Home / ചോദ്യോത്തരം / ഫത് വ / മുഹറം-ഫത്‌വ / ആശൂറാ നോമ്പിന്റെ ദിവസങ്ങള്‍

ആശൂറാ നോമ്പിന്റെ ദിവസങ്ങള്‍

ചോദ്യം: മുഹര്‍റം 9, 10, 11 ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണോ ? അതല്ല 9, 10 ദിവസങ്ങളില്‍ മാത്രമാണോ സുന്നത്ത് ?

തിരുമേനി (സ) മുഹര്‍റം 10 ന് നോമ്പെടുത്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അടുത്ത വര്‍ഷം മുഹര്‍റം 9 ന് കൂടി നോമ്പെടുക്കാന്‍ തിരുമേനി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പ് പ്രവാചകന്‍ (സ) മരണപ്പെട്ടു. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ആശൂറാഅ് നോമ്പ് പൂര്‍ത്തീകരിക്കാന്‍ അതിനു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ നോമ്പും കൂടി പൂര്‍ത്തീകരിക്കണം. അതുകൊണ്ട് മുഹര്‍റം 11 നും നോമ്പെടുക്കുന്നത് നിഷിദ്ധമല്ല.
തിരുമേനി (സ) ഹിജ്‌റക്കു മുമ്പു തന്നെ ആശൂറാഅ് ദിവസത്തെ നോമ്പ് അനുഷ്ഠിച്ചിരുന്നതായി ഹദീസുകളില്‍ കാണാം.

