Global വാര്‍ത്തകള്‍

സേനാ പിന്‍മാറ്റത്തെ എതിര്‍ക്കുന്നത് നിയോകോണ്‍ യുദ്ധക്കൊതിയന്‍മാര്‍: റാന്റ് പോള്‍

വാഷിങ്ടണ്‍(യു.എസ്.) : സിറിയയില്‍നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ എതിര്‍ത്ത് യുഎസ് സെനറ്റംഗങ്ങള്‍ മുന്നോട്ടുവന്നതിനെ കുറ്റപ്പെടുത്തി കെന്റക്കിയില്‍നിന്നുള്ള സെനറ്റര്‍ റാന്റ് പോള്‍. യുദ്ധക്കൊതിയന്‍മാരാണ് അമേരിക്കന്‍ സേനയെ പോര്‍മുഖത്ത് നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
‘പശ്ചിമേഷ്യയിലെ യുദ്ധഭൂമിയില്‍ സ്ഥിരമായി അമേരിക്കന്‍ സേനയെ നിലനിര്‍ത്താനാണ് നിയോകോണുകള്‍ ആഗ്രഹിക്കുന്നത്. പ്രസിഡന്റ് ട്രംപ് സേനയെ തിരിച്ചുവിളിക്കുന്ന നടപടി തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. യഥാര്‍ഥ അമേരിക്കന്‍ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന ദേശരാഷ്ട്രമായി നാം നിലകൊള്ളുന്നതാണെനിക്കിഷ്ടം. അന്ത്യമില്ലാ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ പിന്തുണച്ചേ മതിയാകൂ’ ഫോക്‌സ്‌ന്യൂസ് ചാനലിന് മുമ്പാകെ റാന്‍ഡ് പോള്‍ വ്യക്തമാക്കി.
സെനറ്റില്‍ നിയോകോണ്‍ യുദ്ധക്കൊതിയന്‍മാരുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം ബെയ്‌റൂതില്‍നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിച്ച റീഗന്റെ പിന്‍ഗാമിയാണ് ട്രംപെന്ന് വിശേഷിപ്പിച്ചു. മുപ്പത് ലക്ഷം സിറിയന്‍ അഭയാര്‍ഥികളുടെ ഭാരം വഹിക്കുന്ന തുര്‍ക്കിയുടെ അവസ്ഥയും പരിഗണനയിലെടുക്കേണ്ടതുണ്ടെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയക്കാരെ തിരികെയെത്തിക്കുന്ന തുര്‍ക്കിയുടെ ശ്രമങ്ങളെ പിന്തുണച്ച അദ്ദേഹം കുര്‍ദുകള്‍ക്കായി സ്വയംഭരണമുള്ള ദേശത്തെ സിറിയയോ തുര്‍ക്കിയോ പിന്തുണക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്നും പറഞ്ഞു.

Topics