സദാചാര മര്യാദകള്‍

കുഞ്ഞിന് റസൂല്‍ എന്ന പേരിടാമോ ?

ചോദ്യം: റസൂല്‍ എന്ന പേര് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനിപ്പോള്‍ ഒരു പിതാവായിരിക്കുന്നു. ശിശുവിന് റസൂല്‍ എന്ന പേരിടാമോ ?

ഉത്തരം: കുഞ്ഞുങ്ങള്‍ക്ക് യോജിച്ച ഒരു പേരല്ല റസൂല്‍. പ്രവാചകന്റെ പേരിടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ താങ്കള്‍ക്ക് മുഹമ്മദ്, മുഹമ്മദ് എന്നീ പേരുകളില്‍ ഏതെങ്കിലുമൊന്ന് നല്‍കാമല്ലോ. അല്ലാഹുവിന്റെ നാമങ്ങളില്‍ അബ്ദ് എന്ന് ചേര്‍ത്തുള്ള പേരുകളും പ്രവാചകന്‍മാരുടെ പേരുകളും താങ്കള്‍ക്ക് ഉപയോഗിക്കാം.
കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. മാതാപിതാക്കളുടെ കരങ്ങളില്‍ അല്ലാഹു ഏല്‍പ്പിക്കുന്ന അമാനത്താണ് കുഞ്ഞുങ്ങള്‍. ആ അനുഗ്രഹത്തിന് കൃതജ്ഞത പ്രകടിപ്പിക്കാനും കുഞ്ഞുങ്ങളോടുള്ള ബാധ്യത നിര്‍വഹിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഈ ബാധ്യത കുഞ്ഞിന്റെ ജനനം മുതല്‍ തുടങ്ങുന്നു. ജനിച്ചയുടന്‍ അവന്റെ/ അവളുടെ വലത് കാതില്‍ പതിയെ ബാങ്ക് കേള്‍പ്പിക്കുന്നതും കുഞ്ഞിന് നല്ല പേര് നല്‍കുന്നതും ആ ബാധ്യതയില്‍ പെട്ടത് തന്നെ. പേര് തെരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. ശിര്‍ക്ക് ദ്യോതിപ്പിക്കുന്ന പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുക. ഉദാഹരണത്തിന് അബ്ദുല്‍ കഅ്ബ (കഅ്ബയുടെ ദാസന്‍), അബ്ദുന്നബി (നബിയുടെ ദാസന്‍) എന്നിങ്ങനെ അല്ലാഹുവിന്റെ അവകാശത്തില്‍ പങ്ക് ചേര്‍ക്കുന്ന പേരുകള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. അക്രമത്തെയും അറിയിക്കുന്നതും നെഗറ്റീവ് സ്വഭാവത്തിലുള്ളതുമായ പേരുകളും നല്ലതല്ല. നബി(സ) ഹര്‍ബ് (യുദ്ധം) എന്ന പേര് സലാം (സമാധാനം) എന്നും, സഅ്ബ് (പ്രശ്‌നക്കാരന്‍) സഹ് ല്‍ (നിര്‍മല വ്യക്തിത്വം) എന്നും മാറ്റിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.

3. മഹത്തായ ആശയങ്ങളും നന്മയും പ്രസരിപ്പിക്കുന്ന നാമങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാണ് നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍മാരുടെയും ജീവിതവിശുദ്ധിയില്‍ തിളങ്ങിനിന്ന മഹത്തുക്കളുടെയും പേരുകള്‍ ഉദാഹരണം. പ്രവാചകന്‍ തന്റെ മകന് ഇബ്‌റാഹീം എന്ന് പേരുനല്‍കിയിട്ട് പറഞ്ഞു: എന്റെ പിതാവിന്റെ പേരിലാണ് ഞാനവനെ വിളിക്കുന്നത്.

മുഫ്തി: ശൈഖ് അഹ്മദ് കുട്ടി

Topics