ചോ: ഞങ്ങള്‍ക്ക് അടുത്തിടെ ഒരു ആണ്‍കുഞ്ഞ് ജനിച്ചു. അഖീഖ ചടങ്ങുമായി ബന്ധപ്പെട്ട് ശിശുവിന്റെ മുടി കളയുന്നതിനെസംബന്ധിച്ചാണ് എന്റെ സംശയം. ശിശുവിന്റെ മുടിത്തൂക്കം വെള്ളിക്ക് സമാനമായ തുക സ്വദഖ ചെയ്യണമെന്ന് ഞാനതിനെ മനസ്സിലാക്കുന്നു. മുടിതൂക്കിനോക്കാന്‍ സംവിധാനമില്ലെങ്കില്‍ ഏകദേശതൂക്കം കണക്കാക്കി അത് നല്കിയാല് മതിയെങ്കില്‍ തലമുടി വടിക്കുന്നതിന് മതപരമായ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ? സ്വദഖ ചെയ്യുന്നതിനുമാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ അതല്ല തലമുടി വടിക്കുന്നതിനും പ്രതിഫലമുണ്ടെന്നാണോ ?
————————-
ഉത്തരം: ഇസ്ലാമിന്റെ വിധികളറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും താങ്കള്‍ പുലര്‍ത്തുന്ന ഔത്സുക്യം അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമാണ്. ജീവിതത്തിന്റെ നിഖിലമേഖലകളിലും അനുഷ്ഠിക്കേണ്ട ദീനിന്റെ ചട്ടങ്ങള്‍ കൂടുതലായി അറിയാനും പഠിക്കാനും വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് അല്ലാഹു കല്പിച്ചിട്ടുണ്ട്.
അഖീഖ ഇസ്ലാമിലെ പ്രാധാന്യമേറിയ സംഗതിയാണ്. ഇബ്റാഹീം നബിയുടെ ചര്യയായിരുന്നു അത്. പ്രവാചകത്വത്തിന് മുമ്പ് അറബ്ജനതയില്‍ (ബഹുദൈവവിശ്വാസത്തിന്റെ സ്വാധീനംമൂലം മാറ്റത്തിരുത്തലുകള്‍ വരുത്തിയിരുന്നെങ്കിലും) നിലവിലുണ്ടായിരുന്ന ആചാരമായിരുന്നു അത്. മുഹമ്മദ് നബി ഇബ്റാഹീം നബിയുടെ ചര്യകളെ വീണ്ടെടുക്കാനായി വന്ന കൂട്ടത്തില്‍ അഖീഖയെ ബഹുദൈവാരാധനകളുടെ മാലിന്യങ്ങളില്‍നിന്ന് ഏകദൈവദര്ശനങ്ങളുടെ വിശുദ്ധിമാര്ഗങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നു.
പ്രധാനമായും താഴെപ്പറയുന്നവയാണ് അഖീഖയുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍:
1.കുട്ടിയുടെ തലമുടി വടിച്ച് അതിന്റെ തൂക്കം തുക ദാനംചെയ്യുക. അല്ലാഹുവിനോടുള്ള നന്ദിസൂചകമായി ആടിനെയോ ആട്ടിന്‍കുട്ടിയെയോ അറുത്ത് മാംസം പാവങ്ങള്‍ക്ക് വിതരണംചെയ്യുക. കുട്ടിക്ക് നല്ല പേരിടുക. കുട്ടിയുടെ മുടി തൂക്കംനോക്കേണ്ടതുതന്നെ. വളരെ സൂക്ഷ്മമായി തൂക്കംനോക്കുന്ന (ഇക്കാലത്ത് ഡിജിറ്റല്‍ ത്രാസുകള്‍ എവിടെയും സുലഭമാണ്) സംവിധാനങ്ങള്‍ അതിനായി ഉപയോഗിക്കുക. വേണമെങ്കില്‍ ഊഹാധിഷ്ഠിതമായി തൂക്കം കുറയാത്ത രീതിയില്‍ അത് കണക്കാക്കാം.
മാംസം വിതരണംചെയ്യുന്നവിഷയത്തെപ്പറ്റി പറയട്ടെ. നിങ്ങളത് സദ്യയൊരുക്കി നല്കാനാണുദ്ദേശിക്കുന്നതെങ്കില് അതില്‍ പാവങ്ങളായ ആളുകളെ പങ്കെടുപ്പിക്കണം. യഥാര്‍ഥത്തില്‍ സമ്പന്നതയിലും സുഭിക്ഷതയിലും കഴിയുന്നവരെ ഊട്ടാനല്ല അഖീഖ അറുക്കുന്നത്. അഗതികളെയും ദരിദ്രരെയും ഭക്ഷിപ്പിക്കാനാണ്. സദ്യതയ്യാറാക്കി നല്കാന് തടസ്സങ്ങളുണ്ടെങ്കില്‍ ഉരുവിനെ അറുത്ത് പങ്കുവെച്ച് പാവങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുക.
അവസാനമായി, ഇസ്ലാമികവിശ്വാസത്തിലേക്കും ആചാരാനുഷ്ഠാന ജീവിതചര്യയിലേക്കും കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിന്റെ ആദ്യപടിയാണ് അഖീഖ. അതോടെ കുട്ടിയുടെ മാതാപിതാക്കളില്‍ കുട്ടിയെ ധാര്‍മികമൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ധാര്‍മികബാധ്യത വന്നുചേരുന്നു. അല്ലാഹു ആ ബാധ്യതയും ഉത്തരവാദിത്വവും പൂര്‍ത്തീകരിക്കുന്നതിന് താങ്കള്‍ക്ക് തൗഫീഖ് ചെയ്യട്ടെ…ആമീന്‍
Add Comment