Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍

ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍

ചോദ്യം: ഖബര്‍ സന്ദര്‍ശിക്കുന്ന ചിലര്‍ അവക്കടുത്ത് വെച്ച് നമസ്കരിക്കുന്നതായും ഖബറാളികളോട് ആവശ്യങ്ങള്‍ ചോദിക്കുന്നതായും കാണുന്നു. ഖബര്‍ സന്ദര്‍ശനത്തിന്റെ ഇസ്ലാമിക രീതി എന്താണ്? ഖബര്‍ സന്ദര്‍ശന വേളയില്‍ അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരുടെ പേരുകള്‍ സ്മരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?

ഉത്തരം: മുഹമ്മദ് ഹസന്‍ ദദു, മൌറിത്താനിയന്‍ പണ്ഡിതന്‍.

പരലോക സ്മരണ ഉണ്ടാക്കുക എന്നതാണ് ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്ക് എന്തെങ്കിലും നേട്ടം ലഭിക്കുകയെന്നതല്ല. ഒരാളുടെ സന്ദര്‍ശനം കൊണ്ട് മയ്യിത്തിന് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ പ്രാര്‍ഥനയുടെ ഗുണം അയാള്‍ക്ക് ലഭിക്കുന്നതാണ്. അതു പക്ഷേ, വിധൂരതയിലിരുന്ന് പ്രാര്‍ഥിച്ചാലും കിട്ടും.

സന്ദര്‍ശിക്കുമ്പോള്‍ ഖബറിലുള്ള വ്യക്തിയുടെ നാമം സ്മരിക്കേണ്ടതില്ലെങ്കിലും. അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. നമുക്ക് അറിവും പരിചയവുമുള്ള വ്യക്തിയുടെ ഖബറിടം സന്ദര്‍ശിക്കുന്നത് പരലോക സ്മരണം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉപകാരപ്പെട്ടെന്നു വരും. റസൂലിന്റെ സന്ദര്‍ശന രീതി ഇപ്രകാരമായിരുന്നു. മയ്യിത്തിന്റെ തലയുടെ ഭാഗത്തോ മുന്‍ഭാഗത്തോ നിന്ന് ഇപ്രകാരം പ്രാര്‍ഥിക്കും.

“വിശ്വാസികളുടെ സമൂഹമേ, നിങ്ങള്‍ക്ക് സലാം, അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്. അല്ലാഹു നിങ്ങളുടെ ഭയം മാറ്റി ശാന്തിയേകട്ടെ. ഏകാന്തത മാറ്റി ചങ്ങാതിയേയും നല്‍കട്ടെ. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അവന്റെ വാഗ്ദാനമായ സ്വര്‍ഗം ലഭിക്കട്ടെ. നമ്മുടെ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും അവന്റെ കാരുണ്യമുണ്ടാവട്ടെ. അല്ലാഹുവേ,  നാഥാ, ഇഹലോകത്തുനിന്ന് യാത്രയായി നശിച്ചുപോയ ഈ ശരീരങ്ങളും ദ്രവിച്ചുപോയ എല്ലുകളും നിന്നില്‍ വിശ്വിസിക്കുന്നവരായിരുന്നു. നാഥാ! അവര്‍ക്ക് നിന്റെ ആശ്വാസം വര്‍ഷിക്കേണമേ, ഞങ്ങളുടെ സലാമും എത്തിക്കേണമേ”

മറ്റൊരു പ്രാര്‍ഥന ഇങ്ങനെ:

“ഈ ഖബ്റിടങ്ങളിലുള്ള വിശ്വാസികളേ, വിശ്വാസിനികളേ, നിങ്ങള്‍ക്ക് സലാം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും വിട്ടുവീഴ്ച ചെയ്തുതരാന്‍ ഞങ്ങളിതാ അല്ലാഹുവിനോടിരക്കുന്നു. പിന്നീട് പിരിഞ്ഞു പോകും. ഇതായിരുന്നു പ്രവാചക തിരുമേനിയുടെ ഖബര്‍ സന്ദര്‍ശന രീതി.

ഖബറാളികളുടെ അവസ്ഥ എന്തായിരിക്കും. സ്വര്‍ഗസൌഭാഗ്യങ്ങളാണോ, നരക പീഡനമാണോ അയാള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. താനും ഒരു നാള്‍ ഈ ഏകാന്തതയില്‍ ഇടുങ്ങിയ കുഴിയില്‍ കിടക്കേണ്ടിവരില്ലേ എന്നൊക്കെയുള്ള ചിന്ത സന്ദര്‍ശകന്റെ മനസ്സിനെ പിടികൂടും. അങ്ങനെ പരലോക സ്മരണയും ദൈവവിശ്വാസവും ശക്തിപ്രാപിക്കും.

 

 

About islam padasala

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …