അബൂഅബ്ദില്ലാഹ് സുഫ്യാനുബ്നു സഈദിബ്നു മസ്റൂഖുസ്സൌരി (97-161)യുടെ പേരില്‍ അറിയപ്പെടുന്ന മദ്ഹബാണിത്. കൂഫഃയില്‍ ജനിച്ച ഇദ്ദേഹം സ്വഹാബിശിഷ്യരില് ഒരാളായിരുന്നു. കൂഫഃ, ഇറാഖ് പ്രദേശക്കാരുടെ ഇമാം എന്നാണ് സുഫ്യാന് പരിചയപ്പെടുത്തപ്പെട്ടത്. ഇദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ വിവരിച്ചുകൊണ്ട് ചരിത്രകാരന്മാര് ഒരുപാടെഴുതിയത് കാണാം. ഇബ്നു ഉയയ്നഃ പറഞ്ഞു: ‘സുഫ്യാനേക്കാള് ഹലാലും ഹറാമും അറിയുന്ന ഒരാളെ എനിക്കറിയില്ല’. മറ്റുചിലര്‍ പറഞ്ഞു: കേള്‍ക്കുന്നതൊക്കെ ഹൃദിസ്ഥമാക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു സുഫ്യാന്.
ഖതാദ, മുജാഹിദ്, അത്വാഅ് അസ്വദുബ്നുസൈദ് തുടങ്ങിയവരില്‍ നിന്ന് ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. അഅ്മശ്, ഇബ്നു അജ്ലാല്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തില്‍ നിന്നും ഹദീഥ് പഠിച്ചിട്ടുണ്ട്. ശുഅ്ബയും മാലികും സമകാലീനരായിരുന്നു. സൂക്ഷ്മവും സമഗ്രവുമായ ജ്ഞാനം, ഭക്തി, വിരക്തി എന്നിവയെല്ലാം ജീവിതത്തിലൊത്തുചേര്ന്ന ഇദ്ദേഹത്തിന്റെ ‘ഇമാമിയ്യഃ’ത്തില്‍ പണ്ഡിതന്മാര് ഏകോപിതരാണ്. മറ്റെല്ലാ മദ്ഹബിന്റെ ഇമാമുമാരെയും പോലെ ഭരണകൂടഭീകരത ഇദ്ദേഹത്തെയും വിടാതെ പിന്തുടര്ന്നെങ്കിലും ആരുടെ മുന്നിലും മുട്ടുകുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മഹ്ദിയുടെ കാലത്ത് പീഡനം സഹിക്കവയ്യാതെ ബസറഃയിലേക്ക് കടന്ന സുഫ്യാന് ഹി: 161-ല്‍ അവിടെ ഒളിവില്‍ കഴിയവേയാണ് ഇഹലോകവാസം വെടിഞ്ഞത്.
ഫുഖഹാഉല് ഹദീഥിനിടയിലാണ് സുഫ്യാനുസ്സൌരിയുടെ സ്ഥാനം. ഈ മദ്ഹബനുസരിച്ച് ജീവിക്കുന്ന ഒരുപാടു പേര് അക്കാലത്തുണ്ടായിരുന്നു. അശ്ജഈ, മുആഫിബ്നു ഇംറാന്‍, ഹസനുബ്നു ഹയ്യ്, യഹ്യബ്നു ആദം തുടങ്ങിയ അനേകം പണ്ഡിതന്മാര് ഈ മദ്ഹബിലെ മുഫ്തികളായിരുന്നു. എങ്കിലും അധികം കഴിയുന്നതിനു മുമ്പ് ഈ മദ്ഹബും കാലഹരണപ്പെട്ടു.
Add Comment