ഗ്രന്ഥങ്ങള്‍

ഇമാം നവവിയുടെ രിയാദുസ്സ്വാലിഹീന്‍

ഏകദേശം രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹദീസ് സമാഹാരഗ്രന്ഥത്തില്‍ വിഷയക്രമത്തിലാണ് ക്രോഡീകരണം. എല്ലാ അധ്യായങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ ഹദീസ് പദങ്ങള്‍ക്ക് അര്‍ഥവും വിശദീകരണവും നല്‍കിയിട്ടുണ്ട്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി എന്നീ ഹദീസ് ഗ്രന്ഥങ്ങളാണ് മുഖ്യ അവലംബം.

ആത്മസംസ്‌കരണത്തിലൂടെ ദൈവസാമീപ്യം എന്ന ലക്ഷ്യത്തോടെ വിരചിതമായ ഗ്രന്ഥമാണിത്. പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും പൊതുസമൂഹത്തില്‍ ഏറെ പ്രചാരംനേടിയതുമാണിത്. യഹ്‌യബ്‌നു ശറഫ് എന്ന ഇമാം നവവി ആണ് ഗ്രന്ഥകര്‍ത്താവ്. ദക്ഷിണദമസ്‌കസില്‍ നിന്ന് 75 കി.മീ അകലെയുള്ള ജന്‍മസ്ഥലമായ ‘നവാ ‘എന്ന ഗ്രാമത്തിലേക്ക് ചേര്‍ത്താണ് നവവി എന്ന നാമധേയം.
ഹി. 631 (1233)ല്‍ ജനിച്ചു. മിന്‍ഹാജുത്ത്വാലിബീന്‍, ശര്‍ഹു മുസ്‌ലിം, ഇര്‍ശാദ്, ശര്‍ഹുല്‍ മുഹദ്ദബ്, അദ്കാര്‍, മിന്‍ഹാജ്, മനാസിക്, തിബ്‌യാന്‍ എന്നിവയാണ് മുഖ്യകൃതികള്‍. 45 കൊല്ലം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.

വ്യത്യസ്തഭാഷകളിലായി അനേകം വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും രിയാദുസ്സ്വാലിഹീന് ഉണ്ടായിട്ടുണ്ട്. ദലീലുസ്സ്വാലിഹീന്‍ എന്ന വ്യാഖ്യാനകൃതി അതില്‍ അക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. ഉര്‍ദുവില്‍ മൗലാനാ അബുല്‍ഹസന്‍ അലി നദ്‌വിയുടെ സഹോദരി അമതുല്ലാ തസ്‌നീം എഴുതിയ വ്യാഖ്യാനമാണ് ‘സാദെ സഫര്‍’.

Topics