ഇസ് ലാമിന് മുമ്പ് തന്നെ അറേബ്യയയിലെ ജനത ആശൂറാഅ് ദിനത്തിന് പ്രത്യേകത കല്‍പ്പിക്കുകയും ആ ദിവസം വ്രതമനുഷ്ഠിക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം അവര്‍ കഅ്ബയെ ഖില്ല പുതപ്പിക്കുമായിരുന്നു. മുന്‍ഗാമികളുടെ ചര്യയില്‍ നിന്നാണ് അത്തരമൊരു ആചാരം അവര്‍ സ്വീകരിച്ചത്. ജാഹിലിയ്യാ കാലത്ത്, അറബികള്‍ അവരുടെ തെറ്റുകള്‍ പൊറുത്തു കൊടുക്കപ്പെടുന്ന ഒരു പുണ്യകര്‍മമായി ആശൂറാഅ് നോമ്പിനെ കണ്ടിരുന്നു. അതുകൊണ്ട് നബി തിരുമേനി മദീനയില്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു ആചാരം അറിയുന്നതെന്നും, അവിടെ വെച്ചാണ് തിരുമേനി (സ) ആദ്യമായി ആശൂറാഅ് നോമ്പ് അനുഷ്ഠിച്ചതെന്നും പറയുന്നത് ശരിയല്ല. കാരണം, നേരത്തെ ജാഹിലിയ്യാ അറബികളില്‍ നിന്നും തിരുമേനി അത് കാണുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ‘യഹൂദരേക്കാള്‍ മൂസയോട് അടുത്തവര്‍ നമ്മളാണ്’ എന്ന് റസൂല്‍ (സ) പറഞ്ഞത്, എല്ലാ കാലഘട്ടത്തിലും അല്ലാഹുവിന്റെ ദീന്‍ ഒന്നുതന്നെയാണെന്ന വസ്തുത ബലപ്പെടുത്താനാണ്. എല്ലാ പ്രവാചകന്‍മാരും സത്യത്തിന്റെ മാര്‍ഗത്തിലെ സഹപ്രവര്‍ത്തകരാണ്. അവരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹര്‍ മുസ് ലിംകളാണ് എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.
എന്നാല്‍ മുന്‍കാല പ്രവാചകന്‍മാരുടെ സമുദായങ്ങള്‍ അവരുടെ വേദഗ്രന്ഥം തിരുത്തി, അവരുടെ ദീന്‍ തന്നെ മാറ്റി മറിച്ചു. ആശൂറാഅ് ദിനം മൂസാ നബിയുടെ വിജയത്തിന്റെ ദിനമാണെങ്കില്‍, മുഹമ്മദ് നബിയുടെയും കൂടി വിജയമാണത്. അല്ലാഹുവിനെ നന്ദി കാണിച്ച് മൂസ (അ) നോമ്പെടുത്തിട്ടുണ്ടെങ്കില്‍, ആ നന്മ അനുധാവനം ചെയ്യാന്‍ യഹൂദരേക്കാള്‍ മുമ്പിലുണ്ടാകുക നമ്മള്‍ മുസ് ലിംകളാണ്. ഇതാണ് പ്രവാചകന്‍ പറഞ്ഞതിന്റെ ധ്വനി.
യഹൂദരെ പോലെ ആശൂറാ ദിനത്തില്‍ നോമ്പെടുക്കാമെന്നുള്ള യോജിപ്പ് തിരുമേനി (സ) മദീനയിലേക്ക് എത്തിയ ആദ്യ കാലഘട്ടങ്ങളിലായിരുന്നു. മദീനയിലേക്ക് വന്ന മുസ് ലിംകള്‍ യഹൂദരിലെ നന്മകള്‍ അംഗീകരിക്കുന്നവരായിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞ് യഹൂദരുടെ ഇസ് ലാമിനോടുള്ള ശത്രുത മറ നീക്കി പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍, തിരുമേനി പറഞ്ഞു: ‘ആശൂറാ ദിവസം നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. യഹൂദരില്‍ നിന്ന് വ്യത്യസ്തരായി നിലകൊള്ളുക. ആശൂറാ ദിവസവും അതിനു മുമ്പും പിമ്പുമുള്ള ദിവസങ്ങൡും നോമ്പനുഷ്ഠിച്ചാണ് അവരില്‍ നിന്ന് വ്യത്യസ്തരാവേണ്ടത്.’ (അഹ് മദ്)
ഇത് കേട്ടപ്പോള്‍ പ്രവാചകാനുചരര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, യഹൂദരും ക്രിസ്ത്യാനികളും ഈ ദിവസം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
തിരുമേനി പറഞ്ഞു: വരുന്ന വര്‍ഷം ഇന്‍ശാഅല്ലാഹ് നാം 9 ന് കൂടി നോമ്പെടുക്കും’ എന്നാല്‍ തിരുമേനി അടുത്ത വര്‍ഷം മുഹര്‍റം വരെ ജീവിച്ചില്ല.
ഇവിടെ നമുക്ക് മനസിലാകുന്ന കാര്യം, തിരുമേനി (സ) മുഹര്‍റം നോമ്പ് 10 ല്‍ മാത്രം പരിമിതപ്പെടുത്താതെ, ഒമ്പതിലേക്കു കൂടി ചേര്‍ത്ത് നോമ്പെടുക്കാന്‍ കല്‍പ്പിച്ചു. ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണത്തില്‍, മുഹര്‍റം നോമ്പ് മൂന്ന് രീതിയിലുണ്ട്. അതില്‍ ഒന്നാമത്തേതും ഏറ്റവും പരിപൂര്‍ണ്ണവുമായ രീതി, ആശൂറായിലും അതിനു മുമ്പും പിമ്പുമുള്ള ദിവസങ്ങളിലും നോമ്പെടുക്കലാണ്.
രണ്ടാമത്തെ രീതി, ആശൂറാഇലും ഒമ്പതിലും നോമ്പെടുക്കലാണ്. കൂടുതല്‍ ഹദീസുകള്‍ ഈ രീതിയെകുറിച്ചാണ് വന്നിട്ടുള്ളത്.

മൂന്നാമത്തേത് പത്തിന് മാത്രം നോമ്പെടുക്കുന്ന രീതിയാണ്. ചുരുക്കത്തില്‍, മൂന്ന് രീതിയും അവലംബിക്കാം. ഒരുവന് ഒമ്പതിന് നോമ്പെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനൊന്നിന് നോമ്പെടുക്കുന്നതിന് വിരോധമില്ല. അല്ലാഹുവാണ് ഏറ്റം അറിയുന്നവന്‍.

About islam padasala

Check Also

ഹിജ്‌റ വര്‍ഷപിറവി ആഘോഷിക്കാമോ?

മുസ് ലിംകള്‍ ഹിജ്‌റ വര്‍ഷം ആഘോഷിക്കാത്തതെന്താണ് ? ക്രിസ്ത്യാനികളും യഹൂദരും ക്രിസ്തു വര്‍ഷം ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. മുസ് ലിംകള്‍ക്ക് അങ്ങനെ …