അങ്കാറ(തുര്‍ക്കി): യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തിരിച്ചയക്കപ്പെട്ടവരും ഗ്രീക്ക് ദ്വീപില്‍ കടന്നെത്തിയവരുമായ സിറിയ, അഫ്ഗാനിസ്ഥാന്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥികളെ തിരികെയെടുക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യത്തോട് പ്രതികരിച്ച് തുര്‍ക്കി. അഭയാര്‍ഥികളെ ക്യാമ്പുകള്‍ തയ്യാറാക്കി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ 6 ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തതില്‍ 2 ബില്യണ്‍ മാത്രമേ ലഭിച്ചുള്ളൂവെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസോഗ്ലു ചൂണ്ടിക്കാട്ടി. ഒട്ടേറെ വാഗ്ദാനങ്ങള്‍ ഇപ്പോഴും കടലാസില്‍ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2011 ലെ അറബ് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരസംഘര്ഷത്തില്പെട്ട സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തി. തദവസരത്തില്‍ അഭയാര്ഥിവിരുദ്ധനീക്കങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതുചിന്താഗതിക്കാര് പ്രതിഷേധിച്ചപ്പോള്‍ ഗവണ്മെന്റുകള് തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ അടച്ചു. യൂറോപ്യന്‍ യൂണിയന് നയത്തിന് വിരുദ്ധമായിരുന്നു അത്. അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ പ്രതിഛായയെ അഭയാര്‍ഥിപ്രശ്നം കളങ്കപ്പെടുത്തുമെന്ന് മനസ്സിലാക്കിയ യൂറോപ്യന്‍ യൂണിയന് അതെത്തുടര്‍ന്ന് തുര്‍ക്കിയുമായി പുനരധിവാസവിഷയത്തില് കരാറിലേര്‍പ്പെടുകയായിരുന്നു. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന് അംഗത്വം, യൂറോപ്യന്‍ രാജ്യങ്ങളില്‍ തുര്ക്കിപൗരന്മാര്ക്ക് വിസ, ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവ് , ആറ് ബില്യണ്‍ യൂറോ ധനസഹായം എന്നിവയായിരുന്നു രണ്ടുകൂട്ടര്‍ക്കുമിടയില്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍.
എന്നാല്‍ യൂറോപ്യന്‍ യൂണിയന് രണ്ട് ബില്യണ്‍ യൂറോയുടെ ധനസഹായം മാത്രമേ നല്കിയുള്ളൂ. 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തുര്‍ക്കി ഇതിനകംനാല്പത് ബില്യണ്‍ ഡോളര്‍ ഇതുവരെയായി ചെലവഴിച്ചിട്ടുണ്ട്.
Add Comment