ആദ്യമനുഷ്യനായ ആദമിനെ അല്ലാഹു ഭൂമിയിലെ പ്രതിനിധിയായാണ് സൃഷ്ടിച്ചത്. ഭൂമിയെ അധിവാസയോഗ്യമാക്കുക, ജനനിബിഡമാക്കുക, നാഗരികത നിര്‍മിക്കുക, ജീവിതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വികസനസംവിധാനം ഒരുക്കുക അങ്ങനെ തുടങ്ങി പലതും പ്രതിനിധിയുടെ ധര്മത്തില്പെടുന്നു. ഇവയെല്ലാം തടസ്സംകൂടാതെ നടക്കണമെങ്കില്‍ സന്തതികള്‍ വേണം, ജനങ്ങള്‍ വേണം, ജനപദങ്ങള്‍ വേണം. അവിഹിതബന്ധങ്ങള്‍(വ്യഭിചാരം) ഈ ലക്ഷ്യങ്ങള്ക്കെതിരാണ്. അതില്‍ സുസ്ഥിരതയില്ല, സന്താനോത്പാദനമില്ല, ശിക്ഷണ ശീലനങ്ങളില്ല, ഉത്തരവാദിത്തങ്ങളില്ല. വിവാഹം ശാശ്വതമാണെങ്കില്‍ വ്യഭിചാരം താല്ക്കാലികമാണ്. ഭൂമിയിലെ പ്രാതിനിധ്യസംവിധാനം ഉറപ്പുവരുത്തുന്ന സന്താനപരമ്പരകള്‍ വിവാഹം ഉറപ്പുവരുത്തുന്നു. അവിഹിതവേഴ്ചകള്‍ അങ്ങനെ ഒരു ഉറപ്പുംനല്‍കുന്നില്ല.
ആരോഗ്യവീക്ഷണപ്രകാരം വിവാഹത്തിനും വ്യഭിചാരത്തിനുമിടയില്‍ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. അവിഹിത-ബഹുവിധ ബന്ധങ്ങളിലൂടെ എന്തെല്ലാം രോഗങ്ങളാണ് ഉണ്ടായിത്തീരുന്നതെന്ന് നമുക്കറിയാമല്ലോ. വിവാഹജീവിതത്തില്‍ അത്തരത്തിലുള്ള രോഗഭീഷണിയില്ല. മാനസികാരോഗ്യവീക്ഷണത്തിലൂടെ നോക്കിയാലും നിരവധി സ്ത്രീകളുമായി ശാരീരികബന്ധംപുലര്ത്തുന്നഒരു വ്യക്തി അനുഭവിക്കുന്ന മാനസികസംഘര്‍ഷം വിവരണാതീതമാണ്. അത്തരത്തില്‍ വിവാഹേതര ബന്ധങ്ങള്‍ വച്ചുപുലര്‍ത്തുന്ന സ്ത്രീ-പുരുഷന്മാര് വിഷാദത്തിനും മനഃസമ്മര്ദ്ദത്തിനും മനോരോഗത്തിനും അടിപ്പെടുമെന്നതില് സംശയമില്ല.
വ്യഭിചാരം ആനന്ദദായകമാണെന്ന മനോഭാവംവെച്ചുപുലര്ത്തുന്നവരോട് പറയാനുള്ളത്, തങ്ങള്‍ ഏത് ശരീരകാമനകള്ക്കും വികാരങ്ങള്‍ക്കും പിറകെപോയാലും അതെല്ലാം ആനന്ദദായകവും ആസ്വാദ്യകരവും തന്നെയായിട്ടായിരിക്കും അനുഭവപ്പെടുകയെന്നതാണ്. സമ്പത്ത്, സ്ത്രീകള്‍, ആഹാരം , സംഗീതം, ഉറക്കം എന്നുതുടങ്ങി ആസ്വാദ്യകരമായ വികാരമായി അവയുടെ ഗണത്തിലെമ്പാടുമുണ്ട്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും സ്രഷ്ടാവായ രക്ഷിതാവിനെ തൃപ്തിപ്പടുത്തുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ വ്യക്തിത്വം കരുത്ത് പ്രാപിക്കുക. ഒന്നിനെ ബലികഴിച്ചുകൊണ്ടല്ല മറ്റൊന്ന് നേടേണ്ടത് എന്ന് പഠിപ്പിക്കുന്നതിലാണ് ഇസ് ലാമിന്റെ സൗന്ദര്യം. അതായത്, ഒരാളുടെ അവകാശം കവര്ന്നുകൊണ്ടോ ബലികഴിച്ചുകൊണ്ടോ അല്ല മറ്റൊരാള്‍ അവകാശം നേടേണ്ടത്. അങ്ങനെയായാല്‍ അതിനെ അക്രമം എന്നാണ് പറയുക.അല്ലാഹു സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍ രണ്ടു വികാരങ്ങളും അവളില്‍ പടച്ചു. ഒന്ന്, ആനന്ദം. മറ്റൊന്ന്, മാതൃത്വം. യുവാവ് അവളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു വികാരമേ സാക്ഷാത്കരിക്കപ്പെടുന്നുള്ളൂ. രണ്ടാമത്തേത് നിഷേധിക്കപ്പെടുകയാണ്. ഇത് കൊടിയ അക്രമമാണ്. വിവാഹമാകട്ടെ, ഈ രണ്ടുതരം വികാരങ്ങളെയും ഒരുമിച്ച് പൂര്ത്തീകരിച്ചുകൊടുക്കുകയാണ്.
യൂസുഫ് നബിയുടെ ചരിത്രവും ജീവിതവിശുദ്ധിയുമാണ് ചെറുപ്പക്കാര്‍ മാതൃകയാക്കേണ്ടത്. പെണ്‍കുട്ടികള്‍ മര്‍യം ബീവിയുടെ ചരിത്രവും വിശുദ്ധജീവിതവുമാണ് പാഠമായി ഉള്‍ക്കേണ്ടത്. പ്രവാചകതിരുമേനി പറയുകയുണ്ടായി: ‘രണ്ട് താടിയെല്ലുകള്‍ക്കും രണ്ട് തുടയെല്ലുകള്ക്കിടയിലുമുള്ളത് അവിഹിതമായി ഉപയോഗിക്കില്ലെന്ന് നിങ്ങളെനിക്ക് ഉറപ്പുതന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ഉറപ്പുനല്‍കാം.’
വ്യഭിചരിക്കുന്നവര്‍ക്ക് ശിക്ഷ പരലോകത്തുനിന്നുള്ളതിനുപുറമേ ഈ ലോകത്തും കിട്ടും. വ്യഭിചരിച്ചിരുന്ന ഒരാള്‍ വിവാഹജീവിതത്തില്‍ പ്രവേശിച്ചപ്പോള്‍ ഭാര്യയുമായി ബന്ധപ്പടാനാകാതെ രോഗിയായി. പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: ‘കഴിഞ്ഞ ഇരുപതുവര്‍ഷം ഞാന്‍ വ്യഭിചരിച്ചതിന് എനിക്ക് കിട്ടിയ ശിക്ഷയാണിത്. ചികിത്സിച്ചുമാറ്റാനാകാത്ത ലൈംഗികരോഗത്തിന്റെ പിടിയിലാണ് ഞാനിപ്പോള്‍. അതോടൊപ്പം സന്താനഭാഗ്യം നിഷേധിക്കപ്പടുകയുംചെയ്തു.’
ഡോ. ജാസിമുല്‍ മുത്വവ്വ
Add Comment