Uncategorized

ശരീഅ മ്യൂച്വല്‍ ഫണ്ട് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നം: ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ശരീഅ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തീരുമാനം നടപ്പാക്കാത്തതിനു കാരണം പ്രായോഗിക പ്രശ്‌നങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ജെ.ഡി.യു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ കെ.സി. ത്യാഗി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എഴുതിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രാലയത്തിനുവേണ്ടി ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ എഴുതിയ കത്തില്‍ ശരീഅ മ്യൂച്വല്‍ ഫണ്ട് പദ്ധതി എസ്.ബി.ഐ ഉപേക്ഷിച്ചതിന്റെ സൂചനയുമുണ്ട്.

പലിശരഹിതവും ശരീഅ വ്യവസ്ഥകളോട് ചേര്‍ന്നുപോകുന്നതുമായ ശരീഅ മ്യൂച്വല്‍ ഫണ്ട് 2014 ഡിസംബര്‍ ഒന്നു മുതല്‍ പുറത്തിറക്കാനായിരുന്നു എസ്.ബി.ഐ തീരുമാനം. എന്നാല്‍, അവസാന മണിക്കൂറില്‍ നിലപാട് മാറ്റി. പദ്ധതി നീട്ടിവെക്കാന്‍ 2014 നവംബര്‍ 30ന് തീരുമാനിച്ചു. നിലപാട് മാറ്റത്തിനു കാരണം വിശദീകരിച്ചതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.സി. ത്യാഗി ധനമന്ത്രിക്ക് കത്തയച്ചത്.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ വികസിത ജനാധിപത്യ മതേതര രാജ്യങ്ങളില്‍ പോലും പലിശരഹിത ബാങ്കിങ് വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് കെ.സി. ത്യാഗി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം എസ്.ബി.ഐയുമായും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുമായും (സെബി) ചര്‍ച്ച ചെയ്‌തെന്ന് ധനമന്ത്രാലയം മറുപടിയില്‍ പറയുന്നു.

വ്യവസ്ഥ പ്രകാരം ശരീഅ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കുന്നതിന് തടസ്സമില്‌ളെന്ന നിലപാടാണ് സെബി സര്‍ക്കാറിനെ അറിയിച്ചത്. ചര്‍ച്ചകളില്‍ ഉയര്‍ന്ന പ്രായോഗിക പ്രശ്‌നങ്ങളുടെ പേരിലാണ് തീരുമാനം നടപ്പാക്കാത്തതെന്നാണ് എസ്.ബി.ഐ അറിയിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു. 

ശരീഅ മ്യൂച്വല്‍ ഫണ്ടിന് സെബി നല്‍കിയ അനുമതിയുടെ കാലാവധി ആറുമാസമാണ്. അതിനുമുമ്പ് ഫണ്ട് പുറത്തിറക്കിയില്ലെങ്കില്‍ അനുമതി റദ്ദാകും. എസ്.ബി.ഐക്ക് സെബി അനുമതി നല്‍കിയത് 2014 ജൂലൈയിലാണ്. അനുമതിയുടെ കാലാവധി 2015 ജനുവരിയില്‍ റദ്ദായി. ഇതിനുശേഷം അനുമതി തേടി എസ്.ബി.ഐ തങ്ങളെ സമീപിച്ചിട്ടില്ലെന്നും സെബി വിശദീകരിച്ചു.

ശരീഅ മ്യൂച്വല്‍ ഫണ്ട് പദ്ധതി എസ്.ബി.ഐ പൂര്‍ണമായും ഉപേക്ഷിച്ചെന്നാണ് സൂചന. പലിശരഹിത ബാങ്കിങ്ങിന് അനുമതി നല്‍കുന്നതിനെതിരെ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തുവന്നതിനു പിന്നാലെയാണ് എസ്.ബി.ഐ ശരീഅ മ്യൂച്വല്‍ ഫണ്ടിന് മോദിസര്‍ക്കാര്‍ തടയിട്ടത്.

Topics