റജബ് എന്നാല്‍ …?

ചോ: റജബ് മാസത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റജബ് എന്നാല്‍ എന്താണര്‍ത്ഥം? ആ മാസത്തിന് എന്തെങ്കിലും ശ്രേഷ്ഠതയുണ്ടോ?

ഉത്തരം: അറബ് ചാന്ദ്രമാസങ്ങളിലൊന്നാണ് റജബ്. ആ വാക്ക് കടന്നുവന്നത് ‘തര്‍ജീബ്’ (മഹത്വപ്പെടുത്തല്‍)എന്ന അറബ് വാക്കില്‍നിന്നാണ് അത് ഉത്ഭവിച്ചിട്ടുള്ളത്.

വിശുദ്ധറജബ്

റജബ് മാസത്തെ വിശുദ്ധറജബ് (റജബുല്‍ഹറാം)എന്നും വിളിക്കാറുണ്ട്. യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ഒന്നാണ് റജബ് മാസം. ചരിത്രാതീതകാലംതൊട്ടേ യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നാണ് റജബ്. സൂറത്തുതൗബയില്‍ അതിനെപ്പറ്റി പരാമര്‍ശമുള്ളത് ഇങ്ങനെ: ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക.'(അത്തൗബ-36)ز

യുദ്ധംവിലക്കപ്പെട്ട മാസങ്ങള്‍ ദുല്‍ഖഅദ്, ദുല്‍ഹിജ്ജ,മുഹര്‍റം, റജബ് എന്നിവയാണ്. അതാണ് പ്രവാചകന്‍ നബി(സ) പറഞ്ഞത്: ‘പ്രപഞ്ചസൃഷ്ടിപ്പില്‍ മാസങ്ങള്‍ 12 ആണ്. അതില്‍ 4 എണ്ണം വിശുദ്ധമാസങ്ങളാണ്. മൂന്നെണ്ണം ഒന്നിനുപിറകെയായി തുടര്‍ന്നുവരുന്നു. എന്നാല്‍ നാലാമത്തേതായി വരുന്ന റജബ് ജുമാദല്‍ ആഖിറിന്റെയും ശഅ്ബാന്റെയും ഇടയിലാണ്’.

ഒറ്റയാന്‍ റജബ്

റജബ് മാസത്തെ റജബുല്‍ ഫര്‍ദ് (ഒറ്റയാന്‍ റജബ്) എന്ന് വിശേഷിപ്പിക്കാറുണ്ട്. തുടര്‍ച്ചയായി വരുന്ന 3 വിശുദ്ധമാസങ്ങളില്‍നിന്ന് വ്യത്യസ്തപുലര്‍ത്തുംവിധം വേറിട്ട് അഞ്ചുമാസത്തിനുശേഷമാണല്ലോ ഇത് നിലകൊള്ളുന്നത്.

റജബ് മുളര്‍

റജബിന് മറ്റൊരു പേരുകൂടിയുണ്ട് അത് അറേബ്യയിലെ ‘മുളര്‍’ എന്ന ഒരു ഗോത്രത്തിന്റെ പേരിനോട് ചേര്‍ത്താണ് അങ്ങനെ വിളിക്കുന്നത്. പ്രസ്തുതഗോത്രം റജബിനെ വലിയളവില്‍ ആദരിക്കുകയും അതിന്റെ പരിശുദ്ധിയെ കാത്തുസൂക്ഷിക്കുകയും ചെയ്തുപോന്നിരുന്നു.

ഇസ്‌റാഅ് -മിഅ്‌റാജിന്റെ മാസം

ഇസ്‌റാഇനും മിഅ്‌റാജിനും സാക്ഷ്യംവഹിച്ച മാസമാണ് റജബ്. ആകാശലോകത്തേക്കുള്ള നബിതിരുമേനിയുടെ യാത്രയായിരുന്നല്ലോ അത്. ആ യാത്രയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക: 

‘തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക്- അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.'(അല്‍ഇസ്‌റാഅ് 1)

മിഅ്‌റാജിനെപ്പറ്റി ഖുര്‍ആന്‍ മറ്റൊരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

‘പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു.അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്. പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു. അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല. എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?മറ്റൊരു ഇറങ്ങിവരവുവേളയിലും അദ്ദേഹം ജിബ്‌രീലിനെ കണ്ടിട്ടുണ്ട്. സിദ്‌റതുല്‍ മുന്‍തഹായുടെ അടുത്തുവെച്ച്. അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം. അന്നേരം സിദ്‌റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല. ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്. (അന്നജ്മ് 6-18)

ഇസ്‌റാഅ് യാത്ര നബിതിരുമേനി (സ)യെ ആദരിക്കാനും അദ്ദേഹത്തിന്റെ ഹൃദയത്തെ ദൃഢപ്പെടുത്താനും ആകാശലോകങ്ങളെ കാണിച്ചുകൊടുക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. തന്റെ പത്‌നി ഖദീജയുടെയും പിതൃവ്യനായ അബൂത്വാലിബിന്റെയും വിയോഗംസൃഷ്ടിച്ച ദുഃഖം ശമിപ്പിക്കാനുമായിരുന്നു ആ ആശ്വാസദായകമായ യാത്ര. ഇസ്‌റാഅ് യാത്ര കയ്യേറ്റംചെയ്യപ്പെട്ട ഫലസ്തീന്‍ ഭൂമിയുടെയും അല്‍അഖ്‌സ്വായുടെയും ഓര്‍മകളെ സദാ നിലനിര്‍ത്തുന്നു. പ്രസ്തുതഅധിനിവിഷ്ടഭൂമിയെ വിമോചിപ്പിക്കേണ്ട ദൗത്യത്തെ ഓര്‍മപ്പെടുത്തുന്നുമുണ്ട് അത്. നബിതിരുമേനിയുടെ പ്രസ്താവന ഇങ്ങനെ: ‘മൂന്നുപള്ളികളിലേക്കല്ലാതെ നിങ്ങള്‍ തീര്‍ഥാടനം നടത്തരുത്; മസ്ജിദുല്‍ ഹറാം, എന്റെ ഈ പള്ളി(മദീനത്തുന്നബി), ജറുസലമിലെ അല്‍അഖ്‌സ്വാ പള്ളി’

അതുകൊണ്ട് റജബ് മാസം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ വിശുദ്ധനഗരങ്ങളെ വിമോചിപ്പിക്കേണ്ട ഉത്തരവാദിത്വത്തെ സദാ ഓര്‍മിപ്പിക്കുന്നു. എന്നല്ല, അങ്ങനെ ആയിത്തീരേണ്ടതുണ്ട്.

 

About shaik ahmad assharabasi

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …