Home / ചോദ്യോത്തരം / ഫത് വ / സ്ത്രീ ഇസ്‌ലാമില്‍-ഫത്‌വ / സ്ത്രീകള്‍ക്ക് ഹസ്തദാനം

സ്ത്രീകള്‍ക്ക് ഹസ്തദാനം

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, ഭാര്യയുടെ സഹോദരി എന്നിങ്ങനെ. ചില വിശേഷാവസരങ്ങളില്‍ നമുക്കങ്ങനെ ചെയ്യേണ്ടിവരുന്നു. ഉദാ: യാത്ര കഴിഞ്ഞു തിരിച്ചുവരുക, രോഗശമനം ഉണ്ടാവുക, ഹജ്ജ് ഉംറ തീര്‍ഥാടനം കഴിഞ്ഞുവരുക എന്നിങ്ങനെ. ഇത്തരം അവസരങ്ങളില്‍ കുടുംബങ്ങളും ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും ഒത്തുചേരുകയും അഭിവാദ്യമര്‍പ്പിക്കുകയും ഹസ്തദാനം ചെയ്യുകയും പതിവാണ്.

എനിക്ക് അന്വേഷിക്കാനുള്ളതിതാണ്. ഖുര്‍ആനിലും നബിചര്യയിലും ഇപ്രകാരമുള്ള ഹസ്തദാനം വിരോധിക്കുന്ന വല്ല കല്‍പനയും ഉണ്ടോ? നമ്മുടെ സാമൂഹിക ചുറ്റുപാടില്‍, വിശ്വസ്തമായ അന്തരീക്ഷത്തില്‍, വികാരത്തിന്റെ പ്രേരണയില്ലാതെ കുടുംബങ്ങള്‍ തമ്മില്‍ ഹസ്തദാനം പരിഷ്കൃതരായ നമ്മള്‍ വലിയ ഗൌരവക്കാരും കാര്‍ക്കശ്യക്കാരും സ്ത്രീയെ നിന്ദിക്കുന്നവരുമാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുകയും ചെയ്യും. ഇക്കാര്യത്തില്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരണം തരാനപേക്ഷിക്കുന്നു.

ഉത്തരം: പുരുഷന്‍ സ്ത്രീക്ക് ഹസ്തദാനം ചെയ്യാമോ എന്ന ചോദ്യം സങ്കീര്‍ണമായ വിഷയമാണ്. ഈ വിഷയത്തെക്കുറിച്ച് നിഷ്പക്ഷമായി മറുപടി പറയാന്‍ മാനിസികമായും ചിന്താപരമായും ഏറെ പരിശ്രമിക്കേണ്ടതുണ്ട്. അതുപോലെ പുറമെനിന്ന് ഇറക്കുമതി ചെയ്തതും പരമ്പരാഗതവുമായ ചിന്തകളില്‍നിന്ന് മുഫ്തി മോചിതനാവുകയും വേണം. പ്രമാണങ്ങളെ സമതുലിതമായി വിലയിരുത്തുകയും, പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍നിന്ന് ശരിയോട് കൂടുതലടുത്ത മുന്‍തൂക്കം നല്‍കുകയും വേണം. തീരുമാനത്തില്‍ അല്ലാഹുവിന്റെ പ്രീതിയാണ് കാംക്ഷിക്കേണ്ടത്. ജനങ്ങളുടെ താല്‍പര്യമല്ല.

ചര്‍ച്ചയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഈ വിഷയകമായി രണ്ട് അഭിപ്രായങ്ങള്‍ എടുത്തുകാണിക്കനാഗ്രഹിക്കുന്നു. എന്റെ അറിവനുസരിച്ച് അവ രണ്ടിന്റെയും വിധിയില്‍ പൂര്‍വകാല പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.

ഒന്ന്: സ്ത്രീ പുരുഷന്മാരില്‍ ഒരാള്‍ വികാരത്തോടുകൂടിയോ, ആസ്വാദനത്തിനുവേണ്ടിയോ, അല്ലെങ്കില്‍ കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെടുമ്പോഴോ പുരുഷന്‍ സ്ത്രീക്ക് ഹസ്തദാനം ചെയ്യല്‍ ഹറാമാകുന്നു. കാരണം, കുഴപ്പത്തിലേക്കുള്ള വാതില്‍ അടച്ചുകളയേണ്ടത് നിര്‍ബന്ധമാണ്. ഇവിടെ ഒരു കാര്യം തറപ്പിച്ചു പറയേണ്ടതുണ്ട്. പുരുഷന്‍ തനിക്ക് വിവാഹബന്ധം നിഷിദ്ധമായ സ്ത്രീയെ സ്പര്‍ശിക്കുകയോ, അവളുമായി തനിച്ചിരിക്കുകയോ ചെയ്യുന്നത് വികാരത്തോടുകൂടിയും കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെടുന്ന അവസ്ഥയിലുമാണെങ്കില്‍ അത് ഹറാമിന്റെ പരിധിയില്‍ പെടുന്നു. പ്രത്യേകിച്ച് ഭാര്യയുടെ മകള്‍, സഹോദരന്റെ ഭാര്യ, പിതാവിന്റെ ഭാര്യ, മുലകുടി ബന്ധത്തിലുള്ള സഹോദരി എന്നിവരോട് സ്വന്തം ഉമ്മ, മകള്‍, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി എന്നിവരോടുള്ള മാനസികാവസ്ഥയല്ല ഉണ്ടാവുക.

രണ്ട്: വികാരം ഇളക്കിവിടാത്ത വൃദ്ധയ്ക്ക് ഹസ്തദാനം നല്‍കുന്നതില്‍ വിട്ടുവീഴ്ചയുണ്ട്. അതേപോലെത്തന്നെയാണ് ചെറിയ പെണ്‍കുട്ടിയും. അവിടെ കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെടേണ്ടതില്ല. ഹസ്തദാനം നല്‍കുന്ന വ്യക്തി പടുവൃദ്ധനാണെങ്കിലും അപ്രകാരം തന്നെയാണ്.

അബൂബകര്‍ വൃദ്ധകള്‍ക്ക് ഹസ്തദാനം ചെയ്യുമായിരുന്നു. അബ്ദുല്ലാഹിബ്നു സുബൈര്‍ തന്റെ രോഗസുശ്രൂഷക്കായി വൃദ്ധയെ ശമ്പളത്തിന് നിര്‍ത്തിയിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ശരീരം ഉഴിഞ്ഞുകൊടുക്കുകയും തലയില്‍നിന്ന് പേന്‍ എടുത്തുകൊടുക്കുകയും ചെയ്തു.

കിഴവികളുടെ കാര്യത്തില്‍ ഖുര്‍ആന്‍ പറഞ്ഞത് ഇതിനു തെളിവാണ്. കാരണം, മറ്റുള്ളവര്‍ക്ക് അനുവദനീയമല്ലാത്ത ചില വസ്ത്രധാരണ രീതികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചിടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായി തങ്ങളുടെ മേല്‍ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.” (അന്നൂര്‍: 60)

അപ്രകാരമാണ് സ്ത്രീകളോട് താല്‍പര്യമില്ലാത്ത പുരുഷന്മാരും ലൈഗിക വികാരം ഉണ്ടായിട്ടില്ലാത്ത ചെറിയ കുട്ടികളും. അവരുടെ മുമ്പില്‍ സ്ത്രീ സൌന്ദര്യം പ്രകടിപ്പിക്കുന്നതിന് കുഴപ്പമില്ല. അല്ലാഹു പറയുന്നു: “ലംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ (എന്നിവരൊഴിച്ച് മറ്റാര്‍ക്കും അവര്‍ തങ്ങളുടെ ശരീര ഭംഗി വെളിപ്പെടുത്തരുത്).” (അന്നൂര്‍: 31)

ഇത് രണ്ടുമല്ലാത്ത അവസ്ഥയെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച. അതാകട്ടെ, വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന വിഷയവുമാണ്.

സ്ത്രീ തന്റെ ശരീരം മുഴുവന്‍ ‏‏‏‏‏ മുഖവും മുന്‍കൈയും അടക്കം ‏‏‏‏‏ മൂടണമെന്ന് നിര്‍ബന്ധം പിടിക്കുകയും, “അവര്‍ തങ്ങളുടെ സൌന്ദര്യത്തില്‍നിന്ന് പ്രകടമായതൊഴിച്ച് വെളിവാക്കരുത്” എന്ന ഖൂര്‍ആനിക സൂക്തത്തിന്റെ ഉദ്ദേശ്യം അത് മൂടുപടം പോലുള്ള മേല്‍വസ്ത്രമാണ്, അല്ലെങ്കില്‍ ശക്തിയായ കാറ്റില്‍ വസ്ത്രം നിങ്ങുമ്പോള്‍ പ്രകടമാകുന്ന ഭാഗമാണ് എന്നു പറയുകയും ചെയ്യുന്നവര്‍ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം ഹറാമാണെന്ന് പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. കാരണം, മുന്‍കൈ മൂടല്‍ നിര്‍ബന്ധമാണെങ്കില്‍ അതാ കാണലും ഹറാമാവും. കാണല്‍ ഹറാമാണെങ്കില്‍ സ്പര്‍ശനം ഏതായാലും ഹറാമാണ്. സ്പര്‍ശനം നോട്ടത്തേക്കാള്‍ ഗൌരവമേറിയതും വികാരം ഇളക്കിവിടുന്നതുമാണല്ലോ.

ഈ അഭിപ്രായക്കാര്‍ ന്യൂനപക്ഷമാണ്. സ്വഹാബിമാര്‍, താബിഉകള്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ എന്നിവരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് ഖുര്‍ആനിലെ “അതില്‍നിന്ന് പ്രകടമായതൊഴിച്ച്” എന്ന വാക്യത്തിന്റെ ഉദ്ദേശ്യം, മുഖവും മുന്‍കൈയുമാണ്.

അങ്ങനെയിരിക്കെ വികാരത്തോടുകൂടിയല്ലാത്ത ഹസ്തദാനം ഹറാമാണെന്ന് പറയാനുള്ള ന്യായമെന്താണ്? വ്യക്തമായ തെളിവ് ലഭിക്കാന്‍ ഞാനേറെ അന്വേഷിച്ചു. പക്ഷേ, എനിക്കത് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇവിടെ ഉന്നയിക്കുന്ന കാര്യമായ വാദം കുഴപ്പത്തിന്റെ വാതില്‍ അടക്കുക എന്നതാണ്. സ്ത്രീപുരുഷ സ്പര്‍ശനത്തില്‍ വികാരമുണ്ടാവുകയും കുഴപ്പമുണ്ടാകുമെന്ന് ഭയ.പ്പെടുകയും ചെയ്താല്‍ ഇപ്പറയുന്നത് ശരിയാണ്. അല്ലാത്ത പക്ഷം ഹസ്തദാനം ഹറാമാണെന്ന് പറയാന്‍ ന്യായമെന്താണ്?

മക്കാവിജയവേളയില്‍ തിരുമേനി സ്ത്രീകളില്‍നിന്ന് അനുസരണ പ്രതിജ്ഞ(ബൈഅത്ത്) വാങ്ങിയപ്പോള്‍ ഹസ്തദാനം നല്‍കിയിരുന്നില്ല എന്നത് പണ്ഡിതന്മാര്‍ തെളിവായുദ്ധരിക്കുന്നു.

പക്ഷേ, ഒരു വിഷയത്തില്‍ തിരുമേനി ഇന്നകാര്യം ചെയ്യാതിരുന്നത് അത് ഹറാമാണെന്നതിനുള്ള തെളിവല്ല. ചിലപ്പോള്‍ തിരുമേനി അതുപേക്ഷിച്ചത്, ഹറാമാണെന്ന നിലക്കായിരിക്കും അല്ലെങ്കില്‍ കറാഹത്താണെന്ന നിലക്ക്. അതുമല്ലെങ്കില്‍ ഉത്തമമല്ല എന്ന നിലക്ക്. ചിലപ്പോള്‍ തിരുമേനിയുടെ താല്‍പര്യക്കുറവുകൊണ്ടായിരിക്കും. ഉദാഹരണമായി, ഉടുമ്പുമാംസം ‏‏‏‏‏ അത് അനുവദനീയമായതോടൊപ്പം ‏‏‏‏‏ തിരുമേനി ഭക്ഷിക്കുകയുണ്ടായില്ല.

തിരുമേനി ഹസ്തദാനം ചെയ്തില്ല എന്നത്, അത് ഹറാമാണെന്നതിനുള്ള തെളിവല്ല എന്നുവന്നാല്‍ പിന്നെ ഹറാമാണെന്ന് പറയാന്‍ വേറെ തെളിവ് വേണ്ടതുണ്ട്.

തിരുമേനി സ്ത്രീകളില്‍നിന്ന് ബൈഅത്ത് വാങ്ങിയപ്പോള്‍ ഹസ്തദാനമുണ്ടായില്ല എന്ന റിപ്പോര്‍ട്ട് സര്‍വാംഗീകൃതമായിരുന്നില്ല. ഉമ്മുഅത്വിയ്യയില്‍ നിന്ന് നിവേദനം ചെയ്തതനുസരിച്ച് ബൈഅത്ത് വേളയില്‍ അവിടുന്ന് ഹസ്തദാനം നല്‍കി. എന്നാല്‍ അതിനെതിരായി ആഇശയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നു. തിരുമേനി ഹസ്താദാനം നല്‍കിയില്ല എന്ന് അവര്‍ സത്യം ചെയ്തു പറയുകയും ചെയ്തു.

ബുഖാരി ആഇശയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജ്റ ചെയ്തു വന്ന സത്യവിശ്വാസിനികളെ തിരുമേനി പരീക്ഷിക്കുമായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ: “നബീ, അല്ലാഹുവിനോട് യാതൊന്നിനേയും പങ്ക് ചേര്‍ക്കുകയില്ല, മോഷ്ടിക്കുകയില്ല, വ്യഭിചരിക്കുകയില്ല, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ല, യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്തുവന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അല്‍മുംതഹിന: 12). ആഇശ പറയുന്നു: അപ്പോള്‍ സത്യവിശ്വാനികളില്‍ ആരെങ്കിലും ഈ നിബന്ധന സ്വീകരിച്ച് മുന്നോട്ടുവന്നാല്‍ തിരുമേനി അവളോട് പറയും: “ഞാന്‍ നിന്റെ പ്രതിജ്ഞ സ്വീകരിച്ചിരിക്കുന്നു.” അത് വാക്കാല്‍ മാത്രമായിരുന്നു. അല്ലാഹുവാണ, പ്രതിജ്ഞാ വേളയില്‍ തിരുമേനി ഒരു സ്ത്രീയുടെ കരം സ്പര്‍ശിച്ചിട്ടില്ല. മറിച്ച്, ഞാന്‍ നിന്റെ പ്രതിജ്ഞ സ്വീകരിച്ചു എന്ന് പറഞ്ഞു. അത്രമാത്രം.

ആഇശയുടെ റിപ്പോര്‍ട്ടിനെ വിശദീകരിച്ച് ഹാഫിസ് ഇബ്നുഹജര്‍ പറയുന്നു: അവര്‍ ‘അല്ലാഹുവാണ’ എന്നു പറഞ്ഞതിലൂടെ സംഭവം സത്യം ചെയ്തുറപ്പിക്കുകയാണ്. ഇത് ഉമ്മുഅത്വിയ്യയുടെ റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്നു. ഉമ്മുഅത്വിയ്യ ഇപ്രകാരം പറഞ്ഞു: തിരുമേനി വീട്ടിന്റെ പുറത്തുനിന്ന് കൈനീട്ടി. ഞങ്ങള്‍ വീട്ടിന്റെ ഉള്ളില്‍നിന്നും കൈനീട്ടി. എന്നിട്ട് അവിടുന്നു പറഞ്ഞു: “അല്ലാഹുവേ, നീ സാക്ഷി”

തുടര്‍ന്നുവരുന്ന ഹദീസില്‍ ഇപ്രകാരം പറയുന്നു: “അങ്ങനെ ഒരു സ്ത്രീ അവളുടെ കൈ പിന്നോട്ടു വലിച്ചു.” ഇതില്‍നിന്ന് മനസ്സിലാവുന്നത് സ്ത്രീകള്‍ തങ്ങളുടെ കൈകള്‍ നീട്ടി പ്രതിജ്ഞ ചെയ്തിരുന്നു എന്നാണ്.

ഹാഫിസ് പറയുന്നു: “സ്ത്രീകള്‍ മറക്കുപിന്നില്‍നിന്ന് കൈകള്‍ നീട്ടിയത് പ്രതിജ്ഞ സംഭവിച്ചുവെന്നും, ഹസ്തദാനം സംഭവിച്ചിട്ടില്ല എന്നതിനുമുള്ള തെളിവാണ്. രണ്ടാമതു പറഞ്ഞ, കൈമടക്കി എന്നതിന്റെ അര്‍ഥം പ്രതിജ്ഞ ചെയ്യാന്‍ വൈകി എന്നോ, അല്ലെങ്കില്‍ പ്രതിജ്ഞ മറയോടുകൂടിയായിരുന്നു എന്നോ ആണ് തെളിയിക്കുന്നത്.”

ശഅബിയില്‍നിന്ന് നിവേദനം: തിരുമേനി സ്ത്രീകളില്‍നിന്ന് പ്രതിജ്ഞ വാങ്ങിയപ്പോള്‍ അദ്ദേഹം ഒരു ഖത്തരീ പുതപ്പ് കൊണ്ടുവരുകയും അത് കൈയിലിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “ഞാന്‍ സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുകയില്ല.”

ഇബ്നു ഇസ്ഹാഖ് പറയുന്നതനുസരിച്ച്, തിരുമേനി തന്റെ കൈ ഒരു പാത്രത്തില്‍ മുക്കുകയും അദ്ദേഹത്തോടൊപ്പം സ്ത്രീ തന്റെ കൈകള്‍ പാത്രത്തില്‍ മുക്കുകയും ചെയ്തു.

ഹാഫിസ് പറയുന്നു: “അനുസരണപ്രതിജ്ഞ പലതവണ സംഭവിച്ചതാകാന്‍ സാധ്യതയുണ്ട്. തിരുമേനി മറയോടുകൂടിയോ മറയില്ലാതെയോ സ്ത്രീയുടെ കരം സ്പര്‍ശിച്ചിട്ടില്ല. പ്രത്യുത, വാക്കാല്‍ മാത്രം പ്രതിജ്ഞ സ്വീകരിച്ചു. അതാണ് ആഇശയില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടത്. മറയോടുകൂടി സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കിയ രൂപവും ഉണ്ടായി. അതാണ് ശഅബി റിപ്പോര്‍ട്ട് ചെയ്തത്.”

ഇബ്നു ഇസ്ഹാഖ് റിപ്പോര്‍ട്ട് ചെയ്തപ്രകാരമുള്ള, പാത്രത്തില്‍ കൈമുക്കിയ സംഭവവും അതില്‍പ്പെടുന്നു. അപ്രകാരം തന്നെ ഉമ്മുഅത്വിയ്യ റിപ്പോര്‍ട്ട് ചെയ്തതുപോലെ നേരിട്ട്ഹസ്തദാനം നല്‍കിയ രീതിയും ഉണ്ടായിരിക്കണം.

ഈ സാധ്യതകള്‍ വെച്ചു നോക്കുമ്പോള്‍ ആഇശ പറഞ്ഞത് ഹുദൈബിയ്യ സന്ധിക്കുശേഷം ഹിജ്റ ചെയ്തുവന്നെത്തിയ സത്യവിശ്വാസിനികളുടെ പ്രതിജ്ഞാ സംഭവത്തെക്കുറിച്ചാണ്. എന്നാല്‍ ഉമ്മുഅത്വിയ്യ പറയുന്നത്, വനിതകളുടെ പൊതുവായ അനുസരണ പ്രതിജ്ഞയെക്കുറിച്ചായിരിക്കാനാണ് സാധ്യത. അതുകൊണ്ടാണ് ബുഖാരി ആഇശയുടെ ഹദീസിനെ “സത്യവിശ്വാനികള്‍ ഹിജ്റ ചെയ്തു നിങ്ങളുടെ അടുത്ത് വന്നാല്‍” എന്ന തലക്കെട്ടിനുതാഴെയും, ഉമ്മുഅത്വിയ്യയുടെ ഹദീസിനെ “സത്യവിശ്വാസിനികള്‍ താങ്കളോട് ബൈഅത്ത് ചെയ്യാന്‍ വന്നാല്‍” എന്ന തലക്കെട്ടിന് താഴെയും ഉദ്ധരിച്ചത്.

“ഒരന്യസ്ത്രീയെ സ്പര്‍ശിക്കുന്നതിലും നല്ലത് നിങ്ങളുടെ തലയില്‍ ഇരുമ്പ് സൂചികൊണ്ട് കുത്തുന്നതാണ്” എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ത്രീക്കുള്ള ഹസ്തദാനം ഹറാമാണെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഈ ഹദീസ് തെളിവായുദ്ധരിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്:

1. പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് പണ്ഡിതന്മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. മുന്‍ദിരിയെയും ഹൈഥമിയെയും പോലുള്ളവര്‍ അതിലെ നിവേദകര്‍ വിശ്വസ്തരാണ് എന്നു മാത്രമാണ് പറഞ്ഞത്. ഈ വാക്കുകൊണ്ടു മാത്രം ഹദീസ് ന്യൂനതയില്‍നിന്ന് മുക്തമാവുന്നില്ല. അതുകൊണ്ട് പ്രസിദ്ധരായ ഹദീസ് പണ്ഡിതന്മാര്‍ അതിനെ ഉദ്ധരിച്ചിട്ടുമില്ല. അപ്രകാരം തന്നെ, സ്ത്രീക്കുള്ള ഹസ്തദാനം ഹറാമാണെന്നതുപോലെയുള്ള വിഷയത്തില്‍ ആദ്യകാലപണ്ഡിതന്മാരില്‍ ഒരാളും അത് തെളിവായി ഉദ്ധരിച്ചിട്ടുമില്ല.

2. ഹനഫീ പണ്ഡിതന്മാരും ചില മാലികീ പണ്ഡിതന്മാരും പറഞ്ഞു: ഒരു കാര്യം ഹറമാണെന്ന് പറയണമെങ്കില്‍ അതിന് ഖണ്ഡിതമായ തെളിവുവേണം. എന്നാല്‍ സംശയാസ്പദമായ തെളിവാണെങ്കില്‍ അത് ഏറിവന്നാല്‍ കറാഹത്താണെന്നേ പറയാവൂ.

3. ഹദീസ് സ്വഹീഹാണെന്ന് വെക്കുകയും അതില്‍നിന്ന് ഹറാമിന്റെ വിധി സ്വീകരിക്കുകയും ചെയ്യാം എന്നുവന്നാല്‍തന്നെ അത് നമ്മുടെ ചര്‍ച്ചാ വിഷയത്തിന് തെളിവാണെന്ന് പറയാന്‍ കഴിയുകയില്ല. അപ്പോള്‍ ‘അന്യസ്ത്രീയെ സ്പര്‍ശിക്കുക’ എന്നു പറഞ്ഞതിന്റെ താല്‍പര്യം സാധാരണ ഹസ്തദാനത്തിന് സംഭവിക്കുന്നതുപോലെ വികാരത്തോടുകൂടിയതല്ലാത്ത സ്പര്‍ശനമല്ല. അപ്പോള്‍ ഖുര്‍ആനിലും സുന്നത്തിലും പ്രയോഗിച്ച ‘സ്പര്‍ശനം’ എന്ന വാക്കിന്റെ അര്‍ഥം താഴെ പറയുന്ന ഏതെങ്കിലും ഒന്നായിരിക്കും.

1. ഒന്നുകില്‍ അത് സംയോഗത്തെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചതായിരിക്കും. ഖുര്‍ആനിലെ “അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചു” എന്നതിന്റെ വിശദീകരണത്തില്‍ ഇബ്നു അബ്ബാസ് പറയുന്നു: “ഖുര്‍ആനിലെ ‘ലംസ്’, ‘മുലാമസ’, ‘മസ്സ്’ എന്നീ പദങ്ങള്‍ സംയോഗത്തെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിക്കുന്ന പദങ്ങളാണ്. മസ്സ് (സ്പര്‍ശനം) എന്ന് പ്രയോഗിച്ച സൂക്തങ്ങള്‍ വായിക്കുമ്പോള്‍ അത് വ്യക്തമാകും. മര്‍യമിനെ ഉദ്ധരിച്ച് ഖുര്‍ആന്‍ പറയുന്നു: “എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ” (ആലുഇംറാന്‍: 47). മറ്റൊരുദാഹരണം: “നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിന് മുമ്പുതന്നെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍.” (അല്‍ബഖറ: 237)

2. നബി(സ) തന്റെ ഭാര്യമാരുമായി ‘മസീസ്’ (സ്പര്‍ശനം) കൂടാതെ ബന്ധപ്പെട്ടു എന്ന് ഹദീസിലുണ്ട്. അതിനര്‍ഥം തിരുമേനി സംഭോഗത്തിന്റെ മുന്നോടിയായ ചുംബനം, ആശ്ളേഷം, സ്പര്‍ശനം (മുബാശറാത്ത്) എന്നിവ ചെയ്യാറുണ്ട്. എന്നാണ്. മുലാമസയുടെ വ്യാഖ്യാനത്തില്‍ താഴെ പറയും പ്രകാരമാണ് ചില പൂര്‍വകാല പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്.

ഹാകിം കിതാബുത്വഹാറയില്‍ പറയുന്നു: ബുഖാരിയും മുസ്ലിമും വ്യത്യസ്ത ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ ലംസ് എന്നതിന്റെ ഉദ്ദേശ്യം സംഭോഗത്തില്‍ താഴെയുള്ള ചെയ്തികളാണെന്ന് കാണാം. ഉദാ:

അബൂഹുറൈറയില്‍നിന്ന് നിവേദനം: “സ്പര്‍ശനം (ലംസ്) കൈകൊണ്ടുള്ള വ്യഭിചാരമാകുന്നു.”

ഇബ്നു അബ്ബാസ് നിവേദനം ചെയ്ത ഹദീസില്‍ “നീ സ്പര്‍ശിച്ചുവല്ലോ” എന്നുണ്ട്.

ഇബ്നു മസ്ഊദില്‍നിന്ന് നിവേദനം: ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നു പറഞ്ഞു: ഞാന്‍ ഒരു സ്ത്രീയെ പ്രാപിച്ചു. ‏‏‏‏‏ ചുംബനം, അല്ലെങ്കില്‍ സ്പര്‍ശനം എന്നിവയാണ് ഉദ്ദേശ്യം ‏‏‏‏‏ അതിനുള്ള പ്രായശ്ചിത്തം എന്താണ്? അപ്പോള്‍ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു. “തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്.” (ഹൂദ്: 114).

ആഇശയില്‍നിന്ന് നിവേദനം: “തിരുമേനി മിക്കവാറും എല്ലാ ദിവസവും തന്റെ എല്ലാ ഭാര്യമാരുടെയും അടുത്തു ചെല്ലുകയും, അവരുമായി സംഭോഗം ഒഴികെ ചുംബനം, സ്പര്‍ശനം എന്നിവ നടത്തുകയും ചെയ്യുമായിരുന്നു. താന്‍ രാത്രി തങ്ങുന്നവരുടെ ഊഴമെത്തിയാല്‍ അവിടെ തങ്ങുകയും ചെയ്യും.”

അബ്ദുല്ലാഹുബ്നു മസ്ഊദില്‍നിന്ന് നിവേദനം: ഖുര്‍ആനിലെ “നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചാല്‍” എന്ന വാക്യത്തിന്റെ താല്‍പര്യം, അത് സംയോഗമൊഴിച്ചുള്ള കാര്യങ്ങളാണ്. അതുനിമിത്തം വുദു നിര്‍ബന്ധമായിത്തീരും.

ഉമറില്‍നിന്ന് നിവേദനം: “ചുംബനം സ്പര്‍ശനത്തില്‍പെട്ടതാണ്. ആയതിനാല്‍ അതിനുശേഷം വുദു എടുക്കണം.”

മാലികിന്റെയും അഹ്മദിന്റെയും അഭിപ്രായമനുസരിച്ച് വുദു നിര്‍ബന്ധമാകുന്ന സ്ത്രീസ്പര്‍ശം വികാരത്തോടുകൂടിയുള്ള സ്പര്‍ശനമാണ്. ഖുര്‍ആനിലെ “നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചാല്‍” (അന്നിസാഅ്: 43) എന്ന വാക്യത്തെ അവര്‍ അങ്ങനെ വിശദീകരിച്ചു.

ശൈഖുല്‍ഇസ്ലാം ഇബ്നുതൈമിയ്യ തന്റെ ‘ഫത്വാവ’ യില്‍ മുലാമസ, ലംസ് എന്നീ പദങ്ങള്‍ വികാരത്തോടുകൂടിയല്ലെങ്കിലും തൊലിയും തൊലിയും സ്പര്‍ശിക്കുന്നതിന് പറയുന്നതാണെന്ന അഭിപ്രായം ദുര്‍ബലമാണെന്ന് പറഞ്ഞു. അദ്ദേഹം പറയുന്നു: “കേവലം സ്പര്‍ശം കൊണ്ട് വുദു മുറിയും എന്ന് പറയുന്നത് പ്രമാണങ്ങളോടും സ്വഹാബികളുടെ ഏകോപിച്ച അഭിപ്രായത്തോടും യോചിക്കുന്നില്ല.

ഖുര്‍ആനിലെ ‘നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചാല്‍’ എന്ന വാക്യത്തിന്റെ സാരം ‏‏‏‏‏ ഇബ്നുഉമറും മറ്റും അഭിപ്രായപ്പെട്ടത് പോലെ ‏‏‏‏‏ കൈകൊണ്ടുള്ള സ്പര്‍ശനവും ചുംബനവും മറ്റുമാണെങ്കില്‍, ഖുര്‍ആനിലും സുന്നത്തിലുമൊക്കെ അത് പരാമര്‍ശിച്ചത്, വികാരത്തോടുകൂടിയ സ്പര്‍ശനമെന്ന നിലക്കാണ്. ഉദാ: ഇഅ്തികാഫിനെ പരാമര്‍ശിച്ച് അല്ലാഹു പറയുന്നു: ‘എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫി(ഭജനം)രിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്.’ (അല്‍ബഖറ: 187). ഇഅ്തികാഫിരിക്കുന്നവര്‍ വികാരം കൂടാതെ സ്പര്‍ശിച്ചാല്‍ അത് ഹറാമല്ല. എന്നാല്‍ വികാരത്തോടുകൂടിയാണെങ്കില്‍ ഹറാമാണ് താനും.

അപ്രകാരം തന്നെയാണ് ഖുര്‍ആനിലെ ‘നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനുമുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍’ (അല്‍അഹ്സാബ്: 49) എന്ന വാക്യവും, ‘നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനുമുമ്പായി നിങ്ങള്‍ അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാല്‍ (മഹര്‍ നല്‍കാത്തതിന്റെ പേരില്‍ ) നിങ്ങള്‍ക്ക് കുറ്റമില്ല.’ (അല്‍ബഖറ: 236) എന്ന വാക്യവും. കാരണം, വികാരമില്ലാതെ കേവലം സ്പര്‍ശിക്കുക മാത്രം ചെയ്താല്‍ അതുകൊണ്ട് ഇദ്ദ നിര്‍ബന്ധമാകുകയില്ല. മഹര്‍ കൊടുക്കാന്‍ ബാധ്യതയുണ്ടാവുകയില്ല. വിവാഹബന്ധം മൂലമുണ്ടാകുന്ന കുടുംബബന്ധങ്ങള്‍ സ്ഥിരപ്പെടുകയുമില്ല. എന്നാണ് പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ അഭിപ്രായങ്ങളെല്ലാം ഇവിടെ ഉദ്ധരിക്കാന്‍ കാരണം ‘മസ്സ്’ (സ്പര്‍ശനം) എന്ന വാക്കിന്റെ സാരം, അത് പുരുഷന്‍ സ്ത്രീയെ, സ്പര്‍ശിക്കുക എന്നതാകുമ്പോള്‍ അതിനര്‍ഥം, തൊലികള്‍ മാത്രം സ്പര്‍ശിക്കുക എന്നല്ല. മറിച്ച്, ഒന്നുകില്‍ സംഭോഗം; അല്ലെങ്കില്‍ സംഭോഗത്തിന്റെ മുന്നോടിയായ ‏‏‏‏‏ വികാരത്തോടുകൂടിയുള്ള ‏‏‏‏‏ ചുംബനം, ആലിംഗനം എന്നിങ്ങനെയുള്ള എല്ലാ സ്പര്‍ശനവുമാണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്.

നബി(സ)മയില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ ഹദീസുകള്‍ പരിശോധിക്കുമ്പോള്‍, സ്ത്രീ പുരുഷന്മാര്‍ വികാരത്തോടുകൂടിയല്ലാതെയും കുഴപ്പമുണ്ടാകുമെന്ന ആശങ്കയില്ലാതെയും വെറും ഹസ്തദാനം ചെയ്യുന്നത് സ്വയം വിലക്കപ്പെട്ട കാര്യമല്ല എന്നു കാണാന്‍ കഴിയും. തിരുമേനി അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. തിരുമേനിയുടെ പ്രവര്‍ത്തനം മതനിയമവും നമുക്ക് മാതൃകയുമാണ്. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്.” (അല്‍അഹ്സാബ്: 21)

അനസ്ബ്നു മാലികില്‍നിന്ന് നിവേദനം: അദ്ദഹം പറഞ്ഞു: “മദീനയിലെ ഒരടിമ സ്ത്രീ തിരുമേനിയുടെ കൈപിടിച്ച് അദ്ദേഹത്തെയുംകൊണ്ട് അവളുടെ ഒരാവശ്യം നേടാന്‍ സഹായിക്കാനായി കൊണ്ടുപോയിരുന്നു.” (ബുഖാരി)

അനസില്‍നിന്ന് നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: “ഒരിക്കല്‍ തിരുമേനി അനസിന്റെ മതൃസഹോദരിയും ഉബാദത്തുബ്നു സ്വാമിത്തിന്റെ ഭാര്യയുമായ ഉമ്മുഹറാമിന്റെ വീട്ടില്‍ പകല്‍ ഉറങ്ങി. തിരുമേനിയുടെ തല അവരുടെ മടിയില്‍ വെച്ചാണ് ഉറങ്ങിയത്. അവര്‍ തിരുമേനിയുടെ മുടിയില്‍നിന്ന് പേന്‍ എടുത്തുകൊണ്ടിരുന്നു.” (ബുഖാരി)

പ്രസ്തുത ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ പറയുന്നു: “അതിഥിക്ക് അന്യവീട്ടില്‍ അവരുടെ സമ്മതത്തോടെ, കുഴപ്പമുണ്ടാവുകയില്ല എന്ന ബോധ്യത്തോടെയാണെങ്കില്‍ ഉറങ്ങുന്നതിനു വിരോധമില്ല. അന്യസ്ത്രീക്ക് അതിഥിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യാം എന്നും മനസ്സിലാക്കാം.”

സ്ത്രീ അതിഥിയുടെ തലയില്‍നിന്ന് പേന്‍ എടുക്കുന്ന വിഷയത്തിലാണ് ഒരു വിഭാഗത്തിന് സംശയം. ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നു: “എന്റെ അഭിപ്രായത്തില്‍ ഉമ്മുഹറാം തിരുമേനിക്ക് മുലകൊടുത്തിരിക്കാം അപ്പോള്‍ അവര്‍ തിരുമേനിയുടെ മുലകുടിബന്ധത്തിലുള്ള മാതാവാണ്. അതുകൊണ്ടായിരിക്കാം തിരുമേനി അവരുടെ വീട്ടില്‍ ഉറങ്ങിയതും വിവാഹബന്ധം നിഷിദ്ധമായ ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന ശുശ്രൂഷ സ്വീകരിച്ചത്.”

പക്ഷേ, ഉമ്മുഹറാം മുലകുടിബന്ധത്തില്‍ തിരുമേനിയുടെ മാതാവായിരുന്നു എന്ന വാദം ശരിയല്ല. കാരണം, തിരുമേനിക്ക് മുലകൊടുത്തവരെല്ലാം അറിയപ്പെടുന്നവരാണ്.അന്‍സ്വാരികളില്‍പെട്ട ഒരാളും അതില്‍പെടുന്നില്ല.

ദിംയാത്വി പറയുന്നു: “തിരുമേനി ഉമ്മുഹറാമിന്റെ കൂടെ തനിച്ചായിരുന്നു എന്ന് ഹദീസില്‍ സൂചനയില്ല. അവരുടെ കൂടെ കുട്ടിയോ ഭൃത്യനോ ഭര്‍ത്താവോ ഉണ്ടായിരിക്കാം.”

ഇബ്നുഹജര്‍ പറയുന്നു: മേല്‍ പറഞ്ഞത് ഒരു സാധ്യതതന്നെയാണ്. പക്ഷേ, അപ്പോഴും സംശയം ബാക്കിനില്‍ക്കുന്നു. അവര്‍ തിരുമേനിയെ തൊടുകയും പേന്‍ എടുത്തുകൊടുക്കുകയും മടിയില്‍ തലവെച്ചുകിടക്കുകയും ചെയ്തല്ലോ.”

