ഉമവീ കുടുംബത്തിലെ അധികാര മത്സരത്തിനുപുറമെ ഭരണനേതൃത്വം കരസ്ഥമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മറ്റു ചില വിഭാഗങ്ങളുമുണ്ടായിരുന്നു. ഹാശിം കുടുംബത്തിലെ രണ്ടു ശാഖകളായ അലവികളും അബ്ബാസികളുമാണ് അക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. നാലാം ഖലീഫ അലി(റ)വിന്റെ പിന്‍ഗാമികളെന്ന നിലക്ക് ഭരണം തങ്ങളുടെ അവകാശമാണെന്ന് കരുതിയവരായിരുന്നു അലവികള്‍. ഉമവീഭരണത്തിന്റെ ആരംഭം മുതലേ അവരിലെ പ്രധാനവ്യക്തികള്‍ രഹസ്യമായി ആളുകളെ തങ്ങളുടെ ഭാഗത്തേക്കാകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിവിധ ഉമവീഖലീഫമാര്‍ അവരെ ചിലപ്പോള്‍ അനുനയത്തിലൂടെയും മറ്റു ചിലപ്പോള്‍ ബലം പ്രയോഗിച്ചും അടക്കി നിര്‍ത്തുകയാണ് ചെയ്തിരുന്നത്. എങ്കിലും ഇറാഖ്?????പേര്‍ഷ്യന്‍ പ്രദേശങ്ങളിലും യമന്‍?????ഈജിപ്ത് തുടങ്ങിയ നാടുകളിലും ജനങ്ങള്‍ക്ക് അവരോടുള്ള അനുഭാവം വ്യാപിച്ചു. ദുര്‍ബലരായ ഉമവീഖലീഫമാര്‍ ഭരണത്തിലേറിയ കാലങ്ങളില്‍ അലവികളുടെ ജനപിന്തുണ ശക്തിപ്പെടുകയും ചെയ്തു. അലവികളുടെ നേതാവായിരുന്ന മുഹമ്മദുല്‍ ബാഖിര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ശക്തനായ നേതാവില്ലാത്തതിനാല്‍ ഹാശിം കുടുംബത്തിലെ മറ്റൊരു ശാഖയായ അബ്ബാസികളില്‍ പെട്ട മുഹമ്മദ് ബിന്‍ അലിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രംഗത്തുവന്നത്. അതിനെത്തുടര്‍ന്ന് അബ്ബാസികളും ഖലാഫത്തിനര്‍ഹത അവകാശപ്പെടുകയും അതിനനുകൂലമായി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവന്നു.
അങ്ങനെയിരിക്കെയാണ് മര്‍വാനുബ്‌നു മുഹമ്മദിന്റെ ഭരണകാലത്ത് പേര്‍ഷ്യന്‍ പ്രദേശമായ ഖുറാസാനിലെ പ്രമുഖനായ അബൂമുസ്‌ലിമുല്‍ ഖുറാസാനീ അബ്ബാസീ വംശത്തിലെ തലവനായിരുന്ന ഇബ്രാഹീമുബ്‌നു മുഹമ്മദിനുവേണ്ടി രംഗത്തിറങ്ങിയത്. അബൂമുസ്‌ലിം സൈന്യവുമായി ഖുറാസാനില്‍ സ്വാധീനമുറപ്പിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
ഇബ്രാഹീമുബ്‌നു മുഹമ്മദിനെ ഉമവീ ഭരണകൂടം തടവിലാക്കുകയും തന്റെ അന്ത്യം അടുത്തു എന്ന് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം സഹോദരനായ അബുല്‍അബ്ബാസിനെ കുടുംബത്തിലെ അടുത്തനേതാവായി നിശ്ചയിച്ചു. അബുല്‍ അബ്ബാസ് കൂഫയിലെ ഗവര്‍ണറെ സ്ഥാനഭ്രഷ്ടനാക്കി അവിടെ അധികാരം ഉറപ്പിച്ചു. കടുത്ത പക്ഷപാതിയും ക്രൂരനുമായിരുന്നെങ്കിലും സമര്‍ഥനായ സംഘാടകനായിരുന്ന അബൂമുസ്‌ലിമുല്‍ ഖുറാസാനി ‘മാവറാഅന്നഹ്‌റും’ പേര്‍ഷ്യന്‍ ഭൂപ്രദേശങ്ങളധികവും ഇറാഖും കീഴടക്കി. സാബ് നദീ തീരത്തുവെച്ച് മര്‍വാനുബ്‌നുമുഹമ്മദിന്റെ സേനയെ നേരിട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട മര്‍വാന്‍ പിന്തിരിഞ്ഞോടിയെങ്കിലും വധിക്കപ്പെട്ടു. ഉമവികളുടെ ആസ്ഥാനം ദമസ്‌കസ് സേന കയ്യടക്കി. ഇതോടെ ഹി. 132 ല്‍ ഉമവീ ഭരണത്തിന് അന്ത്യം കുറിക്കുകയും ബനൂഹാശിമിന്റെ ഒരു ശാഖയായ അബ്ബാസികളുടെ ഭരണം നിലവില്‍ വരുകയും ചെയ്തു.
ഉമവീ ഖിലാഫത്തിന്റ പതനം

Add Comment