വിശ്വാസം-ലേഖനങ്ങള്‍

നാമാണ് ദീന്‍ സംരക്ഷിക്കേണ്ടത്

നമുക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് ഇസ്‌ലാമെന്ന ആദര്‍ശം. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിദാനവും അതാണ്. അതിനാല്‍ ആ ഇസ്‌ലാമിനെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം. മുഹമ്മദ് നബി(സ)യ്ക്കും അനുയായികള്‍ക്കും തങ്ങളുടെ ആദര്‍ശദീനിനെ കാത്തുരക്ഷിക്കാന്‍ അങ്ങേയറ്റം പ്രയാസം നേരിട്ട ഘട്ടത്തില്‍ അല്ലാഹു അവരോട് കല്‍പിച്ചു: ‘സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്‍മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക'(അല്‍അന്‍കബൂത് 56). അങ്ങനെ അവര്‍ക്ക് ജന്മദേശമായ മക്ക വിട്ടുപോകാന്‍ അനുവാദം ലഭിച്ചു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സഹകരണത്തിന്റെയും സഖ്യത്തിന്റെയും ഘട്ടത്തില്‍ തൃപ്തികരമായ രീതിയും അതൃപ്തികരമായ രീതിയും എന്തെന്ന് അല്ലാഹു വ്യക്തമാക്കിത്തന്നിട്ടുള്ള ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് കാണാനാവും. ഉദാഹരണത്തിന്, ഹുദൈബിയാ സന്ധിയില്‍ ഒപ്പുവെച്ച സന്ദര്‍ഭത്തില്‍ ഇസ്‌ലാം സത്യമാണെന്ന് അവന്‍ പ്രഖ്യാപിച്ചു. ‘സന്‍മാര്‍ഗവും സത്യവ്യവസ്ഥയുമായി തന്റെ ദൂതനെ നിയോഗിച്ചത് അവനാണ്. മറ്റെല്ലാ വ്യവസ്ഥകളെക്കാളും അതിനെ വിജയിപ്പിക്കാനാണിത്. ഇതിനൊക്ക സാക്ഷിയായി അല്ലാഹു മതി’ (അല്‍ഫത്ഹ് 28). അതേപോലെ ഉഹുദ് യുദ്ധത്തെസംബന്ധിച്ച് ‘രണ്ടുവിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച വിപത്ത് ദൈവഹിതമനുസരിച്ച് തന്നെയാണ്. നിങ്ങളിലെ യഥാര്‍ഥവിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണത്. കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും'(ആലുഇംറാന്‍ 166,167)എന്ന് അല്ലാഹു വ്യക്തമാക്കുകയുണ്ടായി. നമ്മുടെ ആദര്‍ശത്തിന്റെ വ്യതിരിക്തകളെ തിരിച്ചറിയാന്‍ കഴിയുംവിധം അത് എടുത്തുപറഞ്ഞ് അതിലൂടെ ദീനിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് വേര്‍തിരിവിനുള്ള നടപടിക്രമം സ്വീകരിച്ചത്. ഒരു സമൂഹത്തിന്റെ ആദര്‍ശം ബലികഴിച്ചുകൊണ്ടുള്ള ഐക്യത്തിനും യോജിപ്പിനും അല്ലാഹു അനുവാദംനല്‍കിയിട്ടില്ല. അത്തരം ഘട്ടങ്ങളില്‍ ആദര്‍ശശോഷണത്തിനെതിരെ എല്ലാ സുരക്ഷാക്രമീകരണങ്ങളും അത് സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസമാറ്റമോ, വിശ്വാസരാഹിത്യമോ സംഭവിക്കുമെന്ന് ആശങ്കയുണ്ടായാല്‍ അക്കാര്യം തുറന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമികവിരുദ്ധചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന സംഘങ്ങളോ സമുദായങ്ങളോ ആയി സഖ്യത്തിലേര്‍പ്പെടുന്ന അവസരങ്ങളില്‍മാത്രമല്ല, മുസ്‌ലിംകള്‍ മറ്റൊരു സംസ്‌കാരത്തിന് കീഴില്‍ അധീശരായി കഴിയുന്ന ഘട്ടത്തിലെ ജീവിതശൈലികളിലും ആദര്‍ശജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്ന് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്.

എന്താണ് ചെയ്യേണ്ടത് ?
വിജ്ഞാനം കരസ്ഥമാക്കുക. ഇസ്‌ലാമിനെക്കുറിച്ച് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട വിഷയങ്ങളിലെല്ലാം തന്നെ അവയെക്കുറിച്ച വിവരം സ്വായത്തമാക്കുക. ദീനീവിശ്വാസാദര്‍ശങ്ങളുടെ വിശദാംശങ്ങള്‍, നിയമങ്ങള്‍, ആദര്‍ശസംഹിതകള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങി പല കാര്യങ്ങളും അതില്‍പെട്ടതാണ്. ദീനിനെക്കുറിച്ച് വിവരമുള്ള ആളുകളും പണ്ഡിതന്‍മാരുമായി സഹവാസം പുലര്‍ത്തുന്നത് അതിന് സഹായിക്കും. ഉത്തരാധുനികകാലത്തെ നിരവധി സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം ‘നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഉല്‍ബുദ്ധരായവരോട് ചോദിക്കുക'(അന്നഹ്ല്‍ 43), അജ്ഞതയ്ക്ക് പരിഹാരം ചോദ്യമാണ് (സുനനു അബീദാവൂദ്) തുടങ്ങി നിര്‍ദ്ദേശങ്ങളുമായി മാര്‍ഗദര്‍ശനം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ വിവിധവിഷയങ്ങളില്‍ നമുക്കുമുന്നിലുണ്ട്.

ദൈവഭക്തരായ ആളുകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുക. അവരുമായി ചങ്ങാത്തം സ്ഥാപിക്കുക. അറിവിനോളം പ്രധാനപ്പെട്ടത് തന്നെയാണ് സൗഹൃദവും. ചങ്ങാതിമാരുടെ ദീനിലായിരിക്കും ഏതൊരു വ്യക്തിയുമെന്ന ഹദീസ് നമുക്കറിയാമല്ലോ. നമ്മുടെ ജീവിതരീതിയിലിടപെടുംവിധം ഇസ്‌ലാമികമല്ലാത്ത സൗഹൃദങ്ങളെക്കുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയത് കാണുക: ‘വിശ്വസിച്ചവരേ, ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും(അല്‍മാഇദഃ51). ഇസ്‌ലാമിന്റെ തനത് പാരമ്പര്യം നബിതിരുമേനി തന്റെ സ്വഹാബാക്കളിലൂടെ പകര്‍ന്നുകൊടുത്തിട്ടുണ്ട്. അതിനാല്‍ നാമും ആ പാരമ്പര്യത്തില്‍ പെടാന്‍ ശ്രദ്ധിക്കുക.

ഇസ്‌ലാമിനെ സ്‌നേഹിക്കുക. ഇസ്‌ലാമിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ് അതിന്റെ അടയാളങ്ങളെ നെഞ്ചേറ്റുക എന്നത്. ഒളിപ്പിച്ചുവെക്കണം എന്ന കുറ്റബോധമില്ലാതെതന്നെ ആ അടയാളങ്ങളെ അവന്‍ കൂടെക്കൂട്ടണം. ഇസ്‌ലാമിനോടുള്ള ഇഷ്ടം മറ്റെല്ലാറ്റിനോടുമുള്ള സ്‌നേഹത്തെ അതിജയിക്കണം. ആ മാനദണ്ഡത്തിലായിരിക്കണം ഇതരവിശ്വാസധാരയില്‍പെട്ട ആളുകളോടുള്ള നമ്മുടെ സൗഹൃദം ഉണ്ടാവേണ്ടത്. ഇതര പ്രത്യയശാസ്ത്രസംഘടനകളുമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലുള്ള സൗഹൃദവും സഹകരണവും പുലര്‍ത്തുന്നതിലൂടെ നമ്മുടെ ആദര്‍ശം ദുര്‍ബലമായിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ വ്യക്തിപരമായും സംഘടനാപരമായും ഇസ്‌ലാമിന്റെ അടയാളങ്ങള്‍ പൂര്‍ണമായും മുറുകെപ്പിടിക്കാന്‍ അമാന്തിക്കരുത്. കാരണം, അതാണ് നിങ്ങളാരെന്നും നിങ്ങളുടെ ആദര്‍ശമെന്തെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത്.

