കുകയും ചെയ്ത ദിനമാണ് ആശൂറായെങ്കില്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു ഏതൊരു സത്യവുമായി അയച്ചുവോ അതിന്റെ വിജയ ദിനം അതുതന്നെയായിരുന്നു. അല്ലാഹുവിനോട് നന്ദി കാണിക്കുവാന്‍ മൂസാ അന്ന നോമ്പു നോറ്റിരുന്നുവെങ്കില്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ജൂതന്‍മാരേക്കാള്‍ അവകാശം മുസ് ലിംകള്‍ക്കാണ്. ഈ വസ്തുതയും ജൂതന്മാരെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. മാത്രമല്ല, പലപ്പോഴും മിഥ്യക്കുമേല്‍ സത്യം വിജയം നേടിയ ദിനങ്ങളാണ് ആശൂറാ. ഇമാം അഹ് മദ് ഇബ്‌നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്ന ഒരു വചനത്തില്‍ നൂഹി (അ) ന്റെ കപ്പല്‍ ജൂദി പര്‍വ്വതത്തിലണഞ്ഞത് ആശൂറാ ദിനത്തിലായിരുന്നുവെന്നും അല്ലാഹുവോട് നന്ദി പ്രകാശിപ്പിക്കാന്‍ നൂഹ് (അ) അന്ന് നോമ്പ് നോല്‍ക്കുകയുണ്ടായെന്നും പറയുന്നുണ്ട്.
ഇനി ജൂതന്മാരെ അനുകരിച്ചാണ് അദ്ദേഹം നോമ്പ് നോറ്റതെന്ന് വെക്കുക. മദീനാ ജീവിതത്തിന്റെ ആദ്യ ഘട്ടമായിരുന്നുവല്ലോ അത്. നിഷിദ്ധമല്ലാത്ത കാര്യങ്ങളില്‍ വേദക്കാരോട് യോജിപ്പ് പ്രകടിപ്പിക്കല്‍ അനിവാര്യമായ കാലം. അവരെ ഇസ് ലാമിലേക്കാര്‍ഷിക്കാനും അവരുടെ പിന്തുണ നേടാനും അത് അനിവാര്യമായിരുന്നു. എന്നാല്‍ മുസ് ലിംകള്‍ ഭദ്രത കൈവരിക്കുകയും ഇസ് ലാമിനോടും മുസ് ലിംകളോടും പ്രവാചകനോടുമുള്ള ജൂത ശത്രുത പുറത്തു വരികയും ചെയ്തപ്പോള്‍ നേരത്തെ പറഞ്ഞ മഹത്തായ അര്‍ത്ഥത്തില്‍, അതിനുള്ള മൗലിക പ്രാധാന്യം അംഗീകരിച്ചുകൊണ്ടുതന്നെ, നോമ്പിന്റെ എണ്ണത്തിലും ദിനങ്ങളിലും അവരില്‍ നിന്ന് വ്യത്യസ്തകരാകുവാന്‍ തിരുമേനി ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ആശൂറാ ദിനം നിങ്ങള്‍ നോമ്പുനോല്‍ക്കുക, എന്നാല്‍ ജൂതരില്‍ നിന്നും ഭിന്നരാകുക. നിങ്ങള്‍ ആശൂറാ ദിനത്തിനു മുമ്പും പിമ്പും നോല്‍ക്കുക.’
ചോദ്യകര്‍ത്താവിനുണ്ടായ അതേ സംശയം മദീനാ കാലഘട്ടത്തിന്റെ ഏതാണ്ടൊടുവില്‍ സഹാബികള്‍ക്കുണ്ടായി. ഇബ്‌നു അബ്ബാസില്‍ നിന്ന് മുസ് ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘റസൂല്‍ (സ) ആശൂറാദിനത്തില്‍ നോമ്പു നോല്‍ക്കുകയും നോമ്പുനോല്‍ക്കാന്‍ മറ്റുള്ളവരോട് ആജ്ഞാപിക്കുകയും ചെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു: തിരുദൂതരേ, ജൂതന്മാരും ക്രൈസ്തവരും മഹത്വം കല്‍പിക്കുന്ന ദിനമല്ലേ അത് ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു ഇച്ഛിച്ചെങ്കില്‍ അടുത്തവര്‍ഷം ഒമ്പതാം ദിനവും നാം നോമ്പു നോല്‍ക്കും’. ആ വര്‍ഷം സമാഗതമാവും മുമ്പ് തിരുദൂതര്‍ ഇഹലോകം വെടിഞ്ഞിരുന്നു. ഈ മറുപടിയില്‍ നിന്നും മറ്റു തെളിവുകളില്‍ നിന്നും ഗ്രഹിക്കാവുന്നത് വ്രതം ആശൂറാ ദിനത്തില്‍ പരിമിതപ്പെടുത്താന്‍ നബി (സ) ഉദ്ദേശിച്ചിരുന്നില്ലെന്നും ജൂത- ക്രൈസ്തവരില്‍ നിന്ന് ഭിന്നരായിരിക്കൂവാന്‍ ഒമ്പതാം ദിവസം കൂടി നോമ്പെടുക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെന്നുമാണ്. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ആശൂറാ നോമ്പിന് മൂന്ന് രൂപങ്ങളുണ്ട്. ആശൂറാ ദിവസത്തിന് മുമ്പും പിമ്പും നോമ്പു നോല്‍ക്കലാണ് അതിന്റെ പൂര്‍ണരൂപം. ഒമ്പതും പത്തും നോല്‍ക്കുന്നത് അതിനടുത്ത പദവിയില്‍ വരുന്നു. പത്തിന് മാത്രം നോമ്പെടുക്കുന്നത് അതിന് താഴെയും.

 

About shaik yousuf ul qurdavi

Check Also

ആശൂറാ ദിനത്തില്‍ ആഘോഷം

ചോദ്യം:ആശൂറാ ദിനത്തില്‍, വ്രതമനുഷ്ഠാനമല്ലാത്ത വല്ല കാര്യവും- കുടുംബത്തിന് ദാനം ചെയ്യുക, കണ്ണില്‍ സുറുമ എഴുതുക- തുടങ്ങിയവ പുണ്യമായി ഗണിക്കുന്നതിന് തെളിവുകളുണ്ടോ? …