അനന്യസാധാരണമായ ആവിഷ്കാരഭംഗി, കൃത്യമായ ശാസ്ത്രസൂചനകള്‍, വിധി വിലക്കുകളിലെ സന്തുലിതത്വം മുതലായവ ഖുര്‍ആന്റെ സവിശേഷതകളില്‍ ചിലതാണ്. അറബി സാഹിത്യത്തിന്റെ സുവര്‍ണകാലഘട്ടത്തിലായിരുന്നു ഖുര്‍ആന്റെ അവതരണം. അറബി സാഹിത്യസാമ്രാട്ടുകള്‍ക്ക് ഖുര്‍ആന്‍ അതിശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഒരിക്കല്‍ ഖുറൈശി പ്രമുഖനായ വലീദ് ഇബ്നു മുഗീറഃയ്ക്ക് നബി ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. വിസ്മയാധീനനായ വലീദ് ഒന്നും ഉരിയാടാന്‍ കഴിയാതെയാണ് നബി സന്നിധിയില്‍നിന്ന് പിന്‍വാങ്ങിയത്. വിവരമറിഞ്ഞ അബൂജഹ്ല് വലീദിന്റെ അടുക്കല്‍ ഓടിയെത്തി. അബൂജഹ്ല് അഭ്യര്‍ഥിച്ചു: ‘ബഹുമാന്യനായ പിതൃസഹോദരാ, മുഹമ്മദിനെക്കുറിച്ച താങ്കളുടെ നിലപാട് ഒന്നു വ്യക്തമാക്കണം. അവന്റെ വാദം വ്യാജമാണെന്ന് അങ്ങ് പ്രസ്താവിക്കണം. അത് ജനങ്ങളെ സമാധാനിപ്പിക്കാനുതകും.’ ഇതിന് വലീദിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനെന്തുപറയട്ടെ, അറബി സാഹിത്യത്തിലെ ഏതുശാഖയെയും നിങ്ങളേക്കാളധികം എനിക്കറിയാം. കവിതയോ ഗീതമോ ജിന്നുകളുടെ പാട്ടോ എന്തായാലും. എന്നാല്‍ ഞാന്‍ ഈശ്വരനാമത്തില്‍ സത്യംചെയ്യുന്നു. ഈ മനുഷ്യന് പറയുന്ന വാക്കുകള്‍ക്ക് അവയോടൊന്നിനും സാമ്യമില്ല. ഈശ്വരന് സത്യം, അവന്റെ വാക്കുകള്‍ക്ക് വിസ്മയിപ്പിക്കുന്ന ചാരുതയുണ്ട്. സവിശേഷമായ ആകര്‍ഷകത്വമുണ്ട്. ഫലസമൃദ്ധമാണ് അതിന്റെ ശാഖകളും ചില്ലകളും. ഫലഭൂയിഷ്ഠമായ മണ്ണില്‍ ഉറച്ചതാണ് അതിന്റെ മുരട്. സര്‍വവചനങ്ങളേക്കാളും ഉദാത്തമാണതെന്ന കാര്യം തീര്‍ച്ച. അതേക്കാള്‍ മികച്ചുനില്‍ക്കുന്ന മറ്റൊരു ഉക്തിയുമില്ല.’
പ്രവാചകനെ തന്റെ ദൗത്യത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉത്ബത്ത് ഇബ്നു റബീഅ എന്ന ഖുറൈശി പ്രമാണി നബിയുടെ സദസ്സില്‍ വന്നു. നബി അദ്ദേഹത്തെ ഖുര്‍ആനിലെ ഹാമീം സജദ എന്ന അധ്യായത്തിലെ ഏതാനും സൂക്തങ്ങള്‍ കേള്‍പ്പിച്ചു. നബി മുഴുമിപ്പിക്കുന്നതിനുമുമ്പ് ഉത്ബത് നബിയുടെ നെഞ്ചില്‍ കൈവച്ചു പാരായണം നിറുത്താന്‍ അപേക്ഷിച്ചു. ഉടനെ അദ്ദേഹം തന്റെ വീട്ടിലേക്കോടി. അബൂജഹ്ല് അവിടെയെത്തി. സംഭവം വിവരിച്ച ശേഷം ഉത്ബത് അബൂജഹ്ലിനോട് പറഞ്ഞു: ‘ദൈവമാണ സത്യം, അവന്റെ വാക്കുകള്‍ വശീകരണ തന്ത്രമല്ല. കവിതയല്ല, ജോത്സ്യന്മാരുടെ ഭാഷണവുമല്ല.’
ഖുര്‍ആനില്‍ ആകൃഷ്ടരായാണ് ജനങ്ങള്‍ ഇസ്ലാംസ്വീകരിക്കുന്നതെന്ന് മനസ്സിലാക്കിയ ഖുറൈശിപ്രമാണിമാര്‍ ഖുര്‍ആന്‍ കേള്‍ക്കരുതെന്ന് അനുയായികളെ വിലക്കുകയുണ്ടായി. ഖുര്‍ആന്‍ തന്നെ ഈ സംഭവം ഉദ്ധരിക്കുന്നു: സത്യനിഷേധികള്‍ പറഞ്ഞു: ”നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോകരുത്. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം.”(ഹാമീം അസ്സജദ) മുസ്ലിംവീടുകളില്നിന്ന് ഖുര്‍ആന്‍ ഉറക്കെ ഓതുന്നത് കേള്‍ക്കാനിടയായാല്‍ തങ്ങളുടെ ആളുകള്‍ മുഹമ്മദിന്റെ പക്ഷത്തുചേരുമെന്ന് മുശ്രിക്കുകള്‍ ഭയപ്പെട്ടു. ഖുര്‍ആന്റെ മാസ്മരികമായ വശ്യശക്തിയെ ഉദാഹരിക്കുന്ന അനവധി സംഭവങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:’ഒരിക്കല്‍ നബി കഅ്ബയുടെ സമീപമിരുന്നു ഖുര്‍ആനിലെ നജ്മ് എന്ന അധ്യായം പാരായണം ചെയ്യുകയായിരുന്നു. വിശ്വാസികളും അവിശ്വാസികളുമടക്കം ധാരാളം ശ്രോതാക്കളുണ്ട്. അധ്യായത്തിന്റെ അവസാനവാക്യമായ ‘ഫസ്ജുദൂ ലില്ലാഹി വഅ്ബുദൂ'(നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുക, അവന് വഴിപ്പെടുക) എന്ന് ഓതി എത്തിയപ്പോള്‍ മുസ്ലിം-അമുസ്ലിംഭേദമന്യേ സദസ്സ് ഒന്നടങ്കം സുജൂദില്‍ വീഴുകയുണ്ടായി. അബൂജഹ്ല് മാത്രം അനങ്ങാതെ കുത്തനെ നിന്നു.’
തുഫൈല്‍ ഇബ്നു അംറുദ്ദൗസി എന്ന കവി മക്കയില്‍ വന്നപ്പോള്‍ ഖുറൈശി നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ചുപറഞ്ഞു. ‘നിങ്ങള്‍ മുഹമ്മദിന്റെ അടുത്ത് ചെല്ലരുത്. അവന്റെ വാക്കുകള്‍ക്ക് മാരണശക്തിയുണ്ട്. അതുകേട്ടാല്‍ മനുഷ്യനു ബോധവിചാരങ്ങളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെടും.’ നിജസ്ഥിതി അറിയാമല്ലോ എന്നുകരുതി തുഫൈല്‍, നബിയുടെ അടുക്കല്‍ചെന്നു. നബി ഖുര്‍ആന്‍ ഓതി. തുഫൈല്‍ ഇസ്ലാം സ്വീകരിച്ചു.
വളരെ പ്രശസ്തമാണ് ഉമറിന്റെ ഇസ് ലാം ആശ്ലേഷസംഭവം. നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഉമറിനെ ഇസ്ലാമിലെത്തിച്ചത് തന്റെ സഹോദരിഭര്ത്താവില്നിന്ന് കേട്ട ഖുര്‍ആന്‍ വചനങ്ങളാണ്. ജുബൈര്‍ ഇബ്നു മുത്ഇം ഇസ്ലാം സ്വീകരിച്ചത് നബി ഒരിക്കല്‍ മഗ്രിബ് നമസ്കാരത്തില്‍ ‘അത്തൂര്’ അധ്യായം ഓതുന്നത് കേട്ടിട്ടാണ്.
ധാര്‍മികാധ്യാപനങ്ങളും മതപരമായ വിധിവിലക്കുകളും പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം എന്തുകൊണ്ട് ഇത്രമാത്രം വശ്യമധുരമായി അനുഭവപ്പെടുന്നു എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. ചില പാശ്ചാത്യപണ്ഡിതന്മാര് തെറ്റുധരിക്കുന്നതുപോലെ മുഹമ്മദിന്റെ ആത്മകഥയല്ല ഖുര്‍ആന്‍. പ്രവാചകന് നിരക്ഷരനായിരുന്നു. സാഹിത്യം, ചരിത്രം, ധര്‍മമീമാംസ തുടങ്ങിയ വിഷയങ്ങളൊന്നുംതന്നെ മുഹമ്മദ് ചര്‍ച്ചചെയ്തതായി നാട്ടുകാര്‍ കേട്ടിട്ടില്ല. എന്നാല്‍ 40 വയസ്സിനുശേഷമുള്ള മുഹമ്മദ് തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ്.ഖുര്‍ആനാണ് ഈ മാറ്റത്തിന് കാരണം.
ഖുര്ആനുതുല്യമായി ഖുര്‍ആന്‍ മാത്രമേയുള്ളൂ. എതിരാളികളെ വ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു: ‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതിനോട് സാദ്യശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിലേക്ക് അല്ലാഹു ഒഴികെയുള്ള സഹായികളെല്ലാം വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍ ‘(അല്‍ബഖറ 23).
‘അഥവാ അവര്‍ പറയുന്നുവോ, അവന് ഇതുകെട്ടിച്ചമച്ചതാണെന്ന്? പറയുക: എങ്കില്‍ ഇതുപോലുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക. അതിന് അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിന് വിളിച്ചുകൊള്ളുകയുംചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്'(യൂനുസ്38).
‘പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചുശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാകില്ല. അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി(അല്‍ ഇസ്റാഅ് 88).’ അല്ല, ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.(അത്തൂര് 33).
ഖുര്‍ആന്റെ ഈ വെല്ലുവിളികളെ നേരിടാന്‍ അറബികള്‍ പലപ്പോഴും ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു.
Add Comment