മദ്ഹബുകള്‍

ശാഫിഈ പണ്ഡിതന്‍മാര്‍ക്കിടയില്‍ വീക്ഷണവ്യത്യാസങ്ങള്‍-2

കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശാഫിഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇമാം ശാഫിഈ ഒഴികെയുള്ള ശാഫിഈ പണ്ഡിതര്‍ ചില പ്രശ്‌നങ്ങളില്‍ പരസ്പരഭിന്നത പുലര്‍ത്തിയത് കാണാം. ഇമാം ശാഫിഈയോട് വിയോജിച്ചുകൊണ്ട് ആ പണ്ഡിതര്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ നബിചര്യയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഇമാമിന്റെ നിലപാടിന് എതിരായി പിന്നീട് ശിഷ്യന്‍മാര്‍ക്കും മറ്റു പണ്ഡിതന്‍മാര്‍ക്കും ഹദീഥുകള്‍ ലഭ്യമായതാണ് ഇതിന് കാരണം. ‘എന്റെ അഭിപ്രായത്തിനെതിരെ പ്രബലമായ ഹദീഥ് ലഭിച്ചാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന ഇമാമിന്റെ പ്രഖ്യാപനത്തെ സാക്ഷാത്കരിക്കുകയാണ് പില്‍ക്കാല പണ്ഡിതരുടെ തിരുത്തലുകള്‍.മുന്‍പ് പോസ്റ്റുചെയ്തതിന്റെ തുടര്‍ച്ചയാണിത്.

  • മറവിയുടെ സുജൂദ് (സുജൂദ് സഹ് വ്) സലാം വീട്ടുന്നതിന് മുമ്പായിരിക്കണമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു. ശിഷ്യന്‍മാരായ മുസ് നി(റ), അബൂസൗര്‍(റ) മുതലായവര്‍ ഉസ്താദിനോട് വിയോജിച്ച് സലാം വീട്ടിയ ശേഷവും നിര്‍വഹിക്കാമെന്ന് അഭിപ്രായപ്പടുന്നു.
  • രണ്ട് ഖുല്ലത്തിന് താഴെയുള്ള വെള്ളം മലിനവസ്തു സ്പര്‍ശിക്കുന്നതുകൊണ്ട് തന്നെ ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമായിത്തീരുമെന്ന് (അശുദ്ധിയാകുമെന്ന്) ഇമാം ശാഫിഈ പറയുമ്പോള്‍ ഇബ്‌നു മുന്‍ദിര്‍, ഇമാം ഗസാലി(റ), ഇമാം റുഅ്‌യാനി(റ)മുതലായവര്‍ അതുപയോഗിക്കാമെന്ന വീക്ഷണക്കാരാണ്.
  • ശവത്തിന്റെ മുടി, രോമം, തൂവല്‍ എന്നിവ നജസാണെന്ന ഇമാം ശാഫിഈ(റ)യുടെ അഭിപ്രായത്തിന് വിരുദ്ധമാണ് ശിഷ്യന്‍മാരായ മുസനി(റ)ഇബ്‌നുമുന്‍ദിര്‍ തുടങ്ങിയവരുടെ കാഴ്ചപ്പാട്.
    15.നരച്ച മുടി കറുപ്പിക്കുന്നത് ഇമാമിന്റെ വീക്ഷണത്തില്‍ ഹറാമാണ്. എന്നാല്‍ ഇമാം ഗസാലി(റ)യും ഇമാം ബഗവി(റ)യും അത് കറാഹത്ത് മാത്രമാണെന്ന വീക്ഷണക്കാരാണ്. വഞ്ചന ഉദ്ദേശ്യമല്ലെങ്കില്‍ അനുവദനീയമാണെന്നാണ് സ്വഹാബിവര്യന്‍മാരുടെ ചര്യയില്‍നിന്ന് ബോധ്യമാകുന്നത്.
  • പെണ്‍കുട്ടികളുടെ ചേലാകര്‍മം ആണ്‍കുട്ടികള്‍ക്കെന്നപോലെ നിര്‍ബന്ധമാണെന്ന് ഇമാം ശാഫിഈ(റ) പറയുന്നു. എന്നാല്‍ ഭൂരിപക്ഷം ശിഷ്യന്‍മാരും ഇമാമിനോട് വിയോജിക്കുന്നു.
  • വുദുവിന്റെയും കുളിയുടെയും സന്ദര്‍ഭത്തില്‍ മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍ നിര്‍ബന്ധമാണെന്ന് അബൂസൗര്‍(റ), ഇബ്‌നു മുന്‍ദിര്‍(റ) വ്യക്തമാക്കുന്നു. ഇമാം ശാഫിഈ(റ)യാകട്ടെ, അത് സുന്നത്തുമാത്രമാണെന്ന് പ്രഖ്യാപിക്കുന്നു.
  • വുദുവില്‍ തര്‍ത്തീബ്(ക്രമംപാലിക്കല്‍)നിര്‍ബന്ധമാണെന്ന ഇമാമിന്റെ വീക്ഷണത്തിന് വിരുദ്ധമായി മുസനിയും ഇബ്‌നു മുന്‍ദിറും അത് സുന്നത്തുമാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  • കീറിയബൂട്ടില്‍ തടവരുതെന്ന് ഇമാം ശാഫിഈ(റ) പറയുന്നു.എന്നാല്‍ ശിഷ്യന്‍മാരായ അബൂ സൗര്‍(റ), ഇബ്‌നു മുന്‍ദിര്‍ തടവാമെന്ന പക്ഷക്കാരാണ്.
  • തടവിയ ബൂട്ട്‌സ് ഊരിയെടുത്താല്‍ വുദു ഉടനെ മുറിയുമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു. എന്നാല്‍ മുറിയുകയില്ലെന്ന് ശിഷ്യനായ ഇബ്‌നു മുന്‍ദിര്‍(റ) പറയുന്നു. ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ അതേ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.
  • ജമാഅത്ത് നമസ്‌കാരം പ്രബലമായ സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) പറയുന്നു. ശിഷ്യന്‍മാരായ അബൂസൗര്‍, ഇബ്‌നു മുന്‍ദിര്‍ മുതലായവര്‍ അത് വ്യക്തിപരമായ ബാധ്യതയാണെന്ന് അഭിപ്രായപ്പെടുന്നു. അത് ഫര്‍ദ് കിഫായ(സാമൂഹികബാധ്യത)ആണെന്നതിനാണ് കൂടുതല്‍ തെളിവുകള്‍.
  • സ്ത്രീയുടെ പിന്നില്‍ മഅ്മൂമായി നമസ്‌കരിച്ചാല്‍ നമസ്‌കാരം സ്വഹീഹാവുകയില്ലെന്ന് ഇമാം അഭിപ്രായപ്പെടുന്നു. എന്നാല്‍ ശിഷ്യന്‍മാരായ മുസനി , അബൂസൗര്‍ സ്വഹീഹാവുമെന്ന കാഴ്ചപ്പാടുകാരാണ്.
  • ഇമാം ഇരുന്ന് നമസ്‌കരിക്കുകയാണെങ്കില്‍ പിന്തുടരുന്നവര്‍ നിന്നുനമസ്‌കരിക്കുകയാണ് വേണ്ടതെന്ന് ഇമാം ശാഫിഈ പറയുന്നു. മഅ്മൂമുകള്‍ നിന്ന് നമസ്‌കരിക്കാന്‍ കഴിവുള്ളവരെങ്കിലും ഇരുന്നു നമസ്‌കരിക്കണമെന്ന് ശിഷ്യന്‍മാരായ ഇമാം അഹ്മദും മുസനിയും പറയുന്നു.
  • ഫിഖ് ഹ് കൂടുതല്‍ അറിയുന്നവര്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കണമെന്ന ഇമാം ശാഫിഈ(റ)യുടെ വീക്ഷണത്തിന് വിരുദ്ധമായി ഖുര്‍ആന്‍ മനഃപാഠമുള്ളവരായിരിക്കണം ഇമാമായി നില്‍ക്കേണ്ടതെന്ന് ശിഷ്യനായ മുന്‍ദിര്‍ പറയുന്നു.
  • ഒരു സ്ഥലത്ത് നാലുദിവസത്തില്‍ അധികം താമസിക്കാന്‍ തീരുമാനിച്ചാല്‍ നമസ്‌കാരം ഖസ്‌റാക്കാന്‍ പാടില്ലെന്നാണ് ഇമാം ശാഫിഈയുടെ അഭിപ്രായം. ഖസ്‌റാക്കാമെന്നാണ് ശിഷ്യന്‍ മുസനിയുടെ അഭിപ്രായം.(തുടരും).

Topics