ഇസ്‌ലാമികമായി അനുവദനീയം അനനുവദനീയം എന്തെന്നെല്ലാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും അന്യസംസ്‌കാരദര്‍ശനങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ മുസ്‌ലിംനേതാക്കളായിട്ടുള്ള ആളുകള്‍ക്ക് ഉത്തരവാദിത്വമേറെയാണ്.തീരുമാനങ്ങളെടുക്കുമ്പോഴും മുസ്‌ലിംപൊതുസമൂഹത്തെ മുന്നില്‍നിന്ന് നയിക്കുമ്പോഴും അപകടങ്ങളെയും ചതിക്കുഴികളെയും സംബന്ധിച്ച ധാരണ അവര്‍ക്ക് നല്‍കിയിരിക്കണം. എന്താണ് ഇസ്‌ലാം എന്നും അതില്‍പെടാത്തതേതെന്നും അവരെ അറിയിക്കണം. ഉദാഹരണത്തിന്, പൊതുതാല്‍പര്യാര്‍ഥം ഒരു കൂട്ടായ്മ ഉണ്ടാകുമ്പോള്‍ അതില്‍ ഒരുപക്ഷേ സ്വവര്‍ഗപ്രേമികളുടെ സംഘടനകളും ഉണ്ടാകാം. അവരുമായുള്ള കൂട്ടായ്മ ഇസ്‌ലാം സ്വവര്‍ഗലൈംഗികതയെ അംഗീകരിക്കുന്നു എന്ന സന്ദേശമല്ല പൊതുസമൂഹത്തിന് പകര്‍ന്നുനല്‍കേണ്ടത്. മറിച്ച്, സ്വവര്‍ഗലൈംഗികതയെ ഇസ്‌ലാം നിരാകരിക്കുന്നുവെന്നും അത് മനുഷ്യപ്രകൃതിക്കെതിരാണെന്നുമുള്ള തിരിച്ചറിവ് നല്‍കാന്‍ സഹായിക്കുംവിധമായിരിക്കണം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ളതല്ല എന്നത് നമുക്കെന്നപോലെ പൊതുസമൂഹത്തിനും തിരിയേണ്ടതുണ്ട്.

ആദര്‍ശബാഹ്യസമൂഹങ്ങളുമായിട്ടുള്ള നമ്മുടെ സഹകരണം അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സല്ല. നാം ഹറാമായ സംഗതികളില്‍ ഏര്‍പ്പെടില്ലായിരിക്കാം. എങ്കില്‍പോലും നബിതിരുമേനി തന്റെ അവസാനനാളുകളില്‍ സ്വീകരിച്ചതുപോലെ, തെറ്റുധാരണകള്‍ക്കിടം നല്‍കാതിരിക്കാന്‍ അഭികാമ്യവും അനുവദനീയവുമായ സംഗതികള്‍പോലും ഉപേക്ഷിക്കാന്‍ നേതാക്കന്‍മാര്‍ തയ്യാറാകണം. നബിതിരുമേനി(സ) തന്റെ പ്രിയ പത്‌നി ആഇശഃ(റ)യോട് ഇപ്രകാരം പറയുകയുണ്ടായി:’അല്ലയോ ആഇശാ, ജാഹിലിയ്യ അജ്ഞതയില്‍നിന്ന് നിന്റെ സമൂഹം മുക്തമായിരുന്നുവെങ്കില്‍ ദൈവമന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പുറത്തുള്ളതിനെക്കൂടി ഉള്‍പ്പെടുത്തി ഞാന്‍ അതിനെ വിശാലമാക്കുമായിരുന്നു.’ അതായത്, അഭിലക്ഷണീയമായ ഒരു പ്രവൃത്തി(പുറത്തൊഴിച്ചിട്ടിരുന്ന ഭാഗം കൂടി ഉള്‍പ്പെടുത്തുക എന്നത്) ഖുറൈശികളിലെ ആശയക്കുഴപ്പം എന്ന അപകടത്തെ മുന്‍നിര്‍ത്തി പ്രവാചകന്‍ ഒഴിവാക്കിയെന്ന് സാരം. ഇതെല്ലാം പറയുന്നത്, നാം സദാ ശരീഅത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുമൊപ്പം നില്‍ക്കണമെന്നാണ്. ഖിബ്‌ലമാറ്റത്തെക്കുറിച്ച കല്‍പന വന്നപ്പോള്‍ ജൂതന്മാരുടെ പ്രതികരണത്തെക്കുറിച്ച് ഓര്‍ത്ത് നബി(സ)ക്ക് ആശങ്കയുണ്ടായി. തദവസരത്തില്‍ അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും’ (അല്‍ബഖറ 145). അല്ലാഹുവിന്റെ നിര്‍ദ്ദേശം പിന്‍പറ്റിയാല്‍ ഉണ്ടായേക്കാവുന്ന (ജൂതന്‍മാരുടെ ചില ആക്ഷേപങ്ങള്‍) ഉപദ്രവത്തെച്ചൊല്ലി അത് തള്ളിക്കളയാന്‍പാടില്ലല്ലോ. നബി(സ) പ്രസ്തുത കല്‍പനയെപ്പറ്റി പിന്നീട്പറയുകയുണ്ടായി: ‘അനുസരണക്കേടില്‍ ജീവിക്കുന്നതിനെക്കാള്‍ ഉത്തമം അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് കൊല്ലപ്പെടുന്നതാണ്.’

പിന്‍കുറി: വിശ്വാസിസംഘമെന്ന നിലക്ക് ചില പൊള്ളുന്ന ചോദ്യങ്ങള്‍ നാം ചോദിക്കേണ്ടതുണ്ട്. പല മേഖലകളിലും നാം കഴിവുതെളിയിച്ചവരാണെങ്കിലും ഇസ്‌ലാമിനെക്കുറിച്ച മിനിമം വിവരമെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. ഇസ്‌ലാമികവിരുദ്ധമായ ആശയസംഹിതകളുടെ സ്വാധീനം നമ്മുടെ വാക്കിലും പ്രവൃത്തിയിലും നിഴലിക്കുന്നുണ്ടോ ? മുസ്‌ലിംജനസാമാന്യത്തെ തെറ്റുധരിപ്പിക്കുംവിധമാണോ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ? ഇസ്‌ലാമില്‍നിന്ന് വ്യത്യസ്തമായ മതവിശ്വാസധാരകളിലേക്ക് എളുപ്പത്തില്‍ വംശവദനായിപ്പോകുകയെന്നതാണോ നമ്മുടെ പ്രകൃതം? വിശ്വാസകാര്യങ്ങളില്‍ യാതൊരു ദൃഢവിശ്വാസവും പുലര്‍ത്താത്ത വ്യക്തികള്‍, തങ്ങളുടെ ദീന്‍ സംരക്ഷിക്കാന്‍ ഇവാഞ്ചലിക്കല്‍-മിഷണറി സ്വഭാവത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളുടെ ദീന്‍ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന് തിരിച്ചറിയണം. ഇസ്‌ലാമികപണ്ഡിതന്‍മാരും സംഘടനാപ്രവര്‍ത്തകരും വ്യത്യസ്തമേഖലകളെക്കുറിച്ച തങ്ങളുടെ അറിവിന്റെ പരിമിതി മനസ്സിലാക്കി ആ മേഖലയിലെ പരിചയസമ്പന്നരുമായി ബന്ധംസ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ടതാണ്.

എല്ലാ പരമതവിശ്വാസികളും മതനിരാസവക്താക്കളുമായും സഹകരിച്ച് ജീവിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. നാമെല്ലാം ഒരു രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭൂമി, നമ്മുടെ ഭരണകൂടം, നമ്മുടെ ഭാവി തുടങ്ങിയവയെല്ലാം ഒന്നാണ്. അതിനാല്‍ രാഷ്ട്രം മുന്നോട്ടുവെക്കുന്ന എല്ലാ ഉത്തമധാര്‍മികമൂല്യങ്ങളുടെ പുലര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നാം കാഴ്ചവെക്കേണ്ടത്. അത്തരം മൂല്യങ്ങളുടെ നിലനില്‍പിനുവേണ്ടി ഐക്യപ്പെടുന്നതിന് യാതൊരുവിധ മത-മതവിരുദ്ധ ദര്‍ശനങ്ങളും നമുക്ക് പ്രതിബന്ധമാവേണ്ടതില്ല. മതാന്തര-സമുദായാന്തര ഐക്യത്തിന് മുമ്പായി സമുദായ ആഭ്യന്തരഐക്യം ഉറപ്പാക്കേണ്ടതുണ്ടെന്നത് വിസ്മരിക്കരുത്. എല്ലാ ജനങ്ങളോടുമുള്ള നമ്മുടെ ബാധ്യതയും ഉത്തരവാദിത്വനിര്‍വഹണവും പൂര്‍ത്തിയാവുന്നത് അല്ലാഹുവിന്റെ കല്‍പനകളെ സമ്പൂര്‍ണമായി അനുസരിക്കുമ്പോള്‍ മാത്രമാണ്.
അല്ലാഹുവിന്റെ പ്രീതിയിലും സംതൃപ്തിയിലുമാണ് മുസ്‌ലിംസമൂഹത്തിന്റെ വിജയമിരിക്കുന്നത്. ഉത്തരവാദിത്വമേറ്റെടുക്കുകയും പിന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ വിസ്മരിക്കുകയും ചെയ്താല്‍ അവിടെ ഫറോവയുടെ നിലപാടും നമ്മുടെ നിലപാടും തമ്മില്‍ വ്യത്യാസമില്ല. അതിനാല്‍ അല്ലാഹുമായുള്ള നമ്മുടെ ബന്ധത്തിന്റെ അവസ്ഥയെന്തെന്ന് നാം സദാ വിചിന്തനം നടത്തുക. ഇസ്‌ലാം മുറുകെപ്പിടിക്കുക. ആ മാര്‍ഗത്തില്‍ ദൃഢചിത്തരായി നിലകൊള്ളുക. അല്ലാഹുവോട് നമ്മുടെ ആവശ്യങ്ങള്‍ പറയുക,അപ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന പലതും കണ്‍മുമ്പില്‍ കാണാനാവും.

ഡോ. മതീന്‍ എ ഖാന്‍ പ്രാക്ടീസിങ് ഭിഷഗ്വരനാണ്. ദാറുല്‍ ഉലൂം കാനഡയില്‍നിന്ന് ഇസ്‌ലാമികവിദ്യാഭ്യാസത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

Topics