മാലാഖമാരില്‍ ഏറ്റവുമധികം പ്രാധാന്യം കല്പിക്കപ്പെടുന്ന മലക്കാണ് ജിബ്രീല്‍ (അ). ഖുര്‍ആന്‍ ‘റൂഹ് ‘എന്ന് എന്ന് ചിലയിടങ്ങളില്‍ ജിബ്രീലിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തില്‍ നിയോഗിക്കപ്പെടുന്ന പ്രവാചകന്മാര്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ എത്തിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്വമാണ് ജിബ്രീലിന് നിര്‍വഹിക്കാനുള്ളത്. മുഹമ്മദ് നബി(സ) യ്ക്ക് ഖുര്‍ആന്‍ എന്ന വചനസമാഹാരം ഖണ്ഡശ്ശയായി എത്തിച്ചുകൊടുത്തത് അദ്ദേഹമാണ്.
ജിബ്രീലിനെക്കുറിച്ച് ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവയാണ് : ‘ പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലിനോടാണെങ്കില്‍ അവരറിയണം; ജിബ് രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് ദൈവനിര്‍ദ്ദേശപ്രകാരം മാത്രമാണ്. അത് മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദ്ദേശിക്കുന്നതും സുവാര്‍ത്ത അറിയിക്കുന്നതുമാണ്. ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്രീലിന്റെയും മീകാഈലിന്റെയും ശത്രുവാണെങ്കില്‍ അറിയുക: നിസ്സംശയം അല്ലാഹു സത്യനിഷേധികളുടെ ശത്രുവാണ്'(അല്‍ബഖറ 97-98).
‘നിങ്ങളിരുവരും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുന്നുവെങ്കില് അതാണ് നിങ്ങള്‍ക്കുത്തമം. കാരണം, നിങ്ങളിരുവരുടെയും മനസ്സുകള്‍ വ്യതിചലിച്ചുപോയിട്ടുണ്ട്. അഥവാ നിങ്ങളിരുവരും അദ്ദേഹത്തിനെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ അറിയുക: അല്ലാഹുവാണ് അദ്ദേഹത്തിന്റെ രക്ഷകന്. പിന്നെ ജിബ്രീലും സച്ചരിതരായ മുഴുവന്‍ സത്യവിശ്വാസികളും മലക്കുകളുമെല്ലാം അദ്ദേഹത്തിന്റെ സഹായികളാണ്.'(അത്തഹ്്്്്രീം 4).
ചില സൂക്തങ്ങളില്‍ റൂഹ് എന്ന പദപ്രയോഗത്തിലൂടെ പരിചയപ്പെടുത്തുന്നത് ജിബ്രീല്‍ എന്ന മലക്കിനെയാണെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയതാണ്. വിശ്വസ്തനായ ആത്മാവാണ് (ജിബ്രീല്‍) അതുമായി ഇറങ്ങിയത്. നിന്റെ ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീത് നല്‍കുന്നവരിലുള്‍പ്പെടാന്‍. തെളിഞ്ഞ അറബിഭാഷയിലാണിത്'(അശ്ശുഅറാഅ് 192-194).
‘പറയുക: നിന്റെ നാഥങ്കല്‍നിന്ന് പരിശുദ്ധാത്മാവ് (ജിബ്രീല്‍) വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്. അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചുനിര്‍ത്തുന്നു. വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും'(അന്നഹ്ല് 102)
കൂടുതല്‍ ഉദാഹരണങ്ങള്‍:
ജിബ്രീല്‍(അ)ന്റെ ദൗത്യത്തെക്കുറിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. നിര്ണിതസമയങ്ങളില് ദൈവികനിര്‍ദേശപ്രകാരം ഖുര്‍ആനികവചനങ്ങള്‍ അറിയിക്കാന്‍ അദ്ദേഹം വന്നിട്ടുണ്ട്. അതുപോലെ റമദാന് മാസത്തില്‍ അതുവരെ അവതരിച്ചിട്ടുള്ള ഖുര്‍ആനികസൂക്തങ്ങള്‍ മുഹമ്മദ് നബിയെ വീണ്ടും വായിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ജിബ് രീല്‍ (അ) പാരായണംചെയ്തുകൊടുക്കുകയും നബിതിരുമേനി അതേറ്റുചൊല്ലുകയും ചെയ്യുക അങ്ങനെ ഹൃദിസ്ഥമാക്കുക എന്നതായിരുന്നു സ്വീകരിച്ചിരുന്ന ശൈലി. പ്രവാചകന്മാരുടെ അടുത്ത് മനുഷ്യരൂപത്തിലായിരുന്നു ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മറ്റുചിലപ്പോള്‍ പ്രത്യക്ഷപ്പെടാതെ ശബ്ദം മാത്രം കേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
ഉമര്‍(റ) റിപ്പോര്‍ട്ടുചെയ്യുന്നു: ഒരിക്കല്‍ പ്രവാചകനും അനുചരന്മാരും ഇരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. അദ്ദേഹം ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ശുഭ്രവസ്ത്രംധരിച്ച വെളുത്തുതുടുത്ത ആള്. അയാള്‍ നബിയോട് ചേര്‍ന്നിരുന്നു. എന്നിട്ട് പ്രവാചകനോട് ഇസ്ലാമിനെക്കുറിച്ച് ചോദിച്ചു. പ്രവാചകന് അതിനുത്തരം നല്കിയപ്പോള് അയാള്‍ പ്രവാചകന് പറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കി. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ നബിതിരുമേനി അനുചരന്മാരോട് ആ വന്നയാള്‍ ജിബ്രീലാണെന്ന് പറഞ്ഞു. ആഗതന്റെ ഉദ്ദേശ്യം അനുചരന്മാരെ ദീന് പഠിപ്പിക്കുകയെന്നതായിരുന്നുവെന്ന് നബി വിശദമാക്കി. മനുഷ്യരൂപത്തില്‍ വന്നതുകൊണ്ട് ജിബ്രീലിനെ മറ്റുള്ളവര്‍ക്ക് കാണാനായി. എന്നാല്‍ മുഹമ്മദ് നബി മാത്രമാണ് ജിബ്രീല്‍(അ)നെ തനത് രൂപത്തില്‍ കണ്ടിട്ടുള്ളത്. ജിബ്രീലിന് അറുനൂറ് ചിറകുകളുണ്ടെന്നും അത് ആകാശം മൂടുമാറ് ചക്രവാളംവരെ നീണ്ടു വിശാലമാണെന്നും പ്രവാചകന് പറഞ്ഞു. ഇസ്റാഅ്-മിഅ്റാജ് വേളയിലാണ് നബി അപ്രകാരം കണ്ടത്.
ലൂത്വ് നബിയുടെ പ്രബോധകരായിരുന്ന, അസാന്മാര്ഗികജീവിതംനയിച്ചിരുന്ന ആളുകളുടെ നഗരത്തെ കീഴ്മേല്‍ മറിച്ചത് ജിബ്രീല്‍ (അ) ആയിരുന്നുവെന്ന് പറയപ്പെടുന്നു.എല്ലാറ്റിനുമുപരി ദൈവദൂതന്മാരായ പ്രവാചകന്മാര്ക്ക് അല്ലാഹുവിന്റെ വെളിപാടുകള്‍ അറിയിച്ചുകൊടുക്കുക എന്ന സവിശേഷദൗത്യമായിരുന്നു ജിബ് രീലിനുണ്ടായിരുന്നത്.