ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്‌ലാമിന്റെ സുന്ദര സുരഭിലലോകത്തേക്ക് കാലെടുത്തുവെച്ച് സുരഭിസിങ്

(ദല്‍ഹി സ്വദേശി സുരഭിസിങിന്റെ ഇസ് ലാം സ്വീകരണം)

എന്റെ പേര്  സുരഭി സിങ്.  ഇപ്പോള്‍ സ്വഫിയ്യ സുബീറ. ഇപ്പോള്‍ ന്യൂദല്‍ഹിയില്‍ താമസിക്കുന്നു. അവിടെത്തന്നെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നുണ്ട്. ഒരു മധ്യവര്‍ഗഹിന്ദുകുടുംബത്തില്‍ സ്‌നേഹമയികളായ മാതാപിതാക്കളുടെ പരിചരണങ്ങളിലാണ് ഞാന്‍ വളര്‍ന്നത്.

ഏതാണ്ട് 19 വയസുള്ളപ്പോള്‍തന്നെ ഇസ്‌ലാം എന്റെ ജീവിതത്തെ സ്പര്‍ശിച്ചുതുടങ്ങിയിരുന്നു. ഇന്റര്‍നെറ്റിലൂടെ തികച്ചും വൈജ്ഞാനികത്വരയോടെയുള്ള അന്വേഷണമായിരുന്നു  അതെന്നുമാത്രം. ബുദ്ധിസം, ജൈനിസം എന്നിവയെപഠിച്ച എനിക്ക് ആത്മീയജ്ഞാനം ദൃഢമാക്കാനുള്ള ഒരു വഴിയായിരുന്നു ഇസ്‌ലാമിനെക്കുറിച്ച പഠനവും. സമാധാനപൂര്‍ണവും സന്തോഷപൂര്‍ണവുമായ ജീവിതംനയിക്കാന്‍  ഉതകുന്ന സമ്പൂര്‍ണജീവിതപദ്ധതിയാണതെന്ന് അന്നെനിക്കുമനസ്സിലായി.

ഏകദൈവത്തിനുള്ള വിധേയത്വവും വര്‍ഗ-വംശ-വര്‍ണ-മത-ഭാഷാവിവേചനമില്ലാതെ പ്രകടിപ്പിക്കുന്ന സമത്വഭാവനയും എന്റെ മനസ്സിനെ ഹഠാദാകര്‍ഷിച്ച തത്ത്വദര്‍ശനമായിരുന്നു. ഇസ്‌ലാമിനോടുള്ള എന്റെ താല്‍പര്യം അനുദിനം വര്‍ധിച്ചുവന്നു. അത് ഞാന്‍ ഇസ്‌ലാമിനെയും ഇസ്‌ലാം എന്നെയും അന്വേഷിക്കുന്നതുപോലെയായിരുന്നു. അല്ലാഹു എന്നെയും ഞാന്‍ അല്ലാഹുവിനെയും ആശ്ലേഷിക്കാന്‍ വെമ്പുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഇസ്‌ലാമെന്ന ശാന്തസാഗരത്തില്‍ മുങ്ങിത്താഴുവാന്‍ ഞാന്‍കൊതിച്ചു. മറ്റൊരാളുടെ കയ്യില്‍നിന്നും ഖുര്‍ആന്‍ വാങ്ങി വായനയാരംഭിച്ചു. പ്രത്യേകിച്ചൊരു പ്രഖ്യാപനങ്ങളൊന്നുമില്ലാതെ നമസ്‌കാരവും വ്രതാനുഷ്ഠാനവുമൊക്കെ തുടങ്ങി. ജീവിതത്തില്‍ എന്താണെനിക്ക് വേണ്ടിയിരുന്നത്, എന്താണ് ലക്ഷ്യം, മുസ്‌ലിമാകണോ, ഇത്രയും കൊണ്ടവസാനിപ്പിക്കണോ അതല്ല മുന്‍പോട്ട് നീങ്ങണോ,തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഞാനെന്നോടുതന്നെ ചോദിക്കാന്‍ തുടങ്ങി. അവസാനം ഇസ്‌ലാം എനിക്ക് യോജിച്ച ജീവിതസരണിയാണെന്ന് മനസ്സിലായി. ഒരുകാര്യം ഉറപ്പാണ്;ഒരു മുസ്‌ലിമായി തികച്ചും ശാന്തമായ ജീവിതം എനിക്ക് നയിക്കാനാകും. അങ്ങനെ ജീവിതത്തില്‍ മറ്റെല്ലാ സംഗതികളെയും മാറ്റിവെച്ച് ഞാന്‍ ഇസ്‌ലാം സ്വീകരണത്തിന് തയ്യാറായി. ഒരു പ്രത്യേകദിനം അതിനായി കണ്ടെത്തണമെന്നെനിക്ക് തോന്നി. എന്റെ ജന്‍മദിനം തന്നെ ആകുന്നതായിരിക്കും നല്ലതെന്ന് വിചാരിച്ച് അന്നേ ദിവസം ശഹാദത്ത് കലിമചൊല്ലി. 

ഞാന്‍ മുസ്‌ലിമായ വിവരം എന്റെ മാതാപിതാക്കളില്‍നിന്നും കൂട്ടുകാരില്‍നിന്നും മറച്ചുവെച്ചു. ഏറ്റവുമടുത്ത ഒന്നുരണ്ടുസുഹൃത്തുക്കള്‍ക്കുമാത്രമേ എന്റെ ഇസ്‌ലാമാശ്ലേഷവിവരം അറിയുകയുള്ളൂ. മുസ്‌ലിംസമൂഹത്തില്‍നിന്ന് വളരെ ഊഷ്മളമായ പ്രതികരണമായിരുന്നു ഉണ്ടായത്. എനിക്കുണ്ടായ ജിജ്ഞാസ, ആശയക്കുഴപ്പം  തുടങ്ങിയവയ്‌ക്കൊക്കെ ഉടനടി പരിഹാരമുണ്ടായി. എന്നെ സഹായിക്കാന്‍ അവരെല്ലാം മത്സരിക്കുകയായിരുന്നുവെന്നുതന്നെ പറയാം. ഞാനിപ്പോള്‍ സന്തോഷവതിയാണ്. ഇനിയും ഈ സഹായങ്ങള്‍ ഭാവിയിലുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.

മുസ്‌ലിമായി ജനിക്കാന്‍ ഭാഗ്യം കിട്ടിയ എന്റെ സഹോദരീ-സഹോദരന്‍മാരോട് എനിക്കൊന്നേ പറയാനുള്ളൂ. അല്ലാഹു നമുക്കുനല്‍കിയ അനുഗ്രഹത്തെ നാം നിസ്സാരമായി കാണരുത്. എന്നെപ്പോലെ  ഇസ് ലാമേതരകുടുംബപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന്  പിന്നീട് മുസ്‌ലിമാകാന്‍ കൊതിച്ചവര്‍ സഹിച്ച പ്രയാസങ്ങള്‍ നിങ്ങള്‍  മനസ്സിലാക്കണം. ഇത്തരത്തിലുള്ള കടമ്പകളോ ബുദ്ധിമുട്ടുകളോ നേരിടാതെ അല്ലാഹു നിങ്ങള്‍ക്ക് സന്‍മാര്‍ഗദര്‍ശനം നല്‍കിയല്ലോ. തീര്‍ച്ചയായും പ്രസ്തുത അനുഗ്രഹങ്ങള്‍ക്ക് നാം നന്ദിയുള്ളവരായേ മതിയാകൂ.

Topics