Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ / രണ്ടാം ഭാര്യയുടെ ദുഃഖം

രണ്ടാം ഭാര്യയുടെ ദുഃഖം

ഒരു അപരിഷ്കൃത കുടുംബത്തില്‍ പിറന്ന മൊറോക്കോ വനിതയാണ് ഞാന്‍. സ്നേഹനിധികളായ മാതാപിതാക്കളുള്ള മകള്‍. ഞങ്ങള്‍ മക്കള്‍ക്ക് ഇസ്ലാമിക ശിക്ഷണം നല്‍കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെയിരിക്കെ ഉപ്പ മരിച്ചു. വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ പിതാവുമായ ഒരാള്‍ ആയിടെ എന്നെ വിവാഹാന്വേഷണം നടത്തി. എന്ത് ചെയ്യണം എന്ന് ഒരുമസത്തോളം ഞാന്‍ ചിന്തിച്ചു. അവസാനം വിവാഹത്തിന് സമ്മതിച്ചു. അദ്ദേഹം മതപ്രതിബദ്ധതയുള്ളവനാണ് എന്നതായിരുന്നു എനിക്ക് പ്രേരകം. എന്റെ ഈമാന്‍ വര്‍ധിപ്പിക്കുവാന്‍ അദ്ദേഹം സഹായിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. അങ്ങനെ എന്റെ ഉപാധികള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഉപാധികള്‍ ഞാനും സ്വീകരിച്ചു. എന്നെ സ്വതന്ത്രമായി ഒരു വീട്ടില്‍ താമസിപ്പിക്കണമെന്നും എന്നെ വിവാഹം ചെയ്യുന്ന വിവരം ആദ്യ ഭാര്യയെ അറിയിക്കണമെന്നുമായിരുന്നു എന്റെ ഉപാധി. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു. എന്നെ ഒറ്റക്ക് താമസിപ്പിച്ചു. പക്ഷെ മൂന്നാഴ്ച കഴിയേണ്ട താമസം എന്റെ വീടുപേക്ഷിച്ച് ആദ്യ ഭാര്യയുടെ കൂടെ താമസിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനത് അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യഭാര്യ

പരുഷപ്രകൃതക്കാരിയായിരുന്നെങ്കിലും എന്റെ സഹോദരി എന്ന നിലയില്‍ ഞാനവരോട് പെരുമാറി. ഞാനൊരിക്കലും സ്വാര്‍ഥിയായിരുന്നില്ല.

കാലക്രമേണ ഭര്‍ത്താവിന്റെ സ്വഭാവം മാറി. എന്റെ കിടപ്പറയുടെ സൌകര്യം പോലും അദ്ദേഹം പരിഗണിച്ചില്ല. ആദ്യഭാര്യക്കോ സര്‍വസൌകര്യങ്ങളും. ഒരു വര്‍ഷവും 7 മാസവുമായി ഞാന്‍ തറയില്‍ കിടക്കുന്നു. എന്റെ ഒരഅവകാശങ്ങളും അദ്ദേഹം അനുവദിച്ചില്ല. ഒരു ഭാര്യയുടെ സാധാരണ ആവശ്യം പോലും. ഇന്നേവരെ അദ്ദേഹം എന്നെ തൊട്ടിട്ടുപോലുമില്ല. എന്റെ അടുത്താകുമ്പോള്‍ ഗാഢനിദ്ര!

ഇസ്ലാമിലെ അടിമ സ്ത്രീയെ കുറിച്ച് ഞാന്‍ പലയിടത്തും വായിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പക്ഷേ എന്നെ അടിമസ്ത്രീയായായിരിക്കും ഗണിക്കുന്നത്. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങള്‍ എന്തിനാണ് വിവാഹം ചെയ്തത്. അപ്പോള്‍ ആദ്യവിവാഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കുടുംബജീവിതം നയിക്കാന്‍ കുട്ടികളുണ്ടാവാന്‍. എന്നെ വിവാഹം ചെയ്തതോ ഞാന്‍ ചോദിച്ചു. എന്റെ ഭാര്യയെ സഹായിക്കാന്‍… എനിക്ക് ബോധം നഷ്ടപ്പെട്ടു. അദ്ദേഹം ഇത്രകൂടി പറഞ്ഞു. ഇതൊരു വെറും വര്‍ത്തമാനമാണെന്ന് കരുതേണ്ടതില്ല.

അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് അദ്ദേഹത്തെ ഒരു ഭര്‍ത്താവായി സ്വീകരിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്. എന്താണിനി ഞാന്‍ ചെയ്യേണ്ടത്?

 

ഉത്തരം: സൈനബുല് ഗസ്സാലി

ഇനി എന്താണ് നിങ്ങള്‍ക്ക് അവശേഷിക്കുന്നത്? ഒരു ഭാര്യയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിലുള്ള അവകാശങ്ങള്‍ പോലും. ഈ അക്രമങ്ങളില്‍ മുങ്ങികുളിച്ച ഒരു വ്യക്തിയെ മതപ്രതിബദ്ധതയുള്ള ആള്‍ എന്ന് എങ്ങനെയാണ് നിങ്ങള്‍ വിശേഷിപ്പിക്കുന്നത്? നിന്ദ്യമയി പെരുമാറുന്നതാണോ അദ്ദേഹത്തിന്റെ മതപ്രതിബദ്ധത.

അവകാശങ്ങള്‍ വേണ്ടെന്നു വെക്കുന്നത് അല്ലാഹുവിനോടുള്ള അനുസരണമാണെന്ന് നിങ്ങള്‍ ധരിച്ചത് ശരിയല്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കുടുംബത്തോട് നന്നായി പെരുമാറുന്നവനാണെന്ന് നബി(സ) പറഞ്ഞിരിക്കെ ഇവ്വിധം പെരുമാറുന്നവന്‍ എങ്ങനെയാണ് മതബോധമുള്ളവനാവുന്നത്? നിങ്ങളുടെ സാധുത്വത്തെ ചൂഷണം ചെയ്യുകയാണ് അയാള്‍ ചെയ്യുന്നത്. ആദ്യഭാര്യയെ സഹായിക്കുന്ന അടിമപ്പെണ്ണ് മാത്രമാണ് അയാള്‍ക്ക് നിങ്ങള്‍…….. അതുകൊണ്ട് നിന്ദ്യമായ ഈ ജീവിതം വേണ്െടന്ന് വെക്കുക. വിവാഹമോചനം മാത്രമാണ് പരിഹാരം. വികാരപൂര്‍വമല്ല, വിവേകപൂര്‍വം ഒരു തീരുമാനമെടുക്കുക. യഥാര്‍ഥ മതപ്രതിബദ്ധതയുള്ള മറ്റൊരു വരനെ അന്വേഷിക്കുക. ഇയാളേക്കാള്‍ നല്ല ഒരു ഭര്‍ത്താവിനെ അല്ലാഹു നിങ്ങള്‍ക്ക് പകരം നല്‍കാതിരിക്കുകയില്ല. കാരണം വലിയ ഒരു മനസ്സിന്റെ ഈമാന്‍ തുളുമ്പുന്ന ഹൃദയത്തിന്റെ ഉടമയാണ് നിങ്ങള്‍. അതുകൊണ്ട് അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാവും.

About sainabul gassali

Check Also

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് …