ഈ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിക്കുമ്പോള്‍ കേവല സ്പര്‍ശനം ഹറാമല്ല എന്നാണെനിക്കുതോന്നുന്നത്. കൂടിക്കലരാനുള്ള കാരണം ഉണ്ടായാല്‍ ‏‏‏‏‏ തിരുമേനിയും ഉമ്മുഹറാമും തമ്മില്‍ ഉണ്ടായതുപോലെ ‏‏‏‏‏ രണ്ടു ഭാഗത്തുനിന്നും കുഴപ്പമുണ്ടാകുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ആവശ്യഘട്ടങ്ങളില്‍ (യാത്ര കഴിഞ്ഞ് തിരിച്ചു വരുക, വിവാഹ ബന്ധം നിഷിദ്ധമല്ലാത്ത ബന്ധുക്കളായ ‏‏‏‏‏ അമ്മാവന്റെ മകള്‍, അമ്മായിയുടെ മകള്‍, മാതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ പോലെ ‏‏‏‏‏ സ്ത്രീകളെ സന്ദര്‍ശിക്കേണ്ടിവരുമ്പോള്‍) ഹസ്തദാനത്തിനു വിരോദമില്ല; അവര്‍ വളരെക്കാലത്തിനുശേഷം കണ്ടുമുട്ടുന്നവരാണെങ്കില്‍ വിശേഷിച്ചും.

ഈ ചര്‍ച്ചയുടെ അവസാനത്തില്‍ രണ്ടു കാര്യങ്ങള്‍ തറപ്പിച്ചു പറയാനാഗ്രഹിക്കുന്നു:

1. വികാരവും കുഴപ്പമുണ്ടാകുമെന്ന ഭയപ്പാടും ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് ഹസ്തദാനം അനുവദനീയമാകുക. ഒരു കക്ഷിയില്‍നിന്ന് കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍, അല്ലെങ്കില്‍ ഹസ്തദാനം ചെയ്യുമ്പോള്‍ വികാരവും ആസ്വാദനവും ഉണ്ടായാല്‍ ഹസ്തദാനം ഹറാമാണ്. സംശയമില്ല.

മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങള്‍ ‏‏‏‏‏ വികാരവും കുഴപ്പമുണ്ടാകുമെന്ന ആശങ്കയും ‏‏‏‏‏ ഉണ്ടാകുമ്പോള്‍ പുരുഷന്റെയും അവനു വിവാഹബന്ധം നിഷിദ്ധമായവുരുടെയും ഇടയിലും (ഉദ: മാതൃസഹോദരി, പിതൃസഹോദരി, മുലകുടി ബന്ധത്തിലുള്ള സഹോദരി, ഭാര്യയുടെ മകള്‍, പിതാവിന്റെ ഭാര്യ, ഭാര്യയുടെ ഉമ്മ എന്നിങ്ങനെ) ഹസ്തദാനം ഹറാമാണ്.

ഈ കാരണങ്ങള്‍ പുരുഷന്റെയും മീശമുളക്കാത്ത പ്രായത്തിലുള്ള യുവാവിന്റെയും ഇടയിലുണ്ടായാല്‍ അവിടെയും ഹസ്തദാനം ഹറാമാണ്. ചില സാഹചര്യങ്ങളിലും ചില വ്യക്തികളിലും ഇത് സ്ത്രീയേക്കാള്‍ അപകടകരവുമാണ്.

2. ആവശ്യത്തിന്റെ തോതനുസരിച്ച് മാത്രം ഹസ്തദാനം ചുരുക്കുക. ചോദ്യത്തില്‍ സൂചിപ്പിച്ചതുപോലെ അടുത്തബന്ധുക്കള്‍, വിവാഹബന്ധത്തിലുള്ളവര്‍ എന്നിവര്‍ തമ്മില്‍ ഇതാവശ്യമായി വരും. ഇക്കാര്യത്തില്‍ ഉദാരനയം സ്വീകരിക്കുന്നത് നല്ലതല്ല. കുഴപ്പത്തിന്റെ വാതില്‍ അടക്കാനും സംശയം ദൂരീകരിക്കാനും സൂക്ഷമത പുലര്‍ത്താനും തിരുമേനിയെ മാതൃകയാക്കാനും അതാണുത്തമം. തിരുമേനി അന്യസ്ത്രീക്ക് ഹസ്തദാനം ചെയ്തതായി വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ല. ആയതിനാല്‍ മതനിഷ്ടയുള്ള പുരുഷനും സ്ത്രീയും ഹസ്തദാനം ചെയ്യാന്‍ മുതിരാതിരിക്കുകയാണ് വേണ്ടത്. ഇനി, ഒരാള്‍ ഹസ്തദാനത്തിന് കൈനീട്ടിയാല്‍ അത് സ്വീകരിക്കുകയും ചെയ്യാം.

ഇപ്രകാരം ഒരു വിധി പറയാന്‍ കാരണം , അത്യാവശ്യ ഘട്ടങ്ങളില്‍ അങ്ങനെ ചെയ്യാന്‍ വേണ്ടിയും ഒരാള്‍ക്കും തന്റെ ദീനിന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ല എന്ന് ബോധ്യം വരാന്‍ വേണ്ടിയുമാണ്. ഇജ്തിഹാദിയായ വിഷയമാകുമ്പോള്‍ ഒരാള്‍ അങ്ങനെ ചെയ്താല്‍ അയാളെ ആക്ഷേപിക്കേണ്ടതുമില്ല.

About islam padasala

Check Also

സ്ത്രീകള്‍ക്ക് പള്ളിയില്‍ പഠനക്ലാസിന് പോകാമോ ?

ഞങ്ങളുടെ പള്ളിയില്‍ സ്ത്രീകള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടത്തെ പല അധ്യാപകരും പുരുഷന്‍മാരാണ്. പൊതുവായ ജനവാസ കേന്ദ്രത്തിലാണ് പള്ളി. എപ്പോഴും …