ഞാനറിഞ്ഞ ഇസ്‌ലാം

നല്ല മനുഷ്യനാവണമെങ്കില്‍ ഇസ് ലാമിന്റെ തീരത്തണയൂ – നൂഹാന

അല്ലാഹുവിന്റെ സൃഷ്ടികളെ കാണുമ്പോള്‍ അല്ലാഹു എത്ര വലിയവനാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. കടലിലെ തിരകള്‍, ചെടികള്‍ തുടങ്ങി സൃഷ്ടി ജാലങ്ങളെല്ലാം അല്ലാഹുവിന്റെ അപാരവും കൃത്യവും സൂക്ഷ്മവുമായ ആസൂത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകുന്നു. ലോകത്തിലെ സര്‍വചരാചരങ്ങളും ജീവജാലങ്ങളും നമുക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നമുക്ക് സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ നാം എത്രമാത്രം ഭാഗ്യവാന്‍മാരും ഭാഗ്യവതികളുമാണെന്ന് ഞാന്‍ വിചാരിക്കുകയാണ്.

എന്റെ പേര് നൂഹാന എന്നാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. അതെങ്ങനെയാണെന്നല്ലേ, എനിക്ക് നിരവധി മുസ്‌ലിംസുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ ഏകദൈവത്തിലാണ് വിശ്വസിക്കുന്നതെന്ന് എനിക്കറിയാം. മുസ്‌ലിംകളുടെ ഏകദൈവ വിശ്വാസം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഞാന്‍ പരിചയിച്ച മറ്റു പല മതങ്ങളും ബഹുദൈവാരാധനയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എന്റെ മനസ്സ് എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാര്യം ദൈവം  ഒന്നുമാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നതാണ്. അതിനാല്‍ മുസ്‌ലിംകളുടെ ഏകദൈവത്വം എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ എനിക്കറിയാമായിരുന്നില്ല ദൈവത്തിന്റെ അസ്തിത്വം എവിടെയാണെന്ന്. അല്‍ ഹംദുലില്ലാഹ്! ഞാന്‍ മുസ്‌ലിംകളുമായി പരിചയപ്പെട്ടപ്പോള്‍ അക്കാര്യങ്ങള്‍ കൂടുതല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. 

എനിക്കെങ്ങനെ ഈ മതം ശരിക്കും പഠിക്കാന്‍ കഴിയുമെന്ന് പക്ഷേ ഞാന്‍ എപ്പോഴും സ്വയം ചോദിച്ചു കൊണ്ടിരുന്നു. ആയിടക്കാണ് ഞാന്‍ ഒരു മുസ്‌ലിം പുരുഷനെ പരിചയപ്പെട്ടത്. അദ്ദേഹത്തില്‍ നിന്നാണ്  ഇസ്‌ലാമിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിക്കുകയും ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കാന്‍ തുടങ്ങുകയും ചെയ്തു. 

സത്യത്തില്‍ വിവാഹം, എന്നെ മുസ്‌ലിം ജീവിതത്തിലേക്കു കൊണ്ടു വരാനുള്ള ഒരു വഴിയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഇസ്‌ലാമായി ജീവിതമാരംഭിച്ചപ്പോഴാണ് ഇസ്‌ലാമിന്റെ സൗന്ദര്യത്തെ കൂടുതല്‍ അടുത്തറിഞ്ഞത്. ഇസ്‌ലാംദീനിന്റെ സമ്പൂര്‍ണ്ണതയും സന്തുലിതത്വവും അന്നാണ് ഞാന്‍ നന്നായി മനസ്സിലാക്കിയത്. സത്യത്തില്‍ ഇസ്‌ലാം ഒരു ജീവിത രീതിയാണ്. കൂടുതല്‍ കൂടുതല്‍ നല്ല മനുഷ്യനാകാന്‍ ഇസ്‌ലാം സഹായിക്കുന്നു. 

ഞാന്‍ ഖുര്‍ആന്‍ വായന ആരംഭിച്ചതു മുതല്‍,  കുറേ കൂടി നല്ല മുസ്‌ലിമായി ജീവിക്കണമെന്ന് എനിക്ക് തോന്നി. അതിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി  സ്വീകരിച്ചു. എന്റെ പരിചയക്കാരെയും സ്വന്തക്കാരെയും സുഹൃത്തുക്കളെയും ഇസ്‌ലാമിലേക്കു ക്ഷണിക്കാനും ഇസ്‌ലാമിനെ കുറിച്ചു പഠിക്കാനും നിരന്തരം  ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ പഠിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് ഞാന്‍ ക്ലാസ്സെടുക്കുന്നുണ്ട്.  20 പേരെ വെച്ചുതുടങ്ങിയ ക്ലാസില്‍ ഇപ്പോള്‍  നൂറു കണക്കിനു ആളുകളുണ്ട്. 

