ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്‍മാര്‍ മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കുന്നത് (തല്‍ഖീന്‍) സുന്നത്താണെന്ന് കരുതുന്നു. ഹക്കീമുബ്‌നു ഉമൈര്‍, സൂറത് ഇബ്‌നു ഹബീബ്, റാശിദുബ്‌നു സഅദ് എന്നിവരില്‍നിന്ന് സഈദ് ബ്‌നു മന്‍സൂര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ആണ് അവര്‍ക്കുള്ള തെളിവ്. ‘മൃതദേഹം ഖബ്‌റില്‍ വെച്ച് മൂടുകയും ജനങ്ങള്‍ പിരിഞ്ഞുപോവുകയും ചെയ്താല്‍ ഖബ്‌റിന്നരികില്‍ നിന്ന് മയ്യിത്തിന്റെ തലഭാഗത്ത് നിന്ന് ഒരാള്‍ ഇങ്ങനെ വിളിക്കണം.’ ഇന്ന സ്ത്രീയുടെ മകനേ’, അവന്‍ അത് കേള്‍ക്കും. എന്നാല്‍ ഉത്തരം നല്‍കുകയില്ല. അവന്‍ എഴുന്നേറ്റിരിക്കും. വീണ്ടും വിളിക്കണം. ‘ഇന്ന സ്ത്രീയുടെ മകനേ,’. അവന്‍ പറയും. ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. നമുക്ക് നിര്‍ദ്ദേശം നല്‍കുക.’ പക്ഷേ നിങ്ങള്‍ അത് (അവന്‍ പറയുന്നത്) അറിയുകയില്ല. അപ്പോള്‍ പറയണം, നീ ദുനിയാവില്‍ നിന്ന് പുറപ്പെടുമ്പോള്‍ കൈകൊണ്ടിരുന്ന സാക്ഷ്യവചനം ‘അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും നീ അല്ലാഹുവിനെ നാഥനായും ഇസ് ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും ഖുര്‍ആനിനെ നായകനായും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും’ ഓര്‍ക്കുക. അപ്പോള്‍ മുന്‍കറും നകീറും പരസ്പരം കൈപിടിച്ചുകൊണ്ട് പറയും. ‘നമുക്ക് പോകാം. ആവശ്യമായ തെളിവുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ നാമെന്തിന് ഇവിടെ ഇരിക്കണം’ ഒരാള്‍ ചോദിച്ചു:’അല്ലാഹുവിന്റെ റസൂലേ, അയാളുടെ ഉമ്മയെ അറിയില്ലെങ്കിലോ?’. അവിടുന്ന് പറഞ്ഞു:’ഹവ്വായുടെ മകനേ, എന്ന് ആദിമാതാവായ ഹവ്വായിലേക്ക് ചേര്‍ത്ത് വിളിക്കണം.’
തല്‍ഖീസില്‍ ഹാഫിസ് പറഞ്ഞു: ഇതിന്റെ പരമ്പര കുറ്റമറ്റതാണ്. ഇത് പ്രബലമാണെന്ന് സിയാഅ തന്റെ അഹ്കാമിലും പറഞ്ഞിരിക്കുന്നു. പക്ഷേ, ഇതിന്റെ പരമ്പരയില്‍ ആസിമുബ്‌നു അബ്ദില്ലാ എന്ന ഒരാളുണ്ട്. അദ്ദേഹം ദുര്‍ബലനാണ്.
ഇത് ഉദ്ധരിച്ച ശേഷം ഹൈഥമി പറഞ്ഞു: ‘ ഞാന്‍ അറിയാത്ത ഒരു സംഘം തന്നെ ഇതിന്റെ പരമ്പരയിലുണ്ട്. ‘
ഇമാം നവവി പറഞ്ഞു:’ ഈ ഹദീസ് ദുര്‍ബലമാണ്. എങ്കിലും കൊള്ളാം.’
ഹമ്പലികളും മാലിക്കികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് ഇത് കറാഹത്താണെന്നാണ്.
അഥ്‌റം പറയുന്നു: ഒരു മൃതദേഹം സംസ്‌കരിച്ചുകഴിഞ്ഞാല്‍ ഒരാള്‍ എഴുന്നേറ്റ് ഇന്ന സ്ത്രീയുടെ മകനേ….. എന്ന് പറയുന്ന ഈ ഏര്‍പ്പാടിനെക്കുറിച്ച് ഞാന്‍ അഹ്മദിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘മുഗീറയുടെ പിതാവ് മരിച്ചപ്പോള്‍ സിറിയക്കാര്‍ ചെയ്തതല്ലാതെ മറ്റാരും അത് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല.’
Add Comment