Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / സിഹ് ര്‍ അല്ലാഹുവിന്റെ തീരുമാനപ്രകാരമോ ?

സിഹ് ര്‍ അല്ലാഹുവിന്റെ തീരുമാനപ്രകാരമോ ?

ചോദ്യം: മാരണം (സിഹ് ര്‍) ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ പരിണതി അല്ലാഹുവിന്റെ അറിവോടെയുണ്ടാകുന്നതാണോ,അതോ പിശാചാണോ മാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ?പിശാച് നടത്തുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നാണോ ?

ഉത്തരം: മനുഷ്യന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെപ്പറ്റിയും ഭാവികാലത്തിന്‍മേല്‍ അല്ലാഹുവിന്റെ നിയന്ത്രണത്തെപ്പറ്റിയുമാണ് താങ്കളുടെ സംശയം. വിധിയെയും ഇച്ഛയെയും സംബന്ധിച്ച ഒരു പഴയകാല ചര്‍ചയിലേക്ക് പോകാം. ആദ്യകാല ഇസ്ലാമികചരിത്രത്തില്‍ ഖദ് രിയ്യാക്കള്‍, ജബരിയ്യാക്കള്‍ എന്നിങ്ങനെ

രണ്ടുവിഭാഗക്കാരുണ്ടായിരുന്നു.ആദ്യം പറഞ്ഞവിഭാഗക്കാര്‍ അല്ലാഹുവിന്റെ സര്‍വഞ്ജതയെ നിഷേധിക്കുമാറ് മനുഷ്യന്റെ സമ്പൂര്‍ണപ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചിരുന്നു. മറുവിഭാഗമാകട്ടെ, മനുഷ്യന് പ്രവര്‍ത്തനസ്വാതന്ത്ര്യമേ ഇല്ലെന്ന് വാദിക്കുന്നവരായിരുന്നു.
അല്ലാഹുമനുഷ്യനെ സൃഷ്ടിച്ചു. അവന്റെ മറ്റേത് സൃഷ്ടികളെക്കാളും മനുഷ്യന് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കി. ഭൂമിയിലെ പ്രതിനിധി എന്നതായിരുന്നു കാരണം. ഭൂമിയിലെ പ്രാതിനിധ്യം ശരിയാംവണ്ണം നിര്‍വഹിക്കാനായിരുന്നു അത്. അതിനായി ഒരുപാട് സിദ്ധികളും അത് പ്രയോഗിക്കാനുള്ള ചാതുരിയും പ്രദാനം ചെയ്തു. പ്രകൃതിപരമായ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ എന്തും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്കി.
ഉദാഹരണത്തിന്,ഖുര്‍ആന്‍ പറയുന്നത് കാണുക: ‘അല്ലാഹുവിന്റെ സന്ദേശത്തില്‍ ഇഷ്ടമുള്ളവന് വിശ്വസിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം’. എന്നുപറഞ്ഞാല്‍ രണ്ടാലൊന്ന് സ്വീകരിക്കാന്‍ അവന് സ്വാതന്ത്ര്യമുണ്ടെന്ന്. അതുകൊണ്ടാണ് മനുഷ്യന്‍ തന്റെ കര്‍മത്തിന് ഉത്തരവാദിയാണെന്ന് പറയുന്നത്. രക്ഷയും ശിക്ഷയും തദടിസ്ഥാനത്തിലായിരിക്കും. കാരണം, തനിക്കേത് വേണമെന്ന് അവന്‍ തന്നെ തെരഞ്ഞെടുത്തതാണല്ലോ.സര്‍വശക്തനായ അല്ലാഹു തന്റെ അടിമയെ പരീക്ഷിക്കാനായി ഈ സ്വാതന്ത്ര്യം മനുഷ്യന് നല്കുന്നതാണ്. ഏതുവേണമെന്ന  തീരുമാനം മനുഷ്യന്റെതായതുകൊണ്ട് മനുഷ്യനെ പരീക്ഷിക്കാം. ശരിതെറ്റുകളുടെ  പാത അവന്റെ മുമ്പിലുണ്ട്.  സദ് വൃത്തിയുടെ മാത്രമല്ല, ദുര്‍വൃത്തിയുടെയും മാര്‍ഗം തുറന്നിട്ടിരിക്കുന്നു എന്നത് അല്ലാഹുവിന്റെ യുക്തിയാണ്. ദുര്‍വൃത്തികള്‍ക്ക് അശക്തനാക്കും വിധം മനുഷ്യനെ അല്ലാഹുവിന് സൃഷ്്ടിക്കാമായിരുന്നു. എല്ലാ തിന്മകളില്‍ നിന്നും പരിശുദ്ധമായി ഈ ലോകം സൃഷ്ടിക്കാന്‍ കഴിയുന്നവനാണ് അവന്‍.
അല്ലാഹു  സ്വര്‍ഗലോകം സൃഷ്ടിച്ചിട്ടുണ്ട്്. പക്ഷേ അതിനുള്ള യോഗ്യത ഉള്ളവര്‍ക്ക് മാത്രമാണ് അതില്‍ പ്രവേശിക്കാനാവുക. സ്വര്‍ഗപ്രവേശത്തിന് യോഗ്യരായ ആളുകളാരെന്ന് കണ്ടെത്താന്‍ ഈ ഭൂമിയില്‍ നന്മയും തിന്മയും സംവിധാനിച്ചിരിക്കുന്നു. അതങ്ങനെയായിരിക്കണമെന്ന്് അവന്‍ നിശ്ചയിച്ചിരിക്കുന്നു.
ഈ ലോകത്തെ ദുഷ്പ്രവര്‍ത്തികളിലൊന്നാണ് ദുര്‍മന്ത്രവാദം. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അതിനുള്ള ശിക്ഷ അവന് ലഭിക്കും. മാരണ(സിഹ് ര്‍)ത്തിന്റെ പ്രഭാവം ഉണ്ടാകണമെന്ന് അല്ലാഹു ഇച്ഛിക്കുന്നുണ്ടോ എന്നാണ് താങ്കളുടെ ചോദ്യം. നിര്‍ണിതപ്രവര്‍ത്തനത്തിനുള്ള ബോധപൂര്‍വമായ തീരുമാനം അല്ലെങ്കില്‍ ആഗ്രഹം എന്നാണ് ഇച്ഛകൊണ്ടുദ്ദേശിക്കുന്നത്.
ഈ അര്‍ഥത്തില്‍ ആരെങ്കിലും മാരണം ചെയ്യണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നില്ല. മനുഷ്യനെ പരീക്ഷിക്കേണ്ടതുള്ളതിനാല്‍ അതിനുള്ള സജ്ജീകരണം ചെയ്തിരിക്കുന്നുവെന്ന് മാത്രം. അതുകൊണ്ടാണ് മാരണം ഫലിക്കുന്നത്. അതിനാല്‍ ചിലര്‍ അത് ദൈവാഭീഷ്ടത്തിനെതിരായി പ്രയോഗിക്കുന്നു. അത്തരം മാരണങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ട്  അല്ലാഹുവിന്റെ പരീക്ഷണത്തെ അവര്‍ ജയിക്കേണ്ടതായിരുന്നു.
ഒരു കാര്യം നാം മനസ്സിലാക്കണം, ഈ പിശാചിനുപോലും അല്ലാഹുവിന്റെ തീരുമാനമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ, ഈ ലോകത്ത് അല്ലാഹു ഇച്ഛാസ്വാതന്ത്ര്യം നല്കി സൃഷ്ടിച്ചിട്ടുള്ള ഒരു ജീവിയുടെയും  സ്വാതന്ത്ര്യത്തില്‍ അല്ലാഹു ഇടപെടുകയില്ല. അങ്ങനെയല്ലായിരുന്നുവെങ്കില്‍ യുദ്ധം,കൂട്ടക്കൊല ,കൊള്ള ഇവയൊന്നും സംഭവിക്കുമായിരുന്നില്ല. എന്നല്ല, ഭൂമി ശാശ്വതസ്വര്‍ഗമായിത്തീരുമായിരുന്നു.

About islam padasala

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …