മാനവതയ്ക്കും സമൂഹത്തിനും ഗുണംചെയ്ത ലോകപ്രശസ്തരായ മഹാന്മാരുടെ വിജയ രഹസ്യവും മാര്‍ഗവും മനസ്സിലാക്കുകയെന്നത് നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. തങ്ങളുടെ കൈകള്‍ കൊണ്ട് ജീവിതത്തിലെ പ്രതിബന്ധങ്ങളുടെ കരിമ്പാറകള്‍ തകര്‍ത്ത് ഒട്ടേറെ ദുരിതങ്ങളും പ്രയാസങ്ങളും അഭിമുഖീകരിച്ച വേദനകളുടെ കയ്പുനീര് കടിച്ചിറക്കി വിജയം സാക്ഷാല്‍ക്കരിച്ചവരാണ് അവര്‍. എന്നാല്‍ ജീവിതത്തില്‍ വിജയം വരിക്കാത്ത, എന്നാല്‍ യുവാക്കളുടെ മുന്നില്‍ പ്രശസ്തരായ മറ്റുചിലരുണ്ട്. അവരുടെ ജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ചൂടോ തണുപ്പോ പ്രതിരോധിക്കാന്‍ കഴിയാത്ത വസ്ത്രത്തെപ്പോലെ വ്യാജമാണ് അവരുടെ വിജയവര്ത്തമാനങ്ങളെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ചെറുപ്രായം മുതലെ വിജയികളായ മഹത്തുക്കളുടെ ജീവിതത്തെക്കുറിച്ച് വായിക്കാനും, അവരുടെ വിജയരഹസ്യങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ വ്യക്തിപരമായി താല്പര്യം പുലര്‍ത്തിയിരുന്നു. പ്രായമുള്ളവരുടെ കൂടെയിരിക്കുക, അവരുടെ അനുഭവങ്ങളും കഥകളും കേള്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയിരുന്നത്. കൗമാരദശപിന്നിട്ടപ്പോള് മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകളും ആത്മകഥകളും ജീവചരിത്രങ്ങളും വായിക്കുന്നതിലാണ് ശ്രദ്ധപതിപ്പിച്ചത്. പുസ്തകപ്രദര്‍ശന വേദികളില്‍ പുതിയ ഏതെങ്കിലും ജീവചരിത്രമോ മറ്റോ കണ്ടാല്‍ പേജ് മറിച്ച് നോക്കാതെ തന്നെ അവ വാങ്ങാറായിരുന്നു എന്റെ പതിവ്. മിക്കരാത്രികളിലും ഇബ്നു ഖല്ലികാനോട് സൊറപറഞ്ഞിരിക്കുകയോ, ദഹബിയുടെ അനുബന്ധങ്ങളില്‍ ആനന്ദിക്കുകയോ, ത്വന്‍ത്വാവിയുടെ ആകര്‍ഷകമായ സ്മരണകള്‍ വായിച്ചാസ്വദിക്കുകയോ, മാലിക് ബിന്നബിയുടെ ചിന്തകളില്‍ വട്ടമിട്ട് പറക്കുകയോ ആയിരുന്നു എനിക്ക് പ്രിയങ്കരം. കര്‍മശാസ്ത്ര വിശാരദന് ഇബ്നു ഉഥൈമിന്, ഹദീഥ് പണ്ഡിതന് അല്‍ബാനി, സാഹിത്യകാരന് മഹ്മൂദ് ശാകിര്‍, ഇമാം ഇബ്നു ബാസ് തുടങ്ങി ആത്മകഥ എഴുതിയവരും, അല്ലാത്തവരുമായ ഒട്ടേറെ പ്രഗല്ഭര് എന്റെ വായനയിലൂടെ കടന്ന് പോവുകയുണ്ടായി.
മുസ്ലിംകളും അല്ലാത്തവരുമായ ചരിത്രത്തിലെ മഹാന്മാരുടെ ജീവിതത്തില്‍ വളരെ പൊതുവായ ചില സാദൃശ്യങ്ങള്‍ എന്റെ ശ്രദ്ധയില്പെടുകയുണ്ടായി. അവരുടെ ജീവിതം അപഗ്രഥിച്ചതിന് ശേഷം അവരുടെ വിജയങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുപ്രധാനമായ നാല് ഘടകങ്ങളാണെന്ന വിലയിരുത്തലില്‍ ഞാനെത്തിച്ചേര്‍ന്നു.
- ജീവിതത്തില്‍ വളരെ വ്യക്തമായ ലക്ഷ്യമുള്ളവരായിരുന്നു അവര്‍. ഒന്നിലേറെ ലക്ഷ്യം മുന്നില്‍ വെച്ച് ജീവിച്ചവരും അവരിലുണ്ടായിരുന്നു. പക്ഷേ അവ പരസ്പര വിരുദ്ധമായിരുന്നില്ല എന്ന് മാത്രമല്ല പരസ്പര പൂരകങ്ങള്‍ കൂടിയായിരുന്നു. അടിസ്ഥാനപരമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്ന മറ്റു ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ വെക്കുന്നതില്‍ തെറ്റില്ല എന്നര്‍ത്ഥം. എന്നാല്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടാവാറില്ല. തങ്ങള്‍ ജീവിക്കുന്ന നിമിഷത്തിന്റെയോ, ദിവസത്തിന്റെയോ സന്താനങ്ങളാണ് അവര്‍. കൂടുതല്‍ എളുപ്പമുള്ളത് കാണുന്ന പക്ഷം നേരത്തേയുണ്ടായിരുന്ന ലക്ഷ്യത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഒഴിഞ്ഞ് മാറുകയാണ് അവരുടെ പതിവ്. പക്ഷേ, മഹാന്മാര് തങ്ങളുടെ ലക്ഷ്യത്തെ പിന്തുടരുകയും അവയെ തങ്ങളുടെ വ്യക്തിത്വത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനാവാത്ത ഭാഗമായി പരിഗണിക്കുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തിന്റെ ഗതി പ്രസ്തുത ലക്ഷ്യത്തിനായി കീഴ്പെടുത്തുകയും, സര്‍വവിധ തന്റേടത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ലക്ഷ്യപൂര്‍ത്തീകരണത്തിനായി കഠിനാധ്വാനം നടത്തുകയും ചെയ്യുന്നു.
- ക്ഷമയും സ്ഥിരോല്‍സാഹവും
അല്‍ഭുതകരമായ ക്ഷമയും സഹനശീലവും കൈമുതലായുള്ളവരായിരുന്നു ചരിത്രത്തിലെ മഹാരഥന്മാര്. തങ്ങളുടെ ലക്ഷ്യസാക്ഷാല്ക്കരണത്തിനായി എന്തുതന്നെ പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിച്ചാല്‍ പോലും സ്ഥിരോല്‍സാഹത്തോടെ പരിശ്രമിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് നടത്തുന്ന പിറുപിറുക്കലുകളോ, പരിഹാസങ്ങളോ അവരെ ഒട്ടും ചൊടിപ്പിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ലക്ഷ്യത്തില്‍ തന്നെ നിലകൊള്ളുകയും അതിന്റെ മാര്‍ഗത്തില്‍ പഠനഗവേഷണങ്ങള്‍ തുടരുകയും ചെയ്യുന്നു അവര്‍. തങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളോടും, പരിവര്‍ത്തനങ്ങളോടും പുറംതിരിഞ്ഞ് നില്‍ക്കാതെ അവയെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് അനുഗുണമായി ഉപയോഗപ്പെടുത്താന്‍ കൂടി അവര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. - ഭദ്രത
ക്ഷമയും നൈരന്തര്യവും കാത്ത് സൂക്ഷിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ കര്‍മങ്ങള്‍ ഏറ്റവും ഭദ്രവും കുറ്റമറ്റ രീതിയിലുമായിരുന്നു അവര്‍ പൂര്‍ത്തീകരിച്ചിരുന്നത്. വളരെ കൃത്യവും മനോഹരവുമായ വിധത്തില്‍ കാര്യങ്ങള്‍ നടത്തുകയും അതിന് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കാലഘട്ടത്തിന്റെ പുതുകണ്ടെത്തലുകളില് നിന്നും സംഭാവനകൡ നിന്നും പ്രയോജനമെടുത്ത് അവയെ മനോഹരമായി അവതരിപ്പിക്കാനവര് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. - രഹസ്യമായ ഘടകം
ചരിത്രത്തിലെ മഹാരഥന്മാരുടെ ജീവിതത്തില്‍ പൊതുവായി നിരീക്ഷിച്ച ഒരു യാഥാര്‍ത്ഥ്യം അവരില്‍ ഓരോരുത്തരും സവിശേഷമായ നന്മകളാല് വേറിട്ട് നിന്നിരുന്നു എന്നതാണ്. അവരില്‍ ചിലര്‍ വളരെ അല്‍ഭുതകരമായ വിധത്തില്‍ മാതാപിതാക്കളെ പരിചരിക്കുന്നവരോ, ജനങ്ങളെ സേവിക്കുന്നതിന് എല്ലാം ത്യജിക്കുന്നവരോ, സര്‍വ്വസ്വത്തും മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നവരോ, അങ്ങേയറ്റം വിനയം കാണിക്കുന്നവരോ മറ്റോ ആയിരുന്നു. തങ്ങളുടെ സമകാലികര്‍ക്ക് മേല്‍ അവരെ ഉന്നതരാക്കുന്ന ഇത്തരം സവിശേഷമായ മൂല്യങ്ങള്‍ ഏകദേശം മിക്ക മഹാന്മാരുടെയും ജീവിതത്തില്‍ കാണാന്‍ കഴിയുകയുണ്ടായി.
നമ്മുടെ യുവാക്കള്‍ക്കുള്ള ഒരു സമ്മാനമാണ് മേല്‍വിവരിച്ച കാര്യങ്ങള്‍. കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തി, ക്ഷമയോടും സ്ഥിരോല്സാഹത്തോടും കൂടി, കര്‍മങ്ങളെ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുകയാണ് നാം ചെയ്യേണ്ടത്. കൂടാതെ മറ്റുള്ളവര്‍ക്ക് നന്മ ആഗ്രഹിച്ച്, സുരക്ഷിതമായ ഹൃദയത്തോടെ ജീവിക്കുവാന്‍ കൂടി കഴിയുമ്പോഴാണ് നാം മഹത്ത്വം ആര്‍ജ്ജിക്കുക.
അബൂബക്ര് ബിന്‍ മുഹമ്മദ്
Add Comment