സൃഷ്ടികളുടെ ദൈവനിശ്ചിതമായ പ്രകൃതിയാണ് ഇണകളായിരിക്കുക എന്നത്. ‘ എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിച്ചു ‘ എന്നു ഖൂര്‍ആന്‍ പറയുന്നു (51:49). ജീവജാലങ്ങളുടെ അനുസ്യൂതമായ നിലനില്പിന് സ്രഷ്ടാവ് നിശ്ചയിച്ച ഒരു മാര്‍ഗ്ഗമാണത്.
ഇണചേരുന്ന കാര്യത്തില്‍ മനുഷ്യന്‍ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാണ്. മനുഷ്യസൃഷ്ടിയുടെ മഹത്വവും പരിപാവനതയും പരിഗണിച്ച് ഇണ ചേരുന്നതിനെ സംബന്ധിച്ച് ചില നിര്‍ബന്ധനകള്‍ അവന്‍ പാലിക്കണമെന്നു ദൈവം നിയമമാക്കി. സര്‍വ്വസമ്മതമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഇണയെ തെരഞ്ഞെടക്കുന്നത്. ഇങ്ങനെ രണ്ടിണകള്‍ ചേര്‍ന്ന് ഒരു കുടുംബമാകുന്നു. സാമൂഹിക ജീവിതത്തിന്റെ ഏറ്റവും ചെറിയ ഘടകമാണത്. ഈ കുടുംബബന്ധം പാവനവും സ്ഥായിയുമായ ഒരു കരാറും വിധിയുമാണ്. അന്യായമായ കൈയ്യേറ്റങ്ങള്‍ ഈ പരിപാവനമായ ബന്ധത്തിനു നേരെ നടന്നുകൂടാ. സാമൂഹികബന്ധം സുദൃഢവും മാന്യവുമാക്കാന്‍ സുദൃഢമായ ദാമ്പത്യബന്ധം അനിവാര്യമാണ്. വ്യക്തിക്കും സമൂഹത്തിനും അത് സ്ഥിരതയും ദീര്‍ഘായുസ്സും ശാന്തിയും നല്‍കുന്നു.
‘ദൈവഭക്തി കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും പുണ്യകരമായത് സദ്‌വൃത്തയായ ഭാര്യയാണ്, അത് അവന്റെ ഭാഗ്യമാണ്. നേരെമറിച്ചാണെങ്കില്‍ നിര്‍ഭാഗ്യവും’, ‘നല്ല ഭാര്യ മതത്തിന്റെ പകുതിയാണ്’ എന്നിങ്ങനെ നബിവചനങ്ങളുണ്ട്. ഭാര്യ ഭര്‍ത്താവിനെ പാപകര്‍മ്മങ്ങളില്‍ നിന്നും ചിന്തകളില്‍നിന്നും അസ്വസ്ഥതകളില്‍ നിന്നും രക്ഷിക്കും.
സ്‌നേഹിക്കാനും പ്രസവിക്കാനും കഴിവുള്ള സ്ത്രീയെയാണ് വിവാഹം ചെയ്യേണ്ടത്. മനുഷ്യത്വത്തിന്റെ പൂര്‍ണത ഇണ ചേരുന്നതിലൂടെയും സന്താനോല്പാദനത്തിലൂടെയും അവരെ നല്ലനിലയില്‍ വളര്‍ത്തുന്നതിലൂടെയുമാണ് കൈവരിക്കുന്നത്. വിവാഹം ഉത്തരവാദിത്വ ബോധമുണ്ടക്കുന്നു, കര്‍മ്മനിരതനാക്കുന്നു. ഒപ്പം, മറ്റൊരര്‍ത്ഥത്തില്‍ ജീവിതഭാരം കുറയ്ക്കുകയും ചെയ്യുന്നു. ദാമ്പത്യ ബന്ധം – നിയന്ത്രിത ലൈംഗിക ബന്ധം- പാപമല്ല, പുണ്യകര്‍മ്മമാണ്. ലോകത്തു വന്ന മിക്ക പുണ്യാത്മാക്കളും ഇണകളെ വരിച്ചിരുന്നതായി ഖുര്‍ആന്‍ പറയുന്നു: ‘ പ്രവാചകരേ, താങ്കള്‍ക്കു മുമ്പും നാം അനേകം പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ക്കു നാം ഇണകളെയും മക്കളെയും നല്‍കിയിരുന്നു’ (13:38)
വംശപരമ്പര നിലനില്‍ക്കുന്നതോടൊപ്പം ശാരീരികവും മാനസികവുമായ സുഖാന്വേഷണവും ഈ ബന്ധത്തിന്റെ ലക്ഷ്യമാണ്.
‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍ ശാന്തിനുകരാന്‍- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്കിതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ‘ (30:21)
ദാമ്പത്യബന്ധം ഐശ്വര്യം പ്രദാനം ചെയ്യുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘നിങ്ങളില്‍ നിന്നുള്ള പതിവ്രതകള്‍ക്കും നിങ്ങളുടെ അടിമകളില്‍ നിന്നുള്ള സച്ചരിതരായ സ്ത്രീ-പുരുഷന്‍മാര്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹം മുഖേന അവരെ ഐശ്വര്യവാന്‍മാരാക്കും. വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ അല്ലാഹു'(നൂര്‍:32)
നബി പറഞ്ഞു: ‘മൂന്നാളുകളെ സഹായിക്കുക എന്നത് അല്ലാഹുവിന്റെ ബാധ്യതയാണ്: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവന്‍. മോചന പത്രമെഴുതി ബാധ്യത വീട്ടാന്‍ ആഗ്രഹിക്കുന്ന അടിമ. സദാചാരം പാലിക്കാന്‍ ആഗ്രഹിക്കുന്ന വിവാഹിതന്‍.’
വിശ്വസ്തയും ദാമ്പത്യകാര്യങ്ങളില്‍ ഭര്‍ത്താവിനോട് സഹകരിക്കുകയും ചെയ്യുന്ന ഭാര്യയാണ് ‘ലോകത്തെ ഏറ്റവും മഹത്തായനിധി’. ‘ഈ ലോകം ഒരു വിഭവമാണ്. അതിലെ ഏറ്റവും നല്ല വിഭവം സദ്‌വൃത്തയായ ഭാര്യയാണ്’ (ഹദീസ്)
Add Comment