Home / ചോദ്യോത്തരം / ഫത് വ / മതങ്ങള്‍-ഫത്‌വ / യേശുവും മുഹമ്മദ് നബിയും

യേശുവും മുഹമ്മദ് നബിയും

“യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും നിങ്ങളുടെ നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് നിങ്ങളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവല്‍ക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?”

ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഈ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലുംജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നത്, ‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്.

അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അവര്‍ക്കിടയില്‍ ഒരുവിധ വിവേചനവും കല്‍പിക്കാവതല്ല. മുസ്ലിംകള്‍ ഇപ്രകാരം പ്രഖ്യാപിക്കാന്‍ ശാസിക്കപ്പെട്ടിരിക്കുന്നു: “പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശെ, യേശു എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്‍ക്കും അവരുടെ നാഥങ്കല്‍നിന്നവതരിപ്പിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളല്ലോ.”(ഖുര്‍ആന്‍ 3:84) ഖുര്‍ആന്‍ പറയുന്നു: “ദൈവദൂതന്‍ തന്റെ നാഥനില്‍നിന്ന് തനിക്ക് അവതരിച്ച മാര്‍ഗദര്‍ശനത്തില്‍ വിശ്വസിച്ചിരിക്കുന്നു. ഈ ദൂതനില്‍ വിശ്വസിക്കുന്നവരാരോ അവരും ആ മാര്‍ഗദര്‍ശനത്തെ വിശ്വസിച്ചംഗീകരിച്ചിരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ പ്രഖ്യാപനമിവ്വിധമത്രെ: ഞങ്ങള്‍ ദൈവദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി ശ്രവിച്ചു. വിധേയത്വമംഗീകരിച്ചു. നാഥാ, ഞങ്ങള്‍ നിന്നോട് മാപ്പിരക്കുന്നവരാകുന്നു. ഞങ്ങള്‍ നിന്നിലേക്കുതന്നെ മടങ്ങുന്നവരാണല്ലോ”(2: 285). പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവര്‍ ദൈവികസμശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഈ വിശുദ്ധവാക്യങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാല്‍ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകന്‍. ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യന്‍ മുതല്‍ മുഴുവന്‍ മനുഷ്യര്‍ക്കും ദൈവം നല്‍കിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരില്‍നിന്നു തന്നെ ദൈവത്താല്‍ നിയുക്തരായ സന്ദേശവാഹകഅ മാത്രമാണ്. ഭൂമിയില്‍ ജനവാസമാരംഭിച്ചതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇത്തരം അനേകായിരം ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ  കണ്ണിയാണ് മുഹമ്മദ് നബിതിരുമേനി

About islam padasala

Check Also

വേദവും ഗീതയും ദൈവികമോ?

“ഇന്ത്യയിലെ ഹൈന്ദവവേദങ്ങള്‍ ദൈവികമാണെന്ന് അംഗീകരിക്കുന്നുണ്ടോ?” വിദ്യ, വിജ്ഞാനം എന്നൊക്കെയാണ് വേദമെന്ന പദത്തിന്റെ അര്‍ഥം. അധ്യാത്മജ്ഞാനമെന്നാണ് അതിന്റെ വിവക്ഷ. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്ന്വിശ്വസിക്കപ്പെടുന്നു. അത് മനുഷ്യനിര്‍മിതമല്ലെന്നും …