ഇസ്‌ലാമിനെ കുറിച്ചു കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇസ്‌ലാമിനെ ഫലപ്രദമായി പറഞ്ഞു കൊടുക്കാന്‍  ഞാന്‍ ഇസ്‌ലാമിക് കോഴ്‌സുകളില്‍ചേര്‍ന്ന്  പ്രത്യേക പരിശീലനം നേടിയെടുത്തു. എന്നെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ഒരാളെയെങ്കിലും കൈപിടിച്ചെത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യാര്‍ത്ഥം ഞാന്‍ ഫിലിപ്പിന്‍സിലേക്കു ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടു.  എനിക്ക് അവിടത്തെ ക്രൈസ്തവസഹോദരങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അതെത്തുടര്‍ന്ന് അന്നാട്ടിലെ  ധാരാളം ക്രൈസ്തവര്‍ക്ക് ഇസ്‌ലാമിക പ്രബോധനം എത്തിക്കുന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍  കഴിഞ്ഞു. സമൂഹത്തില്‍ നിന്ന് തഴയപ്പെടുന്ന തെരുവുകുട്ടികള്‍ക്കു ഞങ്ങള്‍ അഭയം നല്‍കുകയും അവരെ ഇസ്‌ലാമിക ചിട്ടയില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നുണ്ടിപ്പോള്‍. 

ഫിലീപ്പീന്‍സില്‍ ഏകദേശം അറുപതു പേര്‍ ഇപ്പോള്‍ ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്കു കടന്നുവന്നിട്ടുണ്ട്. ഞങ്ങളുടെ ഈ സ്ഥാപനത്തിന്റെ സംസ്ഥാപനം  ഇതിന് വളരെയേറെ സഹായിച്ചു. ഫിലിപ്പീന്‍സിലെ ഈ സ്ഥാപനത്തില്‍ പരിപാലിക്കപ്പെടുന്ന കുട്ടികളെ പിന്നീട് മലേഷ്യയിലേക്കു കൊണ്ടുവന്ന് അവര്‍ക്ക് ഉന്നതഇസ്‌ലാമിക വിജ്ഞാനം പകര്‍ന്നുനല്‍കാന്‍ ഞങ്ങള്‍ വഴിയൊരുക്കുന്നു. മലേഷ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി തിരികെ ഫിലീപ്പീന്‍സിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശീയരുടെ ഭാഷയില്‍ പ്രബോധനം ചെയ്യാന്‍ കഴിയുന്നുവെന്നത് അതിന്റെ ഗുണവശമാണ്. 

 പുതു മുസ്‌ലിംകളോട്

 പുതുതായി ഇസ്‌ലാമിലേക്കു കടന്നുവരുന്നവരോടു ചില കാര്യങ്ങള്‍ എനിക്ക് സൂചിപ്പിക്കാനുണ്ട്. പുതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ സമാന സ്വഭാവത്തിലുള്ള നിരവധി പ്രശ്‌നങ്ങ്ള്‍ അഭിമുഖീകരിക്കുന്നുണ്ട്. മുസ്‌ലിമാകുന്നതോടെ തങ്ങളുടെ മുമ്പുണ്ടായിരുന്ന സംസ്‌കാരവും സ്വഭാവവും ജീവിത രീതികളും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. അതുവരെയുള്ള ജീവിതത്തില്‍ തീരെ ചെയ്തു ശീലമില്ലാത്ത പല കാര്യങ്ങളും അനുഷ്ഠിക്കേണ്ടതുണ്ടല്ലോ.  

എന്നാല്‍ ഇതെല്ലാം അല്ലാഹുവിന്റെ തൃപ്തിയുദ്ദേശിച്ചാണെന്ന് തിരിച്ചറിയുന്ന ഒരു മാനസികാവസ്ഥയിലേക്കു ഉയരുമ്പോള്‍ അവ പ്രയാസകരമായി തോന്നുകയില്ല. ഇസ്‌ലാമാകുന്നതോടെ തന്നിഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ലല്ലോ. അവന്‍ തന്റെ എല്ലാ കര്‍മങ്ങളെയും ലോകരക്ഷിതാവിന്റെ തൃപ്തിക്കനുസൃതമാക്കും. രക്ഷിതാവിന്റെ ഇഷ്ടമെന്തോ അത് ചെയ്യാനായിരിക്കും അവന്‍ താല്‍പ്പര്യം കാണിക്കുക. ഇസ്‌ലാമിന്റ സൗന്ദര്യം കൂടുതല്‍ പ്രകടമാകുന്നത് അവിടെയാണ്. പന്നിയിറച്ചി നിഷിദ്ധമാണെന്ന് അല്ലാഹു വിലക്കുമ്പോള്‍ അതെത്രതന്നെ രുചികരമാണെങ്കിലും അത് ഭക്ഷിക്കുവാന്‍ സത്യവിശ്വാസി തുനിയാത്തതിനുകാരണം അതാണ്. 

Topics